
കുട്ടികൾ പുരോഗതിയുടെ ദീപസ്തംഭങ്ങളും ഭാവി ഇന്ത്യയുടെ ശിൽപികളുമാണ്. മറ്റെന്ത് പോരായ്മകളുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന നിലപാടാണ് രാജ്യം എല്ലായ്പ്പോഴും ഉയർത്തിപ്പിടിച്ചിട്ടുള്ളത്. എന്നാൽ, അതേ ഇന്ത്യയിലാണ്.. കേരളത്തിലാണ് ഒരു കുഞ്ഞ്, ഒന്നര പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവിൽ, കടുത്ത നീതിനിഷേധത്തിന്‍റെ പ്രതീകമായി മാറിയത്. കടലൂരിലെ ധനലക്ഷ്മി. പല ബ്രേക്കിങ് ന്യൂസുകൾക്കിടയിലൂടെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കോടതി വിധി, മെയ് 29 -നാണ് മൂവാറ്റുപുഴ പോക്സോ പ്രത്യേക കോടതിയിൽ നിന്നും പുറത്തുവന്നു. ഏഴ് വയസുകാരിയുടെ ക്രൂരമായ മരണം കൊലപാതകമെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. അതിനാൽ മൂന്ന് പ്രതികളെയും വെറുതെ വിടുന്നുവെന്നതായിരുന്നു ആ വിധി.
2011 -ൽ തമിഴ്നാട്ടിലെ കടലൂരിൽ നിന്ന് ആലുവയിലെ അഭിഭാഷകന്‍റെ വീട്ടില്‍ അടിമവേലയ്ക്കെത്തിച്ച ഏഴ് വയസുകാരിയെ ക്രൂരമായി ഉപദ്രവിക്കുകയും, പട്ടിണിക്കിടുകയും ചെയ്തെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച കേസില്‍, എല്ലാ പ്രതികളെയും സംശയത്തിന്‍റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടു. ഒന്നര പതിറ്റാണ്ട് വൈകിയെത്തിയ വിധിയില്‍ വീട്ടുടമകളായ സിന്ധു, ഭർത്താവും അഭിഭാഷകനുമായ ജോസ് കുര്യന്‍, കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്ന തമിഴ്നാട് സ്വദേശി നാഗപ്പന്‍. മൂവരും കുറ്റവിമുക്തരായി. സമീപകാല കേരളത്തിന്‍റെ നീതിന്യായ ചരിത്രത്തില്‍ നമ്മുടെ സംവിധാനങ്ങള്‍ പൊറുക്കാനാവാത്ത അലംഭാവത്തോടെ സമീപിച്ചൊരു കേസായി കടലൂരിലെ ധനലക്ഷ്മിയുടെ മരണം മാറി.
തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ വിരുദാചലം താലൂക്കിലെ കരിവേപ്പിലാംകുറിച്ചി ഗ്രാമത്തില്‍ ജനിച്ച ധനലക്ഷ്മി. അഞ്ച് മക്കളിൽ ഇളയവൾ. ദാരിദ്ര്യത്തോടും പട്ടിണിയോടും പൊരുതി ജീവിച്ച കർഷക കുടുംബം. മക്കളെ എങ്ങനെയെങ്കിലും പഠിപ്പിച്ച് നല്ലൊരു ജീവിതത്തിലേക്ക് എത്തിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ സ്വപ്നം.
