
ഡി- കമ്പനിയില്‍ ചേര്‍ന്നതോടെ ഡോളസിന്റെ കയ്യില്‍ പണം വരാന്‍ തുടങ്ങി. ജീവിതം ആര്‍ഭാടപൂര്‍ണ്ണമായി മാറി. പ്രീമിയര്‍ പദ്മിനിയുടെ വെളുത്ത കാര്‍, കഴുത്തിലും കൈകളിലും ആഭരണങ്ങള്‍, നല്ല വസ്ത്രങ്ങള്‍, വിലപിടിപ്പുള്ള സ്‌പോര്‍ട്‌സ് ഷൂ, പഞ്ചനക്ഷത്ര ഭക്ഷണം. ജീവിതം കുശാല്‍.
ജീവിതമെന്താണെന്ന് പഠിച്ചു തുടങ്ങും മുന്‍പേ അധോലോകത്ത് എത്തിപ്പെട്ട കഥയാണ് മഹീന്ദ്ര മായ ഡോളസ് എന്ന കൗമാരക്കാരന്റേത്. ബാല്യകാലത്ത് തന്നെ ഒഴിയാബാധപോലെ പിടികൂടിയ മുന്‍കോപവും ചുറ്റുപാടുകളും അതിന് കാരണമായിട്ടുണ്ടാവാം. ചെറുപ്പത്തിലേ അതിക്രമങ്ങള്‍ തുടങ്ങി. അവന്റെ വഴി അധോലോകമാണെന്ന് വിധി നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരിക്കണം.
1980-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍, കഞ്ചൂര്‍മാര്‍ഗ്ഗിലെ അശോക് ജോഷിയുടെ ഗ്യാങ്ങില്‍ ചേര്‍ന്നു, ഡോളസ്. അനേകം കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി. അക്രമവാസനയും അസാധാരണ ധൈര്യവും കൂസലില്ലായ്മയുമായിരുന്നു ഡോളസിന്റെ പ്രത്യേകത. മുതിര്‍ന്നവരെപ്പോലും വെല്ലുന്ന നേതൃപാടവം ഉണ്ടായിരുന്നതിനാല്‍, ചെറുപ്രായത്തില്‍ത്തന്നെ ഗ്രൂപ്പിന്റെ തലപ്പത്ത് ഡോളസ് അവരോധിക്കപ്പട്ടു.
അധോലാകത്തേക്കുള്ള വഴി
സയേണ്‍ കോളിവാഡയിലെ ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു മഹീന്ദ്ര മായ ഡോളസിന്റെ ജനനം. മഹാരാഷ്ട്ര ഹൗസിങ് ഡവലപ്‌മെന്റ് കോര്‍പറ്റേഷന്‍ കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള ചാലില്‍ ആയിരുന്നു ബാല്യം. തമ്മില്‍തല്ലും സംഘര്‍ഷവും പതിവുള്ള ഇടം. മറ്റിടങ്ങളില്‍ നിന്നും അക്രമികള്‍ അവിടെ ഒളിവില്‍ പാര്‍ക്കാന്‍ എത്തുമായിരുന്നു. ഇതെല്ലാം കണ്ടുകണ്ട്, ചെറുപ്പത്തിലേ ഡോളസില്‍ അക്രമവാസന ഉടലെടുത്തു. തെറിയും അശ്‌ളീലവും പറയാന്‍ ഒരു മടിയും അവന്‍ കാട്ടിയില്ല.
ഐടിഐ ഡിപ്ലോമ കഴിഞ്ഞ് പുറത്തുവരുമ്പേഴേക്കും അനവധി ക്രിമിനലുകളുമായി സൗഹൃദത്തിലായിരുന്നു. അവിടെ വെച്ചാണ് അവന്‍ അരുണ്‍ ഗാവ്ലിയുടെ ഗ്രൂപ്പില്‍ പ്രധാനിയായ കിരണ്‍ ബല്‍വര്‍ക്കറുമായി പരിചയപ്പെടുന്നത്. ആ ബന്ധം മുറുകി.
