ഒരു കുല പഴവും അര്‍ദ്ധരാത്രിയിലെ വിശപ്പും, ഒരു ഡിവോഴ്‌സ് ആലോചനയ്ക്കുള്ള രണ്ട് സിംപിള്‍ കാരണങ്ങള്‍

Published : Aug 02, 2025, 05:11 PM IST
Tulu Rose

Synopsis

ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു 

അപ്പോഴാണ് ഒരു മൂലക്ക് വെച്ചിരിക്കുന്ന പഴം എന്റെ കണ്ണില്‍ പെട്ടത്. വേഗം ഞാനതില്‍ നിന്നും രണ്ട് പഴമെടുത്ത് തിരിയുമ്പോള്‍ ദേ അവിടെ കുപ്പിയില്‍ നിന്നും വന്ന ഭൂതത്തിനെ പോലെ ഒരാള്‍!-ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

 

കല്യാണം കഴിഞ്ഞ് വീട്ടില്‍ വലത് കാലെടുത്ത് വെച്ച് രണ്ടാഴ്ചക്കുള്ളില്‍ എനിക്കെന്റെ ഭര്‍ത്താവിന്റെ തനിസ്വരൂപം മനസ്സിലായി.

ഒരു ദിവസം പുതുമോടി മാറാത്ത ഞാന്‍ ടിവി കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ ആ ശബ്ദം കേട്ടത്. ഒന്ന് കൂടെ കാതോര്‍ത്തപ്പോള്‍ വീണ്ടും ഞാനാ ശബ്ദം കേട്ടു.

എന്റെ സ്വന്തം ആലില വയറില്‍ നിന്നുമായിരുന്നു ആ ശബ്ദം വന്നിരുന്നത്.

വിശന്നാല്‍ ഇങ്ങനെ ശബ്ദം വരാറുള്ളതാണ്, സ്വാഭാവികം!

എന്റെ വയറിനെ എനിക്ക് തൃപ്തിപ്പെടുത്തിയേ പറ്റൂ. അല്ലെങ്കില്‍ വായുഭഗവാന്‍ പുറത്തേക്ക് വരും. പുതുമോടിയില്‍ അങ്ങനെയൊന്നും ഗ്യാസ് വിട്ട് കൂടാ!

കെട്ടിക്കൊണ്ട് വന്ന പെണ്ണ് ഭര്‍ത്താവ് വരുന്നത് വരെ കാത്തിരിക്കണം, ഒരുമിച്ചിരുന്നേ കഴിക്കാവൂ. അങ്ങനെയാണെന്നെ ചെറുതിലേ മുതല്‍ പഠിപ്പിച്ച് വിട്ടിരിക്കുന്നത്. ഓരോരോ നിയമങ്ങളേയ്!

എന്നെ പറ്റി എല്ലാവരും നല്ലതേ പറയാവൂ എന്നെനിക്കും നിര്‍ബന്ധമുണ്ട്.

ഞാന്‍ പതുക്കെ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് ചെന്നു. ഭാഗ്യം! അവിടെ ആരുമില്ല. ആ ഏരിയ എനിക്കത്ര പിടിയില്ലാത്തത് കൊണ്ട് അടച്ച് വെച്ചിരിക്കുന്ന ബോക്‌സുകളില്‍ എന്താണ് എന്നൊന്നും എനിക്കറിയില്ല.

ഞാന്‍ ഓരോരോ ബോക്‌സെടുത്ത് തുറന്ന് നോക്കി. ഒരു കപ്പലണ്ടി മിഠായി കൂടെയില്ല.

തിന്നാനൊന്നുമില്ല എന്നറിഞ്ഞതും എന്റെ വയറിലെ അപായമണി പിന്നേയും ശക്തമായി മുഴങ്ങി.

ഹോ! ആരേലും കേട്ടാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ..

ഞാന്‍ ആ സെക്ഷന്‍ ആകമാനം ഒന്ന്കൂടെ നോക്കി. അപ്പോഴാണ് ഒരു മൂലക്ക് വെച്ചിരിക്കുന്ന പഴം എന്റെ കണ്ണില്‍ പെട്ടത്. വേഗം ഞാനതില്‍ നിന്നും രണ്ട് പഴമെടുത്ത് തിരിയുമ്പോള്‍ ദേ അവിടെ കുപ്പിയില്‍ നിന്നും വന്ന ഭൂതത്തിനെ പോലെ ഒരാള്‍!

