
നേപ്പാളിലെ പ്രളയത്തിൽ മരിച്ചവരുടെയും കാണാതായവരുടെ എണ്ണം ഇപ്പോഴും വ്യക്തമായിട്ടില്ല. മനസ് മരവിപ്പിക്കുന്ന കാഴ്ചകളാണ് എല്ലാം. കുതിച്ചെത്തിയ ജലപ്രവാഹം റസുവ എന്ന കൊച്ചു ജില്ലയുടെ ഭൂരിഭാഗവും ചീന്തിയെടുത്ത് കൊണ്ടുപോയി. ബാഗ്മതി പ്രവിശ്യയുടെ ഭാഗമാണ് റസുവ. നാല് കൊച്ച് വിഭാഗങ്ങളുൾപ്പെടുന്ന ജില്ലയിലെ ആകെ താമസക്കാർ 45,000 -ത്തോളം മാത്രം. നേപ്പാളിന് വടക്ക്, ടിബറ്റിന്‍റെ അതിർത്തിയാണ് റസുവ. ടിബറ്റിലേക്കുള്ള സഞ്ചാരികൾ യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്. വ്യാപാരപാതയും ഇതുതന്നെ. ടിബറ്റൻ യാത്രക്കെത്തിയവരും അപകടത്തിൽപ്പെട്ടു. രക്ഷപ്പെട്ടത് കുറച്ചുപേർ മാത്രം. ഇപ്പോഴും പക്ഷേ, കണക്കുകൾ കൃത്യമായിട്ടില്ല.
ആദ്യം പുറത്തുവന്ന ദൃശ്യങ്ങളിലൊന്ന് ബ്രൌൺ നിറത്തിലെ ഒരു വൻപ്രവാഹം ആർത്തലച്ചുവരുന്നു. സർവ്വതും വിഴുങ്ങിക്കൊണ്ട്, പലനിലകളുള്ള കെട്ടിടങ്ങൾ കളിപ്പാട്ടങ്ങൾപോലെ തട്ടിത്തെറിപ്പിച്ച് കൊണ്ടുള്ള വരവ്. ഭീതിപ്പെടുത്തുന്ന വരവ്. ഇങ്ങനെയൊരു മഹാപ്രളയം കണ്ടിട്ടുണ്ടാവില്ല അധികം പേരും. ഭൂകമ്പമാണ് കാരണം എന്നായിരുന്നു ആദ്യത്തെ അനുമാനം. അത്ര വലിയൊരു പ്രകമ്പനം ഉണ്ടായിരുന്നു. പക്ഷേ, കാരണം ഭൂകമ്പമായിരുന്നില്ല. ഹിമതടാകം പൊട്ടിയെന്ന് അടുത്ത നിഗമനം വന്നു. അതൊന്നുമല്ല. ഹിമക്കട്ടയുടെ, ഗ്ലേസിയറിന്‍റെ വലിയൊരു കഷ്ണം അടർന്നുവീണതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. 2,000 അടി വീതിയുള്ള മഞ്ഞുകഷ്ണം 7,000 അടി താഴേക്ക്... താഴ്വരയിൽ വീണു. ഭൂകമ്പത്തിന് തുല്യമായ പ്രകമ്പനത്തോടെ. ഏതാണ്ട് 5.2 മാഗ്നിറ്റ്യൂഡിൽ. അതിന്‍റെ ആഘാതത്തിൽ നദിയിലെ വെള്ളവും മണ്ണും കല്ലുകളും ഉടഞ്ഞുതകർന്ന മഞ്ഞുകഷ്ണങ്ങൾക്കൊപ്പം താഴേക്ക് കുതിച്ചു. ലണ്ടെ ഖോല നദിയിലേക്ക്. ഭോട്ടെ കോശി നദിയുടെ പോഷക നദിയാണ് ലണ്ടെ ഖോല. ചൈനയിൽ നിന്ന് നേപ്പാളിലേക്ക്, അതും ആഴമേറിയ മലയിടുക്കുകളിലൂടെ ഒഴുകുന്ന നദി. ഈ മലയിടുക്കുകളിലൂടെ ആർത്തലച്ച് പാഞ്ഞ് മഞ്ഞും വെള്ളവും മണ്ണും പാറക്കൂട്ടങ്ങളും... ചൈന നേപ്പാൾ അതിർത്തി തകർത്തെറിഞ്ഞ് മുന്നോട്ട്. പോകുന്ന വഴിയിലുണ്ടായിരുന്നതെല്ലാം ഒപ്പം കൊണ്ടുപോയി. അതിനതിന് പ്രവാഹം വലുതായി. 22 കിമീ കടന്നത് മണിക്കൂറിൽ 193 കിമീ വേഗത്തിൽ. ഏഴ മിനിറ്റ് പോലും എടുത്തില്ല താഴെ നേപ്പാളിലെ ചെറുപട്ടണങ്ങളിലെത്താൻ. ഭോട്ടെ കോശി, തൃശൂലി, നാരായണി നദികളിലെല്ലാം പ്രളയമായി.
