
ബലാത്സംഗക്കേസിൽ റാപ്പർ വേടൻ പ്രതിയായിരിക്കുന്നു. 31 -കാരിയായ യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസിൻറെ നടപടി. വേടൻ പ്രതിയായത് എങ്ങനെയാണ് ? വേടന് പറയാനുളളത് എന്താണ് ? കേസ് ഡയറി പരിശോധിക്കുന്നു.
ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം. എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷൻ. പതിവ് റോന്തിനായി ഉദ്യോഗസ്ഥർ തയാറെടുക്കുന്നു. സ്റ്റേഷൻ വയർലെസിനും വിശ്രമമില്ല. ജിഡി എൻട്രി ഉദ്യോഗസ്ഥനും തിരക്കിലാണ്. റിസ്പ്ഷനിലെ ഫോൺ ഒന്നിനുപിറകേ ഒന്നായി നിർത്താതെ ചിലയ്ക്കുന്നു. എസ് എച്ച് ഒയുടെ മുറിയിലും തിരക്കുണ്ട്. അസിസ്റ്റൻറ് പൊലീസ് കമ്മീഷണറും പുറത്തുപോയി തിരിച്ചെത്തിയതേയുളളു. ചെറിയ മഴച്ചാറ്റലിനിടയിലൂടെ ഒരു യുവതി കടന്നുവന്നു. റിസപ്ഷനിൽ ഇരുന്ന പൊലീസുകാരൻ തലയയുർത്തി നോക്കി. ‘’ എന്താണ് മാഡം? എന്താണ് കാര്യം? ‘’
‘’ ഒരു പരാതി അറിയിക്കാൻ വന്നതാണ്. എഴുതി കൊണ്ടുവന്നിട്ടുണ്ട് “”. ’’യുവതി കടലാസ് നീട്ടി.
റിസപ്ഷനിൽ ഇരുന്ന പൊലീസുകാരൻ അത് വായിച്ചു നോക്കി. സംഗതി ഗൗരവമുളളതാണ്. അയാൾ അകത്തേക്ക് പോയി. മേലുദ്യോഗസ്ഥരെ കാര്യങ്ങൾ ധരിപ്പിച്ചു. യുവതിയുടെ വിശദമായ മൊഴിയെടുക്കാൻ എസ് ഐ നിർദേശം നൽകി. വനിതാ എ എസ് ഐ പ്രീതയെ ഇതിനായി ചുമതലപ്പെടുത്തി. സ്റ്റേഷൻ ഹൗസ് ഓഫീസറേയും വിവരമറിയിച്ചു.
‘’ആർക്കെതിരെയാണ് ആരോപണം’’ എസ് എച്ച് ഒ ചോദിച്ചു .
ഹിരൺ ദാസ് മുരളി.
രാത്രി എട്ടുമണി. അപ്പോഴും ചാറ്റൽ മഴയുണ്ടായിരുന്നു. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ വനിതാ എ എസ് ഐ പ്രീതയ്ക്കുമുന്നിൽ യുവതി തൻറെ പരാതി പറഞ്ഞു തുടങ്ങി. താനൊരു ഡോക്ടറാണ്. 2019ൽ ആണ്കോഴിക്കോട് പഠിക്കാൻ എത്തിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിയെ പരിചയപ്പെടുന്നത്.. Vedan with word എന്ന ഇൻസ്റ്റാ ഐഡിയിലൂടെ വേടൻ ഇട്ട പാട്ടുകളും ഇൻറർവ്യൂവുകളും ഏറെ ഇഷ്ടപ്പെട്ടു. ഈ അഭിമുഖങ്ങളിലെ ചില ശരിതെറ്റുകൾ താൻ ഇൻസ്റ്റാ മെസേജിലൂടെ അറിയിച്ചു. വേടൻറെ മറുപടിയും വന്നു. തൻറെ നിരീക്ഷണങ്ങൾ ഏറെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. തങ്ങൾ മെസേജുകൾ കൈമാറുന്നതായി പതിവായി. ദിവസങ്ങൾക്കുളളിൽ അടുത്ത സുഹൃത്തക്കളായി. മൈബൈൽ ഫോൺ നന്പറുകൾ കൈമാറി. ചാറ്റുകളും ഫോൺവിളികളും ഏറിവന്നു. തങ്ങൾ തമ്മിൽ കൂടുതൽ അടുത്തു. തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ഒരു ദിവസം വേടൻ ഫോണിലൂടെ പറഞ്ഞു. തങ്ങൾ സംസാരിച്ചുകോണ്ടേയിരുന്നു.