അക്കാലത്താണ്, മഹാരാഷ്ട്ര ഹൗസിങ് ഡവലപ്‌മെന്റ് കോര്‍പറ്റേഷന്‍ ഇവിടത്തെ ചാലുകള്‍ പൊളിച്ചുനീക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനായി അനേകം കുടുംബങ്ങളെ ഒഴിപ്പിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പ്രതീക്ഷാ നഗറിലേക്ക് മാറി. പുതുതായെത്തിയവരെ അംഗീകരിക്കാന്‍ പ്രതീക്ഷാ നഗറിലെ പലര്‍ക്കും വൈമനസ്യമുണ്ടായിരുന്നു. അത് പലപ്പോഴും വാക്കേറ്റത്തിലും തല്ലിലും കലാശിച്ചു. അങ്ങനെയാണ് പുതിയ സ്ഥലത്തെ ഗുണ്ടാത്തലവന്‍ സുരേഷ് ഘോറെയുമായി ഡോളസ് ഇടയുന്നത്. തുടര്‍ന്നു നടന്ന സംഘട്ടനത്തില്‍ ഘോറെ ഡോളസിനെ മാരകമായി ആക്രമിച്ചു. ഗതികെട്ട ഡോളസ് രായ്ക്കുരാമാനം കഞ്ചൂര്‍മാര്‍ഗ്ഗിലേക്ക് ഓടിപ്പോയി. അവിടെ അശോക് ജോഷിയുടെ ഗ്രൂപ്പില്‍ അംഗമായി.
ദിലീപ് ബുവ: മാരകമായ ഒരു സൗഹൃദത്തിന്റെ തുടക്കം
ഏതാണ്ട് അഞ്ചുവര്‍ഷം ആ ഗ്രൂപ്പില്‍ ഡോളസ് തുടര്‍ന്നു. അവിടെവെച്ച് ദിലീപ് ബുവ എന്ന ക്രിമിനലിനെ പരിചയപ്പെട്ടു. പെട്ടെന്നുതന്നെ അവര്‍ ഉറ്റ ചങ്ങാതിമാരായി. കിരണ്‍ ബല്‍വര്‍ക്കറിന്റെ ഗാവ്ലി-റമ നായിക്ക്-ബാബു റഷിം ഗ്രൂപ്പുമായുള്ള ബന്ധം വെച്ച് ഡോളസ് അവര്‍ക്ക് വേണ്ടിയും പണി തുടങ്ങി.
വ്യവസായികളെയും ചെറുകിട കച്ചവടക്കാരെയും ലക്ഷ്യമിട്ട് ഹഫ്ത പിരിവായിരുന്നു പ്രധാനതൊഴില്‍. വൈകാതെ ഡോളസും ദിലീപ് ബുവയും ചോട്ടാ രാജനുമായി അടുത്തു. ആ ബന്ധം ഡി- കമ്പനിയിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തു. 88-ല്‍ അവര്‍ ജോഷി ഗ്രൂപ്പുമായുള്ള ബന്ധം പൂര്‍ണ്ണമായും കൈവെടിഞ്ഞു. ജോഷി അവരെ ഒഴിവാക്കിയതാണെന്നും, അതല്ല തല്ലിയോടിച്ചതാണെന്നും അഭ്യൂഹമുണ്ട്. ഡോളസും ബുവയും ഒരേ സമയം പലര്‍ക്കും വേണ്ടി പണിയെടുക്കുന്നു എന്നതായിരുന്നു അതിന് ജോഷി പറഞ്ഞ കാരണം. ആ പുറത്താക്കലിലൂടെ ജോഷി ഇരുവരുടെയും കടുത്ത ശത്രുവായി മാറി.
അതിനിടയില്‍ അനവധി സംഘട്ടനങ്ങള്‍. പല കേസുകള്‍. പലപ്പോഴും ഇരുവരെയും ജയിലില്‍ പിടിച്ചിട്ടു. ചിലപ്പോള്‍ ഒളിവിലായി. ഇതിനിടെ, ചിട്ടിക്കമ്പനിക്കാരുടെ സഹായിയായും ഡോളസ് പ്രവര്‍ത്തിച്ചു. ചിട്ടി വിളിച്ചു പണം വാങ്ങുന്നവരെ സമീപിച്ചു കമ്മീഷന്‍ വാങ്ങാനും ശ്രമിച്ചു.