നിയമത്തിനുള്ളിലെ മദര്‍!

'ഉം, എന്താ ഇവിടെ'

'അത് ഞാന്‍ അടുക്കള കാണാനിറങ്ങിയതാ.'

'ഈ രാത്രിയിലോ'

'ങ്‌ഹേ!'

'അത് പോട്ട്, എന്താ കൈയില്?'

'പഴം'

'എന്തിനാ പഴം ഇപ്പോ?'

ശ്ശെടാ! എല്ലാം കൂടെ വലിച്ചങ്ങെറിഞ്ഞ് തനിസ്വഭാവം കാണിച്ചാലോ?

ശ്ശോ പാവം! വേണ്ട, ഞാനിങ്ങനെയൊന്നും ഇപ്പോള്‍ ചിന്തിച്ച്കൂട!

'ദേണ്ടേ നിങ്ങടെ പഴം, എനിക്ക് വേണ്ട'

വിഷമത്തോടെ ഞാനത് മേശമേല്‍ വെച്ചു.

'ആ പഴത്തിന്റെ ബാസ്‌കറ്റെടുത്ത് മുറിയില്‍ കൊണ്ട് വെച്ചോ കേട്ടോ. വിശന്നിരിക്കണ്ട.'

ഔ! ഞാന്‍ വെറുതെ തെറ്റിദ്ധരിച്ചു.

പിന്നെ ഈഗോ ഇടാനൊന്നും നിന്നില്ല. കേട്ടപാടേ പഴക്കുല തോളത്ത് കേറ്റി മുറിയില്‍ പോയി.

മുറിയിലിരുന്ന് അഞ്ചാമത്തെ പഴത്തിന്റെ തൊലി പൊളിച്ച് കൊണ്ടിരിക്കുമ്പോള്‍ ചക്കരക്കുട്ടന്‍ വന്ന് മുറിയില്‍ കയറി.

ഞാന്‍ വിനയപുരസ്സരം തൊലി പൊളിച്ച പഴമെടുത്ത് എന്റെ വായയില്‍ ഇട്ടു.

'ചക്കരക്കുട്ടീ, ഞാനെത്തീ!'- ഒറ്റ ചാട്ടം കട്ടിലിലേക്ക്.

ഞാന്‍ കട്ടിലില്‍ വെച്ചിരുന്ന ബാക്കിയുള്ള പഴത്തിന്റെ പുറത്തേക്കാണ് ചക്കരക്കുട്ടന്‍ വീണത്.

'അയ്യേ! എന്താത്'

'അത് സാരമില്ല, പഴമാ'

അളിപിളി ആയ ആ ശരീരവും കൊണ്ട് ആള്‍ ബാത്ത്‌റൂമിലേക്ക് പോയി.

കുളിച്ച് ഫ്രെഷായി വന്ന ചക്കരക്കുട്ടന്‍ കട്ടിലില്‍ എന്റെയടുത്ത് വന്നിരുന്ന് കൈ നീട്ടി.

'ഉം, എന്താ'

'എനിക്കൊരു പഴം തന്നേ.'- ടിവിയിലേക്ക് നോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.

'അയ്യോ! അത് ഞാന്‍ മുഴുവനും തിന്നല്ലോ.'

ചക്കരക്കുട്ടന്‍ എന്നെയൊന്ന് നോക്കി.

'ആ മുഴുവന്‍ പഴോം നീ തിന്നോ'

'ആ തിന്നു. നിങ്ങള്‍ക്കെന്തിനാപ്പോ പഴം?'- ഞാന്‍ ചോദിച്ചു.

'നിനക്കെന്തിനാരുന്നു പഴം, അതിനന്നെ!'

ഹോ ഷിറ്റ്! ചക്കരക്കുട്ടന്‍ സ്‌കോര്‍ഡ്!

'ഡിന്നര്‍ കഴിക്കാന്‍ പോവല്ലേ, അപ്പോ പഴം കഴിച്ചില്ലേലും കൊഴപ്പമില്ല.'- ഞാനും വിട്ട് കൊടുത്തില്ല.