പൊലീസുകാരൻ കൊണ്ടുവന്ന ചൂടുചായ ഒരു കവിൾ ഇറക്കി യുവ ഡോക്ടർ ബാക്കി സംഭവങ്ങൾ വിവരിച്ചു. ‘’2021 ഓഗസ്റ്റ് മാസത്തിലാണ്. തീയതി ഓർമയില്ല. അന്ന് താൻ കോഴിക്കോട്ടെ ഫ്ലാറ്റിലാണ് താമസം. കൂടെ താമസിച്ചിരുന്നവർ ഒപ്പമില്ല.
ഒരു ദിവസം വേടൻ ഫോണിൽ വിളിച്ചു. ‘’ താൻ എവിടെയാണ്. ഒന്നു നേരിൽക്കാണണം. കുറച്ചുകാര്യങ്ങൾ പറയാനുണ്ട് ‘’. എന്താണ് കാര്യമെന്ന് താൻ ചോദിച്ചു. നേരിൽപ്പറയാമെന്ന് മറുപടി.
’’എവിടെയാണ് താമസിക്കുന്നത് ലൊക്കേഷൻ ഇട്’’.
എന്താണ് കാര്യമെന്ന് താൻ വീണ്ടും ചോദിച്ചു. wash എന്ന ഫേസ് ബുക് പേജിൽ വന്ന ഒരു പോസ്റ്റിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് വേടൻ മറുപടി പറഞ്ഞു. താമസിക്കുന്ന സ്ഥലവും ലൊക്കേഷനും വേടന് അയച്ചുകൊടുത്തു.
എ എസ് ഐ പ്രീതയ്ക്കുമുന്നിൽ തല കുമ്പിട്ടിരുന്ന യുവതി ബാക്കി സംഭവങ്ങൾ കൂടി ഓർമിച്ചെടുത്തു. ’’അന്ന് ഉച്ചയ്ക്ക് ഒരു മണിയായിട്ടുണ്ടാകും. മൂന്നാം നിലയിലെ അപ്പാർട്മെൻറിൽ കോളിങ് ബെൽ ശബ്ദിച്ചു. താൻ ചെന്ന് വാതിൽ തുറന്നു . അത് വേടനായിരുന്നു. തങ്ങളിരുവരും ലിവിങ് റൂമിലേക്കെത്തി. ഫേസ് ബുക്കിൽ വന്ന പോസ്റ്റിനെക്കുറിച്ച് പറഞ്ഞാണ് വേടൻ തുടങ്ങിയത്. കുടിക്കാനെന്താണ് വേണ്ടതെന്ന് താൻ ഇടയ്ക്ക് ചോദിച്ചു.
‘’ഒന്നും വേണ്ട. താനിവിടെ വന്നിരിക്ക്. ചില കാര്യങ്ങൾ സീരിയസായി പറയാനുണ്ട്’’ വേടൻ പറഞ്ഞു. ഫ്ളാറ്റിലെ ലിവിങ് റൂമിൽ തറയിൽ ഒരു ബെഡ് വിരിച്ചിരുന്നു. നമുക്കിവിടെ ഇരുന്ന് സംസാരിക്കാമെന്ന് വേടൻ പറഞ്ഞു. താനും വേടനും നിലത്തിട്ട ബെഡിൽ അടുത്തടുത്തിരുന്നു.
