അധോലോകം: ബാലന്‍ തളിയില്‍ എഴുതുന്ന ബോംബെ അധോലോകത്തെ കുറിച്ചുള്ള കോളം. ഇത്തവണ ബോംബെയെ വിറപ്പിച്ച ശരത് ഷെട്ടിയുടെ ജീവിതവും മരണവും. അടുത്ത ആഴ്ച സുനില്‍ സാവന്ത്. | Mumbai Underworld | Column| Sarad Shetty
ശരത് ഷെട്ടി ഈ സമയം ദുബായിലായിരുന്നു. ദാവൂദിന്റെ ഹോട്ടലുകള്‍, ക്രിക്കറ്റ് വാതുവെപ്പ്, മറ്റ് ബിസിനസുകള്‍ ഒക്കെ അയാളാണ് നടത്തിക്കൊണ്ടിരുന്നത്. റാമി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്ന ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്ന അയാള്‍ക്ക് ദുബായില്‍ രണ്ട് ഹോട്ടലുകള്‍ ഉണ്ടായിരുന്നു. റീഗല്‍, റീജന്റ് പാലസും. അബൂദാബിയിലും അയാള്‍ക്ക് ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നു.

കര്‍ണ്ണാടകയിലെ വിവിധ ദേശങ്ങളില്‍ നിന്ന്- പ്രത്യേകിച്ച് ഉഡുപ്പി, മംഗലാപുരം ഭാഗങ്ങളില്‍ നിന്ന് -പലപല ജോലികള്‍ക്കായി ബോംബെയിലേക്ക് ചെക്കേറിയ അനവധി ഷെട്ടിമാരുണ്ട്. ധനജ്ഞയ് ഷെട്ടി, വിക്കി ഷെട്ടി, വിനോദ് ഷെട്ടി, മനീഷ് ഷെട്ടി, സാധു ഷെട്ടി, സന്തോഷ് ഷെട്ടി, ശരത് ഷെട്ടി, ഉദയ് ഷെട്ടി, രവി ഷെട്ടി, അപ്പു ഷെട്ടി, ജയന്ത് ഷെട്ടി എന്നിങ്ങനെ അനേകം ഷെട്ടിമാര്‍. കൂടാതെ സുനില്‍ ഷെട്ടി, ഐശ്വര്യറായി തുടങ്ങിയ കലാകാരന്മാര്‍ വേറെയും. അറിയപ്പെടാത്ത ആയിരങ്ങള്‍ ഇനിയുമെത്രയോ കാണും.
കുഞ്ഞുന്നാളിലേ മുംബൈയിലെ ധനജ്ഞയ് ഷെട്ടിയുടെ വീട്ടുവേലയ്ക്ക് വന്നതായിരുന്നു ശരത് ഷെട്ടി. വളര്‍ന്നപ്പോള്‍ അയാള്‍ ഡ്രൈവിംഗ് പഠിക്കുകയും ഒരു സ്വര്‍ണ്ണവ്യാപാരിയുടെ ഡ്രൈവറായി ജോലി ചെയ്യുകയും ചെയ്തു. സുന്ദരനായിരുന്ന ശതത് ഷെട്ടിയെ സ്വര്‍ണ്ണവ്യാപാരിയുടെ മകള്‍ പ്രണയിച്ചു വിവാഹം ചെയ്തു. നഗരത്തിലെ ചിലരുമായി ശരത്തിന് നേര്‍വഴിക്കല്ലാത്ത കൂട്ടുകെട്ട് ഉള്ളതിനാല്‍ എതിര്‍ത്താല്‍ അപകടമാണെന്ന് മനസ്സിലാക്കി പിതാവ് ആ വിവാഹത്തിന് മൗനാനുവാദം നല്‍കി. പിന്നീട് ഭാര്യാവിഹിതമായി കിട്ടിയ സമ്പത്തുമായി ശരത് ബിസിനസ്സിലേക്കിറങ്ങി. ചെമ്പൂരില്‍ പച്ചപിടിക്കാന്‍ തുടങ്ങിയ ശരത് തുടര്‍ന്ന് ചെമ്പൂര്‍ ഭരിച്ചിരുന്ന ബഡാ രാജന്‍ ഗ്യാങിലെ ചോട്ടാ രാജനുമായി അടുത്തു.