ആ സമയത്താണ് ബന്ധുവായ നാഗപ്പൻ വീട്ടിലെത്തിയത്. താൻ കേരളത്തിലേക്ക് പോവുകയാണെന്നും പെണ്‍കുട്ടിയെ തനിക്കൊപ്പം വിട്ടാൽ കേരളത്തിലെ വിദ്യാലയത്തിൽ ചേർത്ത് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാമെന്നും നാഗപ്പൻ, ധനലക്ഷ്മിയുടെ വീട്ടുകാർക്ക് വാഗ്ദാനം നൽകി. നാഗപ്പൻറെ വാക്ക് വിശ്വസിച്ച കുടുംബം രണ്ടാം ക്ലാസുകാരിയായ മകളെ നല്ല ഭാവി മുന്നിൽ കണ്ട് അമ്മാവനൊപ്പം പറഞ്ഞുവിട്ടു. 2011 ജനുവരി 14 -ന് പൊങ്കല്‍ ദിനത്തില്‍ പെണ്‍കുട്ടി നാഗപ്പന്‍റെ കൈ പിടിച്ച് കേരളത്തിലേക്ക് വണ്ടി കയറി. പുതിയ സ്കൂൾ, പുതിയ കൂട്ടുകാർ, പുതിയ ജീവിതം അതായിരുന്നു ആ കുഞ്ഞിന്‍റെ സ്വപ്നം. എന്നാല്‍, അതെല്ലാം ആലുവ അശോക പുരത്തെ വീട്ടുവാതില്‍ക്കല്‍ അവസാനിച്ചു.
പണം വാങ്ങി, കുട്ടിയെ കൈമാറിയെന്നാണ് പൊലീസ് അന്വേഷണത്തിൽ പിന്നീട് ആരോപിച്ചത്. പിന്നീടങ്ങോട്ട്, പെണ്‍കുട്ടിയുടെ ജീവിതം നരകതുല്യമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഏഴ് വയസുകാരി ആ വീടിനുള്ളിൽ ഒരായുസിനുമപ്പുറം സഹിക്കാവുന്നതെല്ലാം ഒരു മാസത്തിനിടെ അനുഭവിച്ചു. വീട്ടിലെ നായകളെ നോക്കണം, നായക്കൂട് കഴുകണം, സകല ജോലികളും ചെയ്യണം, ഒരു നേരം പോലും ഭക്ഷണമില്ല, ഒന്നുറങ്ങാൻ അനുവാദമില്ല, ദേഷ്യം വന്നാൽ ഫോർക്ക് കൊണ്ട് കുത്തും. സിഗരറ്റ് കൊണ്ട് പൊള്ളിക്കും. തിളച്ച വെള്ളം ദേഹത്തൊഴിക്കും. വടികൊണ്ടടിക്കും. ഒരുമാസത്തിനുള്ളില്‍ പെൺകുട്ടി മെലിഞ്ഞുണങ്ങി എല്ലും തോലുമായി, സെപ്റ്റീമിയയും ന്യൂമോണിയയും ബാധിച്ചു, അവശനിലയിലായ കുട്ടിയെ ഫെബ്രുവരി 22 -നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ആദ്യം ആലുവയിലെ സാമിരറ്റൻ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കുകളോടെയൊരു കുട്ടി ആശുപത്രിയിൽ എത്തിയതിന് അറിഞ്ഞ് ചൈൽഡ് ലൈൻ പ്രവർത്തകരും ധനലക്ഷ്മിയെ കാണാനെത്തി. 2011 ഫെബ്രുവരി 24 -ന് പുലർച്ചെ 1 മണിക്ക് ഡോക്ടർമാർ ധനലക്ഷ്മിയുടെ മരണം സ്ഥിരീകരിച്ചു.
മരണത്തിന് മുന്‍പ് ആ കുഞ്ഞിന്‍റെ ശരീരത്തിൽ 57 മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നഖങ്ങളിലെ രക്തസ്രാവം, സിഗരറ്റ് പൊള്ളലുകൾക്ക് സമാനമായ പാടുകൾ, പഴയതും പുതിയതുമായ മുറിവുകൾ, ഗുരുതര അണുബാധ ഒടുവിൽ അത് രക്തത്തിലേക്ക് പടർന്നതും ന്യൂമോണിയയും മരണകാരണങ്ങളായി ഡോക്ടർമാർ രേഖപ്പെടുത്തി. കുട്ടിയുടെ മരണം പുറംലോകം അറിഞ്ഞതോടെ പൊലീസ് കൊലപാതകം, മനുഷ്യക്കടത്ത്, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. തൊട്ടടുത്ത ദിവസം 2011 ഫെബ്രുവരി 25 -ന് പൊലീസ് സിന്ധുവിന്‍റെയും ജോസ് കുര്യന്‍റെയും നാഗപ്പന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി.
