കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ മേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നു. ചൈനയുടെ നിശബ്ദതയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവും അപകടസാധ്യത വർദ്ധിപ്പിക്കുമ്പോൾ, മേഖലയിലെ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു.

ടിബറ്റിലെ പ്രളയത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ചൈനീസ് ടെലിവിഷനിൽ പ്രളയ ദൃശ്യങ്ങൾ തന്നെ കാണിക്കുന്നില്ല. രക്ഷാ പ്രവർത്തനം നടക്കുന്നുണ്ട്. യോഗങ്ങളും. പക്ഷേ, ടിബറ്റിലെന്ത് സംഭവിച്ചുവെന്ന് പുറംലോകം അറിഞ്ഞിട്ടില്ല. ചെളി മൂടിയ പ്രദേശത്തുകൂടി നടന്ന് ജിവനോടെ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ച് ചോദിക്കുന്ന രക്ഷാപ്രവർത്തകരുടെ ഒരൊറ്റ ദൃശ്യമേ ചൈന പുറത്തുവിട്ടിട്ടുള്ളൂ. നിരവധി പേരെ കാണാതായി എന്നുമാത്രം ചൈന അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് പ്രവേശനമില്ല. എന്തിന്, സംസാരിക്കാൻ പോലും ജനങ്ങൾക്ക് അനുവാദമില്ല. ആയിരങ്ങളെ കാണാതായി എന്നാണ് റിപ്പോർട്ട്. മഞ്ഞുറഞ്ഞ മലനിരയുടെ താഴ്വരയിൽ താമസിക്കുന്നത് മുമ്പ് ഇത്രക്ക് അപകടകരമായിരുന്നില്ല. ഇപ്പോൾ, കാലാവസ്ഥാ വ്യതിയാനം കാര്യങ്ങൾ മാറ്റിമറിച്ചിരിക്കുന്നു.

നിറയുമ്പോൾ തകരുന്ന തടാകങ്ങൾ

നേപ്പാളിലെ ലാങ്‌താങ് ലിറുങ് (Langtang lirung) മലയിൽ നിന്നാണ് ഹിമക്കട്ടി അടർന്നത്. മഞ്ഞിനൊപ്പം വെള്ളവും എക്കലും വാഹനങ്ങളുടെ അത്ര വലിപ്പമുള്ള പാറക്കഷ്ണങ്ങളും താഴേക്ക് കുതിച്ചുപാഞ്ഞു. അമ്പരപ്പിക്കുന്ന വേഗത്തിലെത്തിയെന്ന് പിന്നീടാണ് കണ്ടെത്തിയത്. ഇളം ബ്രൗൺ നിറത്തിലെ പ്രവാഹം. കോൺക്രീറ്റ് കൂട്ട് പോലെ തോന്നിച്ചുവെന്നാണ് പിന്നീട് ദൃക്സാക്ഷികൾ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ യഥാർത്ഥ രൂപം ഇത്ര ഭീകരമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. വലിയ മലനിരകളെ കൂട്ടിയുറപ്പിക്കുന്നത് പെർമാഫ്രോസ്റ്റാണെന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ പറയുന്നു. മണ്ണും പാറയും എക്കലും മഞ്ഞും ഒക്കെ കൂടിച്ചേർന്നത്. പക്ഷേ, ചൂട് കൂടുമ്പോൾ അതുരുകും. മലനിരകളിലെ പാറക്കൂട്ടങ്ങൾ ഇളകും. അടർന്ന് താഴേയ്ക്ക് പോരും. മഞ്ഞുരുകിയുണ്ടാകുന്ന ഗ്ലേസിയൽ (Glacial) തടാകങ്ങളാണ് മറ്റൊരു അപകടം. നിറഞ്ഞ് കവിയുമ്പോൾ തീരം ഭേദിച്ച് അവ താഴേയ്ക്ക് കുത്തിയൊലിച്ച് പോരും. നേപ്പാളിൽ അതുണ്ടായിട്ടുണ്ട്. പിന്നെ, അതിതീവ്രമായിക്കൊണ്ടിരിക്കുന്ന മഴ.