ദാവൂദ്
ദാവൂദിന്റെ കോടതിയില്‍ ഒരു പരാതി
അതിനിടയിലാണ് ഷെട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായ ഒരു റിയല്‍ എസ്‌റ്റേറ്റ് ഇടപാട് നടന്നത്. ബോംബെയില്‍ലെ ഒരു ഭൂവുടമയുമായി ഒരു കെട്ടിട നിര്‍മ്മാണത്തിന് ഷെട്ടി കരാറുണ്ടാക്കി. ഷെട്ടിയുടെ ഏരിയയില്‍ പണിയാന്‍ പോകുന്ന കെട്ടിടത്തിന് അയാളുടെ പങ്കാളിത്തം നല്ലതാണെന്ന് ഭൂവുടമയ്ക്ക് അറിയാമായിരുന്നു. അതിനിടയ്ക്കാണ് ഒരു പ്രശ്‌നമുണ്ടായത്. അരുണ്‍ ഗാവ്ലിയുടെ ഉറ്റചങ്ങാതി റമ നായിക്ക് ഇതേ കെട്ടിടനിര്‍മ്മാണത്തിനായി മൂന്നരക്കോടി മുതല്‍മുടക്കിയതായി ഷെട്ടി അറിഞ്ഞു. ഇത് അയാളെ ചൊടിപ്പിച്ചു. പ്രശ്‌നം രൂക്ഷമായി. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത വിധം കാര്യങ്ങള്‍ പുകഞ്ഞുകൊണ്ടിരുന്നു.
പ്രശ്‌നപരിഹാരം നീണ്ടതോടെ, കാര്യങ്ങള്‍ മധ്യസ്ഥതയിലേക്ക് നീങ്ങി. റമ നായിക്കും ശരത് ഷെട്ടിയും ദുബായിലുള്ള ദാവൂദ് ഇബ്രാഹിമുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഭൂവുടമയുമായി താന്‍ നേരത്തെ കരാര്‍ ഒപ്പിട്ടതാണെന്ന് ശരത് ഷെട്ടി പറഞ്ഞു. മൂന്നരക്കോടി നല്‍കിയ താനും ഇതില്‍ പങ്കാളിയാണെന്ന് റമ നായിക്ക് വാദിച്ചു. ആരുടെ പക്ഷത്തു നിന്നാലും തനിക്കു രക്ഷയുണ്ടാവില്ല എന്ന് ഭൂവുടമയ്ക്ക് നന്നായറിയാം. അയാള്‍ നൈസായി, ഒത്തുതീര്‍പ്പ് ദാവൂദിന് വിട്ടു.
റമ നായിക്ക് ഷെട്ടിക്കെതിരെ കേസ് ഫയല്‍ ചെയ്തു. സമാന്തരമായി, ദാവൂദിന്റെ 'കോടതി'യിലും നല്‍കി ഒരു പരാതി. ദാവൂദിന് ഷെട്ടിയുടെ ആവശ്യമുണ്ടായിരുന്നു. അതിനാല്‍, ദുബായിലെ മധ്യസ്ഥവേദിയില്‍ വെച്ച് റമ നായിക്കിന്റെ വാക്കുകള്‍ക്കും അപേക്ഷയ്ക്കും ചെവികൊടുക്കാതെ അയാളോട് 'പിന്മാറണം' എന്ന ഒറ്റവാക്ക് പറഞ്ഞ് ദാവൂദ് ഇറങ്ങിപ്പോയി. പക്ഷേ ഭീമമായ സംഖ്യ മുതല്‍മുടക്കിയ റമ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അതോടെ റമ നായിക്കിന് ഷെട്ടിയും ദാവൂദും ആജന്‍മശത്രുക്കളായി.

അരുണ്‍ ഗാവ്ലി
ക്വട്ടേഷന്‍, മറുക്വട്ടേഷന്‍
റമ അരുണ്‍ ഗാവ്ലിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇത്തരം ഘട്ടങ്ങളില്‍ അധോലോകം തങ്ങളുടെ സ്വന്തം നിയമവഴി തിരഞ്ഞെടുക്കുക പതിവാണ്. ഇരുവര്‍ക്കുമിടയില്‍ പോംവഴി ഒന്നേയുള്ളൂ, പകരം വീട്ടുക. റമ- അരുണ്‍ ഗാവ്ലി ഒരു പക്ഷത്ത്. മറുപക്ഷത്ത് ശരത്- ദാവൂദ് കൂട്ടുകെട്ട്. പഴയ ചങ്ങാത്തമോ നന്ദിയോ സത്യസന്ധതയോ പരിഗണിക്കാത്ത അധോലോകര്‍ക്കിടയില്‍ പരസ്പരധാരണയ്ക്ക് സാധ്യത തെളിയാറില്ല.
