9/11 ആക്രമണം: 25 വർഷങ്ങൾക്ക് ശേഷം പുറത്തുവന്ന ആ സത്യം! അധികൃതർ ജനങ്ങളെ പറഞ്ഞ് പറ്റിച്ചെന്ന് ന്യൂയോർക്ക് മേയർ മംദാനി

Published : Sep 17, 2026, 09:25 AM IST
25th memories of 9/11 Attack

Synopsis

അമേരിക്കയിലെ ഇരട്ടഗോപുര ആക്രമണത്തിന് 25 വർഷം പിന്നിടുമ്പോൾ, ആക്രമണത്തിൽ മരിച്ചവരേക്കാൾ കൂടുതൽ പേർ വിഷവായു ശ്വസിച്ച് മരിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വായുമലിനീകരണ തോതിനെക്കുറിച്ച് അധികൃതർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന്‍റെ രേഖകൾ മേയർ സോഹ്റാൻ മംദാനി പുറത്തുവിട്ടു.

മേരിക്കയിലെ ഇരട്ടഗോപുരങ്ങളിൽ വിമാനങ്ങൾ ഇടിച്ചിറങ്ങിയിട്ട് 25 വർഷം. ഓ‌ർമ്മച്ചടങ്ങിന് ന്യൂയോർക്കിലെ ഗ്രൗണ്ട് സീറോയിൽ ഒത്തുകൂടി ബന്ധുക്കളും അധികൃതരും. മരിച്ച 3,000 -ത്തോളം പേരുകൾ വായിച്ചു. ഓരോ വിമാനവും ഇടിച്ചിറങ്ങിയ സമയത്തും ഓരോ ഗോപുരവും തകർന്ന സമയത്തും മണിയടിച്ചു. ഓരോ നിമിഷം വീതം ആറുതവണ മൗനമാചരിക്കുന്നതാണ് പതിവ്. ഇത്തവണ അത് ഏഴായി. ഗോപുരങ്ങൾ തകർന്നപ്പോൾ പടർന്ന പൊടിയും സ്റ്റീലിന്‍റെയും കോൺക്രീറ്റിന്‍റെയും അംശവും ശ്വസിച്ച് രോഗികളായി മരിച്ചവർക്ക് വേണ്ടിയായിരുന്നു ഏഴാമത്തെ നിമിഷം. ആക്രമണത്തിൽ മരിച്ചവരേക്കാൾ കൂടുതലാണ് ആക്രമണവുമായി ബന്ധപ്പെട്ട രോഗങ്ങൾ കാരണം മരിച്ചവരുടെ എണ്ണം. വായുമലിനീകരണത്തോതിൽ അധികൃതർ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നുവെന്ന് മേയർ സോഹ്റാൻ മംദാനി പറയുന്നു. അതിന്‍റെ രേഖകളും പുറത്തുവിട്ടു.

നഷ്ടപരിഹാര ഫണ്ട്

2011 -ലാണ് 'World Trade Center Health Program' സ്ഥാപിച്ചത്. ആക്രമണം കഴിഞ്ഞ് 10 വർഷത്തിന് ശേഷം. അതിജീവിതർക്കുള്ള നഷ്ടപരിഹാരം, രക്ഷാപ്രവർത്തകരുടെ ആരോഗ്യനിരീക്ഷണം, ഇതൊക്കെയാണ് ചുമതല. പക്ഷേ, ആദ്യം നിലവിൽ വന്നത് നഷ്ടപരിഹാര ഫണ്ട് മാത്രമായിരുന്നു. 2001 -ൽ. 2003 -വരെയെ അത് പ്രവർത്തിച്ചുള്ളു. പിന്നെ പുതിയ പദ്ധതി വന്നത് 2011 -ൽ. ഒപ്പിട്ടത് അന്ന് പ്രസിഡന്‍റായിരുന്ന ബരാക് ഒബാമ. വിഷവായു ശ്വസിച്ച് മരണമടഞ്ഞ പൊലീസ് ഓഫീസറുടെ പേരിലായിരുന്നു പദ്ധതി. ജെയിംസ് സാഡ്രോഗ (James Zadroga). പക്ഷേ, അതും ചെറിയ കാലയളവിലേക്കായിരുന്നു. കോൺഗ്രസിൽ നിരവധി വർഷങ്ങൾ നീണ്ട അപേക്ഷകൾക്കും പ്രസംഗങ്ങൾക്കും ശേഷമാണ് 2090 വരെ പദ്ധതി നീട്ടാൻ തീരുമാനമായത്. അത് 2019 -ൽ.

