തകർന്ന് വീഴുന്ന അമേരിക്കന്‍ വിമാനങ്ങളും ട്രംപിന്‍റെ വിചിത്ര കണ്ടെത്തലും

Published : Feb 05, 2025, 12:08 PM IST
തകർന്ന് വീഴുന്ന അമേരിക്കന്‍ വിമാനങ്ങളും ട്രംപിന്‍റെ വിചിത്ര കണ്ടെത്തലും

Synopsis

വാഷിങ്ടൺ ഡിസിയിലുണ്ടായ വിമാനാപകടം ചില വെളിപ്പെടുത്തലുകൾക്കും പുനരാലോചനകൾക്കും വഴിവച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങളുള്ള ആകാശത്താണ് അപകടം നടന്നിരിക്കുന്നത്, എന്നാൽ എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് വലിയൊരു പ്രതിസന്ധിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ട്രംപിന്‍റെ കണ്ടെത്തല്‍ മറ്റൊന്നാണ്. വായിക്കാം ലോകജാലകം. 


മേരിക്കയിൽ വാഷിങ്ടൺ ഡിസിയിലുണ്ടായ വിമാനാപകടം ചില വെളിപ്പെടുത്തലുകൾക്കും പുനരാലോചനകൾക്കും വഴിവച്ചിരിക്കുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സുരക്ഷാ നിയന്ത്രണങ്ങളുള്ള ആകാശത്താണ് അപകടം നടന്നിരിക്കുന്നത്. അതേസമയം ഏറ്റവും കൂടുതൽ വ്യോമഗതാഗതമുള്ള മേഖലയുമാണിത്. അതോടൊപ്പം രാജ്യത്ത് എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവ് വലിയൊരു പ്രതിസന്ധിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു .

64 പേരുള്ള അമേരിക്കൻ എയർലൈൻസ് യാത്രാ വിമാനവും മൂന്ന് പേരുള്ള സൈനിക ഹെലികോപ്ടറും കൂട്ടിയിടിച്ച് വീണത് തണുത്തുറഞ്ഞ പോട്ടോമാക് നദിയിലേക്ക്. രക്ഷാപ്രവർത്തനവും ദുഷ്കരമായി. മൃതദേഹങ്ങൾ ഒന്നൊന്നായി വീണ്ടെടുത്ത് തുടങ്ങുകയും ആരും ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പാവുകയും ചെയ്തതോടെ കാരണങ്ങളെക്കുറിച്ചായി അന്വേഷണം. 16 വർഷത്തിലേറെയായി വലിയ അപകടങ്ങളില്ലാതെ പറന്നിരുന്ന അമേരിക്കൻ എയർലൈൻസിന് എന്തുപറ്റിയെന്നായി ആദ്യം.

രാജ്യത്തിത് 20 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ അപകടം. ഓർമ്മിപ്പിച്ചത് വാഷിങ്ടൺ ഡിസിയിൽ തന്നെ  40 വർഷം മുമ്പ് നടന്ന മറ്റൊരു അപകടമാണ്. അന്ന് എയർ ഫ്ലോറിഡ വിമാനം പോട്ടോമാക് നദിയിലെ പാലത്തിൽ ഇടിച്ച് തകർന്നപ്പോൾ മരിച്ചത് 74 യാത്രക്കാരും റോഡിലൂടെ സഞ്ചരിച്ചിരുന്ന 4 പേരുമാണ്. വാഷിങ്ടണിൽ നിന്ന് ഫ്ളോറിഡക്ക് പോകുകയായിരുന്ന വിമാനം വൈറ്റ് ഹൗസിൽ നിന്ന് മൈലുകൾക്ക് മാത്രമകലെ ഇടിച്ചിറങ്ങി. 5 പേർ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ടു. പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ കത്തിയമർന്നു. അന്ന്, കാരണമായി കണ്ടെത്തിയത് കാലാവസ്ഥ കണക്കുകൂട്ടലിലെ തെറ്റുകളാണ്. ശക്തമായ ശീതക്കാറ്റ് കാരണം വിമാനത്തിന്‍റെ ചിറകുകളിൽ ഐസ് കട്ടിയായിരുന്നു.

