എൽ നിനോ ചതിച്ചു, ഗതാഗതം നിയന്ത്രിച്ച് പാനമ കനാൽ; യുഎസ് വിപണിക്ക് കനത്ത തിരിച്ചടി

Published : Aug 25, 2026, 03:06 PM IST
Panama Canal Issue

Synopsis

ശക്തമാകുന്ന എൽ നിനോ പ്രതിഭാസം പാനമ കനാലിൽ കടുത്ത ജലക്ഷാമത്തിന് കാരണമായിരിക്കുന്നു. ഇതുമൂലം കനാൽ അഥോറിറ്റി കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയത് ആഗോള വിതരണ ശൃംഖലയെയും വ്യാപാരത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വർധിച്ച കാത്തിരിപ്പ് സമയവും ഉയർന്ന ചരക്കുനിരക്കുകളും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ൽ നിനോ പ്രതിഭാസം ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും ശക്തമാവാൻ പോകുന്നുവെന്ന് അറിയിച്ചിരിക്കയാണ് യുകെയിലെ കാലാവസ്ഥാ കേന്ദ്രം. 2027 ഏറ്റവും ചൂടുകൂടിയ വർഷമായിരിക്കുമെന്നും. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തം. അതിന് പ്രതീക്ഷിക്കാത്തൊരു തിരിച്ചടിയുമുണ്ടായിരിക്കുന്നു. കപ്പലുകളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തി പാനമ കനാൽ അഥോറിറ്റി. മഴ കുറഞ്ഞു, വെള്ളവും. അതാണ് കാരണം. കാത്തുകിടക്കുന്ന കപ്പലുകളുടെ എണ്ണം കൂടുകയാണ് ഓരോ ദിവസവും. അല്ലെങ്കിൽ തന്നെ ഹോ‍ർമൂസിലെ പ്രതിസന്ധി മറികടക്കാൻ പാടുപെടുകയാണ് കപ്പൽ ഗതാഗതമേഖല. ഇതുംകൂടിയായപ്പോൾ ഇരട്ടിയായി പ്രഹരം.

പാനമ കനാൽ

ഏതാണ്ട് 14,000 കപ്പലുകളാണ് ഒരു വർഷം പാനമ കനാൽ കടക്കുന്നത്. അറ്റ്ലാന്‍റിക്, പസഫിക് സമുദ്രങ്ങൾക്കിടയിലെ പാലമാണ് പാനമ. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ കരീബിയൻ കടലും പസഫികും തമ്മിൽ ബന്ധിപ്പിക്കുന്നത്. 65 കിമീ നീളം. തന്ത്രപ്രധാനമായ രണ്ട് കൃത്രിമ കനാലുകളിൽ ഒന്ന്. സ്യൂയസ് കനാലാണ് മറ്റൊന്ന്. അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങൾക്കിടയിലെ കപ്പൽദൂരം 15,000 കിമീ കുറയ്ക്കുന്നതാണ് പാനമ കനാൽ. അല്ലെങ്കിൽ കപ്പലുകൾ തെക്കേ അമേരിക്ക ചുറ്റിപ്പോകണം. യൂറോപ്പും കിഴക്കനേഷ്യയും തമ്മിലെ ദൂരവും കുറയും. നിർമ്മിച്ചത് അമേരിക്ക. മുമ്പ് ഫ്രഞ്ച് ശ്രമം പരാജയപ്പെട്ടിരുന്നു. കനാൽ നിർമ്മിക്കാൻ അമേരിക്ക തീരുമാനിച്ചപ്പോൾ കൊളംബിയ എതിർത്തു. അന്ന് കൊളംബിയയുടെ ഭാഗമായിരുന്നു മുമ്പ് സ്പാനിഷ് കോളനിയായിരുന്ന പാനമ. പാനമയുടെ സ്വാതന്ത്ര്യത്തിന് അമേരിക്ക സഹായിച്ചു. എന്നിട്ട് കനാൽ നിർമ്മാണം തുടങ്ങി. അമേരിക്കയാണ് 1979 വരെ കനാൽ നിയന്ത്രിച്ചത്. പിന്നെ നിയന്ത്രണം അമേരിക്കയും റിപബ്ലിക്ക് ഓഫ് പാനമയും സംയുക്തമായി രൂപീകരിച്ച പാനമ കനാൽ കമ്മീഷന് വിട്ടുകൊടുത്തു.