ഡി കമ്പനിയിയിലെ ഡോളസ്
ഡി- കമ്പനിയില്‍ സ്ഥിരാംഗങ്ങളായതോടെ ഇരുവരും താമസം ബൈക്കുളയിലേക്ക് മാറ്റി. അവിടെവെച്ച് പവാര്‍ എന്നൊരു ധനികനുമായി ഡോളസ് ചങ്ങാത്തത്തിലായി. തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്ന അജ്ഞാതനായ ഒരാളെപ്പറ്റി പവാര്‍ ഡോളസുമായി സംസാരിച്ചു. അയാളെ ഒന്ന് ഭീഷണിപ്പെടുത്തണം, അതായിരുന്നു പവാറിന്റെ ആവശ്യം. പവാര്‍ ഡോളസിന് പ്രതിഫലം വാഗ്ദാനം ചെയ്തു. കൈത്തരിപ്പ് തീര്‍ക്കാന്‍ ശത്രുവിനെ കാത്തുനില്‍ക്കുന്ന ഡോളസിന് അതൊരു അവസരമായിരുന്നു. ഡോളസ് അയാളെ തേടിപ്പിടിച്ചു. തല്ലില്‍ നിര്‍ത്തിയില്ല, ശത്രുവിനെ ഡോളസ് കൊന്നുകളഞ്ഞു! പോലീസിാവട്ടെ ഡോളസിനെ പിടിക്കാനും കഴിഞ്ഞില്ല.
ഡി- കമ്പനിയില്‍ ചേര്‍ന്നതോടെ ഡോളസിന്റെ കയ്യില്‍ പണം വരാന്‍ തുടങ്ങി. ജീവിതം ആര്‍ഭാടപൂര്‍ണ്ണമായി മാറി. പ്രീമിയര്‍ പദ്മിനിയുടെ വെളുത്ത കാര്‍, കഴുത്തിലും കൈകളിലും ആഭരണങ്ങള്‍, നല്ല വസ്ത്രങ്ങള്‍, വിലപിടിപ്പുള്ള സ്‌പോര്‍ട്‌സ് ഷൂ, പഞ്ചനക്ഷത്ര ഭക്ഷണം. ജീവിതം കുശാല്‍.
സഞ്ജയ് ദത്തിന്റെ കടുത്ത ആരാധകന്‍ ആയിരുന്നു ഡോളസ്. സദാ നേരവും ദത്തിന്റെ 'ഇമാന്താര്‍' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പാടുന്നത് അവന്റെ ശീലമായിരുന്നു. 1987 ഡിസംബര്‍ 31 -ന് ന്യൂ ഇയര്‍ ആഘോഷിക്കാനായി ഡോളസ് ഘാട്‌ക്കോപ്പറിലെ ഒരു ഡാന്‍സ് ബാറില്‍ ചെന്നുകയറി. മദ്യപിച്ചു ലക്കുകെട്ട ഡോളസ് സഞ്ജയ് ദത്ത് പാടി അഭിനയിച്ച ഇമാന്താറിലെ പാട്ടു കേള്‍ക്കണമെന്നായി. വെയ്റ്ററെ വിളിച്ചു നിര്‍ബന്ധപൂര്‍വ്വം അതുതന്നെ കേള്‍ക്കണമെന്ന് വാശിപിടിച്ചു. തുടര്‍ച്ചയായി എട്ടു തവണയാണ് റിക്കോര്‍ഡറില്‍ അവന്‍ ഒരേ പാട്ടു കേട്ട് നൃത്തം ചെയ്തത്. ബാറിലെത്തിയ മറ്റുള്ളവര്‍ക്ക് ഡോളസ് ശല്യമായ. അത് വാക്കേറ്റത്തിലേക്കും തല്ലിലേക്കും വഴിവെച്ചു. ആയുധങ്ങള്‍ കയ്യില്‍ കരുതിയിട്ടും മാരകമായി തല്ലുവാങ്ങാനായിരുന്നു ഡോളസിന് വിധി. കണക്കറ്റ് തല്ലുവാങ്ങിയ ഡോളസിനു അവിടുന്ന് ഓടിപ്പോരേണ്ടി വന്നു.