അതിനിടയിലാണ് ഒരു സംഭവം നടന്നത്. ശശി റസ്തം എന്ന ഡോണ്‍ മറ്റൊരു വിഷയവുമായി ബന്ധപ്പെട്ട് റമ നായ്ക്കിന്റെയും അരുണ്‍ ഗാവ്ലിയുടെയും വീട്ടില്‍ അതിക്രമിച്ചു കയറി. അയാളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്തു. അെതാരു ക്വട്ടേഷനായിരുന്നു. കുന്ദന്‍ പാണ്ഡേ എന്നയാള്‍ക്ക് വേണ്ടി ശശി റസ്തം ഏറ്റെടുത്ത കൃത്യം.
ശശി റസ്തമിന്റെ നിരന്തര ഭീഷണി ഇരുവര്‍ക്കും തലവേദനയായി. തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. വരദ രാജ മുതലിയാര്‍ അവര്‍ക്കു ചെമ്പൂരില്‍ ഒരു വാടകവീട് ഏര്‍പ്പാടാക്കിക്കൊടുത്തു. കാര്യങ്ങള്‍ അങ്ങനെ നീങ്ങുന്നതിനിടെ അത് സംഭവിച്ചു. ശശി റസ്തം കൊല്ലപ്പെട്ടു. അതോടെ ഇരുവരും തങ്ങളുടെ 'ടിക്കാന'യിലേക്ക് മടങ്ങി.

റമ നായിക്ക്
റമ നായിക്കിന്റെ കൊല
ഇതിനിടയിലാണ്, റമയെ തീര്‍ക്കാന്‍ ഒരവസരം ഷെട്ടിയുടെ മുന്നില്‍വന്നത്. ചെമ്പൂരിലെ ഒരു സലൂണായിരുന്നു അതിന്റെ കേന്ദ്രം. താമസം മാറ്റിയ കാലത്താണ് റമ ആ സലൂണിലേക്ക് പോവാന്‍ തുടങ്ങിയത്. ഷേവ് ചെയ്യാനും ഇടയ്ക്കിടെ മുടി മുറിക്കാനുമൊക്കെ അയാള്‍ ചെമ്പൂരിലെ സലൂണില്‍ എത്തി. ഈ വിവരം അന്ന് ദുബായിലായിരുന്ന ഷെട്ടിക്ക് ചോര്‍ന്നുകിട്ടി. അയാള്‍ ആ സലൂണില്‍ കണ്ണുവെച്ചു.
1987-ലെ ഒരു പെരുമഴക്കാലത്ത് റമ കൊല്ലപ്പെട്ടു. ആ കൊലപാതകത്തെക്കുറിച്ച് പല കഥകള്‍ പ്രചാരത്തിലുണ്ട്. എന്താണ് വാസ്തവത്തില്‍ നടന്നത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
പൊലീസ് പറയുന്ന കഥ, അതൊരു ഏറ്റുമുട്ടല്‍ കൊലപാതകം ആയിരുന്നുവെന്നാണ്. ചെമ്പൂരിലെ സലൂണില്‍ റമ വന്ന വിവരമറിഞ്ഞ്, അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര കാഡ്ദാലെയും സംഘവും സലൂണ്‍ വളയുകയും ഏറ്റുമുട്ടലിനിടെ റമയെ വധിക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക ഭാഷ്യം.