മഞ്ഞുകട്ട ഇടിഞ്ഞതിന്‍റെയും പ്രളയത്തിന്‍റെയും വിശദമായ കാരണങ്ങൾക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. പഠനങ്ങളും പരിശോധനകളും നടക്കുകയാണ്. ഇത്രയും വലിയൊരു പ്രവാഹം എങ്ങനെ രൂപം കൊണ്ടു എന്നതിലാണ് അത്ഭുതം. നേപ്പാളിലെ റസുവ മുനിസിപ്പാലിറ്റി ഏതാണ്ട് ഇല്ലാതെയായി. നിരവധി ജലവൈദ്യുത പദ്ധതികളുടെ നാട്. എല്ലാം പോയി. ഒരു അതിർത്തി ചെക് പോയിന്‍റ് ഇവിടെയാണ്. ഇമിഗ്രേഷൻ കെട്ടിടം അപ്പാടെ പോയി. അതിർത്തി കടക്കാനുള്ള പരിശോധനകൾക്കായി വലിയൊരു സംഘം അപ്പോഴും അവിടെ കാത്ത് നിന്നിരുന്നു. അപ്പാടെ എടുത്തെറിഞ്ഞ് ചീറിയടുത്ത പ്രവാഹം പിന്നെ കൊണ്ട് പോയത് വീടുകളാണ്.
ഇരമ്പി വന്ന മഞ്ഞും പാറയും വെള്ളവും ഒന്നും ശേഷിപ്പിച്ചില്ല. മറ്റുള്ളിടങ്ങളിൽ മഴ കാരണമാണ് പ്രളയമെങ്കിൽ ഹിമവാന്‍റെ മടിത്തട്ടിലുറങ്ങുന്ന നേപ്പാളിലും ടിബറ്റിലും കാരണങ്ങൾ സങ്കീർണമാണ്. കാലാവസ്ഥാ വ്യതിയാനമാണ് പൊതുകാരണമെങ്കിലും. ഹിമപാതവും മണ്ണിടിച്ചിലും മഞ്ഞുകട്ടകൾ ഉടഞ്ഞുമാറുന്നതും മറ്റ് പലതിലേക്കും വഴിതെളിക്കും. ധ്രുവപ്രദേശങ്ങളിലെ പോലെ മഞ്ഞുപാളികൾ ഉരുകുകയാണ് ഹിമാലയത്തിലും. 2,000 -ത്തിന് ശേഷം ആയിരക്കണക്കിന് ഗ്ലേസിയേഴ്സ് ഉരുകിത്തുടങ്ങിയിരിക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ഇത്തരത്തിലെ പ്രവാഹങ്ങൾ ഇനിയും ഉണ്ടാകാമെന്ന് മാത്രമല്ല, എണ്ണത്തിൽ കൂടുകയും ചെയ്യുമെന്ന് ചുരുക്കം.
ഹിന്ദുകുഷ് (Hindu Kush), ഹിമാലയം (Himalaya) എന്നീ രണ്ട് മലനിരകൾ ചേർന്നുള്ള പ്രദേശമാണ് ഹിന്ദുകുഷ് ഹിമാലയ. അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർവരെ ഈ പ്രദേശത്താണ്. എട്ടോളം രാജ്യങ്ങൾ. അഫ്ഗാനിസ്ഥാനിൽ തുടങ്ങുന്ന ഹിന്ദുകുഷ്, പാമിറിലേക്കും കാരക്കോരം മലനിരയിലേക്കും ചേരുന്നു. ചൈന, പാകിസ്ഥാൻ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ അവസാനിക്കുന്നു. ഹിമാലയം തുടങ്ങുന്നത് പാകിസ്ഥാനിലെ ജിൽജിത് ബാൾട്ടിസ്ഥാനിലുള്ള നംഗപർബതിൽ നിന്നാണ്. അവസാനിക്കുന്നത് ചൈനീസ് അധീനതയിലുള്ള ടിബറ്റിൽ. ഇത് രണ്ടും ചേർത്താണ് ഹിന്ദു കുഷ് ഹിമാലയ മേഖല (Hindu Kush Himalaya (HKH) region) എന്നറിയപ്പെടുന്നത്. കൂടുതലും ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അധീനതയിലാണ്. പാകിസ്ഥാനും ചൈനയും പിന്നെ. പാക് അധിന കശ്മീരിലുമുണ്ട് ഒരു ഭാഗം.
