
ഓസ്ട്രേലിയയിൽ 16 -ൽ താഴെയുള്ള കുട്ടികൾക്കിനി സമൂഹ മാധ്യമ അക്കൗണ്ടുകൾ പാടില്ല. നിരോധനം നിലവിൽ വന്നു. പൂർണമായിട്ടില്ല. കമ്പനികളാണത് ഉറപ്പിക്കേണ്ടത്. സൈബർ ലോകത്ത് കുട്ടികൾ ബുള്ളിയിംഗിനും മറ്റ് പല ചൂഷണങ്ങൾക്കും വിധേയരാകുന്നുവെന്നും അത് തടയണമെന്നുമുള്ള തിരിച്ചറിവാണ് കാരണം. ഇതിനെല്ലാം തുടക്കമിട്ടത് ഒരു പുസ്തകം,'The Anxious Generation'. എഴുതിയത് അമേരിക്കൻ സൈക്കോളജിസ്റ്റ് ജോനാഥൻ ഹെയ്ഡ് (Jonathan Haidt). അത് വായിച്ച ഓസ്ട്രേലിയൻ പ്രീമിയറിന്‍റെ ഭാര്യയാണ് എന്തെങ്കിലും ചെയ്യൂ എന്നാവശ്യപ്പെട്ടത്. പൂർണ പിന്തുണ നൽകിയത് സൈബർ ലോകത്തെ ചൂഷണങ്ങൾക്ക് വിധേയരായി ആത്മഹത്യ ചെയ്ത കുട്ടികളുടെ അച്ഛനമ്മമാർ. സ്വകാര്യതാ ലംഘനവാദക്കാരും സ്വാതന്ത്ര്യവാദക്കാരും പക്ഷേ, എതിർപ്പുകളുമായി എത്തി. സർക്കാർ അതൊന്നും വകവച്ചിട്ടില്ല. കർശന നിരീക്ഷണവും നടപടികളും വേണ്ടിവരുമെന്ന് ഉറപ്പാണ്. ടെക് കമ്പനികൾക്ക് കനത്ത തിരിച്ചടിയുമാണ്. പക്ഷേ, അവരുടെ ലാഭമല്ല, കുട്ടികളുടെ മാനസികാരോഗ്യമാണ് വലുതെന്ന് ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചു കഴിഞ്ഞു.
പത്തോളം പ്ലാറ്റ്ഫോമുകൾ 16 വയസിൽ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ റദ്ദാക്കണം. അല്ലെങ്കിൽ പിഴ കനത്തതാണ്, 33 മില്യൻ ഡോളർ. 10 ലക്ഷം വരുന്ന കുട്ടികളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളാണ് റദ്ദാക്കുക. Instagram, Facebook, Threads, Snapchat, TikTok, YouTube, X, Reddit, Twitch and Kick. ഇത്രയും പ്ലാറ്റ്ഫോമുകൾ നിരോധനം നടപ്പാക്കണം. എന്തെങ്കിലും തരത്തിൽ കുട്ടികൾ അത് മറികടന്നാലും ശിക്ഷ കമ്പനികൾക്കാണ്. പക്ഷേ, YouTube Kids, WhatsApp, Google Classroom എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അക്കൗണ്ട് വേണ്ടാത്ത പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണവുമില്ല.
ദേശീയ തലത്തിൽ നിരോധനത്തിനായി ഒരു ക്യാംപെയിൻ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ചില സംസ്ഥാനങ്ങൾ സ്വന്തമായി നിയന്ത്രണങ്ങൾ നടപ്പാക്കി. 'Let Them Be Kids' എന്ന ക്യാംപെയിൻ തുടങ്ങി. യഥാർത്ഥ ജീവിതത്തിലെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന അച്ഛനമ്മമാർ സൈബർ ലോകത്തെ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നാണ് The Anxious Generation എന്ന പുസ്തകത്തിൽ പറയുന്നത്. കൂടുതൽ സമയം സ്ക്രീനുകളിൽ നോക്കി കളയുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു.
അതേസമയം തന്നെ ഇത് അപകടകരമായ സൈറ്റുകളിലേക്കും ലിങ്കുകളിലേക്കും ബന്ധങ്ങളിലേക്കും നയിക്കുന്നു. അതിനെല്ലാം പലരും അടിമപ്പെടുന്നു. 2025 -ൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് 10 -നും 13 -നും ഇടയിൽ പ്രായമുള്ള 96 ശതമാനം കുട്ടികളും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നു വെന്നാണ്. അതിൽ 10 -ൽ ഏഴുപേരും ഹാനികരമായ ഉള്ളടക്കങ്ങളിലേക്ക് വഴിതെറ്റി വീഴുന്നു. പലതരത്തിലെ വിദ്വേഷങ്ങൾ, അക്രമവാസന, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവ മുതൽ ആത്മഹത്യവരെ എത്തിക്കുന്ന ഉള്ളടക്കങ്ങൾ.
