ഇറാൻ ധാരണാപത്രം രാജ്യത്ത് വിജയമായി ആഘോഷിക്കുമ്പോഴും, ഇതിനെതിരെ ശക്തമായ എതിർപ്പുകളുമുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിടുന്ന ഈ നീക്കം, ഭീകരസംഘടനയായി മുദ്രകുത്തപ്പെട്ട ഇറാനിയൻ റെവല്യൂഷണറി ഗാർഡിന് (IRGC) കൂടുതൽ ശക്തി നൽകുമെന്ന ആശങ്ക ഉയർത്തുന്നു, ഇത് ധാരണയുടെ ഭാവിയെത്തന്നെ ചോദ്യം ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

MOU (Memorandum of Understanding) -വിൽ പലതരം വായനകളും വ്യാഖ്യാനങ്ങളും വരുന്നുണ്ട്. ഇറാനത് സ്വന്തം നാട്ടിൽ വിജയമായി ആഘോഷിക്കുന്നു. പക്ഷേ, രാഷ്ട്രീയ കാലാവസ്ഥ മാറിക്കഴിഞ്ഞുവെന്നും മുന്നോട്ടുള്ള കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്നുമുണ്ട് നിരീക്ഷണം. രാജ്യത്തിന്‍റെ പരമോന്നത നേതാവ് മുജ്താബ ഖമനേയി ധാരണയോട് എതിർപ്പാണ് അറിയിച്ചത്. ഒപ്പിട്ട ശേഷമുള്ള പ്രസ്താവനയിൽ. മുമ്പ് അയത്തൊള്ള ഖമനേയിയെയും അതേ നയമാണ് സ്വീകരിച്ചത്. 2015 -ലെ ധാരണ അംഗീകരിച്ചു. പക്ഷേ, പിന്നീട് കുറ്റപ്പെടുത്തി. അതുതന്നെയാണ് മുജ്തബയുടെയും വഴി. ഇപോഴും മുജ്തബ കാണാമറയത്ത് തന്നെ എന്നത് വിരോധാഭാസം. മുറിവേറ്റ് ചികിത്സയിലാണോ അതോ ആക്രമണം ഭയന്ന് ഒളിവിൽ തുടരുകയാണോയെന്ന് വ്യക്തമല്ല. എന്തായാലും ധാരണയിൽ ഇറാനിലുമുണ്ട് അഭിപ്രായ വ്യത്യാസങ്ങൾ.

ഇറാന്‍റെ ഭാഷ്യം

പാ‍ർലമെന്‍റ് സ്പീക്കർ മുഹമ്മദ് ഖലീബാഫിന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. കടുപ്പക്കാരനാണ്. മിതവാദിയല്ല. പക്ഷേ, പ്രസിഡന്‍റ് മസൂദ് പെഷേഷ്കിയൻ മിതവാദിയാണ്. പ്രസിഡന്‍റിന്‍റെ ആവശ്യം അംഗീകരിച്ചു. ധാരണക്ക് അനുവാദം നൽകി എന്നാണ് മുജ്തബയുടെ പ്രസ്താവന. IRGC -യിലെ (Iranian Revolutionary Guard) ശക്തരായ വിഭാഗത്തിന്‍റെ പിന്തുണയുമുണ്ടായിരുന്നു ധാരണയ്ക്ക്. ആഘോഷിക്കുന്നത് അമേരിക്കയും ഇസ്രയേലും തങ്ങളുടെ ലക്ഷ്യങ്ങൾ സാധിക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്. ഭരണമാറ്റം ഉണ്ടായില്ല. ഇറാൻ കീഴടങ്ങിയില്ല. ഹെസ്ബുള്ള ബന്ധം അവസാനിപ്പിക്കാനായില്ല. പകരം, ലബനണിലെ വെടിനിർത്തലിലും ധാരണയിൽ ഉൾപ്പെടുത്താനായി.

വിമതസ്വരം

പക്ഷേ, തീവ്ര യാഥാസ്ഥിതികരുടെ കുറ്റപ്പെടുത്തൽ മറ്റൊരു വഴിക്കാണ്. ഹോർമൂസ് തുറക്കരുതായിരുന്നു, മുജ്തബ പറഞ്ഞത് കേട്ടില്ല. ധാരണയേ വേണ്ടായിരുന്നു എന്നാണ്. അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ല എന്നവർ തെളിവ് സഹിതം പറയുന്നു. ചർച്ചകൾ നടക്കുന്നതിനിടെത്തന്നെ ഇറാനെ ആക്രമിച്ച ട്രംപിന്‍റെ നടപടിയാണ് തെളിവ്. ഈ എതിർപ്പുകളെ വകവയ്ക്കാതെ ധാരണയുമായി ഇറാൻ മുന്നോട്ട് പോയതിന് കാരണം സാമ്പത്തിക പ്രതിസന്ധിയെന്നാണ് റിപ്പോർട്ടുകൾ. യുദ്ധം, ഉപരോധങ്ങൾ, കൂട്ടത്തിൽ നാണ്യപ്പെരുപ്പവും. വിലക്കയറ്റത്തിനും നാണ്യപ്പെരുപ്പത്തിനും എതിരെ അണപൊട്ടിയ ജനരോഷം ഇറാൻ തടുത്ത് നിർത്തിയത് 40,000 -ത്തിലേറെ ജീവനുകൾ കുരുതി കൊടുത്തിട്ടാണ്. യുദ്ധം തുടങ്ങിയ ശേഷവും വധശിക്ഷകൾ തുടർന്നു. പതിനേഴും പത്തൊമ്പതും വയസുള്ള യുവാക്കൾക്ക് പോലും മാപ്പുകിട്ടിയില്ല. ഇനിയും പ്രതിഷേധം ഉണ്ടായാൽ അതും നേരിടും ഇറാൻ. തോൽപ്പിക്കുകയും ചെയ്യും. പക്ഷേ, അതത്ര നല്ലതാവില്ല. മത, സൈനിക അധികാര കേന്ദ്രങ്ങളുടെ ഭാവിക്ക് എന്ന് കരുതിയാവണം തീവ്ര യാഥാസ്ഥിതികരും ധാരണയെച്ചൊല്ലി കലാപം വേണ്ടെന്നുവച്ചത്.