ഞാനെഴുന്നേറ്റ് ഊണ് മുറിയിലേക്ക് നടന്നു.

അത്യന്തം ബഹുമാനത്തോട് കൂടെ ഭക്ഷണം എടുത്ത് കൊടുത്ത്, ഭര്‍ത്താവ് കഴിച്ച് കഴിയുന്നത് വരെ ഞാനവിടെ ഇരുന്നു.

'നീ കഴിക്കണില്ലേ?' - ചക്കരക്കുട്ടന് സ്‌നേഹമുണ്ട്.

'നിങ്ങള്‍ കഴിച്ച് കഴിഞ്ഞ് ആ പാത്രത്തില് ഞാനുണ്ടോളാം.'- ബഹുമാനത്തോടെ ഞാന്‍ പറഞ്ഞു.

'പഴം തൊണ്ടേന്ന് ഇറങ്ങീട്ടില്ല അല്ലേ'

ആ പറഞ്ഞത് എന്നെ കളിയാക്കിയതല്ലേ..!

പക്ഷേ, മുഖത്ത് കളിയാക്കുന്ന ഭാവം ഒന്നുമില്ല.

ഓഹ് സര്‍ക്കാസം സര്‍ക്കാസം!

'എനിക്ക് വിശക്കുമ്പോള്‍ രണ്ട് പഴം തിന്നാന്‍ പോലും ഇവിടെ അവകാശമില്ലേ'- വീണ്ടും വിനയത്തോടെ ഞാന്‍ ചോദിച്ചു.

'രണ്ടോ, ബാക്കിയെവിടേ'

ഒണ്ട് ഒണ്ട്, ഇത്തവണ നല്ല പുച്ഛം ഒണ്ട് ആ മുഖത്ത്.

'അത് ശരി, അതിന് കണക്ക് വെച്ചു അല്ലേ. അറിഞ്ഞില്ല ഞാന്‍, നിങ്ങളിത്തരക്കാരനാണെന്ന് ഞാനറിഞ്ഞില്ല.'- എന്റെ ജീവിതം തുലഞ്ഞതോര്‍ത്ത് ഞാന്‍ പറഞ്ഞു.

'നീ തിന്നോടീ, എത്ര വേണേലും തിന്നോ.'

യാതൊരു സഹതാപവുമില്ലാതെ പറഞ്ഞത് കേട്ട് എന്റെ ഒരു സ്‌പെഷല്‍ അടവ് ഞാനെടുത്തു.

'അപ്പോഴേ എല്ലാരും പറഞ്ഞതാ ഈ കല്യാണം വേണ്ടാ വേണ്ടാ എന്ന്. ഞാന്‍ കേട്ടില്ല.'

'ഞാനും!'

'എന്താന്ന്'

'എന്നോടും പറഞ്ഞാരുന്നു നിന്നെ കെട്ടണ്ടാന്ന്, ഞാനും കേട്ടില്ല'

ഓക്കേ! എന്നാല്‍ പിന്നെ ആ വിഷയം വിടാം.

'നോക്കിക്കോ, ഞാനിവിടുന്ന് ഇറങ്ങി പോകും.'

തോല്‍ക്കുന്നു എന്ന് തോന്നിയാല്‍ ആ സെക്കന്റ് ഒരു ഭീഷണിയിട്ട് നമ്മള്‍ പിന്‍മാറണം. അതാണ് അന്തസ്സ്!

മുറിയില്‍ പോയി വാതില്‍ അടച്ച ശബ്ദം കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി.

ശ്ശെ! വേണ്ടായിരുന്നു.

ഇത്ര പെട്ടെന്ന് ഞാനിങ്ങനെയൊന്നും ചെയ്ത് കൂടാ..!

എല്ലാവര്‍ക്കും കുറച്ച് സമയം കൊടുക്കണം. അതാണ് ന്യായം!

പഴം വെട്ടി വിഴുങ്ങിയത് കൊണ്ട് ഇന്നിനി പട്ടിണി കിടക്കാം. എന്നോട് 'കഴിച്ചോ' എന്ന് ചോദിക്കുമോ എന്നൊന്ന് അറിയണമല്ലോ.