ഓസ്ട്രേലിയയിൽ ഇത്തരത്തിൽ രണ്ട് കുട്ടികളുടെ മരണം നടന്നത് അടുത്ത കാലത്താണ്. 14 -കാരനായ ഒലിവർ ഹ്യൂസ് (Oliver Hughes) ഉം 15 -കാരിയായ മട്ടിൽഡയും (Matilda). സമൂഹ മാധ്യമ ബന്ധങ്ങളും വീഡിയോകളും കണ്ട് ശരീരഭാരം അമിതമെന്ന അപകർഷതാബോധം തുടങ്ങിയ ഒലിവർ ഹ്യൂസ് ഭക്ഷണം കഴിക്കുന്നത് കുറച്ചു. അതിനെച്ചൊല്ലി ഒലിവർറിന് ആശങ്കയായി. അത് ഞരമ്പുകളെ ബാധിച്ചു. ഭക്ഷണം കഴിച്ചാൽ ഉടനെ ഛർദിക്കുന്നത് പതിവായി. ഒരു ദിവസം അച്ഛനമ്മമാർ കണ്ടത് മരിച്ച് കിടക്കുന്ന മകനെ. മറ്റിൽഡ പലതരം ഭീഷണികൾക്കാണ് വിധേയയായത്. മോശം ചിത്രങ്ങളടക്കം. ഭയന്ന കുട്ടി ഒടുവിൽ ആത്മഹത്യയിൽ അഭയം തേടി.
അമേരിക്കയിലെ ഫ്ലോറിഡയിലും ഇങ്ങനെയൊരു നടന്നു മരണം. 11 -കാരിയായ സെലന, ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു. അതും സമൂഹ മാധ്യമങ്ങളിലൂടെ. അവസാനിച്ചത് ആത്മഹത്യയിലും. അമേരിക്കയിൽ ജനുവരിയിൽ ഒരു വിചാരണ തുടങ്ങാനിരിക്കെയാണ്. Meta, snapchat, youtube എന്നിവ അവരുടെ ആപ്പുകൾ കുട്ടികളെ അസാധാരണമായി ആകർഷിക്കുന്ന വിധത്തിൽ രൂപപ്പെടുത്തുന്നുവെന്നും ഹാനികരമാകുന്നുവെന്നും സത്യം മറയ്ക്കുന്നുവെന്നുമാണ് ആരോപണം. വിചാരണയിൽ സക്കർബർഗും സ്നാപ് ചാറ്റ് ബോസ് ഇവാൻ സ്പീജലും നേരിട്ട് ഹാജരായി മൊഴി നൽകണം.
തെറ്റായ വാർത്തകൾ, വ്യാജവാർത്തകൾ, വിദ്വേഷ സംഭാഷണങ്ങൾ, അക്രമ ദൃശ്യങ്ങൾ... ഇതൊക്കെ നിയന്ത്രണമില്ലാതെ ഷെയർ ചെയ്യപ്പെടുന്നുവെന്നതും പല രാജ്യങ്ങളിലും ആശങ്കക്ക് കാരണമാണ്. ഇലൺ മസ്ക് പല സംസ്ഥാന സർക്കാരുകമായും നിയമങ്ങളെച്ചൊല്ലി നിയമയുദ്ധത്തിലാണ്. മെറ്റ ഫാക്ട് ചെക്കേഴ്സിനെ ഒഴിവാക്കിയതും വിവാദമായി.
സമൂഹ മാധ്യമങ്ങൾ കുട്ടികൾക്ക് വേണ്ടതല്ലെന്ന കാഴ്ചപ്പാട് ഓസ്ട്രേലിയയിൽ മാത്രമല്ല. പല സർക്കാരുകളും ഇതിനായി പരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ട്. കടുത്ത നടപടിയെടുത്തത് ഓസ്ട്രേലിയ മാത്രമാണ്. മേയിൽ ന്യൂസീലൻഡ് ഇത്തരമൊരു നിരോധന നിർദ്ദേശം മുന്നോട്ടു വച്ചു. മലേഷ്യ അടുത്ത വർഷം നടപ്പാക്കുമെന്ന് അറിയിച്ചു. സിംഗപ്പൂർ സ്മാർട് ഫോണുകളും വാച്ചുകളും സെക്കൻഡറി സ്കൂളുകളിൽ നിരോധിക്കുന്നു. ജപ്പനിലെ ഒരു പട്ടണം, സ്മാർട്ഫോൺ വിനോദത്തിനായി ഉപയോഗിക്കുന്നത് രണ്ടുമണിക്കൂറായി ചുരുക്കി. അതെല്ലാ പ്രായക്കാർക്കും ബാധകമാണ്.