തുടർന്ന് തെളിവെടുപ്പ്, സാക്ഷിമൊഴികൾ, കുറ്റപത്രം എന്നിവ പൂർത്തിയാക്കി കേസ് വിചാരണ ഘട്ടത്തിലെത്തി. വിവിധ കോടതികളിലൂടെ സഞ്ചരിച്ച കേസ്, ഒടുവിൽ എസ്.സി/എസ്.ടി, പോക്സോ കേസുകൾ പരിഗണിക്കുന്ന മൂവാറ്റുപുഴ പ്രത്യേക കോടതിയിലെത്തി. സാക്ഷികളുടെ എണ്ണം, ഫോറൻസിക് റിപ്പോർട്ടുകളിലെ കാലതാമസം, കോടതി മാറ്റങ്ങൾ, ജഡ്ജിമാരുടെ സ്ഥലംമാറ്റം എല്ലാം ചേർന്നപ്പോൾ ഏഴ് വയസുകാരിയുടെ കേസ് വർഷങ്ങളോളം പൊടിപിടിച്ച് കിടന്നു. അങ്ങനെ ഒടുവിൽ ആ നീതി നിഷേധവും സംഭവിച്ചു.
പുറത്ത് വന്ന വിധി പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗുരുതര വീഴ്ചകളെ അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു. അന്വേഷണത്തിലെ അടിസ്ഥാന നടപടിക്രമങ്ങൾ പോലും പോലീസ് പാലിച്ചില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രഫുല ചന്ദ്രൻ അറസ്റ്റ് മെമ്മോയിൽ രേഖപ്പെടുത്തിയ തിയതി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തത് 2011 ഫെബ്രുവരി 25 -ന്, എന്നാൽ, ആദ്യ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത് ഫെബ്രുവരി 26 -ന് എന്ന് സാക്ഷി വിസ്താരത്തിനിടെ ഡിവൈഎസ്പി മൊഴി മാറ്റി.
കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ഫോർക്ക് കൊണ്ട് കുത്തിയതാണെന്നും കുട്ടിയെ മർദ്ദിച്ചത് പിടിച്ചെടുത്ത വിറക് കഷ്ണം കൊണ്ടെന്നും ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചെന്നും വാദിച്ചെങ്കിലും ശാസ്ത്രീയമായി ഇതൊന്നും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധിയിൽ പറയുന്നു. പെൺകുട്ടിയുടെ ശരീത്തിൽ പഴയതും പുതിയതുമായി പരിക്കുകളുണ്ടെന്ന് കണ്ടെത്തിയിട്ടും ഇതിന്‍റെ സമയക്രമം രേഖപ്പെടുത്തിയിയില്ല. ഡിഎൻഎ പരിശോധന, വിരലടയാളം, രക്തസാമ്പിളുകൾ തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ല.
പെൺകുട്ടിയെ ആദ്യം പരിശോധിച്ച സാമിരറ്റൻ ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചില്ല. കുട്ടി ആശുപത്രിയിലെത്തിയപ്പോഴുള്ള അവസ്ഥ, ഏതൊക്കെ പരിക്കുകൾ ആ സമയത്തുണ്ടായിരുന്നു, പരിക്കുകളുടെ പഴക്കം എത്ര, അണുബാധ എത്രത്തോളം ബാധിച്ചിരുന്നു ഇതെല്ലാം ആ ഡോക്ടർമാരെ ഒന്ന് കണ്ടിരുന്നെങ്കിൽ ലഭിച്ചേനെ. പക്ഷേ, പോലീസ് അതിനൊന്നും തയ്യാറായില്ല.