ഞാന്‍ പിന്നേയും ടി വി വെച്ച് കിടന്നു.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചക്കരക്കുട്ടന്‍ ചിരിച്ച് കൊണ്ട് അകത്ത് കയറി.

'ഉം ഉം എനിക്കെല്ലാം മനസ്സിലാവുന്നൊണ്ട് കേട്ടാ!'

രാത്രി. ചിരി. സ്‌നേഹം. നിങ്ങളുടെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നൊണ്ട്.

പിന്നേയും ചിരിച്ച് കൊണ്ട് എന്റെയടുത്തേക്ക് വന്ന് ചാരിയിരുന്നു ചക്കരക്കുട്ടന്‍. എന്നെ തൊട്ടാലക്കളി തീക്കളി സൂക്ഷിച്ചോ! ഞാനിങ്ങനെ ഓരോന്ന് പ്രതീക്ഷിച്ച് കിടന്നു.

'ഡീ ആ റിമോട്ട് തന്നേ.'

'ഞാനിത് കണ്ടോണ്ടിരിക്കുവല്ലേ. പിന്നെ തരാം.'

'ഞാന്‍ ന്യൂസ് കാണട്ടെ. റിമോട്ടെടുത്തേ.'

'പറ്റില്ലെന്ന് പറഞ്ഞില്ലേ, തരാനൊക്കില്ല.'

വെറുതെ കേറി ഓരോന്ന് ആശിക്കുകയും ചെയ്തു, എന്നിട്ടിപ്പോള്‍ ന്യൂസ് പോലും ന്യൂസ്. ഹും'

'തരില്ല? തരില്ല? തരില്ലേടീ നീ?'

അയ്യേ, ഇതെന്തൊരു ഭാവം!

ഇതൊക്കെ നമ്മള് കൊറേ കണ്ടിട്ടുള്ളതാ ആശാനേ. വിട്ട് പിടി, വിട്ട് പിടി. എന്റെ കൂസലില്ലായ്മ കണ്ട ചക്കരക്കുട്ടന്‍ ഒറ്റ കുതിപ്പിന് റിമോട്ട് തട്ടിപ്പറിച്ചു.

പെട്ടെന്നുള്ള ആക്രമണം ആയത് കൊണ്ട് അവിടേയും ഞാന്‍ തോറ്റു.

'അപ്പോഴേ എന്നോട് എല്ലാവരും പറഞ്ഞതാ ഇത് വേണ്ട മോളേ ഇത് വേണ്ട മോളേ എന്ന്. ഞാന്‍ കേട്ടില്ല.'- ഞാനിരുന്ന് മോങ്ങി.

എന്നെ നോക്കാതെ ന്യൂസ് മാത്രം കണ്ട് കൊണ്ടിരിക്കുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.

ഈ ന്യൂസൊക്കെ വിടാതെ കണ്ടിട്ട് എന്ത് ഗുണം കിട്ടാനാണ്? എന്റെ വിധി!

നാളെ തന്നെ എല്ലാവരേയും വിവരം അറിയിക്കണം. എന്നിട്ടൊരു വക്കീലിനെ കാണണം. എല്ലാവരേയും ഒരു പാഠം പഠിപ്പിക്കണം.

ഈ വീട്ടില്‍ പഴം തിന്നാന്‍ പാടില്ല. ഈ വീട്ടില്‍ ടിവി കാണാന്‍ പറ്റില്ല. ഈ വീട്ടില്‍ എനിക്ക് സ്വാതന്ത്ര്യം ഇല്ല. എനിക്ക് ഡിവോഴ്‌സ് വേണം!

പിറ്റേ ദിവസം വീട്ടുകാരോട് പറയാനുള്ള കാരണങ്ങള്‍ എല്ലാം ഞാന്‍ മനസ്സില്‍ അടുക്കി വെച്ചു.

അന്ന് ഞാന്‍ കിടന്നപ്പോള്‍ ഒരു തലയിണ എടുത്ത് ഞങ്ങളുടെ നടുക്ക് വെച്ചു. എന്റെ കണ്‍ട്രോള്‍ കളയാതെ നോക്കണേ കണ്‍ട്രോള്‍ മാതാവേ!