നിയന്ത്രണം യുഎസിന്

ഇതൊക്കെയാണെങ്കിലും അമേരിക്കയാണ് കൂടുതലും നിയന്ത്രിക്കുന്നത്. അടുത്തിടെയാണ് പാനമ നിയന്ത്രിക്കുന്നത് ചൈനയാണെന്ന് ട്രംപ് ആരോപിച്ചത്. അതോടെ ഹോങ്കോങ് നിയന്ത്രിച്ചിരുന്ന രണ്ട് തുറമുഖങ്ങൾ പാനമ പിടിച്ചെടുത്തു. ചൈനയുടെ കപ്പലുകൾ ആകെ ചരക്ക് നീക്കത്തിന്‍റെ 21 ശതമാനം വരുമെങ്കിലും ചൈന, കനാൽ നിയന്ത്രിക്കുന്നതിന്‍റെ തെളിവൊന്നും ആർക്കും കിട്ടിയിട്ടില്ല. പക്ഷേ, ട്രംപിന്‍റെ ആരോപണം പിടിച്ചെടുക്കലിന് കാരണമായി. ഹോങ്കോങ് പരാതിയും നൽകി. കനാലിന്‍റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന ആഗ്രഹം ട്രംപ് മറച്ചുവച്ചിട്ടില്ല. ഇതൊക്കെ അതിനുപിന്നിലെ രാഷ്ട്രീയം. പാനമയ്ക്ക് അതൊരു വരുമാന മാർഗവുമാണ്. വർഷം ഏതാണ്ട് 3 ബില്യൻ ഡോളർ. കാർഗോ അനുസരിച്ചാണ് വാടക. 1914 -ൽ ഏർപ്പെടുത്തിയ തുക '73 വരെ നിലനിന്നു. നഷ്ടമായപ്പോഴാണ് തുക കൂട്ടിയത്.

പാനമ കനാൽ ലോക്ക്

കപ്പലുകൾക്ക് അനുമതി കിട്ടാൻ ചിലപ്പോൾ 25 മണിക്കൂറെടുക്കും. കനാൽ കടക്കാൻ 10 മണിക്കൂർ. ടെർമിനസിൽ നിന്ന് കയറുന്ന പൈലറ്റുമാരാണ് കപ്പൽ അത്രയും ദൂരം നിയന്ത്രിക്കുക. ഒരേസമയം ഒന്നിൽ കൂടുതൽ കപ്പലുകൾക്ക് സ‌ഞ്ചരിക്കാൻ കഴിയും. സഞ്ചാര രീതിയാണ് അത്ഭുതകരം. പ്രത്യേക അറയിലേക്ക് കപ്പൽ കയറ്റി, ആ അറയിലേക്ക് ഗറ്റുൻ തടാകത്തിലെ വെള്ളം ശക്തിയായി കടത്തിവിടും. വെള്ളത്തിന്‍റെ അളവനുസരിച്ച് ഉയരുന്ന കപ്പൽ അടുത്ത അറയിലേക്ക് കടക്കും. അങ്ങനെ മൂന്നറകൾ. അതാണ് ഗറ്റുൻ ലോക്ക് (Gatun Lock). അതോടെ ഗറ്റുൻ തടാകത്തിലെത്തും കപ്പൽ. അത് അറ്റ്ലാന്‍റിക് സമുദ്രത്തിന്‍റെ വശത്താണ്. പിന്നെ പസഫിക്കിലേക്ക്, അതേപോലെ രണ്ട് ലോക്കുകളുണ്ട്, പെഡ്രോ മിഗുവലും (Pedro Miguel), മിറാഫ്ലോറസും (Miraflores). മൂന്നറകൾ കടന്ന് താഴുന്ന കപ്പൽ പസഫിക് സമുദ്രത്തിലെത്തും. വലിയ കപ്പലുകൾ കടത്തിവിടാൻ പുതിയ ചാലുകളും പുതിയൊരു കൂട്ടം ലോക്കുകളുമുണ്ട് ഇപ്പോൾ.

