ഛാഗോസ്, 21 -ാം നൂറ്റാണ്ടിലും കോളനി ഭരണം വിട്ടൊഴിയാതെ ബ്രിട്ടന്‍

Published : May 30, 2025, 12:53 PM ISTUpdated : May 30, 2025, 01:29 PM IST
ഛാഗോസ്, 21 -ാം നൂറ്റാണ്ടിലും കോളനി ഭരണം വിട്ടൊഴിയാതെ ബ്രിട്ടന്‍

Synopsis

ചില ഇടത്ത് സൈനിക സുരക്ഷ. മറ്റ് ചില ഇടത്ത് ധാതുക്കൾ.. യൂറോപ്പിന് ഇന്നും കോളനികൾ ആവശ്യമാണെന്ന് യുകെയുടെ ഛാവോസ് നയം വെളിപ്പെടുത്തുന്നു. വായിക്കാം ലോകജാലകം. 


ഛാഗോസ് ദ്വീപ് സമൂഹം ബ്രിട്ടൻ മൗറീഷ്യസിന് കൈമാറിയിരിക്കുന്നു. അതു ഛാഗോസുകാരുടെ എതി‍ർപ്പ് അവഗണിച്ച് കൊണ്ട്. ബ്രിട്ടിഷ് അമേരിക്കൻ സൈനികാസ്ഥാനം പക്ഷേ, അവിടെത്തന്നെയുണ്ടാകും. അതിന് വാടക നൽകാനാണ് ധാരണ. പക്ഷേ, തന്ത്രപ്രധാന സ്ഥാനത്തുള്ള ഛാഗോസിൽ ചൈന കണ്ണുവച്ചിരിക്കുകയാണ്. മൗറീഷ്യസിന് ചൈനയോട് താൽപര്യവുമുണ്ട്. അതിലാണ് പലരുടെയും ആശങ്കയെങ്കിലും സൈനികാസ്ഥാനത്തിന്‍റെ പ്രവർത്തനം സുഗമമായി നടക്കാൻ ദ്വീപ്, മൗറീഷ്യസിന് വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. മൗറീഷ്യസിന്‍റെ എതിർപ്പ് വരുത്തിവച്ചേക്കാവുന്ന നിയമക്കുരുക്കുകളാണ് അടിസ്ഥാനം.

ഛാഗോസ് വെറുമൊരു ദ്വീപ് അല്ല

ഇന്ത്യൻ മഹാസമുദ്രത്തിലെ 60 ദ്വീപുകളുടെ സമൂഹമാണ് ഛാഗോസ്. കിഴക്കൻ ആഫ്രിക്കക്കും ഇന്തോനേഷ്യക്കും ഇടയിൽ. 1814 -ലാണ് ഇത് ബ്രിട്ടിഷ് ഭരണപ്രദേശമായത്. മൗറീഷ്യസിൽ നിന്ന് മാറ്റി, ബ്രിട്ടന്‍റെ കീഴിലാക്കിയത് 1965 -ലും. മൂന്ന് വർഷത്തിനകം മൗറീഷ്യസ് സ്വതന്ത്രമായി. അറുപതുകളുടെ അവസാനത്തിലാണ് യുകെ അമേരിക്കയെ അങ്ങോട്ട് ക്ഷണിച്ചത്. സംയുക്ത സൈികാസ്ഥനം സ്ഥാപിക്കാൻ. 30 ലക്ഷം പൗണ്ട് വാടകയും നിശ്ചയിച്ചു. സൈനികസ്ഥാനത്തിനായി ആയിരക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ചു. മൗറീഷ്യസ് അന്നേ തുടങ്ങിയ പരാതിയാണ്.

(ജനറൽ ജെയിംസ് ഹോക്കിൻഹൾ, ബ്രിട്ടനിലെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ബ്രിട്ടനിലെ പ്രതിരോധ സെക്രട്ടറിയായി ജോൺ ഹീലി എന്നിവര്‍നോർത്ത് വുഡ് സൈനിക മേധാവിസ്ഥലത്ത് ചാഗോസ് ദ്വീപുകളുടെ കൈമാറ്റത്തെ കുറിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്.)

അനധികൃതമായി ബലപ്രയോഗത്തിലൂടെ പിടിച്ചെടുത്തെന്നും തങ്ങൾക്ക് താൽപര്യമില്ലായിരുന്നുവെന്നും ആരോപണം വന്നു. അന്താരാഷ്ട്ര കോടതികൾ മൗറീഷ്യസിനെ പിന്തുണച്ചു. ഹേഗിലെ കോടതിയടക്കം. 2021 -ൽ യുഎന്നിന്‍റെ മാരിടൈം കോടതിയും ബ്രിട്ടന്‍റെ അവകാശവാദം തള്ളിക്കളഞ്ഞു. പൊതുസഭയിൽ വോട്ടെടുപ്പും നടന്നു. അന്താരാഷ്ട്രസമുദ്ര ട്രൈബ്യൂണലിൽ കേസ് തോറ്റാൽ പിന്നെ എല്ലാം നിലയ്ക്കും. ഉപഗ്രഹ വാർത്താവിനിമയം നിലയ്ക്കും. കരാറുകാർ നിയമക്കുരുക്ക് പേടിച്ച് അറ്റകുറ്റപ്പണികൾക്ക് വരാതെയാകും.  ഇതൊക്കെ ഉന്നയിച്ചാണ് കൈമാറ്റം നടന്നത്. പക്ഷേ, നിയമക്കുരുക്കുകൾ വലുതാക്കി കാണിക്കയാണ്, അത്രക്കൊന്നുമില്ലെന്നു പറയുന്നു പ്രതിപക്ഷം.