ഫേസ് ബുക് പോസ്റ്റിനെക്കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്. പതിയെപ്പതിയെ വേടൻറെ സംസാരത്തിൻറെ ട്രാക്ക് മാറിത്തുടങ്ങി. അയാൾ കൂടുതൽ ചേർന്നിരുന്നു. ‘’തന്നെ ഞാൻ ഒന്നു കിസ് ചെയ്യട്ടെ’’ എന്ന് വേടൻ ചോദിച്ചു. അതിന് താൻ സമ്മതിച്ചു. പക്ഷേ അയാളുടെ അപ്രതീക്ഷിത പെരുമാറ്റം തന്നെ അന്പരിപ്പിച്ചു കളഞ്ഞു. ചുംബിച്ച ശേഷം വേടൻ തന്നെ ബെഡിലേക്ക് തളളിയിട്ടു. പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അയാൾ ബലം പ്രയോഗിച്ചു. അനുവാദം കൂടാതെ തന്നെ ബലാൽസംഗം ചെയ്തു.
കൈമുട്ടുകൾ മേശയിലൂന്നി കൈപ്പടകൊണ്ട് മുഖം മറച്ച് നാലുവർഷം മുന്പത്തെ സംഭവങ്ങൾ യുവതി വിവരിച്ചു. “തനിക്കതൊരു വലിയ മെൻറൽ ഷോക്കായിരുന്നു. വേടനോട് അന്നുതന്നെ താനത് പറഞ്ഞു.’’
‘’താൻ പേടിക്കുകയൊന്നും വേണ്ട. ഞാൻ തന്നെ കല്യാണം കഴിക്കും. ഉപേക്ഷിക്കില്ല’’ അന്നത്തെ ട്രോമയിൽ നിന്ന് അങ്ങനെയാണ് കരകയറിയത്. അയാളെ താൻ വിശ്വസിച്ചു പോയി. ചതിക്കുമെന്ന് കരുതിയില്ല. മൂന്നു ദിവസം തന്നോടൊപ്പം താമസിച്ചാണ് അന്ന് വേടൻ മടങ്ങിപ്പോയത്’’.
ഒരു കവിൾ ചായകൂടി കുടിച്ച് യുവതി തുടർന്നു. തങ്ങളുടെ ബന്ധം അതോടെ കൂടുതൽ ശക്തമായി.’’ അയാളെ താൻ മനസറിഞ്ഞ് വിശ്വസിച്ചു.’’
എ എസ് ഐ പ്രീതയ്ക്ക് ഇതിനിടെ ഒരു ഫോൺ കോൾ വന്നു. വേഗം തന്നെ മറുപടി പറഞ്ഞ് കോൾ കട്ടാക്കി. ‘’ ബാക്കികൂടി വിശദമായി പറയൂ. എഴുതിയെടുക്കട്ടെ’’. പ്രീത യുവതിയുടെ കണ്ണുകളിലേക്ക് നോക്കി . പുറത്തേക്ക് നോക്കിയിരുന്ന ആ മുപ്പത്തിയൊന്നുകാരി ശേഷിക്കുന്ന സംഭവങ്ങൾ കൂടി ഓർത്തെടുത്തു.
തങ്ങൾ ഫോണിലൂടെ എപ്പോഴും സംസാരിച്ചുകോണ്ടേയിരുന്നു. എല്ലാക്കാര്യങ്ങളും താൻ പറയുമായിരുന്നു. വേടൻ തൻറെ പാട്ടിനെക്കുറിച്ച് പറഞ്ഞു. എഴുത്തിനെപ്പറ്റി പറഞ്ഞു. അയാളുടെ ജീവിതം, സ്വപ്നങ്ങൾ എല്ലാമെല്ലാം പങ്കുവെച്ചു. ഫോണിലൂടെ പാട്ടുകൾ പാടി കേൾപ്പിച്ചു.
