അപമാനിക്കൽ തുടർന്ന് ട്രംപ്; ഇത്തവണത്തെ ഇര ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിൽ രാമഫോസ

Published : May 29, 2025, 05:09 PM IST
അപമാനിക്കൽ തുടർന്ന് ട്രംപ്; ഇത്തവണത്തെ ഇര ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിൽ രാമഫോസ

Synopsis

ലോക രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന മുഹൂർത്തങ്ങൾക്ക് വേദിയായിട്ടുള്ള, കരാറുകളും ധാരണകളും ഉണ്ടായിട്ടുള്ള ഓവൽ ഓഫീസ്  ഇന്ന് അതൊന്നുമല്ല.  ടെലിവിഷൻ ഷോയുടെ സ്റ്റുഡിയോ മാത്രം.  ട്രംപിനും കൂട്ടർക്കും തങ്ങളുടെ നയം നടപ്പാക്കാനുള്ള വേദി മാത്രം. വായിക്കാം ലോകജാലകം. 


വൈറ്റ് ഹൗസിൽ ഒരു നാടകം കൂടി അരങ്ങേറി, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ രാമഫോസയായിരുന്നു ഇത്തവണ സെലൻസ്കിക്ക് പകരം. പക്ഷേ, രാമഫോസ നിയന്ത്രണം നഷ്ടപ്പെടാതെ കേട്ടിരുന്നു. ഇടക്ക് വിശദീകരിക്കാനും വസ്തുതകൾ പറയാനും ശ്രമിച്ചു.  അമേരിക്കൻ പ്രസിഡന്‍റ് പക്ഷേ, കേൾക്കാൻ തയ്യാറായില്ല. പിന്നെയും ഒച്ചയിട്ടു. നയതന്ത്രത്തിന്‍റെയും മര്യാദയുടേയും ആസ്ഥാനമായിരുന്ന വൈറ്റ് ഹൗസ്, രാഷ്ട്രീയ നാടകങ്ങളുടെ വേദിയായിരിക്കുന്നു. രാഷ്ട്രീയ നാടകങ്ങളുടെ  (Political Theatrics) വേദി. പക്ഷേ,  ഈ കളിയിൽ താൻ തോൽക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് മനസിലാക്കിയിട്ടില്ല. കൂടിക്കാഴ്ച നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ അതിന്‍റെ ചിത്രമിട്ടിട്ട്, ഇതിപ്പോൾ ആഗോളതലത്തിൽ കണ്ടുകൊണ്ടിരിക്കുന്നു. 'Ratings Gold' എന്ന എക്സ് പോസ്റ്റിട്ടു ട്രംപ് ഉപദേഷ്ടാവ്, ജാസൺ മില്ലർ.

ചരിത്രത്തിൽ രേഖപ്പെടുത്തുന്ന മുഹൂർത്തങ്ങൾക്ക് വേദിയായിട്ടുള്ള കരാറുകളും ധാരണകളും ഉണ്ടായിട്ടുള്ള ഓവൽ ഓഫീസ്  ഇന്നതൊന്നുമല്ല. ടെലിവിഷൻ ഷോയുടെ സ്റ്റുഡിയോ മാത്രം.  അതിന് വേണ്ടുന്ന എല്ലാം സജ്ജമായിരുന്നു രാമഫോസ എത്തിയപ്പോൾ. രാമഫോസ വന്നത്  സഹകരണത്തിലെ വിള്ളലുകൾ അടക്കാനും, വ്യാപാര ചർച്ചകൾക്കുമാണ്. രാജ്യത്തിനുള്ള സഹായം നിർത്തിവച്ചത് പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലും. പക്ഷേ, വൈറ്റ്ഹൗസ് കാത്തിരുന്നത് മറ്റൊന്നിനാണ്. വന്നയുടനെ ദക്ഷിണാഫ്രിക്കയിൽ വെളുത്ത വർഗക്കാരായ കർഷകരെ കൊന്നൊടുക്കുന്നു. നിങ്ങളെന്തുകൊണ്ട് വംശഹത്യ തടുക്കുന്നില്ല എന്നായി അമേരിക്കൻ പ്രസിഡന്‍റ്.  നിഷേധിക്കാനും വിശദീകരിക്കാനും ശ്രമിച്ചു ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ്. അതോടെ ലൈറ്റണഞ്ഞു. ക്യാമറ ഓണായി. സ്ക്രീനിൽ വീഡിയോ ക്ലിപ്പുകൾ. ട്രംപിന്‍റെ കൈയിൽ തില രേഖകളും ചിത്രങ്ങളും. സ്ക്രീനിൽ ദക്ഷിണാഫ്രിക്കയിലെ വർണവിവേചന സമരകാലത്തെ ചില ക്ലിപ്പുകൾ, അന്നത്തെ നേതാക്കളുടെ തീപ്പൊരി പ്രസംഗങ്ങൾ, ചില മുദ്രാവാക്യങ്ങൾ, പാട്ടുകൾ. പക്ഷേ. അതിൽ ഒന്ന് ദക്ഷിണാഫ്രിക്കയിലെയല്ല. കോംഗോയിലേതാണ്.