ഇറാനിയൻ റെവല്യൂഷണറി ഗാർഡ്

IRGC എന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡ് സ്ഥാപിച്ചത് ആയത്തൊള്ള റുഹൊള്ള ഖമനേയിയാണ്. പശ്ചിമേഷ്യയിൽ സ്വാധീനം സ്ഥാപിക്കാനും സ്വന്തം നാട്ടിലെ വിമത ശബ്ദങ്ങൾ അടിച്ചമ‍ർത്താനും വേണ്ടി. കൂട്ടത്തിൽ ഇറാനിലെ വ്യവസായ സാമ്രാജ്യം കൂടി തങ്ങളുടെ അധീനതയിലാക്കി. എണ്ണ, നി‍ർമ്മാണ മേഖല, തുറമുഖങ്ങൾ, വാർത്താ വിനിമയം എല്ലാം അവരുടെ അധീനതയിലാക്കി. ഇന്ന് കോടികളുടെ ആസ്തിയും വരുമാനവുമുള്ള സാമ്രാജ്യമാണിത്. ഇതുവരെയുണ്ടായിരുന്ന ഉപരോധങ്ങളെ മറികടക്കാൻ അവരാണ് വഴികൾ കണ്ടെത്തിയത് തന്നെ. അതിനായി ശൃംഖലകൾ തന്നെ സ്ഥാപിച്ചു. അങ്ങനെ ഇറാനിയൻ സമ്പദ് വ്യവസ്ഥ അവരുടെ കൈയിലായി. സാധാരണക്കാരെ മാത്രമാണ് ഉപരോധങ്ങൾ ബാധിച്ചത്. അതുകൊണ്ട് തന്നെ ചാരപ്രവ‍‍ർത്തനവും പ്രോക്സി സംഘടനകൾക്കുള്ള പണവും ആയുധവും പരിശീലനവും ഒന്നും മുടങ്ങിയില്ല. ഇനി ഉപരോധങ്ങൾ പിൻവലിക്കുമ്പോൾ IRGC -യ്ക്ക് തന്നെയാണ് ഏറ്റവും കൂടുതൽ നേട്ടം.

റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് ഇറാനിൽ നിന്നുള്ള രഹസ്യ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ്. IRGC -യുടെ എൻജിനീയറിംഗ് വിഭാഗമായ ഖതം അൽ അൻബിയയുടെ കീഴിൽ നൂറുകണക്കിന് കമ്പനികളുണ്ട്. അടിസ്ഥാന സൗകര്യ വികസനരംഗവും ഊർജ പദ്ധതികളും മുതൽ വിനോദ സഞ്ചാരരംഗത്തുവരെ ലോജിസ്റ്റിക്സ് ഇവരുടെ അധീനതയിലാണ്. പക്ഷേ, ഒരു ചെറിയ കല്ലുകടിയുണ്ട്. IRGC ഭീകരവാദ സംഘടനകളുടെ പട്ടികയിലാണ്. ഉപരോധങ്ങൾ നീക്കുമ്പോൾ കിട്ടുന്ന ഇളവുകൾ അവർക്കാകുമ്പോൾ 'ഭീകര സംഘടന' എന്ന മുദ്ര അമേരിക്കയ്ക്ക് തന്നെ വിനയാകും. 300 ബില്യണിന്‍റെ നിക്ഷേപ വാഗ്ദാനം നടപ്പാക്കുമ്പോളടക്കം ഇറാനിയൻ വിപണിയിലെത്തുന്ന നിക്ഷേപകർ IRGC -ക്കൊപ്പമാകും പ്രവ‍ർത്തിക്കേണ്ടി വരിക. ഉപരോധങ്ങൾ അവരെയും ബാധിച്ചേക്കും. നിയമക്കുരുക്കും പിന്നാലെ വന്നേക്കും. ഭീകരാക്രമണങ്ങളുടെ ഇരകൾക്ക് ഇത്തരം കമ്പനികൾക്കെതിരെ നിയമ നടപടിയും സ്വീകരിക്കാം. എണ്ണയിലെ ഉപരോധം പിൻവലിക്കൽ മാത്രം മതി IRGC -ക്ക് ഇരട്ടിശക്തി കൈവരാൻ. ഇറാനിയൻ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ പിടിമുറുക്കാനും. ധാരണയിലെ പാളിച്ച അവിടെ തുടങ്ങുന്നു.