
ഓഹരി വിപണിയിലെ വിൽക്കൽ - വാങ്ങലിൽ ചില അസാധാരണ ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നു. അതും ട്രംപിന്‍റെ ചില പ്രഖ്യാപനങ്ങൾക്ക് തൊട്ടുമുമ്പ്. പോളിമാർക്കറ്റ് എന്ന ക്രിപ്റ്റോ പ്ലാറ്റ്ഫോമിലാണ് കൂടുതലും. പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതോടെ അന്വേഷണം നടന്നു. അറസ്റ്റുകളും. അപ്പോഴും ചിലതൊക്കെ ദുരൂഹമാണ്. തനിക്കിഷ്ടമല്ല, പ്രെഡിക്ഷൻ മാർക്കറ്റ് എന്ന് പ്രസിഡന്‍റ് പറയുന്നു. പക്ഷേ, പ്രസിഡന്‍റും കുടുംബവും അതിൽ നിന്ന് വരുമാനമുണ്ടാക്കുന്നു എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. തട്ടിപ്പുകാർക്ക് പലപ്പോഴും പ്രസിഡന്‍റ് മാപ്പും നൽകാറുണ്ട്.
ട്രംപിന്‍റെ പ്രധാന പ്രഖ്യാപനങ്ങൾക്ക് തൊട്ടുമുമ്പ് പ്രെഡിക്ഷൻ പ്ലാറ്റ്ഫോമുകളിൽ ഇത്തരം ലാഭക്കച്ചവടങ്ങൾ നടക്കുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. താരിഫ് പ്രഖ്യാപന കാലം മുതൽ. ക്രിപ്റ്റോ പ്ലാറ്റ്ഫോമുകളിൽ ട്രംപ് കുടുംബത്തിന് നിക്ഷേപമുണ്ട്. ഡോണൾഡ് ട്രംപ് ജൂനിയർ അതിൽ രണ്ട് പ്ലാറ്റ്ഫോമുകളുടെ പോളിമാർക്കറ്റ് (Polymarket), കൽഷി (Kalshi) എന്നിവയുടെ ഉപദേശക സമിതിയംഗമാണ്.
വെനിസ്വേല നടപടിയോടെ കാര്യങ്ങൾ കുറേക്കൂടി പ്രകടമായി. മദൂറോയെ പിടികൂടും എന്നതിൽ വരെ ബെറ്റിംഗ് നടന്നു. കോടികളാണ് ചില ദൂരുഹ അക്കൗണ്ടുകൾ നേടിയത്. പോളിമാർക്കറ്റ്, കൽഷി തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് നടന്നത്. പോളിമാർക്കറ്റിൽ 2025 ഡിസംബറിൽ ഒരാൾ പുതിയ അക്കൗണ്ട് തുടങ്ങി, ബേർഡൻസം മിക്സ് (Burdensome-Mix). 2026 ജനുവരി രണ്ടിന് മദൂറോയെ തട്ടിക്കൊണ്ട് പോകുമെന്ന് അതിൽ വാതുവച്ചു. 32,500 ഡോളർ. ജനുവരി മൂന്നിന് അമേരിക്ക മദൂറോയെ തട്ടിക്കൊണ്ടുപോയി. വാതുവച്ചയാളിന് കിട്ടിയത് 4,36,000 ഡോളർ (ഏതാണ്ട് 4,12,49,960 രൂപ). ഇറാൻ യുദ്ധം പിന്നെയും വഷളാക്കി കാര്യങ്ങൾ. എണ്ണവില ഉയരുകയും താഴുകയും ചെയ്തു. പലരും കോടികളുണ്ടാക്കി. നടക്കാൻ സാധ്യതയുള്ള കാര്യത്തിൽ ബെറ്റ് ചെയ്യുക, അതിനുള്ള അവസരമാണ് ഇത്തരം പ്ലാറ്റ്ഫോമുകൾ ഒരുക്കുന്നത്.