Read More: തീവ്ര വലതുപക്ഷത്തിന് വേണ്ടി മസ്ക്; അസ്വസ്ഥതയോടെ യൂറോപ്പ്

പലതവണ രക്ഷപ്പെടൽ

അതിന് ശേഷവും പലതവണ അപകടത്തോട് അടുത്തെത്തിയിട്ടുണ്ട്. പലപ്പോഴും കഷ്ടിച്ചാണ് കൂട്ടിയിടി ഒഴിവാകുന്നത് എന്നാണ് മേഖലയിലുള്ളവരുടെ അഭിപ്രായം. പക്ഷേ, അതൊന്നും യാത്രക്കാർ അറിയാറില്ല. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും അത്തരം സംഭവങ്ങൾ നടന്നിരുന്നു. അതും വാഷിങ്ടണിലെ തന്നെ റീഗൻ നാഷണൽ വിമാനത്താവളത്തിൽ. യാത്രാ വിമാനങ്ങൾ തമ്മിലും സൈനിക ഹെലികോപ്ടറുകൾ തമ്മിലും കൂട്ടിയിടി കഷ്ടിച്ച് ഒഴിവായിട്ടുണ്ട്. അപകടം ഉണ്ടാകാത്തത് അത്ഭുതമെന്നാണ് ഒരുപക്ഷം. രണ്ട് വിമാനങ്ങൾക്ക് ഒരേസമയം ലാൻഡ് ചെയ്യാൻ അനുമതി കിട്ടി. കോക്പിറ്റ് മുന്നറിയിപ്പ് സംവിധാനം കാരണം രക്ഷപ്പെട്ടതാണ്. അങ്ങനെ പലതുണ്ട് സംഭവങ്ങൾ. പക്ഷേ, അപകടം വരെയെത്തിയില്ലെന്ന് മാത്രം.

അപകടങ്ങൾ കൂടിക്കൂടി വരുന്നത് കാരണം അത്തരം സംഭവങ്ങളുടെ ഓഡിറ്റ് പ്രഖ്യാപിച്ചു ഫെഡറൽ ഏവിയേഷന്‍ അഥോറിറ്റി (Federal Aviation Authority). ഇതിനെല്ലാം കാരണമായി ചൂണ്ടിക്കാണിക്കുന്ന ഒരു കാരണം, അത്ഭുതപ്പെടുത്തുന്ന കാരണം, എയർ ട്രാഫിക് കൺട്രോളർമാരുടെ കുറവാണ്. ഇപ്പോഴത്തെ അപകടം നടന്ന സമയത്ത് ഒരൊറ്റ എയർ ട്രാഫിക് കൺട്രോളറേ ഉണ്ടായിരുന്നൊള്ളൂവെന്ന് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം അത് സാധാരണമാണെന്നും.

റോണൾഡ് റീഗൻ വിമാനത്താവളം

റോണൾഡ് റീഗൻ വാഷിംഗ്ടൺ വിമാനത്താവളത്തിലെ റൺവേ രാജ്യത്ത് തന്നെ ഏറ്റവും തിരക്കേറിയതാണ്. കൂട്ടിയിടിയുടെ വക്കത്തെത്തുന്ന സംഭവങ്ങൾ പലതാണത്രെ അവിടെ. വാഷിങ്ടൺ ഡിസിയിലെ വ്യോമമേഖല നിയന്ത്രണങ്ങൾ ഒരുപാടുള്ളതാണ്. വിമാനങ്ങൾക്ക് പറക്കാൻ അനുവാദമുള്ള ആകാശത്തിന്‍റെ അതിരുകൾ തീരെ നേർത്തതാണ്. ആലങ്കാരികമായി പറഞ്ഞാൽ, കാപ്പിറ്റോൾ, വൈറ്റ്ഹൗസ്, പെന്‍റഗൺ, പിന്നെയും ചില ചരിത്രസ്മാരകങ്ങൾ... ഇവക്കൊന്നും മുകളിലൂടെ കമേഴ്സ്യൽ വിമാനങ്ങൾക്ക് പറക്കാൻ പറ്റില്ല. റീഗൻ എയർപോ‍ർട്ടിൽ എത്ര വിമാനങ്ങൾക്ക് പറന്നിറങ്ങാമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസാണ്. പുതിയ പുതിയ സ്ഥലങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസ് വേണമെന്ന് ആവശ്യപ്പെടുന്നതും സമ്മർദ്ദം ചെലുത്തുന്നതും പതിവുമാണ്. ഉന്നത ഉദ്യോഗസ്ഥരെയും കൊണ്ടുപറക്കുന്ന സ്വകാര്യ വിമാനങ്ങളും ഹെലികോപ്ടറുകളും വേറെ. ചെറിയ പാതകൾ, കൂടുതൽ ഗതാഗതം, സിവിലിയൻ, സൈനിക ഗതാഗതം എല്ലാം ഒരേസമയം. തമ്മിൽ തീരെ നേർത്ത അതിർവരമ്പേയുള്ളൂ. പക്ഷേ, അപ്പോഴും ഇതാണ്, ഏറ്റവും സുരക്ഷിതമെന്നും നിയന്ത്രിതമെന്നും കരുതപ്പെടുന്ന വ്യോമമേഖലയും.

Read More:   അനധികൃത സ്വർണ്ണ ഖനികളില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ ഭരണകൂട 'കൂട്ടക്കൊല'

അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ പൈലറ്റ് ഹെലികോപ്ടർ കണ്ടിരുന്നു. ഹെലികോപ്ടർ പൈലറ്റ് എയർട്രാഫിക് കൺട്രോളുമായി അപകടത്തിന് തൊട്ടുമുമ്പ് ബന്ധപ്പെട്ടിരുന്നു. രണ്ട് എയർക്രാഫ്റ്റും കൺട്രോള‌മാർക്കും കാണാമായിരുന്നു. പക്ഷേ, നിമിഷങ്ങൾക്കകം കൂട്ടിയിടി നടന്നു. സിവിലിയൻ മേഖലയിൽ പറക്കുന്ന സൈനിക ഹെലികോപ്ടറിൽ ട്രാൻസ്പോണ്ടർ (Transponder) ഘടിപ്പിക്കേണ്ടതായിരുന്നു എന്നൊരു നിരീക്ഷണമുണ്ട്. കൻസസിലെ വിച്ചിറ്റയിൽ നിന്നാണ് വിമാനം പറന്നുയർന്നത്. ബ്ലാക്ക് ഹോക്ക് (Black Hawk) ഹെലികോപ്റ്റർ വിർജീനിയയിലെ സൈനിക കേന്ദ്രത്തിൽ നിന്നും. ഹെലികോപ്ടർ പക്ഷേ, അനുവദിക്കപ്പെട്ട ഉയരപരിധി ലംഘിച്ചാണ് പറന്നതെന്ന് പറയപ്പെടുന്നുണ്ട്. ദൃക്സാക്ഷി മൊഴി അനുസരിച്ച് വിമാനം പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു. പിന്നാലെ തീപ്പൊരികള്‍ പറന്നു. രണ്ടും അസാധാരണരീതിയിലാണ് പറന്നിരുന്നത് എന്നുപറയുന്നു മറ്റൊരാൾ. വിമാനം പല കഷ്ണങ്ങളായി ചിതറിയാണ് നദിയിലേക്ക് വീണത്.  ഹെലികോപ്ടർ തലകുത്തനെയും.

യുഎസ് വിമാന ദുരന്ത ചരിത്രം

അമേരിക്കൻ വിമാനദുരന്തങ്ങളുടെ പട്ടിക അത്ര ചെറുതല്ല. 2000 -ൽ അലാസകൻ എയർലൈൻസ് ശാന്തസമുദ്രത്തിൽ വീണ് 88 പേർ മരിച്ചു. 2001 -ൽ ന്യൂയോർക്കിൽ അമേരിക്കൻ എയർലൈൻസ് വിമാനം തകർന്ന് വീണ് മരിച്ചത് 260 പേർ. 2006 -ൽ കെന്‍റക്കിയിൽ കൊമെയർ (Comair) വിമാനം തകർന്ന് മരിച്ചത് 49 പേർ. 2009 -ൽ നെവാർക്കിൽ നിന്ന് പറന്നുയർന്ന കോണ്ടിനെന്‍റൽ എയർലൈൻസ് (Continental Airlines) വിമാനം ന്യൂയോർക് ബഫല്ലോയിലെ വിമാനത്താവളത്തിലിറങ്ങും മുമ്പ് ഒരു വീട്ടിലേക്ക് ഇടിച്ചിറങ്ങി. 49 പേരാണ് അന്ന് മരിച്ചത്. അതാണ് അമേരിക്കൻ വിമാനാപകടങ്ങളുടെ സമീപകാല ചരിത്രം. ഇതിപ്പോൾ ഡിസിയിലായതാണ് അമ്പരപ്പിന്‍റെ ഒരു കാരണം.
 
ട്രംപിന്‍റെ കണ്ടെത്തൽ

ഇതിനിടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇതിനെല്ലാം കാരണം കണ്ടുപിടിച്ചു. എയർട്രാഫിക് കൺട്രോളർമാരെ നിയമിക്കുന്നതിൽ ജോ ബൈഡനും ബരാക് ഒബാമയും വരുത്തിയ പിഴവുകളാണ് കാരണമെന്നായി. വൈവിധ്യവും തുല്യതയും അംഗീകരിക്കൽ (Diversity, equity and inclusion -DEI) പദ്ധതി പ്രകാരമുള്ള നിയമനങ്ങലാണ് ലക്ഷ്യമിട്ടത്. പദ്ധതി തന്നെ ട്രംപ് നിർത്തലാക്കിയിരുന്നു. എന്തിനാണ് പദ്ധതിയെ കുറ്റം പറയുന്നത് എന്ന ചോദ്യത്തിന് തനിക്ക് സാമാന്യ ബുദ്ധിയുള്ളത് കൊണ്ട് എന്നായിരുന്നു ഉത്തരം. അത് വേറെ പലർക്കും ഇല്ലെന്ന് കുറ്റപ്പെടുത്തലും.

Read More:  പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവന്ന യുഎസ് പ്രസിഡന്‍റ് / ഇസ്രയേൽ പക്ഷപാതി; ട്രംപിന്‍റെ തെരഞ്ഞെടുപ്പ് എന്താവും?

പ്രസിഡന്‍റിന്‍റെ വാർത്താ സമ്മേളനം കേൾക്കുകയും കാണുകയും ചെയ്തവർ തലയ്ക്ക് കൈവച്ചു എന്നത് മറ്റൊരു കഥ. പരമ്പരാഗതമായ എല്ലാറ്റിനേയും അട്ടിമറിക്കുന്ന പ്രസി‍ഡന്‍റ് എന്ന വിളിപ്പേര് നിലനിർത്താനുള്ള പങ്കപ്പാടായി വ്യാഖ്യാനിച്ചു പലരും അതിനെ. പക്ഷേ, അമ്പരപ്പാണ് ഭൂരിപക്ഷത്തിനും. കഴിവുള്ള ആൾക്കാരെ നിയമിക്കാത്തതിന് ആദ്യം കിട്ടിയത് ഒബാമക്കും ബൈഡനും. പക്ഷേ, അതിൽ  DEI പദ്ധതിയെ കുറ്റം പറഞ്ഞതിലാണ് അമ്പരപ്പ്. എന്നാലീ അമ്പരപ്പ് വേണ്ടാ എന്നാണ് നിരീക്ഷകപക്ഷം. കാരണം, ട്രംപിന്‍റെ അനുയായികൾക്ക് DEI നിയമനങ്ങളോട് നേരത്തെ തന്നെ എതിർപ്പുണ്ടായിരുന്നു. കഴിവില്ലാത്തവർ കയറിപ്പറ്റുന്നു എന്ന ആരോപണം. മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം. രാജ്യം അങ്ങനെ മുന്നോട്ട് കുതിക്കും എന്ന ട്രംപിന്‍റെ ഉദ്ഘാടന പ്രസംഗം അതിനുള്ള തെളിവാണ്.

എന്താണ് കാരണമെന്ന് അറിയില്ല, അന്വേഷണം നടക്കുന്നു. പക്ഷേ, ഫലമറിയുന്നത് വർഷങ്ങൾ കഴിഞ്ഞാവും എന്നും പ്രസിഡന്‍റ് പറഞ്ഞു. അതിലിത്തിരി സത്യമുണ്ടെന്ന് നിരീക്ഷകരും കരുതുന്നു. ഫലം പ്രഖ്യാപിക്കുമ്പോഴേക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കും. അർഹിക്കുന്ന പലർക്കും നീതിയും കിട്ടില്ല. അത് അമരിക്കയിൽ മാത്രമുള്ള പ്രതിഭാസമല്ല താനും. ഭൂരിപക്ഷം രാജ്യങ്ങളിലുമുണ്ട്. പക്ഷേ, പ്രസിഡന്‍റ് തന്നെ വ്യവസ്ഥിതിയിൽ അവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ജനത്തിന്‍റെ അവസ്ഥ എന്താകും എന്നതാണ് ചോദ്യം. അതുമാത്രമല്ല, അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്കും ജനങ്ങൾക്കും നൽകുന്ന ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാക്കും പ്രസിഡന്‍റിന്‍റെ ഇത്തരം വിരുദ്ധ പ്രസ്താവനകൾ എന്നതിൽ തർക്കമില്ല.

Read More:   രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ട്രംപ്; ഗ്രീന്‍ലന്‍ഡിൽ സുരക്ഷയോ ഖനനാധികാരമോ പ്രശ്നം?

വിശ്വസ്തരുടെ കൂട്ടം

പക്ഷേ, ട്രംപിനെ പ്രശംസിച്ച് കൊണ്ട് വിശ്വസ്തരെല്ലാമെത്തി. പ്രതിരോധ സെക്രട്ടറി, മുൻ ഫോക്സ് ന്യൂസ് അവതാരകനായിരുന്ന പീറ്റ് ഹെഗ്സെത്ത് (Pete Hegseth) പ്രശംസിച്ചത് ട്രംപിന്‍റെ ധൈര്യവും നേതൃത്വവും. വൈസ് പ്രസിഡന്‍റ് ജെഡി വാൻസും (JD Vance) അതേവഴി തന്നെ. അപകടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിയിരുന്നത് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (National Transportation Safety Board) ആണ്. അവർക്കതിന് അവസരം കൊടുത്തില്ല. ഗതാഗത സെക്രട്ടറി ഷോൺ ഡഫിയും (Sean Duffy)   പ്രസിഡന്‍റിനെ പ്രശംസിച്ച് ട്രംപിന്‍റെ മുൻഗാമികളെ കുറ്റപ്പെടുത്തി പിൻവാങ്ങി. സ്വന്തം സാമാന്യബുദ്ധിയെ പുകഴ്ത്തി, പറക്കുന്നത് അപകടകരമല്ല അതുതന്നെയാണ് ഏറ്റവും സുരക്ഷിതം എന്നും പറഞ്ഞ് പ്രസിഡന്‍റും പോയി.

പ്രതികാരം തീര്‍ത്ത് ട്രംപിന്‍റെ തുടക്കം

പ്രസിഡന്‍റായതോടെ പ്രതികാര നടപടികളും ഡോണൾഡ് ട്രംപ് തുടങ്ങിയിരുന്നു. രാഷ്ട്രീയ വൈരം തീർക്കാനുള്ള ഉപകരണങ്ങളാകില്ല രാജ്യത്തെ നിയമവും നീതിന്യായ വ്യവസ്ഥയും എന്നായിരുന്നു ട്രംപിന്‍റെ ഉദ്ഘാടന പ്രസംഗം. അതുവെറുതേ എന്ന് തെളിഞ്ഞിരിക്കുന്നു. ഉന്നത സൈനിക കമാണ്ടർ സ്ഥാനത്ത് നിന്ന് വിരമിച്ച ജനറൽ മാർക്ക് മില്ലിയ്ക്ക്  (Gen. Mark Milley) നൽകിയിരുന്ന സുരക്ഷയും ക്ലിയറൻസും പെന്‍റഗൺ പിൻവലിച്ചു. ട്രംപിന്‍റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ചുമതലയേറ്റ ശേഷം ആദ്യം ചെയ്തത് അതാണ്. മാത്രമല്ല, പെന്‍റഗണിൽ നിന്ന് മില്ലിയുടെ ഔദ്യോഗിക പദവിയിലെ ചിത്രവും നീക്കി.

തന്നോട് കൊമ്പുകോർത്ത പലരേയും ട്രംപ് ലക്ഷ്യമിട്ടു കഴിഞ്ഞു. കൊവിഡ് കാലത്ത് ട്രംപിന്‍റെ സ്വന്തമായിരുന്ന ആന്‍റണി ഫൗച്ചി (Anthony Fauci) അടക്കം. അതിന്‍റെ ബാക്കിയാണ് ജനറൽ മാർക്ക് മില്ലി. ചൈനീസ് സൈനികോദ്യാഗസ്ഥനുമായി മില്ലി നടത്തിയ ഫോൺകോളുകൾ രാജ്യദ്രോഹമെന്ന് മുദ്രകുത്തിയാണ് നടപടി. അമേരിക്ക ആണവായുധം പ്രയോഗിക്കില്ലെന്ന് ചൈനയെ ആശ്വസിപ്പിക്കുകയായിരുന്നു മില്ലി.

Read More:   യുക്രൈയ്ന്‍ യുദ്ധത്തിൽ നിലച്ച് പോയ എണ്ണ ഒഴുക്ക്; നഷ്ടം റഷ്യയ്ക്ക്, ലാഭം ആര്‍ക്ക്?

മറ്റ് സെക്രട്ടറിമാരുമായി കൂടിയാലോചിച്ചാണ് ഫോൺ സംഭാഷണമെന്ന മില്ലിയുടെ വിശദീകരണമൊന്നും വിലപ്പോയില്ല. ആദ്യകാലത്ത് ട്രംപ് സംഘത്തിലായിരുന്ന ജനറൽ മില്ലി പിന്നീട് തെറ്റിയിരുന്നു. ട്രംപിനെ ഫാഷിസ്റ്റ് എന്നും രാജ്യത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെന്നും മില്ലി വിശേഷിപ്പിച്ചതായി ബോബ് വുഡ്‌വാർഡിന്‍റെ (Bob Woodward) പുസ്തകത്തിൽ പറഞ്ഞിരുന്നു. 2023 -ൽ വിരമിക്കൽ പ്രസംഗത്തിൽ, സൈന്യം ഒരു ഏകാധിപതിയ്ക്കായി പ്രതിജ്ഞയെടുക്കില്ലെന്നും ജനറൽ മില്ലി പറഞ്ഞു.

എന്തായാലും ജനറലിനെതിരായി കൂടുതൽ നടപടികൾ ഉണ്ടാവില്ല. കാരണം, ഇറങ്ങുംമുമ്പ് ജോ ബൈഡൻ നൽകിയ പ്രസിഡൻഷ്യൽ പാർഡണുകളുടെ കൂട്ടത്തിൽ മില്ലിയുടെ പേരുമുണ്ടായിരുന്നു. പക്ഷേ, അന്വേഷണത്തിന് ഉത്തരവുണ്ട്. സൈനിക ഉദ്യോഗസ്ഥ തലത്തിൽ നിന്ന് തരംതാഴ്ത്തലുണ്ടായേക്കും. ബൈഡൻ മാപ്പ് നൽകിയവരുടെ കൂട്ടത്തിൽ മുൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ (Mike Pompeo), മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ (John Bolton) അങ്ങനെ പലരുണ്ട്.
 

PREV
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്