നാലുമാസം കഴിഞ്ഞിട്ടുണ്ടാകും. 2021 ഡിസംബർ എട്ടിനാണ്. പുലർച്ചെ വേടൻറെ കോൾ എത്തി. മുഖവുരയില്ലാതെ അയാൾ കാര്യം പറഞ്ഞു. തനിക്കൊരു പതിനായിരം രൂപ വേണം. പുതിയൊരു പാട്ടിറക്കാനാണ്. കൈയ്യിൽ കാശില്ല. എച്ച് ഡി എഫ് സി ബാങ്കിലെ തൻറെ അക്കൗണ്ടിൽ നിന്ന് വേടൻറെ സൗത്ത് ഇന്ത്യൻ ബാങ്കിലെ അക്കൗണ്ടിലേക്ക് അപ്പോൾ തന്നെ പതിനായിരം രൂപ നെറ്റ് ബാങ്കിങ് വഴി ഇട്ടുകൊടുത്തു. പത്തുദിവസം കൂടി കഴിഞ്ഞിട്ടാണ്. 2021 ഡിസംബർ 19ന് വേടൻ വീണ്ടും വിളിച്ചു. ഒരയ്യായിരം കൂടി വേണം. അന്നുതന്നെ പണമയച്ചു. പിന്നെ തന്നോട് കടം ചോദിക്കുന്നത് വേടന് പതിവായി. പലപ്പോഴായി 16000 രൂപയാണ് ഗുഗിൾ പേ വഴി അയച്ചുകൊടുത്തത്. ആകെ മുപ്പത്തിയോരായിരം രൂപ. ഇതും പോരാഞ്ഞ് പലപ്പോഴായി പലയിടങ്ങളിലേക്ക് താൻ ട്രെയിൻ ടിക്കറ്റും ബുക് ചെയ്ത് കൊടുത്തു. 8356 രൂപ അങ്ങനെയും ചെലവായി. പണം പോയതിലല്ല, തന്നെ പറഞ്ഞ് പറ്റിച്ചതിലാണ് വിഷമം .
രാത്രിയാണ്. പൊലീസ് സ്റ്റേഷന് പുറത്ത് മഴച്ചാറ്റൽ കൂടി വന്നു. വയർലെസ് സെറ്റിലെ പരുക്കൻ ശബ്ദങ്ങൾ മാത്രമാണ് ചുറ്റം മുഴങ്ങുന്നത്. ജനാലയിലൂടെ പുറത്തെ നോക്കിയിരുന്ന യുവതി ഓർമകളുടെ കെട്ടഴിച്ചു. 2022 മാർച്ച് 30നാണ്. അതൊരു ബുധനാഴ്ചയായിരുന്നു. രാത്രി പത്തുമണി കഴിഞ്ഞിട്ടുണ്ടാകും. അപ്രതീക്ഷിതമായി വേടൻ തൻറെ കോഴിക്കോട്ടെ ഫ്ലാറ്റിലേക്ക് കയറി വന്നു. പതിവുപോലെയായിരുന്നില്ല. സ്വബോധം നഷ്ടപ്പെട്ടിരുന്നു. എന്തോ ലഹരി മരുന്ന് കഴിച്ചിരുന്നു. അയാളുടെ പെരുമാറ്റത്തിൽ അത് വ്യക്തമായിരുന്നു. അന്ന് രാത്രി അയാൾ തന്നെ ലൈംഗികമായി ഉപയോഗിച്ചു. തനിക്ക് ബ്ലീഡിങ് ഉണ്ടായി. മൂന്നുദിവസം അന്നയാൾ തന്നോടൊപ്പം താമസിച്ചു.
രണ്ടുമാസം കഴിഞ്ഞ് ജൂൺ 22ന് വേടൻ വീണ്ടും വന്നു. അന്ന് സുഹൃത്തായ വിജിഷും കൂടെയുണ്ടായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞാണ് ഇരുവരും പോയത്. ആ ദിവസങ്ങളിലും വേടൻ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു.
