2015-ലെ ഒബാമയുടെ ഇറാൻ ആണവ കരാറും (JCPOA) ട്രംപിന്റെ പുതിയ ധാരണയും തമ്മിലുള്ള വ്യത്യാസങ്ങൾ ലേഖനം ചർച്ചചെയ്യുന്നു. യുറേനിയം സമ്പുഷ്ടീകരണം, ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയ വിഷയങ്ങളിലെ പാളിച്ചകളും, ഉപരോധം പിൻവലിക്കുന്നതിലൂടെ ഇറാന് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളും ഇതിൽ വിശദീകരിക്കുന്നു.
2015 -ൽ ബരാക് ഒബാമ സർക്കാർ ഒപ്പിട്ട ധാരണയും ഇപ്പോഴത്തെ ധാരണയും തമ്മിലെ വ്യത്യാസം അക്കമിട്ട് പരിശോധിച്ചാൽ പ്രശ്നം ഗുരുതരമാണ്. യുദ്ധം, ധനനഷ്ടം, ജീവഹാനി, കൂട്ടത്തിൽ മാനഹാനിയും. കിട്ടിയത് 'പണ്ടത്തേതിന്‍റെ പിന്നത്തേത്' എന്ന മട്ടിലൊരു ധാരണ. JCPOA (Joint Comprehensive Plan of Action (JCPOA), widely known as the 'Iran Nuclear Deal') അന്തിമധാരണയായിരുന്നു. ഇപ്പോഴത്തേ MOU (Memorandum of Understanding) അന്തിമമല്ല. 60 ദിവസത്തെ ചർച്ചകൾക്കുള്ള തുടക്കം മാത്രമാണ്. അതാണ് ഏറ്റവും വലിയ വ്യത്യാസം. അന്തിമധാരണയിലേ കാര്യങ്ങൾ വ്യക്തമാകൂ. 2015 -ലെ ധാരണയിൽ തീരുമാനമാകാൻ 20 മാസത്തെ ചർച്ചകൾ വേണ്ടി വന്നു. ഇതിപ്പോൾ 60 ദിവസമാണ് അന്തിമധാരണയ്ക്ക് മാറ്റിവച്ചിരിക്കുന്നത്.
ഇറാൻ ആണവ കരാർ
JCPOA എന്നായിരുന്നു ഒബാമ സർക്കാർ ഒപ്പിട്ട ധാരണ അറിയപ്പെട്ടത്. Joint Comprehensive Plan of Action. അമേരിക്കയെയും ഇറാനെയും കൂടാതെ ചൈന, ഫ്രാൻസ്, റഷ്യ, യുകെ, ജർമ്മനി എന്നീ രാജ്യങ്ങളും ഒപ്പിട്ട ധാരണ. ഇറാന്‍റെ ആണവ പദ്ധതിയായിരുന്നു ആ ധാരണയുടെ കേന്ദ്രബിന്ദു.
- ആണവ പദാർത്ഥം 300 കിലോഗ്രാമിൽ കൂടുതൽ പാടില്ല.
- യുറേനിയം സമ്പുഷ്ടീകരണത്തോത് 15 വർഷത്തേക്ക് 3.67 ശതമാനമായി നിജപ്പെടുത്തണം. ആണവോർജ റിയാക്ടറുകളിൽ മാത്രമേ അതുപയോഗിക്കാൻ കഴിയൂ.
- അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പരിശോധനയ്ക്ക് സമ്മതിക്കണം.

യുറേനിയം സമ്പുഷ്ടീകരം
ഇതെല്ലാം കൃത്യമായി നടന്നു പോന്നു. 2018 -ൽ ട്രംപ് അതിൽ നിന്ന് പിൻമാറുന്നത് വരെ. അതോടെ ഇറാനും യുറേനിയം സമ്പുഷ്ടീകരണത്തോത് കൂട്ടി. യുദ്ധം തുടങ്ങിയ ഫെബ്രുവരിയിൽ ഇറാനുണ്ടായിരുന്നത് 440 കിലോഗ്രാം യുറേനിയമാണ്. അതും 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം. ആണവായുധത്തിന് വേണ്ടത് 90 ശതമാനവും. അതിലെത്താൻ ആഴ്ചകൾ മാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ ധാരണയിൽ ആണവായുധത്തെക്കുറിച്ചേ പറയുന്നുള്ളു. യുറേനിയം ശേഖരം ഇറാനിൽ നിന്ന് നീക്കും, നശിപ്പിക്കും എന്നൊക്കെയായിരുന്നു ട്രംപിന്‍റെ അവകാശ വാദം. പക്ഷേ, ധാരണയിൽ അതൊന്നുമില്ല.