വെള്ളം വേണം

ഒരുപാട് വെള്ളം വേണ്ടുന്ന രീതിയാണിത്. പക്ഷേ, മഴ കൂടുതലുള്ള പ്രദേശമായതുകൊണ്ട്, വെള്ളത്തിന് ക്ഷാമമുണ്ടാവാറില്ല. എന്നാൽ, ഇപ്പോൾ കഥയതല്ല. മഴ കുറഞ്ഞു. കപ്പലുകൾ ഉയർത്താനും താഴ്ത്താനും വെള്ളം ധാരാളം വേണം. അതാണ് കപ്പലുകളുടെ എണ്ണം കുറയ്ക്കാൻ കനാൽ അഥോറിറ്റി നിർബന്ധിതരാവുന്നത്. സെപ്തംബർ 15 തുടങ്ങി ദിവസം 32 എന്ന് പരിമിതപ്പെടുത്താനാണ് തീരുമാനം.

ഉയരുന്ന നികുതികൾ

പാനമയിൽ മഴക്കാലം ഡിസംബർവരെയാണ്. എൽ നിനോ ഏറ്റവും കടുത്ത രൂപത്തിലായതുകൊണ്ട് ഇതുവരെ കിട്ടേണ്ട മഴ പോലും കിട്ടിയിട്ടില്ല. കപ്പലുകളിലെ ചരക്കിന്‍റെ അളവ് നിയന്ത്രിക്കാനാണ് ഇപ്പോഴത്തെ നിർദ്ദേശം. അതുവഴി, കപ്പൽ ഉയർത്താൻ വേണ്ടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാം. അതോടെ സർചാർജ് കൂട്ടി കപ്പൽകമ്പനികൾ. റിസർവേഷൻ സിസ്റ്റത്തിലാണ് കനാൽ പ്രവർത്തിക്കുന്നത്. സ്ലോട്ടുകൾ നേരത്തെ ബുക്ക് ചെയ്യണം. ഇല്ലെങ്കിൽ ലേലത്തിൽ പങ്കെടുക്കണം. അതിന്‍റെയും തുക കൂടിയിട്ടുണ്ട്. 1 ലക്ഷം മുതൽ 3,80,000 വരെ. ചിലത് 4 മില്യൻ വരെ.

നീളുന്ന കാത്തിരിപ്പ്

ഇറാൻ യുദ്ധവും ഹോർമൂസ് പ്രതിസന്ധിയും കാരണം ഓഗസ്റ്റിന്‍റെ തുടക്കത്തിൽ തന്നെ കാത്തിരിപ്പ് സമയം കൂടിയിരുന്നു. ഒരാഴ്ചയിൽ കൂടുതൽ കാത്തുകിടന്നു കപ്പലുകൾ. ചിലത് ഒരുമാസം. അങ്ങനെയാണ് ഒരു കപ്പൽ 4 മില്യൻ ഡോള‍ർ അധികം കൊടുത്ത് കനാൽ കടന്നത്. ഇപ്പോൾ എൽ നീനോ നിയന്ത്രണം കൂടിയായതോടെ കാത്തിരിപ്പ് സമയം പിന്നെയും കൂടുകയാണ്. സ്വാഭാവികമായും ഇത് വിതരണ ശൃംഖലകളെ ബാധിക്കും. വില കൂടും. ഉപഭോക്താവിനായിരിക്കും ഭാരം. എൽനിനോ കാരണം വരൾച്ചയുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലൊന്ന് പാനമ കനാൽ പ്രദേശമാണ്. ലോകത്തെ 5 ശതമാനം ചരക്കുനീക്കം ഇതുവഴിയാകുമ്പോൾ, നിയന്ത്രണം തിരിച്ചടിയാകുമെന്നുറപ്പ്.

