അബ്രഹാം അക്കോർഡ്സിൽ സൗദി അറേബ്യയെയും ഉള്‍പ്പെടുത്തി ഇറാനെതിരെ പശ്ചിമേഷ്യന്‍ സംഖ്യം രൂപീകരിക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യം. അത് സൗദി അറേബ്യയ്ക്കും താത്പര്യമുള്ളതാണ്. പക്ഷേ, പലസ്തീനെ അങ്ങനെ വിട്ടുകളയാന്‍ സൗദി അറേബ്യ ഒരുക്കമല്ലെന്നതാണ് ട്രംപിന് മുന്നിലെ പ്രധാന തടസം.  

ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നത് വരെ വെടിനിർത്തൽ ധാരണയ്ക്ക് നെതന്യാഹു സമ്മതിക്കില്ലെന്ന് ഒരൂഹമുണ്ടായിരുന്നു നിരീക്ഷകർക്ക്. ജോ ബൈഡനെക്കാൾ ഇസ്രയേലിനോട് സ്നേഹം ട്രംപിനായിരിക്കുമെന്ന് വ്യക്തമായിരുന്നു നെതന്യാഹുവിന്. പക്ഷേ, അതിൽ മാറ്റങ്ങൾ വന്നേക്കാം എന്നാണിപ്പോഴത്തെ വായന. ചില മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. ബൈഡന്‍റെ സമ്മർദ്ദം ചെറുത്തത് പോലെ, നെതന്യാഹുവിന് ട്രംപിന്‍റെ സമ്മർദ്ദം ചെറുക്കാനായില്ല. ധാരണ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചത് തന്നെ അതിനുള്ള തെളിവാണ്. ട്രംപിന്‍റെ പ്രതിനിധി വിറ്റ്കോഫ് ചർച്ചകൾക്കായി ഖത്തറിലേക്ക് പോയിരുന്നു. ധാരണ പ്രഖ്യാപിച്ച ഖത്തർ പ്രധാനമന്ത്രി, വിറ്റ്കോഫിന് നന്ദിയും പറഞ്ഞു. മിഷിഗണിലെ അറബ് അമേരിക്കൻ സമൂഹവും ട്രംപിന്‍റെ ഇടപെടലിന് നന്ദി അറിയിച്ചു.

ഒന്നാം ട്രംപ് സർക്കാർ

ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഭരണകാലം ഇസ്രയേലിന്‍റെ താൽപര്യങ്ങളും സ്വപ്നങ്ങളും കണക്കിലെടുത്ത് കൊണ്ടായിരുന്നു എന്നതിൽ തർക്കമില്ല. അതിനേറ്റവും വലിയ ഉദാഹരണം ജറുസലേമിൽ അമേരിക്കൻ എംബസി തുറന്നതാണ്. 2018 മേയ് 14 -ന്. അതുവരെയുള്ള അമേരിക്കൻ യൂറോപ്യൻ നേതാക്കളാരും ചെയ്യാൻ തയ്യാറാവാതിരുന്ന കാര്യം. ജറുസലേമിൽ അമേരിക്കക്ക് ഭൂമിയുണ്ട്, പാട്ടത്തിന് എടുത്തതാണ്. പക്ഷേ, ജറുസലേമിന്‍റെ സ്റ്റേറ്റസ് സമാധാന കരാറിലൂടെ തീരുമാനമാകും വരെ എംബസി അവിടെ വേണ്ടെന്ന് തിരുമാനിച്ചത് എല്ലാ രാജ്യങ്ങളും ചേർന്നാണ്. അങ്ങനെ എംബസികൾ ടെൽ അവീവിലേക്ക് മാറ്റി. പക്ഷേ, ട്രംപ് ആ ധാരണ തിരുത്തിക്കുറിച്ചു. അമേരിക്കയിൽ നിന്ന് ട്രംപിന്‍റെ പ്രതിനിധികളായെത്തിയത് മകൾ ഇവാന്‍ക ട്രംപും ഭർത്താവ് ജാരെഡ് കുഷ്നെറുമാണ്. ഇസ്രയേലിന്‍റെ പ്രീതിയും ക്രൈസ്തവരുടെ വോട്ടും. രണ്ടും ട്രംപിന്‍റെ ലക്ഷ്യമായിരുന്നു. ഉദ്ഘാടന ദിവസം ഗാസയിൽ ഇസ്രയേലി സൈനികരുടെ വെടിയേറ്റ് 50 ഓളം പലസ്തീൻകാർ കൊല്ലപ്പെട്ടു. 