അശോക് ജോഷിയുടെ കൊല
ആയിടക്കാണ് ചോട്ടരാജനും കൂട്ടരും ചേര്‍ന്ന് ദാവൂദിനുവേണ്ടി അശോക് ജോഷിയെ വെടിവെച്ചു കൊല്ലാന്‍ പദ്ധതി തയ്യാറാക്കുന്നത്. അശോക് ജോഷിയെ നന്നായി അറിയാവുന്ന ഡോളസ് ആയിരുന്നു ആ ഉദ്യമത്തിലെ പ്രധാനി. പന്‍വേലില്‍ വെച്ച് ഡോളസും കൂട്ടുകാരും ജോഷിയെ വധിച്ചു. ജോഷിയുടെ കൊലപാതകം പോലീസിന് തലവേദനയായി. ഡോളസ് അഴിഞ്ഞാടുന്നതില്‍ അവര്‍ അസ്വസ്ഥരായി. തങ്ങളുടെ നേതാവിനെ കൊന്നതില്‍ അമര്‍ഷം കൊണ്ട ജോഷിയുടെ ഗ്രൂപ്പും ഡോളസിനെ വകവരുത്താനുള്ള പദ്ധതിയിട്ടു. വിവരം ചോര്‍ന്നുകിട്ടിയപ്പോള്‍ ചെറുത്തുനില്‍ക്കാന്‍ ഡോളസും കൂട്ടുകാരും ഒരുങ്ങി.
പോലീസ് തിരയുകയാണെന്ന് അറിഞ്ഞിട്ടും ജോഷിയുടെ ഗ്രൂപ്പിനെ പാടെ നശിപ്പിക്കാതെ അടങ്ങിയിരിക്കില്ലെന്നു ഡോളസ് ആണയിട്ടു. ജോഷിയുടെ ഗ്രൂപ്പില്‍നിന്ന് തന്നെ പുറത്താക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ച പലരേയും ഡോളസ് ഓര്‍ത്തുവെച്ചു. ആ പക മനസ്സില്‍ കൊണ്ടു നടന്ന ഡോളസ് അക്രമണത്തിനുള്ള പദ്ധതി ധൃതഗതിയിലാക്കി.
ഭാണ്ഡൂപ്പില്‍ ഗണപതി മഹോത്സവം നടക്കുന്ന സമയം. ജോഷിയുടെ അനുയായികളില്‍ പലരും അവിടെ എത്തും. ആള്‍ക്കൂട്ടം പ്രാര്‍ത്ഥനയിലും ബഹളത്തിലും മുഴുകുന്ന നേരത്ത് ജോഷി ഗ്രൂപ്പിലെ ഒരാളെയും ബാക്കിവെക്കാതെ വകവരുത്താന്‍ ഡോളസ് പദ്ധതിയിട്ടു. അങ്ങനെ ഡോളസും കൂട്ടുകാരും തോക്കുമായി എത്തി. അവര്‍ ഉത്സവപ്പന്തലിലേക്ക് കയറി. ആള്‍ക്കൂട്ടത്തിനിടയില്‍ ശത്രുക്കളുണ്ടായിരുന്നു. അവര്‍ തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി. അഞ്ചോളം പേര്‍ പിടഞ്ഞുവീണു. മരിച്ചവരും പരിക്കേറ്റരുമൊന്നും ജോഷിയുടെ ആള്‍ക്കാര്‍ ആയിരുന്നില്ലെന്നു മാത്രം!
പോലീസ് നഗരം അരിച്ചുപെറുക്കി. ബോംബെ പോലുള്ള ഒരു മഹാനഗരത്തില്‍ ഒരാളെ പിടികൂടുക അത്ര എളുപ്പമല്ല. പ്രതികള്‍ക്കാവട്ടെ ഒളിഞ്ഞിരിക്കാന്‍ എളുപ്പവും. ഏത് നിമിഷവും പിടിക്കപ്പെടുമെന്ന് ഡോളസ് മനസ്സിലാക്കി. അങ്ങനെ വന്നാല്‍ പുറത്തു കടക്കാന്‍ പ്രയാസമാകും. അതിനുമുന്‍പ് ചില കണക്കുകള്‍ കൂടി തീര്‍ക്കേണ്ടതുണ്ട്. പ്രതികാരം സര്‍പ്പവിഷംപോലെ ഉള്ളില്‍ പേറിനടക്കുന്ന ആ കൊടുംഭീകരന് ഭയപ്പെടാന്‍ ഒന്നുമില്ല. നനഞ്ഞ സ്ഥിതിക്ക് കുളിച്ചു കയറുക തന്നെ.