ഇതൊന്നുമറിയാതെ ന്യൂസ് കണ്ടിരുന്ന ചക്കരക്കുട്ടന്‍ എന്നെയൊന്ന് നോക്കി ചിരിച്ചു.

'ചിരിച്ചോ ചിരിച്ചോ. അവസാന ചിരി ചിരിച്ചോ.' - ഞാന്‍ പിറുപിറുക്കുന്നത് എന്താണെന്ന് മനസ്സിലാവാതെ ആള്‍ എന്നെ നോക്കി പിന്നേയും ചിരിച്ചു.

ഹോ നിഷ്‌കളങ്കത റീലോഡഡ്! ഇതിലൊന്നും ഞാന്‍ വീഴില്ല മ്യോനേ.

പിറ്റേ ദിവസം ഞാന്‍ എണീറ്റപ്പോള്‍ തലയിണക്കൊരു കേടും പറ്റിയിട്ടില്ല. അതേതായാലും നന്നായി!

അല്ലെങ്കില്‍ കുറ്റം പറയുമ്പോള്‍ ഇടക്ക് ഇമോഷണല്‍ ആയിപ്പോയേനെ. എഴുന്നേറ്റ ഉടനെ ഞാന്‍ അമ്മയെ ഫോണ്‍ ചെയ്തു.

'ഹലോ, നീയെന്താ രാവിലെ തന്നെ?'

'അതെന്താ അമ്മയെ വിളിക്കാന്‍ ടൈമൊക്കെ ബുക്ക് ചെയ്യണാരുന്നോ?'- കലിപ്പോടെ ഞാന്‍ ചോദിച്ചു.

ഇതാണ്, കെട്ടിച്ച് വിട്ടാല്‍ പിന്നെ എല്ലാം ഒരു റൂളാണ്. അത് തെറ്റിച്ചാല്‍, ചോദ്യമായി പറച്ചിലായി!

'നീ കാര്യം പറ.'- അമ്മ ഈസ് ക്യൂരിയസ്.

'എനിക്ക് ഇവിടെ ജീവിക്കാന്‍ പറ്റില്ല.' -ഞാന്‍ പറഞ്ഞത് കേട്ട് അപ്പുറത്ത് സൈലന്‍സ്.

'ഹലോ ഹലോ... പറയണത് കേള്‍ക്കുന്നുണ്ടോ?'- ഞാന്‍ കുറച്ച് ശബ്ദം കൂട്ടി.

'നീ പറ, കേള്‍ക്കുന്നുണ്ട്.'- അമ്മയുടെ ശബ്ദത്തിലെ ഒരു വെപ്രാളം ഞാന്‍ ശ്രദ്ധിച്ചു.

അതെനിക്ക് ആവേശം കൂട്ടി.

കുറച്ച് എരിവും പുളിയും ചേര്‍ത്ത് ചക്കരക്കുട്ടനെ ഞാന്‍ മോശക്കാരനാക്കി അവതരിപ്പിച്ചു. 'ഭക്ഷണം കഴിച്ചോ' എന്ന് പോലും ആരും ചോദിക്കാനില്ലാതെ വിഷമിക്കുന്ന എന്റെ കദന കഥ ഞാന്‍ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

എല്ലാം കേട്ട് മൂളിക്കൊണ്ടിരുന്ന അമ്മ പെട്ടെന്ന് ഒരു വലിയ ഒരു കുത്തിട്ട് നിര്‍ത്തി.

'ഒന്നും പറയാനില്ലേ'- ഞാന്‍ പിന്നേയും കടുപ്പിച്ച് ചോദിച്ചു.

'എന്ത് പറയാനാ! ഇത്രക്കും വിഷമിച്ചാണ് നീയവിടെ ജീവിക്കുന്നതെങ്കില്‍ ഇങ്ങോട്ട് പോന്നേക്ക്.'

'കളിയാക്കിയതാണോ, അതോ സീരിയസ്സായിട്ടാണോ പറഞ്ഞത്!'

ഞാന്‍ കണ്‍ഫ്യൂഷനിലായി.