വീട്ടിൽ സ്ഥിരമായി നായകളെ ചികിത്സിക്കാനെത്തിയ കാഞ്ഞൂർ ഡിസ്പെൻസറിയിലെ വെറ്റിനറി സർജൻ ഡോക്ടർ ഫ്രാൻസിസായിരുന്നു കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷി. നായകളെ കുളിപ്പിക്കുന്നതടക്കം വീട്ട് ജോലികളെല്ലാം ചെയ്ത കുട്ടിയെ വീട്ടുകാര്‍ അടിക്കുന്നത് താന്‍ കണ്ടിരുന്നുവെന്ന സുപ്രധാന മൊഴി ഡോക്ടറുടേതായിരുന്നു. തന്‍റെ നിര്‍ദേശപ്രകാരമാണ് ദുര്‍ഗന്ധം വമിക്കുന്ന മുറിവുകളുമായി വീട്ടിൽ നിലത്ത് കിടന്നിരുന്ന കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയെങ്കിലും ഈ മൊഴിയെ പിന്തുണക്കുന്നൊരു തെളിവ് പോലും പോലീസ് ശേഖരിച്ചില്ല. കുട്ടിയെ അടിച്ചു എന്നതിന് സ്വതന്ത്ര സാക്ഷികളോ രേഖകളോ ഇല്ല. കേസില്‍ സുപ്രധാനമായതിനാല്‍ ഡോക്ടറുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ, ആ മൊഴിയൊന്ന് വായിച്ച് നോക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായിട്ടില്ലെന്നും പോലീസ് അങ്ങേയറ്റത്തെ അലംഭാവം കാണിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികളുടെ വീട്ടിലുണ്ടായിരുന്നുവെന്ന് പല സാക്ഷികളും പറഞ്ഞ 'മറ്റൊരു സ്ത്രീയെ' കണ്ടെത്താനോ ചോദ്യം ചെയ്യാനോ അന്വേഷണ സംഘത്തിന് സാധിച്ചില്ല. ആ സ്ത്രീയാണ് കുട്ടിയെ പരിചരിച്ചതെന്നും ഉപദ്രവിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ആരാണത്? അവരുടെ പേരോ വിലാസമോ കണ്ടെത്താനുള്ള ഒരു ശ്രമം പോലും പൊലീസ് നടത്തിയില്ല. അങ്ങനെ ഒരു സ്ത്രീയുണ്ടെങ്കിൽ, അവരെ ചോദ്യം ചെയ്തിരുന്നേൽ, ഈ കേസ് നേരത്തെ അവസാനിച്ചേനെയെന്നും കോടതി ചൂണ്ടിക്കാണിച്ചു.
കുട്ടി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട ആളെന്ന് തെളിഞ്ഞു, എന്നാൽ, ജാതി അടിസ്ഥാനമാക്കിയുള്ള പീഡനമോ, വിവേചനമോ നടന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല, ഇതിനെല്ലാം പുറമെ കുട്ടിയെ പണം വാങ്ങി വിറ്റുവെന്ന ആരോപണവും തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല, പണമിടപാടുകളുടെ രേഖകളോ സാമ്പത്തിക തെളിവുകളോ ശേഖരിക്കപ്പെട്ടില്ല.
കുട്ടിയുടെ മരണം നരഹത്യയാണെന്ന് സംശയാതീതമായി തെളിയുന്ന സാഹചര്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ആ മരണത്തിന് ഉത്തരവാദികൾ ഈ പ്രതികളാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി വിലയിരുത്തി.
കടലൂരിലെ പെണ്‍കുട്ടിക്ക് വേണ്ടി ശബ്ദിക്കാന്‍ ആക്ഷന്‍ കൗണ്‍സിലോ രാഷ്ട്രീയ പാര്‍ട്ടികളോ ജനപ്രതിനിധികളോ ഉണ്ടായില്ല. തമിഴ് നാട്ടിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നിയമപോരാട്ടം നടത്തി മകള്‍ക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള സ്വാധീനമോ സാമ്പത്തിക ശേഷിയോയില്ല. 2011 ഫെബ്രുവരി 24 -ന് ഏഴ് വയസുകാരിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത വാർത്തയിൽ ഇന്‍ക്വസ്റ്റ് നടപടികളടക്കം നേരിട്ട് കണ്ടവരിലൊരാൾ സംസാരിച്ചിരുന്നു, അദ്ദേഹം. അന്ന് പ്രതികളെ സഹായിക്കാന്‍ പൊലീസ് ആസൂത്രിതമായി ഒത്തുകളിച്ചെന്ന് ആരോപിച്ചിരുന്നു.
