അമേരിക്കൻ വാസം അവസാനിപ്പിച്ച് ഹാരിയും മേഗനും യുകെയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. അമേരിക്കയിൽ രാജകുടുംബവുമായുള്ള ബന്ധം വെളിപ്പെടുത്തി പണം സമ്പാദിച്ചെങ്കിലും, ഇപ്പോൾ താരമൂല്യം ഇടിഞ്ഞതോടെയാണ് ഈ മടക്കം. ഈ തിരിച്ചുവരവിൽ ചാൾസുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വില്യമുമായുള്ള അകലം കുറയ്ക്കുന്നത് എളുപ്പമായിരിക്കില്ല.
ഹാരിയും മേഗനും അമേരിക്കൻ വാസം മതിയാക്കി, തിരികെ യുകെയിലേക്ക് വരികയാണ്. രാജകൊട്ടാരവുമായി ആലോചിച്ചല്ല തീരുമാനം. കഴിഞ്ഞ മാസം ചാൾസിനെ കാണാനെത്തിയപ്പോഴും ഈ വിവരം ഹാരി പറഞ്ഞിരുന്നില്ല. ചാൾസിനെ അറിയിച്ചത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. സുരക്ഷാ ആശങ്കകളും സ്വകാര്യതാ ലംഘനവും ഒക്കെ മാറ്റിവച്ചോ എന്നാണ് പൊതുവേ ഉയരുന്ന സംശയം. മാധ്യമങ്ങളുടെ വിലയിരുത്തൽ വിമർശനത്തിന്‍റെ രൂപത്തിലാണ്. പ്രത്യേകിച്ചും ഡെയ്ലിം മെയിലുമായുള്ള നിയമയുദ്ധത്തിൽ തോറ്റതോടെ.
വിറ്റഴിഞ്ഞ താരമൂല്യം
ലണ്ടന് പുറത്തുള്ള കൊട്ടാരത്തിന്‍റെതല്ലാത്ത വസതിയിലായിരിക്കും ഹാരിയുടെയും കുടുംബത്തിന്‍റെയും താമസം. മക്കൾ, ആർച്ചിയുടെയും ലിലിബത്തിന്‍റെയും സ്കൂൾ അഡ്മിഷൻ ഒക്കെ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഗാർഡിയൻ റിപ്പോർട്ട്. മാധ്യമങ്ങൾ നിരന്തരം പിന്തുടരുന്നു, മേഗനെ വേട്ടയാടുന്നു, കൊട്ടാരത്തിലെ അംഗങ്ങൾ തന്നെ മേഗനെകുറിച്ച് മോശമായി സംസാരിക്കുന്നു, വംശീയാധിക്ഷേപം നടത്തുന്നു എന്നൊക്കെ ആരോപിച്ചാണ് ഹാരിയും മേഗനും അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെത്തിയ ശേഷം ഇതൊക്കെതന്നെ പുസ്തകമായും അഭിമുഖങ്ങളായും ഇറക്കി. സ്പെയർ എന്ന പുസ്തകത്തിന് റെക്കോർഡ് അഡ്വാൻസാണ് കിട്ടിയത്. 20 മില്യൻ. 6 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞു.

ക്ഷമിക്കുമോ, വില്യം?
ഹോളിവുഡിലും താരമൂല്യം ഉണ്ടായിരുന്നു. ഒക്കെയും വിറ്റുപോയി. നെറ്റ് ഫ്ലിക്സ് സീരിസായി, പോഡ്കാസ്റ്റുകളായി. എല്ലാറ്റിനും കോടികൾ വരുമാനം. പക്ഷേ, തുടക്കത്തിൽ കിട്ടിയ താരമൂല്യം രാജകൊട്ടാരവുമായി ബന്ധപ്പെട്ടായിരുന്നു. അതിന് മാത്രമാണ് വില കിട്ടിയതും. ഹോളിവുഡിലെ പൊതുസാഹചര്യം മോശമായതും പ്രതികൂലമായി. നെറ്റ്ഫ്ലിക്സിലെ മേഗന്‍റെ സീരീസ് റദ്ദായി. AS EVER -മായുള്ള അസോസിയേഷനും നെറ്റ് ഫ്ലിക്സ് റദ്ദാക്കി. തിരിച്ചുവരവ് എളുപ്പമാണ്. പക്ഷേ, കൊട്ടാരവുമായുള്ള ബന്ധം വിളക്കിച്ചേർക്കൽ എളുപ്പമായിരിക്കില്ലെന്നാണ് മാധ്യമപക്ഷം. ചാൾസുമായി കൂടിക്കാഴ്ച നടന്നെങ്കിലും വില്യവുമായുള്ള അകലം കുറഞ്ഞിട്ടില്ല. എല്ലാം മറന്ന് എല്ലാം ക്ഷമിച്ചൊരു സ്വാഗതം എന്തായാലും ഉണ്ടാവില്ല. അതിന് സമയമെടുക്കുമെന്നാണ് പൊതുപക്ഷം.