ഇതുമായി ബന്ധപ്പെട്ട് അന്ന് ഏറ്റവും പ്രചാരത്തിലുള്ള ഒരു കഥയില്‍ ശരത് ഷെട്ടിയായിരുന്നു മുഖ്യകഥാപാത്രം. അതുപ്രകാരം, റമ സലൂണില്‍ എത്തിയ വിവരം അന്ന് ദുബായില്‍ ഉണ്ടായിരുന്ന ഷെട്ടിക്ക് കിട്ടി. അയാള്‍ ഈ വിവരം നാഗ്പ്പട സബ്ബ് ഇന്‍സ്പെക്ടര്‍ രാജേന്ദ്ര കാഡ്ദാലെയെ അറിയിച്ചു. കാഡ്ദാലെ എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം മുറിച്ചെറിയുക എന്നാണ്. പേരുപോലെ തന്നെ എന്തിനും പോന്നൊരാളായിരുന്നു ഇന്‍സ്പെക്ടര്‍ രാജേന്ദ്ര. അദ്ദേഹം ചെമ്പൂര്‍ പോലീസിനെ വിവരമറിയിക്കാതെ നേരെ സലൂണില്‍ എത്തി. സംശയം തോന്നിയ റമ നായിക്ക് തോക്ക് എടുക്കും മുന്‍പേ രാജേന്ദ്രയുടെ കൂടെയുള്ള പോലീസുകാര്‍ അയാളെ വെടിവെച്ചു വീഴ്ത്തി. വെടിവെക്കും മുന്‍പ് റമ ഇരുകൈകളും ഉയര്‍ത്തി സറണ്ടര്‍ ആവാമെന്ന് വാഗ്ദാനം ചെയ്‌തെന്നും രാജേന്ദ്രയുടെ സംഘം വിട്ടുവീഴ്ചയ്ക്ക് നിന്നില്ല എന്നുമാണ് ആ കഥ.
റമയുടെ കൊലയുമായി ബന്ധപ്പെട്ട് മറ്റൊരു കഥയും ഇതിനിടെ പരന്നു. സംഗതി പൊലീസ് എന്‍കൗണ്ടര്‍ ആയിരുന്നില്ലെന്നും റമയെ കൊന്നത് ദാവൂദിന്റെ അമ്മാവന്‍ അഹമ്മദ് ആന്തുലെയും ഷൂട്ടര്‍ ഡാനിയും ചേര്‍ന്നാണെന്നുമായിരുന്നു ആ കഥ. റമയെ കൊന്നശേഷം ദാവൂദ് സംഘം രാജേന്ദ്ര കാഡ്ദാലെയെ വിളിച്ച് ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പറയുകയായിരുന്നത്രെ. സത്യമെന്തായാലും റമയുടെ കൊലപാതകം പോലീസിന്റെ ഏറ്റുമുട്ടലായാണ് പുറത്തുവന്നത്.
എന്നാല്‍, കൊലപാതകത്തെക്കുറിച്ച് റമയുടെ സഹോദരി നേത്രപ്രഭ മാധ്യമങ്ങളോട് പറഞ്ഞ കഥ മറ്റൊന്നായിരുന്നു. പോലീസും രാഷ്ട്രീയക്കാരും ചേര്‍ന്നു നടത്തിയ രഹസ്യ ഓപ്പറേഷന്റെ ഭാഗമാണ് കൊലയെന്നും അതൊരു ഏറ്റുമുട്ടല്‍ ആയിരുന്നില്ലെന്നുമാണ് അവര്‍ പറഞ്ഞത്. അധോലോക ഏര്‍പ്പാടുകളില്‍ കഥകളും മിത്തുകളും അഭ്യൂഹങ്ങളും സാധാരണമാണ്. അതിനാല്‍ എങ്ങനെയാണ് റമ കൊല്ലപ്പെട്ടത് എന്ന കാര്യം ഇപ്പോഴും ഒരു സമസ്യയായി തുടരുകയാണ്.

ദാവൂദും ചോട്ടാരാജനും
ചോട്ടാരാജനും ദാവൂദും അടിച്ചുപിരിയുന്നു!
അതിനിടെ, 1993-ലെ ബോംബെ സ്‌ഫോടനപരമ്പര നടന്നു. മാര്‍ച്ച് 12-ന് ബോംബെയിലെ 12 ഇടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ഒറ്റദിവസം കൊണ്ട് 257 പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കുപറ്റി. സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് ഇബ്രാഹിം ആണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനു പിന്നാലെ, മുംബൈയിലെ ദാവൂദിന്റെ വലം കൈയായിരുന്ന ചോട്ടാ രാജനും ദാവൂദും തെറ്റി. ഇരുവരും അക്ഷരാര്‍ത്ഥത്തില്‍ ശത്രുക്കളായി.