2022 ജൂൺ അവസാനത്തോടെ താൻ കോഴക്കോട്ടെ പഠനമവസാനിപ്പിച്ചു. ഓഗസ്റ്റ് 2 മുതൽ കൊച്ചിയിലെ വാടക ഫ്ലാറ്റിലേക്ക് താമസം മാറി. നാലാം നിലയിലെ 204 നന്പർ ഫ്ലാറ്റിലായിരുന്നു താമസം. തന്നെത്തേടി വേടൻ അവിടെയും വന്നു. കുറച്ചുദിവസം ഒപ്പം താമസിച്ചു. 2023 മാർച്ചിൽ വേടൻറെ കൂട്ടുകാരനായ മിസാജിൻറെ എരൂരിലെ വീട്ടിലും തങ്ങൾ ഒരുമിച്ച് പോയി താമസിച്ചിട്ടുണ്ട്.
പക്ഷേ, കാര്യങ്ങൾ മാറിമറിഞ്ഞത് 2023 ജൂലൈ 14നാണ്. കൊച്ചി ലേ മെറീഡിയൻ ഹോട്ടലിൽ തൻറെ സംഗീത പരിപാടിയുണ്ടെന്നും അത് കഴിഞ്ഞ് ഫ്ലാറ്റിലേക്ക് വരുമെന്നും വേടൻ വിളിച്ചറിയിച്ചിരുന്നു. അയാളുടെ കൂട്ടുകാരായ അഖിൽ രാമചന്ദ്രനും മിസാജ് ബിൻ കലാമും നേരത്തെ തന്നെ ഫ്ലാറ്റിൽ എത്തിയിരുന്നു. തങ്ങൾ മൂവരും ഒരുമിച്ചാണ് ലേ മെറിഡിയൻ ഹോട്ടലിലേക്ക് പോയത്. പരിപാടി കഴിഞ്ഞ് രാത്രി തങ്ങൾ മടങ്ങിപ്പോന്നു. പക്ഷേ വേടൻ മാത്രം എത്തിയില്ല. ഫോൺ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.
തൊട്ടടുത്ത ദിവസം രാവിലെ പത്തുമണിയായിട്ടുണ്ടാകും . വേടൻ ഫ്ലാറ്റിലെത്തി. പതിവ് പെരുമാറ്റം ആയിരുന്നില്ല. ദേഷ്യത്തിലായിരുന്നു. താനെന്തെങ്കിലും പറയും മുന്പേ അയാൾ പൊട്ടിത്തെറിച്ചു. തനിക്കത് അപ്രതീക്ഷിതമായിരുന്നു. അയാളുടെ വായിൽ നിന്ന് പുറത്തുവന്ന വാക്കുകൾ തന്നെ തളർത്തിക്കളഞ്ഞു.