തന്ത്രപ്രധാനം

പക്ഷേ, സൈനികാസ്ഥാനം ബ്രിട്ടന് നിർണായകമാണ്. ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ ഭീകരവാദ വിരുദ്ധ യുദ്ധത്തിന് അനിവാര്യമായ പ്രദേശം.  2024  - '25 -ൽ യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയതും ഗാസയിലേക്കുള്ള സഹായം എത്തിച്ചതും ഇവിടം ആസ്ഥാനമാക്കിയാണ്. 99 വർഷത്തേക്ക്  3 ബില്യനാണ് വാടക. സൈനികാസ്ഥാനമുള്ള ഡീഗോ ഗാർസിയക്ക് ചുറ്റും 24 മൈൽ ബഫർ സോണുണ്ട്. യുകെയുടെ അനുവാദമില്ലാതെ നിർമ്മാണങ്ങൾ നടത്താൻ കഴിയില്ല. വിദേശ സൈന്യത്തിന് ഇവിടെ പ്രവേശനമില്ല. അതിനുള്ള വീറ്റോ അധികാരം യുകെയ്ക്കാണ്. 99 വർഷം എന്നത് പിന്നെയും 40 വർഷം കൂടി നീട്ടാനും കഴിയും.

(ചാഗോസ് ദ്വീപുകൾ മോറീഷ്യയ്ക്ക് കൈമാറാനുള്ള ബ്രിട്ടന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍. )

ചൈനയുടെ സാന്നിധ്യം

ബ്രിട്ടിഷ് പ്രതിപക്ഷമടക്കം ഉന്നയിക്കുന്ന എതിർപ്പ് ചൈനയുടെ മൗറീഷ്യസ് താൽപര്യമാണ്. ദ്വീപുകൾ ഇനി ചൈന കയ്യേറാൻ അധികം താമസിക്കില്ലെന്നാണ് ആശങ്ക. പക്ഷേ സർക്കാരിന്‍റെ വാദത്തിൽ കരാറില്ലെങ്കിൽ ചൈനക്ക് സ്ഥാനമുറപ്പിക്കാൻ എളുപ്പമാകും. ഏത് വിദേശ ശക്തിക്ക് വേണമെങ്കിലും അനുവാദം നൽകാം മൗറീഷ്യസിന്. എന്നാൽ ധാരണയിലുള്ള വീറ്റോ അധികാരം പ്രയോഗിച്ച് ബ്രിട്ടന് അത് തടയാം.

കൈമാറ്റക്കരാറിനോട് അമേരിക്കയ്ക്കും എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ, ദ്വീപിൽ ജനിച്ച ബ്രിട്ടിഷ് പൗരൻമാർക്ക്  വലിയ താൽപര്യമുണ്ടായിരുന്നില്ല. തങ്ങളുടെ അനുവാദം ചോദിക്കാതെ കൈമാറിയത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം. ഈ ഛാഗോസിയൻ സമുഹം അധികവും താമസിക്കുന്നത് സസെക്സിലാണ് (Sussex). ബ്രിട്ടിഷ് പാർ‍ലമെന്‍റിൽ അവ‍ർക്ക് ഒരു പ്രതിനിധിയുമുണ്ട്. ബ്രിട്ടന് വേണ്ടി യുക്രൈയ്നിൽ യുദ്ധം ചെയ്യുന്ന ഛാഗോസിയൻ പൗരൻമാർക്ക് ഇനിയതിലെന്ത് കാര്യം എന്നാണ് ചോദ്യം. ബ്രിട്ടിഷ് സർക്കാരിന്‍റെ നിലപാടിന് കാരണം നയതന്ത്രമാണെന്ന് വാദിക്കുന്നുണ്ട് നിരീക്ഷകർ. യുക്രൈയ്ൻ അധിനിവേശത്തിന് റഷ്യയെ കുറ്റം പറയുന്ന ബ്രിട്ടൻ കോളനികൾക്ക് സ്വാതന്ത്ര്യം നൽകാത്തതെന്തെന്ന ചോദ്യം  അന്താരാഷ്ട്ര വേദികളിൽ ഉയർന്നേക്കാം. അതൊഴിവാക്കാമെന്നാണ് സർക്കാർ പക്ഷത്തിന്‍റെ വാദം.


 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്