ബാലിസ്റ്റിക് മിസൈൽ
JCPOA -യിൽ ട്രംപ് കണ്ടെത്തിയ മറ്റൊരു പാളിച്ച ഇറാന്‍റെ മിസൈൽ പദ്ധതികളെക്കുറിച്ച് 'ഒന്നുമില്ല' എന്നതാണ്. ബാലിസ്റ്റിക് മിസൈൽ വികസനമോ ശേഖരമോ സമ്മതിക്കില്ലെന്നായിരുന്നു യുദ്ധത്തിന്‍റെ തുടക്കത്തിൽ ട്രംപ് പറഞ്ഞിരുന്നത്. ഇസ്രയേലിന്‍റെയും ആശങ്ക അതിലായിരുന്നു. പക്ഷേ, ഇപ്പോഴത്തെ ധാരണയിൽ അതില്ല. 'എല്ലാവർക്കും ഉള്ളതല്ലേ, അവർക്കും ആയിക്കോട്ടെ' എന്ന് പറയുകയും ചെയ്തു.
ഹോർമൂസ്
പിന്നത്തെ വ്യത്യാസം ഹോർമൂസാണ്. 2015 -ലെ ധാരണയിൽ ഹോർമൂസ് തർക്ക വിഷയമേ ആയിരുന്നില്ല. ഒരിക്കലും ഇറാനും അതൊരു ആയുധമായി ഉന്നയിച്ചിരുന്നില്ല. അതിപ്പോൾ ആയുധമായി. ലോകത്തെ തന്നെ ശ്വാസംമുട്ടിച്ചു ഇറാൻ. കപ്പലുകൾ നിശ്ചിത തുക നൽകേണ്ടിവരുമെന്ന് ഉറപ്പായി. അത് നടക്കില്ല എന്നൊക്കെയാണ് ട്രംപ് പറഞ്ഞിരുന്നത്. നടന്നാൽ, ഇറാന് അത് സാമ്പത്തികമായി വലിയ മെച്ചമാണ്.

യുദ്ധം ഗൾഫിലേക്കും
ഗൾഫ് രാജ്യങ്ങൾക്കെതിരായി ഒരിക്കലും ഇറാൻ നീങ്ങിയിരുന്നില്ല. സുന്നി ഷിയാ സംഘർഷങ്ങൾ അടിയൊഴുക്കായി ഉണ്ടായിരുന്നിട്ടും നിഴൽ യുദ്ധങ്ങൾ മാത്രമേ നടന്നിരുന്നുള്ളൂ. ഇപ്പോൾ, യുദ്ധം നേരിട്ടായി.
ആസ്തി തിരികെ
JCPOA -യിൽ ഇറാന് ധനസഹായം നൽകിയിരുന്നില്ല. മരവിപ്പിച്ചിരുന്ന ആസ്തികൾ വിട്ടുകൊടുക്കുക മാത്രമാണ് ചെയ്തത്. 59 ബില്യനോളം വരുന്ന ആസ്തി. അത് പണമായതാണ് നൽകിയതെന്നൊക്കെ മുമ്പ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അതും സഹായമെന്നും വ്യാഖ്യാനിച്ചു. സത്യം അതായിരുന്നില്ല.
നഷ്ടപരിഹാരം
ഇത്തവണ ഇറാൻ ആവശ്യപ്പെട്ടത് 400 ബില്യണിന്‍റെ നഷ്ടപരിഹാരമാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക അത് പറ്റില്ലെന്നറിയിച്ചു. അങ്ങനെയാണ് 300 ബില്യന്‍റെ പുനർനിർമ്മാണ ഫണ്ടിലെത്തിയത്. വായ്പയായും അല്ലാതെയും പല രാജ്യങ്ങളിൽ നിന്ന് സമാഹരിക്കുന്ന തുക ഇറാനിലെ സ്റ്റീൽ കോംപ്ലക്സും റിഫൈനറികളും വിമാനത്താവളങ്ങളുമടക്കം യുദ്ധത്തിൽ തകർന്നതെല്ലാം വീണ്ടെടുക്കും.