കേസ് അന്വേഷിച്ച പ്രഫുലചന്ദ്രൻ എന്ന ഡിവൈഎസ്പിയുടെ മാത്രം വീഴ്ചയായി ഇതിനെ കണക്കാക്കന്‍ സാധിക്കില്ല. പൊലീസ് കൂട്ടുത്തരവാദിത്തത്തോടെ ഇതിൽ മറുപടി പറയുക തന്നെ വേണം. കേസിൽ ഇനിയുള്ള നിയമവഴി അപ്പീലാണ്, അടിയന്തരമായി അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂട്ടര്‍ പറയുന്നുണ്ടെങ്കിലും വിചാരണക്കോടതിയെ പോലും ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത തെളിവുകള്‍ ഹൈക്കോടതിയില്‍ എത്രമാത്രം ഗുണം ചെയ്യുമെന്നതും ചോദ്യമാണ്. അതിനാല്‍ കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ നിയമവകുപ്പിനും പൊലീസിനും എന്തിടപെടല്‍ നടത്താന്‍ സാധിക്കുമെന്ന ചോദ്യവും ഉയരുന്നു.
2011 -ല്‍ സംഭവിച്ചതല്ലേ, ഇന്ന് കുട്ടികള്‍ക്ക് വേണ്ടിയുള്ള നിയമങ്ങള്‍ ശക്തമല്ലേയെന്ന് ചോദിക്കുന്നവരുണ്ട്. അവരോടാണ്... ഇന്നും നമ്മുടെ രാജ്യത്ത് പല ഇടങ്ങളിലും ബാലവേല തുടരുന്നുണ്ട്. വീട്ടകങ്ങളിലടക്കം കുഞ്ഞുങ്ങള്‍ കൊടും ക്രൂതരകള്‍ക്ക് ഇരയാകുന്നുമുണ്ട്. പഠിക്കാനും കളിക്കാനുമുള്ള പ്രായത്തിൽ ലക്ഷക്കണക്കിന് കുട്ടികൾ ഇന്നും തൊഴിൽ ചെയ്യേണ്ടിവരുന്ന യാഥാർഥ്യം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിലൊന്നാണ്. നിയമങ്ങൾ ശക്തമായിട്ടുണ്ടെങ്കിലും, ദാരിദ്ര്യം, മനുഷ്യക്കടത്ത്, കുടിയേറ്റം, വിദ്യാഭ്യാസത്തിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് എന്നിവ ബാലവേലയെ ഇപ്പോഴും സജീവമായി നിലനിർത്തുന്നു.
2011 -ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 5 മുതല്‍ 14 വയസുവരെ പ്രായമുള്ള ഒരു കോടിയിലേറെ കുട്ടികള്‍ പല മേഖലകളിലായി തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. വീട്ട് ജോലികള്‍ക്ക് പുറമെ, ഹോട്ടലുകളിലും ചായക്കടകളിലും പല വ്യവസായ ശാലകളിലും കൃഷിയിടങ്ങളിലുള്‍പ്പെടെ കുട്ടികളുണ്ട്. മനുഷ്യക്കടത്തിലൂടെയാണ് വലിയൊരു വിഭാഗം കുട്ടികള്‍ അന്യനാടുകളിലെ തൊഴിലിടങ്ങളിലെത്തുന്നത്. വീട്ടുജോലി 'അദൃശ്യ'മായ ബാലവേല വിഭാഗങ്ങളിലൊന്നാണ്. ഫാക്ടറികളിലോ, കടകളിലോ ജോലി ചെയ്യുന്ന കുട്ടികളെ കണ്ടെത്താൻ കഴിയുമെങ്കിലും വീടിനുള്ളില്‍ ജോലി ചെയ്യുന്ന കുട്ടികള്‍ നേരിടുന്ന ചൂഷണം പലപ്പോഴും പുറത്തറിയാതെ പോകുന്നു.