ദാവൂദിന്റെ സ്വത്തിലേക്കും, ദാവൂദിന്റെ സൗഹൃദങ്ങളിലേക്കും ചോട്ടാരാജന്‍ സംഘം നോട്ടമിട്ടു. റമ നായിക്കിനെ കൊല്ലാന്‍ കാരണക്കാരനായ ശരത് ഷെട്ടിയോട് പകരംവീട്ടാനും മാസ്റ്റര്‍പ്ലാന്‍ തയ്യാറായി. ദുബായില്‍ ജനിച്ചുവളര്‍ന്ന വിമല്‍ കുമാര്‍ എന്ന ബോംബെ സ്വദേശിയായിരുന്നു ഈ ഓപ്പറേഷന്റെ ചുക്കാന്‍പിടിച്ചത്.
ശരത് ഷെട്ടി ഈ സമയം ദുബായിലായിരുന്നു. ദാവൂദിന്റെ ഹോട്ടലുകള്‍, ക്രിക്കറ്റ് വാതുവെപ്പ്, മറ്റ് ബിസിനസുകള്‍ ഒക്കെ അയാളാണ് നടത്തിക്കൊണ്ടിരുന്നത്. റാമി ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് എന്ന ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നല്‍കിയിരുന്ന അയാള്‍ക്ക് ദുബായില്‍ രണ്ട് ഹോട്ടലുകള്‍ ഉണ്ടായിരുന്നു. റീഗല്‍, റീജന്റ് പാലസും. അബൂദാബിയിലും അയാള്‍ക്ക് ബിസിനസ് ഇടപാടുകള്‍ ഉണ്ടായിരുന്നു. ദുബായ് ഇന്ത്യ ക്ലബില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഷെട്ടിയെ അവിടെവെച്ചു കൊല്ലാന്‍ വിമല്‍ പദ്ധതിയിട്ടു. അതിനായി മൂന്ന് പേരെ ചുമതലപ്പെടുത്തി-അമര്‍ ബഹാദൂര്‍ റാം, കരണ്‍ സിംഗ് മാന്‍സിംഗ്, മനോജ് മുദാന. മൂന്നുപേര്‍ക്കും ദുബായിലേക്കുള്ള വിസിറ്റ് വിസയും സ്‌പോര്‍ട്‌സ് അറീനയിലേക്കുള്ള പാസും സംഘടിപ്പിച്ചു. ബോംബയില്‍ നിന്നും ലോഞ്ച് വഴി മൂന്ന് റിവോള്‍വറുകള്‍ ആഫ്രിക്കയില്‍ നിന്നെന്ന വ്യാജേന ദുബായിലെത്തിച്ചു.
ശരത് ഷെട്ടിയുടെ അവസാന ദിനം!
2003 ജനുവരി 19. രാത്രി എട്ടുമണി. 43-കാരനായ ശരത് ഷെട്ടി മെഴ്‌സിഡസ് ബെന്‍സ് കാറില്‍ ഇന്ത്യ ക്ലബിലെത്തി. ബില്യാര്‍ഡ്‌സ് കളിക്കാനായിരുന്നു ആ യാത്ര എന്നാണ് കേസ് രേഖകളില്‍ പറയുന്നത്. എന്നാല്‍, രണ്ട് ക്ലബ് അംഗങ്ങള്‍ നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഷെട്ടി എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
കാറില്‍നിന്ന് ഇറങ്ങി ഹാളിലേക്ക് നടക്കുന്നതിനിടെ, പെട്ടെന്ന് അപരിചിതരായ രണ്ടു പേര്‍ അയാളുടെ മുന്നില്‍ വന്നുനിന്നു. എന്നാല്‍, അപകടം മണത്ത ഷെട്ടിക്ക് മറുത്തൊന്നും ചിന്തിക്കാന്‍ നേരം കിട്ടിയില്ല. ഇരുവരും തുരുതുരാ നിറയൊഴിച്ചു. ആദ്യ വെടിയുണ്ട ഷെട്ടിയുടെ പിന്‍ഭാഗത്ത് തറച്ചു. അടുത്തത് നെഞ്ചിന്‍കൂട് തകര്‍ത്ത് അകത്തേക്ക് കയറി. 20 വെടിയുണ്ടകള്‍ ഷെട്ടിയുടെ ശരീരം ഏറ്റുവാങ്ങി. ഒരുണ്ട പോലും പാഴായില്ല.