(ബന്ദികളെ വിട്ടയക്കുന്ന വെടിനിര്‍ത്തൽ കരാർ അംഗീകരിക്കപ്പെട്ടപ്പോൾ ഇസ്രയേലില്‍ ഉയർന്ന പ്ലേക്കാര്‍ഡ്)

ട്രംപിന് മേൽക്കൈ; ഗാസയിൽ വെടി നിർത്തൽ ധാരണ, സമാധാനം

ട്രംപിന്‍റെ മറ്റൊരു നടപടി ഇറാനുമായുള്ള ആണവ ധാരണയിൽ നിന്ന് പിൻമാറിയതാണ്. അതിന് ശേഷം ഗോലാൻ കുന്നുകളിൽ ഇസ്രയേലിന്‍റെ ആധിപത്യം അംഗീകരിച്ചു. അതായത് ഗോലാൻ കുന്നുകൾ കൈയേറിയ നടപടി അംഗീകരിച്ചു. അതും ലോകരാജ്യങ്ങൾ തമ്മിലെ ധാരണക്ക് വിരുദ്ധമായിരുന്നു. സൈനിക നടപടിയിലൂടെ മേഖലകൾ പിടിച്ചെടുക്കരുത് എന്ന ധാരണ.

ഇതെല്ലാം പോരാതെയാണ് അറബ് രാജ്യങ്ങളും ഇസ്രയേലുമായുള്ള സൗഹൃദക്കരാറിന് തുടക്കമിട്ടത്, 2020 -ലെ അബ്രഹാം അക്കോർഡ്സ് (Abraham Accords). ട്രംപിന്‍റെ പശ്ചിമേഷ്യൻ ഉപദേഷ്ടാവായ ജാരെഡ് കുഷ്നെറാണ് അതിന്‍റെ ശിൽപി. യുഎഇ, മൊറോക്കോ, സുഡാന്‍, ബഹ്റിന്‍ ഇവരെല്ലാം ഇസ്രയേലുമായി കരാറിലൊപ്പിട്ടു. അമേരിക്ക അവർക്കെല്ലാം ചില പ്രത്യുപകാരങ്ങളും ഉറപ്പുനൽകി. രാജ്യങ്ങൾ അറബ് സമാധാന നീക്കം ഉപേക്ഷിച്ചു, ഇസ്രയേലിനെ അംഗീകരിച്ചു. 'പലസ്തീന് സ്വതന്ത്ര രാജ്യം' എന്ന ആവശ്യം തന്നെ മാറ്റിവച്ചു. അബ്രഹാം അക്കോർഡ്സിൽ പക്ഷേ, സൗദി അറേബ്യ ഒപ്പിട്ടിരുന്നില്ല. ഇസ്ലാം മതവിശ്വാസികളുടെ ഏറ്റവും വിശുദ്ധമായ രണ്ട് ആരാധനാ കേന്ദ്രങ്ങൾ, മക്കയും മദീനയും ഉള്ള രാജ്യം. സുന്നി മുസ്ലിം രാജ്യങ്ങളുടെ നേതാവ്, ശക്തർ. സൗദിയുടെ പിന്തുണ കിട്ടിയാൽ ഇസ്രയേലിന് അത് വലിയൊരു നേട്ടമാകും. അമേരിക്കക്ക്, മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നു. ചൈനയുടെ പശ്ചിമേഷ്യൻ നീക്കങ്ങൾ തടയുക.

