റഷ്യൻ മണ്ണിൽ പറന്നിറങ്ങിയ 'അഭ്യൂഹങ്ങളുടെ' അമേരിക്കൻ സൈനിക വിമാനം, അതിൽ സിഐഎ മേധാവി!

Published : Sep 03, 2026, 12:12 PM IST
American military plane

Synopsis

അടുത്തിടെ ഒരു അമേരിക്കൻ സൈനിക വിമാനം മോസ്കോയിൽ രഹസ്യമായി പറന്നിറങ്ങിയത് ലോകശ്രദ്ധ പിടിച്ചുപറ്റി. യുക്രെയ്ൻ യുദ്ധത്തിന്റെ ഗതിയെക്കുറിച്ച് പുടിന് മുന്നറിയിപ്പ് നൽകാനും, നേറ്റോ സഖ്യകക്ഷിയെ ആക്രമിക്കാനുള്ള റഷ്യൻ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനുമാണ് സിഐഎ മേധാവി എത്തിയതെന്നാണ് അഭ്യൂഹങ്ങൾ.

ഗസ്റ്റ് 25 -ന് ഒരമേരിക്കൻ വിമാനം റഷ്യയിൽ പറന്നിറങ്ങി. അതും സൈനിക വിമാനം. ലോകം അമ്പരന്നു. പക്ഷേ, റഷ്യയോ അമേരിക്കയോ പ്രതികരിക്കാൻ തയ്യാറായില്ല. വിമാനമിറങ്ങുന്നതിന്‍റെ ദൃശ്യവും മോസ്കോയിലൂടെ വിദേശ മോട്ടോർകേഡ് പോകുന്നതിന്‍റെ ദൃശ്യവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പിന്നെയാണ് കാര്യങ്ങൾ വ്യക്തമായത്. സിഐഎ മേധാവി ജോൺ റാറ്റ്ക്ലിഫ് (John Ratcliffe) ആയിരുന്നു വിമാനത്തിൽ. രഹസ്യസന്ദർശനം. കൂടുതലൊന്നും പുറത്തുവന്നില്ല.

പുടിനെ ഉപദേശിക്കാൻ?

അമേരിക്ക - റഷ്യ നേരിട്ടുള്ള ചർച്ച അസാധാരണമാണ്. പക്ഷേ, മോസ്കോയിലേക്ക് ഒരു സംഘം പോകുന്നുണ്ടെന്നും അതുവരെ ആക്രമണം നിർത്തിവയ്ക്കണമെന്നും അമേരിക്ക യുക്രെയ്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, എന്തിനെന്നത് അവ്യക്തമായി തുടർന്നു. ലാറ്റ്വിയ വഴിയാണ് വിമാനം റഷ്യയിലെത്തിയത്. സന്ദർശനം കഴിയുന്നതുവരെ എല്ലാം രഹസ്യം. പിന്നീട് പതുക്കെ പലതും പുറത്തുവന്നു. യുക്രെയ്ൻ യുദ്ധത്തിന്‍റെ പോക്കിനെ കുറിച്ചുള്ള സത്യാവസ്ഥ പുടിനോട് പറയാനാണ് റാറ്റ്ക്ലിഫ് എത്തിയത്. ഒപ്പം മുന്നറിയിപ്പും.

ട്രംപിനെ ആര് ഉപദേശിക്കും?

മാധ്യമങ്ങൾ അതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചു. പുടിൻ, യുക്രെയ്നിൽ കുടുങ്ങിയിരിക്കുന്നത് പോലെയാണ് ട്രംപ്, ഇറാനിലും കുടുങ്ങിയിരിക്കുന്നതെന്ന സത്യം. ട്രംപിനും ഇറാൻ യുദ്ധത്തിന്‍റെ സത്യാവസ്ഥ അറിയില്ലെന്നൊരു കേട്ടുകേൾവി അമേരിക്കയിലുമുണ്ട്. രണ്ട് പേരോടും സത്യം പറയാൻ ഉദ്യോഗസ്ഥർക്ക് ധൈര്യമില്ലെന്നും. യുദ്ധം മതിയാക്കാൻ നിവൃത്തിയില്ല. മുഖം രക്ഷിക്കണം. അതിനൊരു വഴിയും കാണുന്നുമില്ല. പുടിനെപ്പോലെ ട്രംപ് സൈനിക വിന്യാസം നടത്തിയില്ലെന്ന് മാത്രം. റഷ്യയിൽ പുടിന്‍റെ വാക്കാണ് എല്ലാം. അമേരിക്കയിൽ അതല്ലാത്തത് കൊണ്ടാവും സൈനിക വിന്യാസം ഇല്ലാതെ പോയതെന്ന് പരിഹാസവുമുണ്ട്.