“നീയെന്താണിങ്ങനെ. ഇത്ര ടോകിസിക് ആകരുത്’’. അയാൾ തൻറെ മുഖത്തിനുനേരെ കൈചൂണ്ടി. ‘’ഇത്ര പൊസസീവ് ആകരുത്. എന്തിനാണ് എൻറെ കാര്യങ്ങളിൽ കൂടുതൽ ഇടപെടുന്നത്. എനിക്ക് ഇഷ്ടമുളളടത്ത് പോകും, ഇഷ്ടമുളളത് ചെയ്യും. അത് അന്വേഷിക്കാനൊന്നും വരേണ്ട’’. വേടൻറെ വാക്കുകൾ തൻറെ നെഞ്ചിലാണ് തറച്ചത്. . ‘’ മറ്റ് പെൺകുട്ടികളുമായി സെക്സ് ചെയ്താൽ നിനക്കെന്താണ് കുഴപ്പം. ചുമ്മാ ഇടയ്ക്ക് കയറി വരരുത്. ’’ പിന്നെ വായിൽ തോന്നിയതെന്തോക്കെയാ അയാൾ വിളിച്ചുപറഞ്ഞു. എല്ലാറ്റിനുമൊടുവിൽ വേടൻ പറഞ്ഞതാണ് തന്നെ തളർത്തിക്കളഞ്ഞത്
‘’നമുക്കിനി പിരിയാം. ഈ ബന്ധം ശരിയാകില്ല. മുന്നോട്ടുപോകാൻ പറ്റില്ല. ഈ ടോക്സിക് റിലേഷൻ എനിക്കിനി വേണ്ട’’. തനിക്ക് തല കറങ്ങുന്നതുപോലെ തോന്നി. ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. പിരായാമെന്ന് വേടൻ പറയുമെന്ന് കരുതിയിരുന്നില്ല. ബാക്കി ജീവിതം അയാൾക്കൊപ്പം താൻ സ്വപ്നം കണ്ടതാണ്. ഫ്ലാറ്റിലുണ്ടായിരുന്ന കൂട്ടുകാരെയും വിളിച്ച് തിരിഞ്ഞുനോക്കാതെ വേടൻ ഇറങ്ങിപ്പോയി.
കുറച്ചുസമയത്തേക്ക് തനിക്ക് മറ്റൊന്നും ഓർമയുണ്ടായിരുന്നില്ല. തലയ്ക്കൊരടിയേറ്റതുപോലെയായിരുന്നു. വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജീവനുതുല്യം സ്നേഹിച്ചയാളാണ് ഒരൊറ്റ നിമിഷം കൊണ്ട് ഗുഡ് ബൈ പറഞ്ഞുപിരിഞ്ഞുപോയത്. തനിക്കവനെ പിരിയാൻ കഴിയുമായിരുന്നില്ല, താൻ ഫോണെടുത്തുവിളിച്ചു.
‘’നമുക്ക് സമാധാനമായി സംസാരിക്കാം. എന്തുവേണമെങ്കിലും പറഞ്ഞുപരിഹരിക്കാം. ‘’ താൻ വേടനോട് പറഞ്ഞു. അയാൾ പക്ഷേ ഒന്നും കേട്ടില്ല. മറുപടി പറയാതെ കോൾ കട്ട് ചെയ്തു. പിന്നീട് പലവട്ടം താൻ വിളിച്ചു. ദിവസങ്ങളോളം ആ ഫോൺ വിളിയ്ക്കായി കാത്തിരുന്നു, മറുപടിയുണ്ടായില്ല. അതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തന്നെ വിവാഹം കഴിക്കാമെന്ന് വിഗ്ദാനം ചെയ്ത് അയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ആ വേർപിരിയിലനോട് പൊരുത്തപ്പെടാൻ തനിക്കായില്ല. കടുത്ത മാനസിക സംഘർഷത്തിലായി. ഡിപ്രഷൻ ചികിത്സക്ക് പോകേണ്ടിവന്നു. അത്രയ്ക്ക് മാനസികമായി താൻ തളർന്നു പോയിരുന്നു. ’. യുവതി പറഞ്ഞു നിർത്തി.
യുവതിയുടെ മുഖത്തേക്ക് നോക്കിയിരുന്ന എ എസ് ഐ പ്രീത അവസാനമായി ഒരു ചോദ്യം കൂടി ചോദിച്ചു. ‘’ഇതെല്ലാം സംഭവിച്ചിട്ട് മൂന്നു വർഷം കഴിഞ്ഞില്ലേ. അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് പരാതിപറയാൻ ഇത്രകാലം വൈകിയത്’’? കുറച്ചു സമയം ഉദ്യോഗസ്ഥയുടെ മുഖത്തേക്ക് നോക്കിയിരുന്ന യുവതി അതിൻറെ ഉത്തരം പറഞ്ഞു.