പിൻവലിച്ച ഉപരോധങ്ങൾ
ഉപരോധങ്ങളെല്ലാം പിൻവലിക്കുന്നതും ഇറാനെ സംബന്ധിച്ച് വലിയ വിജയമാണ്. സാമ്പത്തിക രംഗത്തിന് മികച്ച സഹായം. ഹോർമൂസിലെ വരവും താങ്ങാകും. 300 ബില്യണിന്‍റെ സഹായമോ, നിക്ഷേപമോ അതെന്ത് തന്നെയായാലും അതും നേട്ടം. ചുരുക്കത്തിൽ ഇറാന് യുദ്ധം കൊണ്ടുണ്ടായത് നേട്ടങ്ങളാണ്. സാമ്പത്തിക നേട്ടം ഇനി ഇറാൻ എങ്ങനെ വിനിയോഗിക്കുമെന്നേ അറിയാനുള്ളൂ. ചുരുക്കം ചിലരുടെ, അതും IRGC (Islamic Revolutionary Guard Corps) അംഗങ്ങളുടെ നിയന്ത്രണത്തിലാണ് രാജ്യത്തെ വരുമാന സ്രോതസുകൾ. വ്യവസായങ്ങളും ക്രിപ്റ്റോ കറൻസിയുമടക്കം. വരുമാനം കൂടുമ്പോൾ അത് സാധാരണക്കാർക്ക് വേണ്ടി ചെലവഴിക്കുമോ അതോ ആയുധ നിർമ്മാണത്തിനും പ്രോക്സികളെ ശക്തിപ്പെടുത്താനും ഉപയോഗിക്കുമോയെന്നാണ് സംശയം.

'ചെകുത്താന്‍റെ അച്ചുതണ്ട്'
'ചെകുത്താന്‍റെ അച്ചുതണ്ട്' (Devil's Axe) എന്ന ജോർജ് ബുഷിന്‍റെ ആരോപണത്തിൽ വിശ്വസിക്കുന്നവരുടെ വാദം, ഇറാൻ പഴയവഴി തന്നെ പിന്തുടരുമെന്നാണ്. മറിച്ച് ചിന്തിക്കുന്നവർ കുറവാണ്. റിപബ്ലിക്കൻ പാർട്ടിയിലും വിമർശനങ്ങൾ ശക്തമാണ്. ആണവ സ്വപ്നം അവസാനിപ്പിച്ചില്ല, ഹോർമൂസ് എന്നുമൊരു വിലപേശൽ തന്ത്രമാകും എന്നൊക്കെയാണ് ആരോപണങ്ങൾ. ട്രംപിന്‍റെ സ്വന്തം സ്ഥാനാർത്ഥിയോട് തോറ്റ ബിൽ കാസിഡി പോസ്റ്റുമിട്ടു. 'വിദേശനയത്തിലെ ഏറ്റവും വലിയ മണ്ടത്തരം' എന്ന്. ഹെസ്ബുള്ളയെയും ഹുതികളെയും പോലുള്ള പ്രോക്സികളെ നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് വാദിക്കുന്നു റിപബ്ലിക്കൻ അംഗങ്ങൾ.
വാൽക്കഷ്ണം; ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ചുവടുമാറ്റം
സെൽഫിക്കായി താൻ അപേക്ഷിച്ചു എന്ന ട്രംപിന്‍റെ വാദം തള്ളി ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയോ മെലണി, 'ഇറ്റലിയും താനും ആരോടും അപേക്ഷിക്കാറില്ല, മെനഞ്ഞെടുത്ത കഥ, We Never Beg.' എന്നും പറഞ്ഞു ഇറ്റാലിയൻ പ്രധാനമന്ത്രി. സഖ്യകക്ഷികളോട് ഇങ്ങനെയാണോ അമേരിക്ക പെരുമാറുന്നത് എന്നും അത്ഭുതപ്പെട്ടു. അതിന് പിന്നാലെ അമേരിക്കൻ സന്ദർശനം റദ്ദാക്കി ഇറ്റാലിയൻ വിദേശകാര്യമന്ത്രി അന്‍റോണിയോ തജാനി. ആദ്യകാലത്തെ സൗഹൃദത്തിൽ നിന്ന് ചുവടുമാറിയ മെലണി. നേരത്തെ തന്നെ ഇറാൻ യുദ്ധത്തോടുള്ള എതിർപ്പ് പരസ്യമാക്കിയിരുന്നു. ഇപ്പോഴത്തെ സംഭവത്തോടെ യൂറോപ്പും ട്രംപും തമ്മിലെ പാലം നഷ്ടമാവുന്നുവെന്ന് പറയേണ്ടി വരും. കൂടുതൽ യൂറോപ്യൻ നേതാക്കൾ ട്രംപിൽ നിന്ന് അകലം പാലിച്ച് തുടങ്ങിയിരിക്കുന്നു.'വിശ്വസിക്കാൻ പറ്റാത്ത സഖ്യകക്ഷി വേണ്ട' എന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.