ഡെൻമാർക്കിലും 15 വയസിൽ താഴെയുള്ളവർക്ക് നിയന്ത്രണം നിർദ്ദേശിച്ചിരിക്കയാണ്. ഫ്രാൻസ്, ജർമ്മനി എന്നീവിടങ്ങളിലും നിയന്ത്രണങ്ങളുണ്ട്. സ്പെയിനിൽ രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രമേ 16 -ൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ പറ്റൂ. യുകെയിൽ പുതിയ സുരക്ഷാ നിയമങ്ങൾ നടപ്പായത് ജൂലൈയിലാണ്. കുട്ടികളെ സംരക്ഷിക്കുന്ന നടപടിയെടുക്കാത്ത കമ്പനികൾക്ക് പിഴയോ ഉദ്യോഗസ്ഥർക്ക് തടവോ ആണ് ശിക്ഷ.
നിരോധനം എത്ര കണ്ട് നടപ്പാകുമെന്നതിൽ ചെറിയ സംശയങ്ങളുണ്ട്. അതടക്കം മറികടക്കാൻ കുട്ടികൾ വഴി കണ്ടെത്തിയേക്കും. വ്യാപകമായ പ്രതിഷേധമാണ് കൗമാരക്കാർക്കിടയിൽ... തങ്ങൾക്ക് സ്വന്തം കാര്യം നോക്കാനറിയാം എന്നാണ് നിലപാട്. കൂട്ടുകാരുമായുള്ള സൗഹൃദം തന്നെ നഷ്ടമാകുമെന്ന് ചിലർക്ക് വിഷമം. ഓസ്ട്രേലിയയിലെ ഫാമുകളിലെ കുട്ടികൾക്കാണ് ആശങ്ക. വീടുകൾ തന്നെ കിലോ മീറ്ററുകൾ ദൂരെയാകുമ്പോൾ എങ്ങനെയാണ് അവധിക്കാലത്ത് കൂട്ടുകാരുമായി സംസാരിക്കുകയെന്നാണ് ചോദ്യം. ഫേക് പ്രൊഫൈലുകൾ കൂടുമെന്ന് മുന്നറിയിപ്പുമുണ്ട്. പക്ഷേ, നിരോധനം ഇത്രപോരന്നും ഗെയ്മിംഗ് പ്ലാറ്റ്ഫോമുകൾക്കും എഐ ചാറ്റ്ബോട്ടുകൾക്കും ബാധകമാക്കണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. ചാറ്റ്ബോട്ടുകൾ കുട്ടികളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നത് വസ്തുതയാണ്. അത് വാർത്തയായതുമാണ്.
ഇനി കമ്പനികളുടെ കാര്യമാണ്. നടപ്പാക്കാൻ പ്രയാസം എന്നാണ് ആദ്യത്തെ തടസവാദം. സർക്കാരിനെ സ്വാധീനിക്കാൻ പലരും അണിയറയിൽ ലോബിയിംഗ് നടത്തി. കുട്ടികൾ വേറെ വഴികൾ സ്വീകരിച്ചാൽ ഇപ്പോഴുള്ള നിയന്ത്രണം പോലും ഇല്ലാതെയാവുമെന്നും വാദിക്കുന്നുണ്ട്.
അതൊക്കെ ഒരു പക്ഷം. ഭൂരിപക്ഷം രക്ഷിതാക്കളും പക്ഷേ, ക്ഷണിക്കാതെ കടന്നുവന്ന തങ്ങൾ പോലും അടിമപ്പെട്ടു പോയ സമൂഹ മാധ്യമമെന്ന അതിഥിയെ തള്ളിപ്പറയുന്നു. അപകടം അറിയാതെ കുട്ടികളെ തങ്ങൾ തന്നെ അതിലേക്ക് തള്ളിവിട്ടുവെന്ന കുറ്റബോധവുമായി അവർ ജീവിക്കുന്നു. നിയമം പൂർണമായി നടപ്പാക്കാൻ കാത്തിരിക്കയാണ് അവർ.