‘’അവൻ എൻറെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്നാണ് ഇത്രയും കാലം കരുതിയത്. അതിനായി കാത്തിരിക്കുകയായിരുന്നു. പുറത്തറിഞ്ഞാൽ മറ്റുളളവർ എന്തുപറയും എന്നതും താൻ ഭയപ്പെട്ടു. എന്നാൽ അടുത്തയിടെ മറ്റൊരു സ്ത്രീ കൂടി വേടനിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം ഒരു ഓൺലൈൻ മാധ്യമത്തിലൂടെ തുറന്നുപറഞ്ഞതോടെയാണ് താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് പരാതി നൽകിയത് ‘’. മൊഴി വായിച്ചുകേട്ട യുവതി അതിൽ ഒപ്പിട്ടു. ബലാൽസംഗത്തിന് കേസെടുക്കാൻ തൃക്കാക്കര എസിപി ഷിജു പി എസ് നിർദേശം നൽകി. ഇക്കഴിഞ്ഞ 31ന് പുലർച്ചെ 1.24 ന് 531 / 2025 ആയി വേടനെതിരെ എഫ് ഐ ആർ നിലവിൽ വന്നു .
പൊലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെ വേടനും നിയമനടപടി തുടങ്ങി. ബലാൽസംഗം, തുടർച്ചയായ ബലാൽസംഗക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ഒഴിവാക്കാനാകില്ല. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവിനെ വേടൻ സമീപിച്ചു. തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷയും നൽകി . ഈ ഹർജിയിൽ തനിക്കെതിരായ യുവതിയുടെ ആരോപണങ്ങൾക്ക് വേടൻ എന്ന ഹിരൺ ദാസ് മുരളി മറുപടി പറയുന്നത് ഇങ്ങനെയാണ്. പൊതുസമൂഹത്തിലുളള തൻറെ വിശ്വാസ്യത തകർക്കാൻ കഴിഞ്ഞ കുറേ കാലങ്ങളായി ശ്രമം നടക്കുന്നുണ്ട്. അതിൻറെ ഭാഗമാണ് ഇപ്പോഴത്തെ ആരോപണവും. സമാനമായ പരാതികൾ വിവിധ വ്യക്തികളിൽ നിന്ന് ഇനിയും ഉണ്ടാകുമെന്ന ഭീഷണി തനിക്ക് വേറെയും കിട്ടുന്നുണ്ട്. ഇത് തുടങ്ങിയിട്ട് കുറെ കാലമായി. ഇതിന് പിന്നിൽ ഒരുകൂട്ടം ആളുകളുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇക്കൂട്ടരുടെ ശ്രമമെന്ന് താൻ കരുതുന്നു. ഇതേപ്പറ്റി പരാതിപ്പെടാൻ ഒരുങ്ങുമ്പോഴാണ് ബലാൽസംഗക്കേസ് വരുന്നത്. താനും യുവതിയുമായി ബന്ധത്തിലായിരുന്നെന്ന മുഴുവൻ കാര്യങ്ങളും അംഗീകരിച്ചാൽപോലും അത് ബലാൽസംഗത്തിൻറെ പരിധിയിൽ വരില്ല. പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം തമ്മിൽ തെറ്റുമ്പോൾ ബലാൽസംഗ പരാതി നൽകുന്നത് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂർത്തിയായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് തനിക്കൊപ്പം ചെലവഴിച്ചതെന്ന് മൊഴിയിൽത്തന്നെയുണ്ട്. ഈ സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്നും മുൻകൂർ ജാമ്യം വേണമെന്നുമാണ് വേടൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
കേസെടുത്ത പൊലീസ് യുവഡോക്ടറുടെ രഹസ്യമൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. തെളിവെടുപ്പും ഉടനുണ്ടാകും. വേടന് മുൻകൂർ ജാമ്യം നൽകണോയെന്ന് ഹൈക്കോടതി തീരുമാനിക്കും. നെല്ലും പതിരും ചികഞ്ഞ് സത്യം കണ്ടെത്തേണ്ടത് പൊലീസാണ്.