ഭീതിയിലാണ്, പക്ഷേ സുരക്ഷയൊരുക്കി സ്വിസ് ഭരണകൂടം

ഭീതി ഹിമാലയത്തിൽ മാത്രമല്ല. ആൽപ്സിലും ആൻഡസിലും ഇതുതന്നെയാണ് അവസ്ഥ. സ്വിറ്റ്സർലൻഡിൽ ഗ്ലേസിയർ തകർന്ന് വീണ് ഒരു ഗ്രാമം തന്നെ ഇല്ലാതായി. പെർമാഫ്രോസ്റ്റ് ഉരുകിയതാണ് കാരണമെന്നാണ് നിഗമനം. ആൾക്കാരെ ഒഴിപ്പിച്ചിരുന്നു നേരത്തെ തന്നെ. ഒരാട്ടിടയൻ മാത്രമേ മരിച്ചുള്ളൂ. അത്തരം അപകടങ്ങൾ മുന്നിൽ കണ്ട് ജീവിക്കുന്ന സ്വിസ് ഗ്രാമങ്ങൾ വേറെയുമുണ്ട്. പക്ഷേ, അവിടയൊക്കെ സർക്കാരിന്‍റെ കർശന നിരീക്ഷണമുണ്ട്. ഒഴിപ്പിക്കൽ പദ്ധതി തയ്യാറുമാണ്.

മുന്നറിയിപ്പുകൾ വന്നു, പക്ഷേ...

നേപ്പാളിലെ 3,000 -ത്തോളം വരുന്ന മഞ്ഞുകട്ടകൾ നിരീക്ഷിക്കുക എളുപ്പമല്ല. ഇപ്പോൾ മഞ്ഞുപാളി അടർന്നുപോന്ന സ്ഥലത്തിനടുത്ത് പുതിയൊരു തടാകം രൂപപ്പെട്ടിട്ടുണ്ട്. അതിലാണ് ചൈന മുന്നറിയിപ്പ് നൽകിയത്. ഇടക്ക് ടിബറ്റിലെ രക്ഷാപ്രവർത്തനം ചൈന നിർത്തിവച്ചു. പിന്നീട് പുനരാരംഭിച്ചു. നദീകൾക്കടുത്ത് നിന്ന് മാറിത്താമസിക്കാൻ നിർദ്ദേശിച്ചിരിക്കയാണ് നേപ്പാളി സർക്കാർ. നദികളുടെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടെന്നും അത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നുമാണ് അറിയിപ്പ്.

തുടരുന്ന അപകടം, ഉയരാത്ത മുന്നറിയിപ്പുകൾ

ടിബറ്റൻ പീഠഭൂമിയിൽ നിന്നാണ് ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട നദികൾ നേപ്പാളിലേക്ക് കടക്കുന്നത്. ഭോട്ടെ കോശി തുടങ്ങുന്നത് ടിബറ്റിൽ നിന്ന്. അത് രണ്ടുണ്ട്. ഒന്ന് കോടാരിയിലേക്ക്, മറ്റൊന്ന് റസുവയിലേക്ക്. രണ്ടും ആഴമേറിയ മലയിടുക്കുകളിലൂടെ ജലവൈദ്യുത പദ്ധതികൾ, നേപ്പാൾ - ചൈന വ്യാപാരപാതകൾ... എല്ലാം കടന്നാണ് വരവ്. മുന്നറിയിപ്പ് സംവിധാനങ്ങളോ തയ്യാറെടുപ്പുകളോ നേപ്പാളിൽ തീരെ കുറവാണ്. കഴിഞ്ഞ വർഷത്തെ മിന്നൽ പ്രളയത്തിൽ റസുവയിൽ മരിച്ചത് 18 പേരാണ്. അന്നും നാശനഷ്ടം വലുതായിരുന്നു. പക്ഷേ, അന്നത്തെപ്പോലെ ഇന്നും നേപ്പാളിലെ കാലാവസ്ഥാ കേന്ദ്രം പറഞ്ഞത് നേപ്പാളിൽ മഴയില്ല എന്നാണ്. പക്ഷേ, വെള്ളമിങ്ങെത്തിയപ്പോൾ മാത്രമാണ് ജനമറിയുന്നത്. 2025 -ലെ പഠനങ്ങൾ 28 ഗ്ലേസിയൽ തടാകങ്ങളുടെ അപകടസാധ്യത കണ്ടെത്തിയിരുന്നു. പക്ഷേ, മുന്നറിയിപ്പ് സംവിധാനങ്ങൾ മെച്ചപ്പെടുത്തിയില്ല. ചൈനയുടെ നിർമമാണ പ്രവർത്തനങ്ങളെയും പലരും പഴിക്കുന്നു.

