തെരഞ്ഞെടുപ്പ് നടക്കാന്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി ഓഫീസിലെ തൂപ്പുജോലിക്കാരിയെ വച്ചു; ഒടുവില്‍ വിജയം അവര്‍ക്ക്

By Web TeamFirst Published Oct 1, 2020, 10:14 AM IST
Highlights

മെറീന ഒരിക്കലും തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയിട്ടില്ല. പക്ഷേ, 62 ശതമാനം വോട്ടുകൾ നേടി അവർ എളുപ്പത്തിൽ വിജയിക്കുകയായിരുന്നു.

റഷ്യയിലെ ഒരു ഗ്രാമമായ പോവാലിഖിനോയിലെ നിവാസിയാണ് മറീന ഉഡ്ഗോഡ്സ്കായ. കഴിഞ്ഞ നാല് വർഷമായി പ്രാദേശികഭരണസ്ഥാപനത്തിൽ ഒരു തൂപ്പുകാരിയായി ജോലിനോക്കുകയായിരുന്നു അവർ. കെട്ടിടത്തിലെ ഓഫീസ് മുറികൾ തൂത്തും, തുടച്ചും, പൊടിതട്ടിയും അവർ ഉപജീവനം കഴിച്ചു. എന്നാൽ ആ 35 -കാരിയുടെ തലവര മാറിയത് പെട്ടെന്നായിരുന്നു. ഈ മാസം ആദ്യം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മറീന വിജയിക്കുകയും, തൂപ്പുകാരിയിൽ നിന്ന് മേലധികാരിയുടെ റോളിലേക്ക് ഉയരുകയും ചെയ്‍തത് ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു. ഇന്നലെവരെ ദിവസവും പൊടിതട്ടിയിരുന്ന ആ കസേരയിൽ ഇനി അധികാരത്തോടെ അവർക്ക് ഇരിക്കാം.   

ക്രെംലിൻ അനുകൂല യുണൈറ്റഡ് റഷ്യ പാർട്ടിയിൽ നിന്നുള്ള നിക്കോളായ് ലോക്ടെവിനെയാണ് മെറീന തിരഞ്ഞെടുപ്പിൽ തോല്‍പ്പിച്ചത്. മുൻ തെരഞ്ഞെടുപ്പിൽ വിജയിയായിരുന്ന നിക്കോളായുടെ ഓഫീസ് തൂപ്പുകാരിയായിരുന്നു മെറീന. അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയായി നില്‍ക്കാൻ ഇപ്രാവശ്യം ഗ്രാമത്തിൽ ആരും തയ്യാറാകാഞ്ഞപ്പോൾ, പേരിന് പിടിച്ചു നിർത്തിയതാണ് മെറീനയെ. തെരഞ്ഞെടുപ്പിൽ രണ്ട് സ്ഥാനാർത്ഥികൾ മിനിമം വേണമായിരുന്നു. അതുകൊണ്ട് ഒരിക്കലും ജയിക്കാൻ സാധ്യതയിലെന്ന് നിക്കോളായ് കണക്കുകൂട്ടിയ മെറീനയെ തന്നെ തന്റെ 'എതിരാളിയായി' അദ്ദേഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. എന്നാൽ വെറുമൊരു ഡമ്മി സ്ഥാനാർത്ഥിയെന്ന് കണക്കാക്കിയ ആ തൂപ്പുകാരി, തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഇത് അദ്ദേഹത്തിന് ഓർക്കാപ്പുറത്തേറ്റ ഒരടിയായി.  

മെറീന ഒരിക്കലും തനിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് പ്രചാരണം നടത്തിയിട്ടില്ല. പക്ഷേ, 62 ശതമാനം വോട്ടുകൾ നേടി അവർ എളുപ്പത്തിൽ വിജയിക്കുകയായിരുന്നു. വോട്ട് ചെയ്യാനെത്തിയ 130 -ലധികം ആളുകളിൽ 84 പേരും മെറീനയെ പിന്തുണച്ചു. എന്നാൽ, അവരുടെ മേലധികാരിയ്ക്ക്  വെറും 34 ശതമാനം വോട്ടാണ് ലഭിച്ചത്. പുടിൻ അനുകൂല ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയിലെ വിശ്വസ്‍തനായ മുൻപൊലീസുകാരൻ നിക്കോളായിയെ നാട്ടുകാർ പുറത്താക്കുകയായിരുന്നു. 'ഫലമറിഞ്ഞ അയാളുടെ കിളി പോയി, മെറീന ആഞ്ഞടിച്ചു!' പേര് വെളിപ്പെടുത്താൻ മടിച്ച ഒരു യുവതി ചിരിച്ചുകൊണ്ട് പറഞ്ഞു.  

എന്നാൽ ഈ വിജയവാർത്ത അറിഞ്ഞ മെറീനയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. 'ഞാൻ സ്വയം പേര് നിർദ്ദേശിച്ചതല്ല. നിക്കോളായ് ലോക്തേവാണ് എന്റെ പേര് പറഞ്ഞത്. മറ്റൊരു വ്യക്തിയും മത്സരിക്കാൻ തയ്യാറായില്ല. ഞാൻ ഒരു ഡമ്മി സ്ഥാനാർത്ഥിയെപ്പോലെയായിരുന്നു' അവർ മാധ്യമങ്ങളോട് പറഞ്ഞു. താൻ ജയിക്കുമെന്ന് ഒട്ടും വിചാരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. റഷ്യയിൽ അസാധാരണമല്ലാത്ത ഒരു തന്ത്രമാണ് ഇത്. 20 വർഷമായുള്ള സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചനം നേടാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ഒരു മാറ്റം വേണമെന്നുള്ള അവരുടെ തീരുമാനത്തിന്റെ പ്രതിഫലനമായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം.  

അഞ്ച് വർഷമായി അധികാരം കൈകാര്യം ചെയ്യുന്ന നിക്കോളായിന്റെ ഓഫീസ് വൃത്തിയാക്കിയിരുന്ന മെറീന ഒക്ടോബർ ആദ്യം അദ്ദേഹത്തിന്റെ കൈയിൽ നിന്നും അധികാരം ഏറ്റുവാങ്ങും. എന്നാൽ, അതുവരെ ആ കെട്ടിടത്തിലെ തൂപ്പുജോലികൾ താൻ തുടരുമെന്നും മെറീന പറഞ്ഞു.  

click me!