
ഓഫീസുകൾക്കുള്ളിൽ മാസ്ക് ധരിച്ചും, മുഖത്ത് സൺ സ്ക്രീൻ ലോഷനുകൾ പുരട്ടിയും, ഡെസ്കുകളിൽ ചെറിയ കുടകൾ സ്ഥാപിച്ചും ജോലി ചെയ്യുന്ന ജീവനക്കാരുടെ ചിത്രങ്ങളാണ് ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. "ഓഫീസ് ഏജിംഗ്" അഥവാ ഓഫീസ് ജോലികൾ കാരണം ചർമ്മത്തിനുണ്ടാകുന്ന അകാല വാർദ്ധക്യം തടയാനാണ് ജീവനക്കാരുടെ ഈ വിചിത്ര പോരാട്ടമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ചൈനയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ 'സിയാവോഹോങ്ഷു', 'ഡൂയിൻ' എന്നിവയിലൂടെയാണ് ടെക് പ്രൊഫഷണലുകൾ തങ്ങളുടെ ഈ പ്രതിരോധ രീതികൾ പങ്കുവെച്ചതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 9 മുതൽ 5 മണിവരെ നീളുന്ന ഓഫീസ് ജോലി തങ്ങളുടെ സൗന്ദര്യത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന യുവജീവനക്കാരുടെ കടുത്ത ആശങ്കയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള ഒരു യുവാവ് പങ്കുവെച്ച പോസ്റ്റാണ് നിലവിലെ ചർച്ചകൾക്ക് തുടക്കമിട്ടത്. ജോലിയിൽ പ്രവേശിച്ച് വെറും ഒരു മാസം കഴിഞ്ഞപ്പോഴേക്കും തന്‍റെ ചർമ്മത്തിന്‍റെ നിറം കറുത്ത് പോയെന്നും കണ്ണുകൾക്ക് കടുത്ത ആയാസം അനുഭവപ്പെടുന്നുണ്ടെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. പോസ്റ്റ് അതിവേഗം വൈറലാവുകയും നിരവധി പേർ സമാന അനുഭവങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ജോലിയിൽ നിന്ന് കുറച്ച് ദിവസം അവധിയെടുത്തപ്പോൾ തന്‍റെ മുഖത്ത് കൂടുതൽ തിളക്കവും പ്രസരിപ്പും കൈവന്നതായി മറ്റൊരു വനിതാ ജീവനക്കാരിയും സാക്ഷ്യപ്പെടുത്തി. ഇത്തരം കുറിപ്പുകളാണ് പുതിയെ വൈറൽ ട്രെന്‍റിന് തുടക്കം കുറിച്ചതെന്ന് കരുതപ്പെടുന്നു.
ദീർഘനേരം അടച്ചിട്ട മുറികളിലിരുന്ന് ജോലി ചെയ്യുന്നത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുമെന്നും, കൺതടങ്ങളിലെ ചുളിവുകൾ വർദ്ധിപ്പിച്ച് ചർമ്മകോശങ്ങളുടെ നശീകരണത്തിന് കാരണമാകുമെന്നുമുള്ള വിശ്വാസമാണിത്. ഓഫീസുകളിലെ കൃത്രിമ ഫ്ലൂറസെന്‍റ് ലൈറ്റുകൾ, കമ്പ്യൂട്ടർ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം, എയർകണ്ടീഷണറുകൾ ഉണ്ടാക്കുന്ന വരണ്ട അന്തരീക്ഷം എന്നിവയാണ് അകാല വാർദ്ധക്യത്തിന് കാരണമായി ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നത്.
കഠിനമായ പുറംചൂടിൽ നിന്നുള്ള സുരക്ഷിത താവളമായി കാണുന്നതിന് പകരം, ചർമ്മത്തെ നശിപ്പിക്കുന്ന വില്ലനായാണ് തൊഴിലാളികൾ ഇപ്പോൾ ഓഫീസുകളെ കാണുന്നത്. ബാഹ്യസൗന്ദര്യത്തെക്കുറിച്ചുള്ള ആകുലത മാത്രമല്ല ഈ ട്രെൻഡിന് പിന്നിലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ചൈനയിലെ തൊഴിലിടങ്ങളിലെ കടുത്ത മത്സരവും ജോലിഭാരവും ഉണ്ടാക്കുന്ന ശാരീരിക - മാനസിക തളർച്ചയുടെ പ്രതിഫലനം കൂടിയാണിതെന്നാണ് മറ്റൊരു വാദം.