സൗദി അറേബ്യ

സൗദി അറേബ്യ, പലസ്തീനികളെ അങ്ങനെ കൈവിടാൻ ഒരുക്കവുമായിരുന്നില്ല. ട്രംപിന് പിന്നാലെ ബൈഡനും സൗദിയെ പ്രേരിപ്പിച്ച് നോക്കി. നടന്നില്ലെന്നാണ് റിപ്പോർട്ട്. പക്ഷേ, അത് നടക്കാൻ പോകുന്നു എന്ന് ഹമാസ് വിശ്വസിച്ചു. അവർ പദ്ധതിയിട്ടിരുന്ന ആക്രമണം കുറച്ച് നേരത്തെയങ്ങ് നടപ്പാക്കി. അതായിരുന്നു 2023 ഓക്ടോബർ ഏഴിന് ലോകം കണ്ടത്. ട്രംപിന്‍റെ ലക്ഷ്യം സൗദി തന്നെയാണ്. സൗദി കൂടി അബ്രഹാം അക്കോർഡ്സിൽ പങ്കാളിയായാൽ അത്, പശ്ചിമേഷ്യയിലെ ഇറാൻ വിരുദ്ധ സഖ്യം കൂടിയാകും. അത് സൗദിക്കും താൽപര്യമുള്ള വിഷയമാണ്. പക്ഷേ, പലസ്തീൻ വിട്ടൊരു ധാരണക്ക് സൗദി അറേബ്യ തയ്യാറാവില്ലെന്നാണ് നിരീക്ഷണം. 

(ബന്ദികളെ വിട്ട് കൊടുക്കുന്നതനിടെ ഹമാസ് സായുധ സംഘം തെരുവില്‍ അണിനിരന്നപ്പോൾ.)

രാജ്യങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ട്രംപ്; ഗ്രീന്‍ലന്‍ഡിൽ സുരക്ഷയോ ഖനനാധികാരമോ പ്രശ്നം?

ബൈഡൻ സർക്കാർ, പലസ്തീന്‍റെ അവകാശങ്ങൾ അംഗീകരിച്ചിരുന്നു. ബൈഡന്‍റെ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍റെ വാക്കുകളാണ് അതിന്‍റെ ഏറ്റവും വലിയ തെളിവ്. ഗാസയിലെ വംശഹത്യക്ക് ഉത്തരവാദി എന്നാരോപിച്ച് ബ്ലിങ്കനെതിരെ കൈയേറ്റമുണ്ടായെങ്കിലും ബ്ലിങ്കന്‍റെ അറ്റ്ലാന്‍റിക് കൗൺസിലിലെ പ്രസംഗം ഇസ്രയേലിനുള്ള മുന്നറിയിപ്പായിരുന്നു. 'അവകാശങ്ങളില്ലാത്ത ജനതയായി പലസ്തീനെ തള്ളിക്കളയാമെന്ന് വിചാരിക്കേണ്ട. പലസ്തീനുമായി എന്തുതരത്തിലെ ബന്ധം വേണമെന്ന് ഇസ്രയേലിന് തീരുമാനിക്കാം. 70 ലക്ഷം ജൂതരും 50 ലക്ഷം പലസ്തീനികളും ഒരേമണ്ണിന്‍റെ അവകാശികളാണ്. അവരെങ്ങും പോകാൻ പോകുന്നില്ല' എന്നാണ് ബ്ലിങ്കൻ പറഞ്ഞത്. 

ഡോണൾഡ് ട്രംപ് എന്ത് തീരുമാനമെടുക്കും എന്നാണ് ഇനി അറിയേണ്ടത്. പലസ്തീന് വേണ്ടി വാദിക്കുമോ അതോ 'അബ്രഹാം അക്കോർഡ്സ്' എന്ന തന്‍റെ സിഗ്നേച്ചർ നയം, 'പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവന്ന അമേരിക്കൻ പ്രസിഡന്‍റ്' എന്ന ബഹുമതി വേണ്ടെന്നുവച്ച്, ഇസ്രയേലിലെ തീവ്രവലത് പക്ഷത്തെ പിന്തുണക്കുമോ?