വീടുകളിൽ തൊഴിൽ പരിശോധനകൾ പതിവായി നടത്താൻ കഴിയില്ല. ശാരീരികവും മാനസികവും ലൈംഗികവുമായ പീഡനങ്ങൾ പുറത്തറിയാതെ പോകുന്നു. അയൽവാസികൾ പോലും പലപ്പോഴും ഇത്തരം കേസുകളിൽ ഇടപെടാറില്ല. ശമ്പളം നേരിട്ട് കുട്ടിക്ക് ലഭിക്കാതെ ഇടനിലക്കാർക്കോ കുടുംബത്തിനോ കൈമാറുന്നതാണ് പതിവ്. പല കുട്ടികളെയും സ്കൂളിൽ നിന്ന് അകറ്റി മുഴുവൻ സമയ ജോലിക്ക് ഉപയോഗിക്കുന്നു. മനുഷ്യക്കടത്തിലൂടെ കൊണ്ടുവരുന്ന കുട്ടികളെ കണ്ടെത്താൻ പ്രയാസമാണ്. അന്യനാടുകളില്‍ നിന്ന് വരുന്ന കുട്ടികള്‍ക്കായി പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനങ്ങള്‍ നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്. കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര എന്‍ജിഒയായ 'സേവ് ദി ചില്‍ഡ്രന്‍' നടത്തിയ പഠനത്തിൽ വീട്ടുജോലിക്കാരായ കുട്ടികളിൽ ശാരീരിക, മാനസിക, ലൈംഗിക പീഡനങ്ങൾ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊള്ളലേൽപ്പിക്കൽ, പട്ടിണിക്കിടൽ, മർദനം... എല്ലാം സര്‍വസാധാരണം.
ഇത്തരത്തിലുള്ള കണക്കുകളുടെ കൂട്ടത്തില്‍ പരത്തിപ്പറഞ്ഞ് അവസാനിപ്പിക്കാവുന്നതല്ല കടലൂരിലെ പെണ്‍കുട്ടി നേരിട്ട നീതി നിഷേധം. ഏഴ് വയസുകാരിയെ തമിഴ് നാട്ടില്‍ നിന്ന് കേരളത്തിച്ചത് മുതല്‍ തുടങ്ങുന്നു നിയമലംഘനങ്ങള്‍. കൊലപാതകം മനുഷ്യക്കടത്ത്, ആയുധം ഉപയോഗിച്ച് ഗുരുതയമായി പരിക്കേല്‍പ്പിക്കൽ. തുടങ്ങി വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. ജുവനൈല്‍ നിയമപ്രകാരം കുട്ടികളോടുള്ള ക്രൂരതയും കുട്ടിയെ തൊഴിൽ ചൂഷണത്തിനായി ഉപയോഗിച്ചതിനും കുറ്റം ചുമത്തി. പക്ഷേ, ഒന്നും പോലും തെളിയിക്കാന്‍ പൊലീസ് ശ്രമിച്ചില്ല.
പെണ്‍കുട്ടിയുടെ പരിക്കുകളുടെ ചിത്രങ്ങൾ ആരുടെയും കണ്ണ് നനയിക്കും. നെഞ്ച് പിടയ്ക്കും. അപ്പോൾ, ചോദ്യം ഇതാണ് ധനലക്ഷ്മിയുടെ മരണത്തിന് ആരാണ് ഉത്തരവാദി? ഒരു കുഞ്ഞിന് മുന്നിൽ നമ്മുടെ നിയമ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടുമ്പോൾ അതിനെ നീതിനിഷേധമെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? കുട്ടികളോട് ഉത്തരവാദിത്തമുള്ള സമൂഹമെന്ന നിലയില്‍ കടലൂരിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി ചെയ്യേണ്ടതെല്ലാം ചെയ്യണം. നിയമപോരാട്ടം അന്തിമലക്ഷ്യത്തിലെത്തുന്നത് വരെ തുടരണം. അതിന് സര്‍ക്കാരും പൊലീസും മുന്നിട്ടിറങ്ങണം. കീഴ് കോടതി വിധിയിൽ കേസ് ഇവിടെ ക്ലോസ് ചെയ്യരുത്.