മൂന്നാമത്തെ ധ്രുവം എന്നാണ് ഹിന്ദുകുഷ് ഹിമാലയൻ മേഖല അറിയപ്പെടുന്നത്. അത്രത്തോളമുണ്ട് മഞ്ഞ്. വാട്ടർ ടവർ എന്നും അറിയപ്പെടുന്നു. പത്തോളം നദികളുടെ ഉത്ഭവസ്ഥാനമായതാണ് കാരണം. അതിൽ മൂന്ന് നദീശൃംഖലകളാണ് നേപ്പാളിൽ. കോശി (Koshi), ഗണ്ഡക് (Gandaki), കർണാലി (Karnali). 'ടിബറ്റിലെ മലനിരകളിൽ ജനിച്ച്, ഹിമാലയത്തിലൂടെ ഒഴുകിയെത്തുന്ന നദികൾ. അവയുടെ പോഷനദികൾ ഒരുമിച്ച് ചേർന്ന് ഇന്ത്യയിലെത്തും. അതിൽ ചിലത് ഗംഗയുടെ പോഷകനദികളാകും. മഹാകാലി കർണാലിയും റപ്തിയും ഒഴുകുന്നത് യുപിയിലേക്ക്. ഘണ്ടക് അഥവാ നാരായണി ബിഹാറിലും യുപിയിലും എത്തുന്നു. ബാഗ്മതി ബിഹാറിലേക്ക്. ഖോശിയും ബിഹാറിലേക്ക്. ഖോശി, 'ബിഹാറിന്‍റെ ദുഖം' എന്നറിയപ്പെടുന്നത് വെറുതേയല്ല. എല്ലാവർഷവും നാശം വിതക്കുന്ന ഖോശിയിലെ വെള്ളപ്പൊക്കം ബിഹാറിന് ദുഖം സമ്മാനിക്കുന്നു. നേപ്പാളിൽ 'നാരായണി' എന്നറിയപ്പെടുന്ന നദിയാണ് ഇന്ത്യയിലെത്തുമ്പോൾ ഘണ്ടക് ആകുന്നത്. നേപ്പാളിലെ മിന്നൽ പ്രളയത്തിലെ മൃതദേഹങ്ങൾ ബിഹാറിലും യുപിയിലുമെത്തിയത് ഈ നദികൾ വഴിയാണ്. ഭോട്ടെ കോശി, തൃശൂലി വഴി താഴേക്ക്. പിന്നെയത് ഘണ്ടക് അഥവാ നാരായണി വഴി ഇന്ത്യയിലേക്ക്.
ഹിമാലയം എപ്പോഴും ഭൂചലന സാധ്യതയുള്ള മേഖലയാണ്. ഇന്ത്യ, യുറേഷ്യൻ എന്ന രണ്ട് ഭൂഫലകങ്ങൾ കൂട്ടിയിടിച്ചുണ്ടായ പർവതനിര. അതിപ്പോഴും കൂട്ടിമുട്ടിക്കൊണ്ടിരിക്കയാണ്. ഹിമാലയം ഉയർന്നുകൊണ്ടേയിരിക്കുന്നു. മണ്ണിടിച്ചിൽ ഇതിന്‍റെ ഫലമെന്ന് പഠനങ്ങളുണ്ട്. അതിന് പുറമേയാണ് കാലാവസ്ഥാ വ്യതിയാനവും മഞ്ഞുരുകലും. ഇത്രയും നദികളുണ്ടായിട്ടും നേപ്പാളിലെ പലഭാഗത്തും വെള്ളം കിട്ടാതാകുന്നതും പതിവാണ്. ശുദ്ധജല നീരുറവകൾക്ക് പേരുകേട്ട നേപ്പാളിൽ അവയെല്ലാം ഓരോന്നായി വറ്റിപ്പോകുന്നത് ഒരു പതിവായിരിക്കുന്നു. ഇത്തരം അപകടങ്ങൾ ഇനിയൊരു പതിവാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണം.