ചൈനയിലെ 'ഹെനാൻ കുവാങ്ഷാൻ ക്രെയിൻ' എന്ന കമ്പനി 237 കോടി രൂപ ജീവനക്കാർക്ക് ബോണസായി നൽകി. വാർഷികാഘോഷത്തിൽ, നിശ്ചിത സമയത്തിനുള്ളിൽ പണം വാരിയെടുക്കാനുള്ള മത്സരത്തിലൂടെയാണ് പണം നല്‍കിയത്. 

സ്വന്തം ജീവനക്കാരെ ചേർത്തുപിടിക്കുന്നതിൽ ചൈനയിലെ ഒരു കമ്പനിയും അതിന്റെ ഉടമയും ലോകശ്രദ്ധ നേടുന്നു. 'ഹെനാൻ കുവാങ്ഷാൻ ക്രെയിൻ' എന്ന കമ്പനിയാണ് തങ്ങളുടെ ലാഭത്തിന്റെ ഭൂരിഭാഗവും ജീവനക്കാർക്ക് ബോണസായി നൽകിയത്. കമ്പനിയുടെ വാർഷികാഘോഷത്തിനിടെ നടന്ന വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി. 237 കോടി രൂപ (180 മില്യൺ യുവാൻ), ഇതായിരുന്നു ആകെ വിതരണം ചെയ്ത ബോണസ് തുക.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റേജിൽ അടുക്കിവെച്ചിരിക്കുന്ന നോട്ടുകെട്ടുകൾ നിശ്ചിത സമയത്തിനുള്ളിൽ എത്ര എണ്ണിയെടുക്കുന്നുവോ അത് ജീവനക്കാർക്ക് വീട്ടിൽ കൊണ്ടുപോകാം എന്നതായിരുന്നു ഒരു മത്സരം. പലരും കൈകളിൽ ഒതുങ്ങാത്തത്ര നോട്ടുകെട്ടുകളുമായാണ് സ്റ്റേജിൽ നിന്നും മടങ്ങിയത്. 800 ഓളം വിരുന്നു മേശകൾക്ക് ചുറ്റുമായി 7000 ജീവനക്കാരാണ് ഈ ആഘോഷത്തിൽ പങ്കെടുത്തത്. കമ്പനിയുടെ ചെയർമാൻ കൂയി പെയ്ജുൻ ആണ് ഈ പണവിതരണത്തിന് പിന്നിൽ. ആഘോഷത്തിനിടെ ജീവനക്കാർക്ക് വാഷിംഗ് മെഷീൻ സമ്മാനമായി നൽകാനുള്ള പ്ലാൻ അദ്ദേഹം അവസാന നിമിഷം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, 'എന്തിനാണ് വാഷിംഗ് മെഷീനുകൾ നൽകുന്നത്? സ്വർണ്ണവില കൂടിയത് കണ്ടോ? കഴിഞ്ഞ വർഷം ഞങ്ങൾ നെക്ലേസുകളും മോതിരങ്ങളുമാണ് നൽകിയത്. ഇത്തവണ എല്ലാവർക്കും 20,000 യുവാൻ വീതം അധികം നൽകൂ.'

കമ്പനിയുടെ 98 ശതമാനത്തിലധികം ഓഹരികളും കൂയിയുടെ പക്കലാണെങ്കിലും ലാഭത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹം ജീവനക്കാർക്കായി മാറ്റിവെക്കുന്നു. 2025 -ൽ കമ്പനി ഉണ്ടാക്കിയ 270 മില്യൺ യുവാൻ ലാഭത്തിൽ 180 മില്യണും (ഏകദേശം 70%) അദ്ദേഹം ബോണസായി നൽകി. 'പണം നൽകാൻ എനിക്ക് അത്ര മോഹമുണ്ടായിട്ടല്ല, മറിച്ച് ഇന്നത്തെ യുവാക്കൾ കാർ ലോണും വീട് ലോണും കൊണ്ട് കഷ്ടപ്പെടുകയാണ്. അവർക്ക് ചെറിയൊരു ആശ്വാസം നൽകാൻ സാധിക്കുമെങ്കിൽ അത്രയും നല്ലത്' എന്ന കൂയിയുടെ വാക്കുകൾ സോഷ്യൽ മീഡിയ കൈയടികളോടെയാണ് സ്വീകരിച്ചത്.