ശരത് ഷെട്ടി എന്ന മംഗലാപുരം സ്വദേശി അങ്ങനെ ദുബായില്‍ അവസാനിച്ചു. അയാളുടെ മരണവുമായി ബന്ധപ്പെട്ടും കേട്ടു, പല കഥകള്‍. അധോലോകമാണ്, സത്യത്തേക്കാള്‍ വേഗം പരക്കുക കഥകളാണ്. അതിലൊരു കഥ, ഷെട്ടിയുടെ കൊലയ്ക്കു പിന്നില്‍, ഷെട്ടിയുടെ ബോസായിരുന്ന സാക്ഷാല്‍ ദാവൂദ് ഇബ്രാഹിം തന്നെയാണ് എന്നായിരുന്നു. ഷെട്ടി സ്വന്തം ബിസിനസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ച ഉണ്ടായിരുന്നു എന്നതാണ് ഇതിനു കാരണമായി പറയുന്നത്.
മറ്റൊരു കഥ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മുത്തപ്പ റായി എന്ന അധോലോക രാജാവാണ് കൊലയ്ക്ക് പിന്നിലെന്നാണ്. ഷെട്ടിയുടെ കൊലയ്ക്ക് കുറച്ചു മുമ്പായിരുന്നു അയാളെ ദുബായ് പൊലീസ് വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ അറസ്റ്റ് ചെയ്ത് നാടുകടത്തിയത്. ഷെട്ടിയാണ് ഇയാളെ ഒറ്റുകൊടുത്തത് എന്ന് കഥകളുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ റായി തന്നെ ഒറ്റിക്കൊടുത്തത് ഷെട്ടിയാണെന്ന് പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പറഞ്ഞുവന്നത് കഥകളെക്കുറിച്ചാണ്. അധോലോകം നിലനില്‍ക്കുന്നത് തന്നെ കഥകളിലാണ്. ഷെട്ടിയുടെ കൊലയെക്കുറിച്ചുള്ള കഥകളും ഏതാണ് ശരി ഏതാണ് തെറ്റ് എന്നറിയാന്‍ മാര്‍ഗമൊന്നുമില്ല. കൊണ്ടും കൊടുത്തതും ജീവിച്ചവര്‍ പലതരം സമസ്യകള്‍ ബാക്കിവെച്ച് അവസാനിക്കുമ്പോള്‍ ഏതെങ്കിലും ഒന്ന് വിശ്വസിക്കാനേ നിര്‍വ്വാഹമുള്ളൂ.
പക്ഷേ, ചില കാര്യങ്ങള്‍ കഥകളല്ല, യാഥാര്‍ത്ഥ്യമാണ്. അതിങ്ങനെയാണ്. സംഭവശേഷം, ആറ് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 2003 ഒക്‌ടോബര്‍ 14-ന് അവരില്‍ നാലു പേരെ ദുബായ് കോടതി വധശിക്ഷയ്ക്ക് വിധിച്ചു. വിമല്‍ കുമാര്‍ റാം, അമര്‍ ബഹാദൂര്‍ റാം, കരണ്‍ സിംഗ് മാന്‍സിംഗ്, മനോജ് മുദാന എന്നീ നാല് പ്രതികള്‍ വധശിക്ഷയ്ക്ക് വിധേയരായി. രണ്ട് പ്രതികളെ നാടു കടത്തി.
…………………………
(ബാലന്‍ തളിയില്‍: കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി തളീക്കര സ്വദേശി. പതിനെട്ടാം വയസ്സില്‍ വീട്ടില്‍നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി ബോംബെയിലെത്തി. അധോലോകം അരങ്ങുവാണ 1979 മുതല്‍ 1988 വരെയും 1997 മുതല്‍ 2004 വരെയും ബോംബയില്‍ ജീവിച്ചു. ഇതിനിടയില്‍ 18 വര്‍ഷം ദുബായില്‍. ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസം. ഒരു നോവല്‍ അടക്കം അഞ്ചു പുസ്തകങ്ങള്‍ എഴുതി. തെരുവില്‍ നിന്നൊരാള്‍, ബോംബെ: സ്വപ്നങ്ങള്‍ നൃത്തം വെച്ച നഗരം എന്നീ പുസ്തകങ്ങള്‍ ബോംബെയിലെ ജീവിതാനുഭവങ്ങളാണ്.)