ആഗോള വ്യാപാരത്തിന് ഇറാൻ യുദ്ധം തന്നെ തിരിച്ചടിയായിരിക്കുന്ന സമയത്ത്, പാനമയിലെ നിയന്ത്രണം സ്ഥിതി വഷളാക്കുമെന്നാണ് ആശങ്ക. 2024 -ലും '25 -ലും എൽനിനോ കാരണമുണ്ടായ വരൾച്ച കാരണം ഗറ്റുൻ തടാകത്തിലെ ജലനിരപ്പ് ഒരുപാട് കുറഞ്ഞിരുന്നു. അതോടെ ദിവസേനയുള്ള കപ്പൽഗതാഗതം ചുരുക്കേണ്ടിയും വന്നു.

തേടുന്ന പുതുവഴി

കപ്പലുകൾക്ക് മറ്റൊരു വഴിയുണ്ട്. അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് അടുപ്പിക്കുക. എന്നിട്ട് കരവഴി കിഴക്കേ തീരത്തെത്തിക്കുക. ചെലവ് പിന്നെയും കൂടും. വിലയും. പക്ഷേ, പല ഇറക്കുമതി കമ്പനികളും ഇപ്പോൾ ആവഴി തെരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോർട്ട്. അതോടെ അവിടെയും തിരക്കേറി.

തിരിച്ചടി

അമേരിക്കൻ ഉപഭോക്താക്കൾക്ക് ഇതെല്ലാം കനത്ത തിരിച്ചടിയാണ്. ഹോർമൂസ് പ്രതിസന്ധി അവരെ വലുതായി ബാധിച്ചിരുന്നില്ല. ഇറക്കുമതി ആ വഴി വരാറില്ല. പക്ഷേ, 40 ശതമാനം ഇറക്കുമതിയും പാനമ വഴിയാണ്. ഇറാൻ പ്രതിസന്ധി കാരണം, പാനമ വഴി വിദേശ കപ്പൽ ഗതാഗതത്തിനുള്ള അനുമതി നീട്ടിയിരുന്നു പ്രസി‍ഡന്‍റ്. അതും കുഴപ്പത്തിലായി. കനാലിലേക്കുള്ള വെള്ളം കൂട്ടാൻ റിയോ ഇൻഡിയോ റിസർവോയർ (Rio Indio Reservoir) പദ്ധതിക്ക് തത്വത്തിൽ തീരുമാനമായിട്ടുണ്ട്. പക്ഷേ, നിർമ്മാണം തുടങ്ങിയിട്ടില്ല. എൽപിജി കൊണ്ടുപോകാൻ പൈപ്പ്ലൈനും ആലോചിക്കുന്നുണ്ട്. നടപ്പിലാകാൻ സമയമെടുക്കും. എൽ നിനോയെ തടുക്കാൻ തൽകാലം മാർഗങ്ങളില്ല.

PREV
Read more Articles on
click me!

Recommended Stories

ഇടഞ്ഞ് യുഎഇ, അടവ് പിഴച്ച് ഹോർമൂസ്, യുഎസ് ഉപരോധവും; ഇറാൻ പ്രതിസന്ധിയിലേക്ക്?
വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറിയുടെ രാജി, ട്രംപിനെ ന്യായീകരിക്കാൻ ഇതുപോലെ ഇനി മറ്റാര്?