ശ്വസിച്ചത് വിഷവായു, പിടിച്ചത് ക്യാൻസർ

1,54,000 പേരാണ് പദ്ധതിയിൽ ഇതുവരെ രജിസ്റ്റ‍ർ ചെയ്തത്. അതിൽ 57,000 പേർക്ക് കാൻസർ ബാധിച്ചു. 2024 -നകം 7,000 പേർ മരിച്ചു. വിഷവായു ശ്വസിച്ചതിന്‍റെ പ്രത്യാഘാതം ഇത്രയും നീളുമെന്ന് മനസിലാക്കാനും അംഗീകരിക്കാനും സർക്കാരിന് സമയമെടുത്തു. കണ്ടുനിന്നവരും കേട്ടറിഞ്ഞവരും ഓടിയെത്തി. ആദ്യമോടിയെത്തിവരെയാണ് പെട്ടെന്ന് രോഗങ്ങൾ പിടികൂടിയത്. അഗ്നിരക്ഷാ സൈന്യത്തിലെ അധികം പേരും മരിച്ചു. ആദ്യമോടിയെത്തിയ 95,000 പേർ പദ്ധതിയിലെ അംഗങ്ങളാണ്. പക്ഷേ, ഇരട്ടഗോപുരങ്ങൾക്ക് ചുറ്റും ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നത് 4 ലക്ഷത്തോളം പേരാണ്. അധികം പേരും അംഗങ്ങളായിട്ടില്ല എന്നർത്ഥം. അതിൽ പദ്ധതി അധികൃതർക്ക് ആശങ്കയുണ്ട്. വർഷങ്ങൾ കഴിഞ്ഞുണ്ടാവുന്ന രോഗബാധയുടെ കാരണം പലരും തിരിച്ചറിയാത്തതാവാം എന്നാണ് ആശങ്ക.

ശ്വസിക്കാൻ പാടില്ലാത്തത്, പക്ഷേ...

ന്യൂയോർക്ക് മേയർ മംദാനി പുതിയ ചില റെക്കോർഡുകൾ പുറത്തുവിട്ടു. ദിവസങ്ങൾക്കുമുമ്പ്. 9/11 ഹെൽത്ത് വാച്ച് എന്ന സംഘടനയുടെ നിയമയുദ്ധം അതിനുവേണ്ടിയായിരുന്നു. 9/11 ആക്രമണത്തിന് ശേഷമുള്ള വായുമലിനീകരണത്തിൽ അധികൃതർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകൾ. ശ്വസിക്കാൻ പാടില്ലാത്തത് എന്നറിഞ്ഞിട്ടും കുഴപ്പമില്ലെന്നാണ് ഉദ്യോഗസ്ഥർ ജനങ്ങളോട് പറഞ്ഞത്. രോഗങ്ങൾ അതുകാരണമാണെന്ന് തിരിച്ചറിയാതെ പോകുന്നതും ഈ തെറ്റിദ്ധാരണ കാരണമാകാമെന്നും മംദാനി കൂട്ടിച്ചേർത്തു. ഒപ്പം നഷ്ടപരിഹാരത്തിന് കൂടുതൽ പേർക്ക് അർഹതയുണ്ടെന്നും. രേഖകൾ പോർട്ടലിൽ ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു. അതുവായിച്ചിട്ടെങ്കിലും ജനങ്ങൾ തിരിച്ചറിയട്ടെയെന്നാണ് പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

ജലവൈദ്യുത പദ്ധതികൾക്കെന്ത് പ്രകൃതി? മൂന്ന് വശത്തുനിന്നും തുരയ്ക്കപ്പെടുന്ന അസ്ഥിരമായ ഹിമാലയം, ഉയരുന്ന നിലവിളികൾ
നേപ്പാൾ പ്രളയം; എനിയുമെത്ര പേർ? അവ്യക്തത തുടരുന്ന മരണക്കണക്കുകൾ, തുടരുന്ന ചൈനയുടെ നിസഹകരണം