പ്രകൃതിക്ക് മേൽ നിയന്ത്രണം തേടുന്ന മനുഷ്യൻ

അണക്കെട്ടുകൾ, തുരങ്കങ്ങൾ, റോഡുകൾ, റെയിൽവേകൾ എല്ലാം അതീവ അപകട സാധ്യതയുള്ള ഹിമാലയത്തിലാണ്. അക്കാര്യത്തിൽ ഒരു രാജ്യവും പിന്നോട്ടല്ല. ജലവൈദ്യുത പദ്ധതി ഒന്ന്. മറ്റൊന്ന് അതിർത്തികൾ ശക്തിപ്പെടുത്തുക. ചൈനയാണ് അക്കാര്യത്തിൽ ഏറ്റവും മുന്നിൽ. ടിബറ്റ് സ്വന്തമാക്കിയതിന് പിന്നിലെ ലക്ഷ്യം തന്നെ അതാണ്. ജലത്തിന്‍റെ നിയന്ത്രണം. അതിർത്തി സുരക്ഷ. ഇന്ത്യയും നേപ്പാളുമുണ്ട് പിന്നാലെ. നേപ്പാൾ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഭീമൻ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിരിക്കയാണ് സിക്കിമിലെ രണ്ട് ഗോത്ര വിഭാഗങ്ങളുടെ സംഘടന. ഇപ്പോഴത്തെ പ്രളയത്തിൽ നേപ്പാളിൽ തകർന്നത് 13 ജലവൈദ്യുത പദ്ധതികളാണ്. ചലിച്ച് കൊണ്ടേയിരിക്കുന്ന രണ്ട് ഫലകങ്ങളിൽ നിന്നുയർന്ന ഹിമാലയത്തിലെ നദികൾ ഉത്ഭവിക്കുന്നത് മഞ്ഞുകട്ടികളിൽ നിന്നാണ്. ആ നദികളെ അണകെട്ടി തടുത്ത്, വൈദ്യുതി ഉത്പാദിപ്പിച്ച്, കൽക്കരിയിലുള്ള ആശ്രയം അവസാനിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യയുമായുള്ള അതിർത്തിതർക്കം മറ്റൊരു കാരണം.

ചൈനയുടെ ലക്ഷ്യം

ചൈന - ടിബറ്റിൽ ഒരു അതിഭീമൻ അണക്കെട്ട് നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. മലനിരകൾ തുരന്ന് 2,000 അടി താഴ്ചയിലേക്ക് വെള്ളം വീഴത്തക്കവണ്ണം തുരങ്കങ്ങൾ നിർമ്മിക്കും. പുതിയ ഗ്രാമങ്ങളും അടിസ്ഥാന സൗകര്യങ്ങളും പുതിയതായി ഉയരുന്നു. സൈനിക നീക്കം എളുപ്പമാക്കുകയാണ് അതിന്‍റെ ലക്ഷ്യം.

ഇന്ത്യയ്ക്കും നേപ്പാളിനുമുണ്ട് അണക്കെട്ടുകളും റോഡുകളും. എൻജിനീയറിംഗ് വൈദഗ്ധ്യം എത്രയായാലും പാറപൊട്ടിച്ചും തുരന്നും കോൺക്രീറ്റ് കെട്ടിപ്പൊക്കിയും വെള്ളം ശേഖരിച്ചും പ്രകൃതിയെ വിഴുങ്ങുന്നത് വിചാരിക്കാത്ത പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ഇപ്പോഴത്തെ പ്രളയവും തെളിയിക്കുന്നു. പക്ഷേ, ആരും ഒന്നും നിർത്തിവയ്ക്കാൻ തയ്യാറല്ല.

ചൈനയുടെ മൗനം

നേപ്പാളിന്‍റെ മുന്നറിയിപ്പ് സംവിധാനങ്ങളുടെ പോരായ്മ പറയുമ്പോഴും അതിൽ മറ്റൊന്നുകൂടിയുണ്ട്. അതിർത്തി കടന്നുള്ള നിരീക്ഷണങ്ങൾക്ക് നേപ്പാളിന് അധികാരമില്ല. ചൈനയുടെ നിയന്ത്രണത്തിലാണ് പ്രദേശം. മുന്നറിയിപ്പ് കൈമാറേണ്ടത് ചൈനയാണ്. അതിന്‍റെ ഫലപ്രാപ്തിയാണ് ഇപ്പോൾ കണ്ടതും.

മെഗാ അണക്കെട്ടിന്‍റെ വിവരങ്ങൾ ഇന്ത്യക്ക് കൈമാറാത്തതിലും ബീജിംഗ് വിമർശനം നേരിടുന്നു. അതിർത്തിതർക്കത്തിന്‍റെ പേരിൽ നദീജലത്തിന്‍റെ കണക്ക് പോലും കൈമാറുന്നത് ബീജിംഗ് നിർത്തിവച്ചിരുന്നു. ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷേ, നിർമ്മാണപ്രവർത്തനങ്ങൾ നിർബാധം തുടരുന്നു.