കരുണയില്ലാത്ത കൊലയാളി
അവനപ്പോള്‍ പഴയ സുരേഷ് ഘോറെയെ ഓര്‍മ്മവന്നു. തന്നെപ്പോലെ ഘോറെയും പോലീസിനെ ഭയന്ന് ഒളിച്ചുകഴിയുന്ന വിവരം ഡോളസ് മനസ്സിലാക്കി. പരേലില്‍ ഒരാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കാണാന്‍ ഘോറെ ഇടയ്ക്കിടെ ചെല്ലാറുള്ളതും അവന്‍ മനസ്സിലാക്കി. ഡോളസ് മണം പിടിച്ചിരുന്നു. തന്റെ ശത്രുവിനെ വധിക്കാന്‍ ഇതിലും പറ്റിയ അവസരമില്ല
ആശുപത്രിക്ക് പുറത്ത് ഘോറെ വന്നിറങ്ങിയതും വെടി പൊട്ടി. ആയുധം കരുതി നടക്കുന്ന ഘോറെയും തിരിച്ചു വെടിവെച്ചു. ഏറ്റുമുട്ടല്‍ അല്പം നീണ്ടുപോയെങ്കിലും ഘോറെ പരുക്കുപോലുമില്ലാതെ കടന്നുകളഞ്ഞു. ആ നിരാശ ഡോളസ് തീര്‍ത്തത് രോഗിയായി കിടക്കുന്ന ഘോറെയുടെ സുഹൃത്തിനെ ആശുപത്രി കിടക്കയില്‍ നിഷ്‌കരുണം വെടിവെച്ചു കൊന്നായിരുന്നു. ഡോളസുമായി ബന്ധമോ വൈരാഗ്യമോ ഇല്ലായിരുന്നു കൊല്ലപ്പെട്ട ദീപക് അംബേദ്കര്‍ എന്ന ആ യുവാവിന്!
ദാവൂദ് ഇബ്രാഹിമും ചോട്ടാരാജനും
ദാവൂദിന്റെ കരടാവുന്നു
വൈകിയില്ല, ആരെയും കൂസാതെ മുന്നോട്ട് നീങ്ങുന്ന ഡോളസ് ദാവൂദിന് തലവേദനയായി.
ബാന്ദ്രയിലെ ഒരു കെട്ടിട ഉടമയെ ഇക്കാലത്തു ഡോളസ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ദാവൂദിന്റെ ആള്‍ എന്ന ലേബലില്‍ അയാളില്‍ നിന്നും ഇടയ്ക്കിടെ ഡോളസ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിയായി. സഹികെട്ടപ്പോള്‍ കെട്ടിട ഉടമ ദുബായിലുള്ള ദാവൂദിനെ ഇക്കാര്യം അറിയിച്ചു. 'ഈ പൊല്ലാപ്പ് ഒഴിവാക്കിത്തരണം. പകരം എന്തുവേണമെങ്കിലും തരാം.' അയാള്‍ ദാവൂദിനോട് കെഞ്ചി. പ്രതിഫലമായി ഭീമമായ സംഖ്യ വാഗ്ദാനം ചെയ്തു. തുക കൈപ്പറ്റിയ ദാവൂദ് ഡോളസിനെ താക്കീത് കൊടുത്ത് ഒതുക്കി. ആ ശല്യം അതോടെ ഒഴിവായി.
ആയിടെ ബോംബെ സീപോര്‍ട്ടില്‍ ദുബായില്‍ നിന്നും മൂന്നു പെട്ടി സ്വര്‍ണ്ണം എത്തിയെന്നും അതു വാങ്ങി ഡോങ്ഗ്രിയിലെ ഡി- കമ്പനിയെ ഏല്‍പ്പിക്കണമെന്നും ദാവൂദിന്റെ സന്ദേശമെത്തി. സ്വര്‍ണ്ണം വാങ്ങിവന്നെങ്കിലും ഒരു പെട്ടി കളവുപോയെന്ന് ഡോളസ് കമ്പനിയെ ധരിപ്പിച്ചു. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന ആ പെട്ടി ഡോളസ് പൂഴ്ത്തി. ഏത് തീയിലും കയ്യിട്ടുവാരാന്‍ മടിക്കാത്ത ഡോളസിനു ദാവൂദ് കേവലമൊരു ബിസിനസ്സുകാരന്‍ മാത്രമായി തോന്നിയത് അബദ്ധമായി. ഡോളസ് പറഞ്ഞത് കളവാണെന്നറിയാമായിരുന്നിട്ടും ദാവൂദ് അവനെ ഒഴിവാക്കിയില്ല.