നേറ്റോ അക്രമിക്കാൻ റഷ്യ?

റാറ്റ്ക്ലിഫിന് മുമ്പ് വില്യം ബേൺസും ഇങ്ങനെയൊരു സന്ദർശനം നടത്തിയിട്ടുണ്ട്. അന്ന് യുക്രെയ്ൻ അധിനിവേശത്തിന് ഒരുങ്ങുകയായിരുന്നു റഷ്യ. കാണാൻ കഴിയുന്നതിനുമപ്പുറം പലതുമുണ്ടാവും ഇത്തരമൊരു സന്ദർശനത്തിന്. കാര്യഗൗരവം വലുതാവാനാണ് സാധ്യത. അങ്ങനെയെങ്കിൽ, നേറ്റോ സഖ്യകക്ഷിയെ ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നു എന്നൊരു റിപ്പോർട്ടാവാം ആധാരം. ജർമ്മൻ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ കണ്ടെത്തിയിരുന്നു. റഷ്യൻ ഡ്രോൺ എന്നാണ് നിഗമനം. അതുമാത്രമല്ല ബ്രിട്ടനിലെ ഡ്രോൺ നിർമ്മാണ ഫാക്ടറികളിൽ അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള ആക്രമണമുണ്ടാവുമെന്ന് റഷ്യയുടെ മുൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സൂചിപ്പിച്ചിരുന്നു. സ്കാൽപ് മിസൈലിന്‍റെ ബ്രിട്ടീഷ് നിർമ്മിത ഭാഗങ്ങളുടെ ബ്ലൂപ്രിന്‍റ് നൽകാമെന്ന് ബ്രിട്ടൻ, യുക്രെനോട് സമ്മതിച്ചിരുന്നു. അതോടെ യുക്രെയ്ന് ദീർഘദൂര ഡ്രോണുകൾ സ്വയം നിർമ്മിക്കാനാകും. ബ്രിട്ടന്‍റെ തീരുമാനത്തെ ക്രെംലിൻ വിമർശിക്കുകയും ചെയ്തിരുന്നു.

ഉറക്കം നഷ്ടപ്പെട്ട് ക്രെംലിൻ

അമേരിക്കൻ ആക്രമണത്തിന് പകരം അമേരിക്കയുടെ സഖ്യകക്ഷികളെ ആക്രമിക്കുന്ന ഇറാന്‍റെ രീതി, ഇറാന്‍റെ സഖ്യകക്ഷിയായ റഷ്യയും പരീക്ഷിക്കാൻ തീരുമാനിച്ചെങ്കിൽ അതിലത്ഭുതമില്ല. യുക്രെയ്ന്‍റെ ദീർഘദൂര ഡ്രോണുകൾ മോസ്കോവരെ എത്തുന്നത് ക്രെംലിന്‍റെ ഉറക്കം കെടുത്തുന്നുണ്ട്.

കാത്തിരിക്കണം, കാര്യമറിയാൻ

ബ്രിട്ടനെയല്ലാതെ ലിത്വാനിയ പോലുള്ള ബാൾട്ടിക് രാജ്യങ്ങളെ ലക്ഷ്യമിടാനും സാധ്യതയുണ്ടെന്നാണ് നിഗമനം. അതും നേറ്റോ സഖ്യകക്ഷികളാണ്. ട്രംപിന് നേറ്റോയോടുള്ള പുച്ഛം കണക്കിലെടുത്താൽ, ആക്രമണം അമേരിക്ക അവഗണിച്ചേക്കും എന്നാവാം മോസ്കോയുടെ കണക്കുകൂട്ടൽ. അപ്പോഴും, ഇതൊക്കെ നിഗമനങ്ങൾ മാത്രമാണ്. വിശദാംശങ്ങൾ പുറത്ത് വരാനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിവരം കൈമാറാതെ ചൈന! നേപ്പാളിനും ഇന്ത്യയ്ക്കും തലയ്ക്ക് മുകളിൽ 'മഹാപ്രളയങ്ങൾ' ഒളിപ്പിച്ച് ഹിമാലയം
2,000 അടി വീതിയുള്ള മഞ്ഞുകഷ്ണം 7,000 അടി താഴേക്ക്, ഏതാണ്ട് 5.2 മാഗ്നിറ്റ്യൂഡ് പ്രകമ്പനത്തോടെ! നേപ്പാളിൽ പതിയിരിക്കുന്ന 'ജലബോംബുകൾ'