'അല്ല, ഞാന്‍ വളരെ സീരിയസ്സാണ്. നീ നാളെ തന്നെ പോന്നേക്ക്.' - അമ്മ പിന്നേയും പറഞ്ഞു.

'അതെന്ത് വര്‍ത്താനമാ? ഞാനെന്താ വലിഞ്ഞ് കേറി വന്നതാണോ ഇവിടെ? എനിക്ക് ചോദിക്കാനും പറയാനുമൊന്നും ആരുമില്ലേ'- അമ്മയുടെ ആ നയം എനിക്കിഷ്ടപ്പെട്ടില്ല.

'നിനക്കിപ്പോ എന്താ വേണ്ടത്'-'അപ്പച്ചനും അമ്മയും കൂടെ ഇവിടെ വരണം. ഇവരെയൊക്കെ ചോദ്യം ചെയ്യണം. എന്നാലേ എനിക്കൊരു വെല കിട്ടൂ'

അതും സമ്മതിച്ച് അമ്മ ഫോണ്‍ വെച്ച് പോയി.

ശ്ശെ! ഈ ഒരു റിയാക്ഷനല്ല ഞാന്‍ പ്രതീക്ഷിച്ചത്.

മോളുടെ ഗതികേടോര്‍ത്ത് വിങ്ങിപ്പൊട്ടുന്ന ഒരമ്മയെ ആണ് ഞാന്‍ എനിക്ക് വേണ്ടിയിരുന്നത്. ഹും! എന്നോട് ഇറങ്ങിപ്പോന്നോളാന്‍! അതും നാളെ തന്നെ! ഇവര്‍ക്കെന്നോട് യാതൊരു സ്‌നേഹവുമില്ലേ? എന്റെ ജീവിതം നല്ല രീതിയില്‍ പോകണം എന്നൊന്നുമില്ലേ ഇവര്‍ക്ക്?

ഇറങ്ങി പോന്നോളാനേയ്. എങ്ങോട്ട്?

കാത്തിരുന്നോ, ഞാനിപ്പോ വരും?

എന്നില്‍ കുറ്റബോധം നിറഞ്ഞു. വേണ്ടായിരുന്നു, അങ്ങനൊന്നും ചക്കരക്കുട്ടനെ പറ്റി പറയരുതായിരുന്നു. എവിടെ, എവിടെ എന്റെ ചക്കരക്കുട്ടന്‍? വല്ലതും കഴിച്ചോ എന്തോ?

ഞാന്‍ ചക്കരക്കുട്ടനെ നോക്കി വരാന്തയിലെത്തിയപ്പോള്‍ ദേ, ഒരു നാലഞ്ച് പേപ്പറും നിവര്‍ത്തി വെച്ച് വായിച്ച് കൊണ്ടിരിക്കുന്നു. ന്യൂസ് കണ്ട് കൊണ്ടിരിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു അമ്മായി അമ്മ ഇങ്ങേരെ പെറ്റിട്ടത്.

'അതേയ്, ചായ കുടിച്ചോ?'- ഞാന്‍ അടക്കത്തോടെ ചോദിച്ചു.

'കുടിച്ചെങ്കില്‍?'

'എന്നാ വാ, കൊറച്ച് പുട്ട് തിന്നാം.'

കുറച്ച് കഴിഞ്ഞ് അമ്മ എന്നെ ഫോണ്‍ വിളിച്ചു.

'നീയെപ്പോഴാ വരണേ?'

'ഓ പിന്നേ! നിങ്ങടെ വാക്ക് കേട്ട് ഞാനങ്ങ് വരുവല്ലേ?'

'ഓ വരണില്ലേ. അപ്പോള്‍ അനുഭവിച്ചോ കേട്ടോ.'- അമ്മ ഫോണ്‍ വെച്ചു.

അയ്യേ! ഇവരെന്ത് മനുഷ്യത്തിയാണ്!

വാല്‍ക്കഷണം: പുട്ടിന്റെ കൂടെ ഇച്ചിരി പഞ്ചസാരയും പഴവും മിക്‌സ് ചെയ്ത് അമ്മ കൊഴച്ച് തന്നാല്‍ മാത്രം കഴിക്കാന്‍ നല്ല ഇതാണ്.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്