(ട്രംപും സിറിൾ രാമഫോസയും വൈറ്റ് ഹൗസില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്കിടെ)

ഇനി ഒരു ഫാക്ട് ചെക്കാണ്. ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാരായ കർഷകരെ വംശഹത്യ ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ ഫാക്ട് ചെക്.

ട്രംപിന്‍റെ ആരോപണവും യാഥാർത്ഥ്യവും

ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്ന് ദക്ഷിണാഫ്രിക്കയാണ്. ദിവസം 72 കൊലപാതകം എന്നാണ് കണക്ക്. കൂടുതൽ പേരും കറുത്ത വർഗക്കാരുമാണ്. 2024 -ൽ രേഖപ്പെടുത്തിയത് 26,232 കൊലപാതകങ്ങൾ. അതിൽ 44 എണ്ണം മാത്രമാണ് കർഷകരുമായി ബന്ധപ്പെട്ടത്. 8 പേർ മാത്രമാണ് കർഷകർ. ആഫ്രിക്കാനർ കർഷക യൂണിയന്‍റെ (Afrikaner agriculture union) കണക്കനുസരിച്ച് പോലും 1990 -ന് ശേഷം അവരിൽ 1,363 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.വംശഹത്യ വെറും സാങ്കൽപ്പികമെന്ന് കേപ് ടൗൺ കോടതിയും വിധിച്ചിരുന്നു.

വർണവെറിയുടെ കാലത്ത് രാജ്യത്തെ ഭൂമി മുഴുവൻ വെളുത്ത വർഗക്കാരുടെ കൈയിലായിരുന്നു. ഇപ്പോഴും സ്വകാര്യ ഉടമസ്ഥതയിലുള്ള നാലിൽ മൂന്നും വെളുത്ത വർഗക്കാരുടെ കൈയിലാണ്. അതിലെ  അസമത്വം ഇല്ലാതാക്കാൻ സർക്കാർ നിയമം കൊണ്ടുവന്നു. ആഫ്രിക്കാനർസിന്‍റെ കൈയിൽ നിന്നും നഷ്ടപരിഹാരം കൊടുത്ത ശേഷം ഭൂമി വീണ്ടെടുക്കുക. എന്നിട്ടത് കറുത്ത വർഗക്കാർക്ക് വിതരണം ചെയ്യുക. പക്ഷേ, അത് നടന്നിട്ടില്ല. ഭൂമി വിൽക്കാൻ പ്രേരിപ്പിച്ചുനോക്കി. അതും ഫലം കണ്ടില്ല. പിടിച്ചെടുക്കാൻ നിയമം കൊണ്ടുവന്നു രാമഫോസ സർക്കാർ. പക്ഷേ, ആദ്യം സമവായം. നിയമം ഇതുവരെ നടപ്പായിട്ടില്ല.

ട്രംപിന്‍റെ അബദ്ധങ്ങൾ

മാർക്സിസ്റ്റ് സാമ്പത്തിക സ്വാതന്ത്ര്യ പോരാളി ജൂലിയസ് മലേമ (Julius Malema), 'Kill the Boer' പാട്ട് പാടുന്നതാണ് ട്രംപ് കാണിച്ച ദൃശ്യങ്ങളിൽ. അവരത് വിശദീകരിച്ചത്, വെളുത്ത ന്യൂനപക്ഷം രാജ്യത്തെ പ്രകൃതിവിഭവങ്ങൾ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കണമെന്നേ ഉദ്ദേശിച്ചുള്ളുവെന്നാണ്. നീളത്തിൽ വെളുത്ത കുരിശുകൾ സ്ഥാപിച്ചത് 'ആഫ്രിക്കാനർസിന്‍റെ ശവകുടീരം' എന്ന് ട്രംപ് പറഞ്ഞതും തെറ്റി. അതൊരു പ്രതിഷേധത്തിന്‍റെ ഭാഗമായിരുന്നു. ചുരുക്കത്തിൽ ദക്ഷിണാഫ്രിക്കയിലെ ദുരിതം അനുഭവിക്കുന്ന വെളുത്ത കർഷകരുടേതെന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഉയർത്തിക്കാണിച്ചതെല്ലാം മറ്റ് പലതിന്‍റെയുമാണ്.

(ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറിൾ രാമഫോസ)

പഴിയും അഭിനന്ദനവും
ഏറ്റുവാങ്ങി രാമഫോസ

രാമഫോസ എന്തിനിങ്ങനെ കെണിയിലേക്ക് അറിഞ്ഞു കൊണ്ട് ചെന്ന് കയറി എന്ന് ചോദിക്കുന്നു പലരും. ദക്ഷിണാഫ്രിക്കയിൽ എതിർപ്പ് വ്യാപകമാണ്. യൂറോപ്യൻ വംശജരായ ദക്ഷിണാഫ്രിക്കക്കാരെ, ആഫ്രിക്കാനർസിനെ (Afrikaners) കൂട്ടക്കൊല ചെയ്യുന്നു എന്നാരോപിച്ച്, അവർക്ക് അഭയാർത്ഥി പദവി നൽകി കൊണ്ടുവരാനാണ് ട്രംപിന്‍റെ നീക്കം. അതുപറഞ്ഞ്, ദക്ഷിണാഫ്രിക്കക്കുള്ള സഹായം വരെ നിർത്തിവച്ചു  അമേരിക്കൻ പ്രസിഡന്‍റ്. അതും ഈ കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ്. ദക്ഷിണാഫ്രിക്കൻ സംഘത്തിൽ രണ്ട് ആഫ്രിക്കാനർ ഗോൾഫർമാരും ഒരു കോടീശ്വരനുണ്ടായിരുന്നു. വ്യവസായി ജോഹാൻ റൂപർട്ട് (Johann Rupert), കാർട്ടിയർ (Cartier) കമ്പനിയുടെ ഉടമ, ആഫ്രിക്കാനർസിനെ കൊല്ലുകയാണെങ്കിൽ തനിക്കൊപ്പം ഇവരുണ്ടാകുമായിരുന്നില്ലെന്ന് വിശദീകരിക്കാൻ ശ്രമിച്ചു രാമഫോസ. പക്ഷേ, റൂപെർട്ടിന്‍റെ സാന്നിധ്യം എല്ലാവർക്കും ദഹിച്ചിട്ടില്ല. ജൂലിയസ് മലേമക്കുൾപ്പടെ  (Julius Malema), വെളുത്ത വർഗക്കാരോട് ഇപ്പോഴും സർക്കാരുകൾ വിധേയത്വം പുലർത്തുന്നുവെന്നാണ് വിമർശനം ഉയർന്നത്.

(ട്രംപും സിറിൾ രാമഫോസയും വൈറ്റ് ഹൗസില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്കിടെ)

രാമഫോസ വെറുതേ ചെന്ന് പഴിവാങ്ങി, അതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല എന്നൊക്കെ വിമർശിക്കുന്ന ദക്ഷിണാഫ്രിക്കക്കാരും ഒരു കാര്യം സമ്മതിക്കുന്നു. സംയമനം നഷ്ടപ്പെടാതെ, ഇടക്ക് ചിരിക്കുക വരെ ചെയ്ത്, ട്രംപിനോട് പിടിച്ചു നിന്ന രാമഫോസയെ സമ്മതിക്കണം എന്ന്.  സെലൻസ്കിക്ക് പിടിച്ച് നിൽക്കാനാവതെ പോയി. പക്ഷേ, രണ്ടുപേരുടെയും സാഹചര്യം രണ്ടാണ്. അതിലുമുണ്ട് കാര്യം. ട്രംപിന്‍റെ നയം എപ്പോഴുമൊന്നാണെന്നതാണ് ചുരുക്കം. അധിക്ഷേപം, അപമാനം, അങ്ങനെ മേൽക്കൈ നേടുക. പക്ഷേ, അമേരിക്കയുടെ പ്രതിഛായ തന്നെ നശിക്കുകയാണ്. സഖ്യങ്ങൾ തകരുകയാണ്. കാനഡയുടെ പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചതും സെലൻസ്കിയെ അപമാനിച്ചതും ഉദാഹരണം. ദക്ഷിണാഫ്രിക്ക, ചൈനയുടെ ലക്ഷ്യമാണ്. അമേരിക്ക അകറ്റിയാൽ ബീജിംഗിനോട് അടുപ്പം കൂടും ദക്ഷിണാഫ്രിക്കയ്ക്ക്. സ്വാഭാവികമായ നടപടി.

 

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്