ഐടി കമ്പനിയിലെ ജൂനിയർ ജീവനക്കാരന്റെ 1500 രൂപ വിലയുള്ള ഹെൽമറ്റ് മോഷ്ടിച്ച സീനിയർ ഉദ്യോഗസ്ഥന് നേരെ നടപടിയെടുത്തതായി പോസ്റ്റ്. ഡാഷ് ക്യാമറകൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്.

വെറും 1500 രൂപയുടെ ഒരു ഹെൽമറ്റ് ഒരാളുടെ കരിയർ തന്നെ തകർത്താലെന്താണ് അവസ്ഥ? ഒരു ഐടി കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അവിടുത്തെ ജൂനിയർ ജീവനക്കാരന്റെ ഹെൽമറ്റ് മോഷ്ടിച്ചതിനെത്തുടർന്ന് ജോലി നഷ്ടമാവുന്ന അവസ്ഥ വരെ എത്തിയത്രെ. ഒരു ദിവസം രാവിലെ സാധാരണപോലെ 11:30 -ന് ജോലിക്ക് എത്തിയ ജൂനിയർ ജീവനക്കാരൻ തന്റെ ബൈക്കിന്റെ മിററിൽ ഹെൽമറ്റ് വെച്ച് ഓഫീസിലേക്ക് പോവുകയായിരുന്നു. വൈകുന്നേരം 6 മണിക്ക് തിരിച്ചെത്തിയപ്പോൾ തന്റെ ഹെൽമറ്റ് അവിടെയില്ല. പകരം, ആ സ്ഥാനത്ത് പഴകി കേടുപറ്റിയ ഒരു ഹെൽമറ്റ് ഇരിക്കുന്നു.

ആരോ മനപ്പൂർവ്വം തന്റെ പുതിയ ഹെൽമറ്റ് മാറ്റി പഴയത് അവിടെ വെച്ചതാണെന്ന് മനസ്സിലാക്കിയ ജീവനക്കാരൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആദ്യം പല ഡിപ്പാർട്ട്‌മെന്റുകൾ കയറിയിറങ്ങിയെങ്കിലും ഒടുവിൽ കമ്പനിയുടെ ട്രാൻസ്‌പോർട്ട് ടീമിനെ സമീപിക്കേണ്ടി വന്നു കാര്യം നടക്കാൻ. ക്യാമ്പസിനുള്ളിലെ ഷട്ടിൽ സർവീസുകളിലും ക്യാബുകളിലുമുള്ള ഡാഷ് ക്യാമറകൾ പരിശോധിച്ചപ്പോഴാണ് സത്യം പുറത്തുവന്നത്. ഏകദേശം 35-40 വയസ്സ് പ്രായമുള്ള, കമ്പനിയിൽ 4 വർഷത്തോളമായി ജോലി ചെയ്യുന്ന ഒരു സീനിയർ ഉദ്യോഗസ്ഥനാണ് ഹെൽമറ്റ് മാറ്റിവെച്ചതെന്ന് കണ്ടെത്തി.

വെറും 1500 രൂപയുടെ ഹെൽമറ്റ് ആയിരുന്നിട്ടും, കമ്പനി ഈ വിഷയത്തെ വളരെ ഗൗരവമായാണ് കണ്ടത്. തന്റെ പദവിക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയ ആ സീനിയർ ഉദ്യോഗസ്ഥനെ കമ്പനി നോട്ടീസ് പിരീഡിലാക്കുകയും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യുകയും ചെയ്തു. വലിയ ശമ്പളവും പദവിയും ഉണ്ടെങ്കിലും വ്യക്തിത്വത്തിലെ ചെറിയ പാകപ്പിഴകൾ മതി ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയർ ഇല്ലാതാക്കാൻ എന്ന് തെളിയിക്കുന്നതായിരുന്നു യുവാവിന്റെ പോസ്റ്റ്. അതേസമയം, ഇതൊക്കെ ഉള്ളതാണോ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്നും പോസ്റ്റിന് കമന്റുകൾ വന്നിട്ടുണ്ട്.