ലോഖണ്ഡ് വാല വെടിവെപ്പ്
1991 നവംബര്‍ പതിനാറിന്, സമ്പന്നര്‍ താമസിക്കുന്ന ലോഖണ്ഡ് വാലയില്‍, ശിവസേന നേതാവ് ഗോപാല്‍ രാജ്വാനിയുടെ ഫ്‌ലാറ്റില്‍ ഡോളസും ദിലീപ് ബുവയും മറ്റു കൂട്ടുകാരും തങ്ങുന്നതായി പോലീസ് സൂപ്രണ്ട് അഫ്താബ് അഹ്മദ് ഖാന് രഹസ്യവിവരം കിട്ടി. ഒരു നിമിഷം വൈകാതെ അവര്‍ കുതിച്ചുചെന്നു. ആയുധധാരികളായ പോലീസ് സംഘം ഫ്‌ലാറ്റിലേക്കു നുഴഞ്ഞുകയറി. നാലു മണിക്കൂര്‍ നീണ്ടുനിന്നു ആ വെടിവെപ്പ്. അതൊക്കെ അപ്പപ്പോള്‍ ടീവി ചാനലുകാര്‍ സംപ്രേക്ഷണം ചെയ്തു. പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ച് തത്സമയം അത് കണ്ടുനിന്നു. നൂറോളം വെടിയുണ്ടകള്‍ മായാ ഡോളസിന്റെ ശരീരത്തില്‍ തുളച്ചു കയറുന്നതും കൂട്ടുകാര്‍ക്ക് വെടിയേല്‍ക്കുന്നതും തല്‍സമയം ആളുകള്‍ കണ്ടു.
ഡോളസിനെ കൂടെ നിര്‍ത്തി പോലീസിനു നേരെ വെടിയുതിര്‍ക്കുമ്പോഴും ഡോളസിനെ തനിക്കറിയില്ലെന്നു ബുവ അലറുന്നുണ്ടായിരുന്നു. ഡി- കമ്പനിയിലെ പ്രഗത്ഭരായ ഷാര്‍പ്പ് ഷൂട്ടര്‍മാരില്‍ ഒരാളായിരുന്നു ദിലീപ് ബുവ.
ഡോളസ് ആ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അവനന്ന് പ്രായം വെറും ഇരുപത്തിയഞ്ച്.
തനിക്ക് തലവേദനയായി മാറിയ ഡോളസിനെ നശിപ്പിക്കാതെ തരമില്ലായിരുന്നു ദാവൂദിന്. അഫ്താബ് അഹമദ് ഖാന് പാരിതോഷികം നല്‍കിയാണ് ആ ഏറ്റുമുട്ടല്‍ നടന്നതെന്നഎ ആരോപണങ്ങളുണ്ടായിരുന്നു. ഡോളസിന്റെ കയ്യിലുണ്ടായിരുന്ന ഏഴുലക്ഷം രൂപ പോലീസുകാര്‍ കവര്‍ന്നു എന്ന് ചികിത്സയില്‍ കഴിയവേ ബുവ പരാതിപ്പെട്ടിരുന്നു.
മഹേന്ദ്ര മായ ഡോളസിന്റെ ജീവിതമാണ് 'ഷൂട്ട് ഔട്ട് അറ്റ് ലോഖണ്ഡ് വാല' എന്ന സിനിമ. 2007 -ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ വിവേക് ഒബ്‌റോയി ആയിരുന്നു ഡോളസ് ആയി വേഷമിട്ടത്. സിനിമ പുറത്തിറങ്ങിയപ്പോള്‍, വിവാദങ്ങളും പിറന്നു. പറയുന്നത് പോലെ, തന്റെ മകന്‍ ഒന്‍പതാം വയസ്സില്‍ അധോലോകത്ത് എത്തിയില്ല എന്നും അവന്‍ ക്രൂരനല്ലായിരുന്നുവെന്നും കാണിച്ച് ഡോളസിന്റെ അമ്മ കോടതിയെ സമീപിച്ചു. സിനിമയുടെ പ്രദര്‍ശനം തടയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, കോടതി ആ ആവശ്യം തള്ളിക്കളഞ്ഞു. സിനിമ പുറത്തിറങ്ങിയതോടെയാണ് ഡോളസ് മുംബൈയ്ക്ക് പുറത്ത് പ്രശസ്തനായത്.
………………………………..
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)