(ഡോണാൾഡ് ട്രംപ് ജൂനിയർ)
ഒന്നുകിൽ പ്രസിഡന്‍റിന്‍റെ തീരുമാനങ്ങൾ ഏതെങ്കിലും വിധത്തിൽ നേരത്തെ അറിയുന്നവർ നടത്തുന്ന വിൽക്കൽ - വാങ്ങൽ, നിയമ വിരുദ്ധമാണത്. യുദ്ധം ഏതാണ്ട് തീർന്നുവെന്ന് ട്രംപ് പറഞ്ഞത് മാർച്ച് 9 -ന്. അതിന് തൊട്ടുമുമ്പ് എണ്ണ ഓഹരികളിൽ വാതുവയ്പുകൾ കൂടി. പ്രഖ്യാപനം വന്നതോടെ വിലയിടിഞ്ഞു. വാതുവച്ചവർ കോടികൾ ഉണ്ടാക്കിയിട്ടുണ്ടാവും.
പിന്നത്തെ പ്രഖ്യാപനം മാർച്ച് 23 -നായിരുന്നു. ശത്രുതകൾ അവസാനിക്കുന്നും എല്ലാറ്റിലും തീരുമാനമായി എന്നും ട്രംപ് എഴുതി. വളരെ നല്ല ചർച്ച നടന്നുവെന്നും. അന്നുമുണ്ടായി, വാങ്ങലും പിന്നെ വിൽക്കലും. അസാധാരണമെന്ന് പറയാവുന്ന തോതിൽ.
കഴിഞ്ഞ വർഷവും ഉണ്ടായി ചില പ്രഖ്യാപനങ്ങൾ. 'ലിബറേഷൻ ഡേ' എന്ന് പ്രഖ്യാപിച്ച് രാജ്യങ്ങൾചുങ്കം ചുമത്തിയ പ്രഖ്യാപനം അതിലൊന്ന്. ഓഹിരി വിപണി ഇടിഞ്ഞു. ഏപ്രിലിൽ 90 ദിവസത്തെ ഇടവേള. അതോടെ എണ്ണവിപണി കുത്തനെ ഉയർന്നു. 20 മില്യന്‍റെ നേട്ടം എന്നാണ് കണക്ക്. സഭയിലെ മുതിർന്ന നേതാക്കൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (Securities and Exchange Commission) പരാതി നൽകി. അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടു.
അതേപോലെ, പോളിമാർക്കറ്റിൽ ഫെബ്രുവരിയിൽ 6 അക്കൗണ്ടുകൾ തുടങ്ങി. ഇറാൻ ആക്രമിക്കുമെന്ന് വാതുവച്ചു. അതും 28 ഫെബ്രുവരിക്കകം എന്ന് തീയതി വച്ചുതന്നെ. 28 -ന് ട്രംപ് ഇറാൻ ആക്രമിച്ചു. ആറ് അക്കൗണ്ടുകളിലും കൂടി കിട്ടിയത് 1.2 മില്യൻ ഡോളർ. അതിലെ 5 അക്കൗണ്ടുകളിലും പിന്നെ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഒരെണ്ണത്തിൽ പിന്നെയും നടന്നു വാതുവയ്പ്. ഏപ്രിൽ 7 -നകം വെടിനിർത്തൽ ഉണ്ടാവുമെന്ന് വാതുവച്ചത് 1,63,000 ഡോളറിനാണ്. അതേദിവസം തന്നെ അത് സംഭവിച്ചു. പോളിമാർക്കറ്റും കൽഷിയും പുതിയ നിയമങ്ങൾ നടപ്പിലാക്കി. Insider trading നിരോധിക്കാൻ. ഇതൊക്കെ തടയേണ്ട Commodity Futures Trading Commission -ന്‍റെ മേധാവി കോൺഗ്രഷണൽ കമ്മിറ്റിയോട് പറഞ്ഞത് അതൊന്നും നടക്കില്ല എന്നാണ്. മൈക്കൽ സെലിഗ് (Michael Selig) ആണ് മേധാവി. ട്രംപ് നിയമിച്ച മേധാവിയുമാണ്.
(ജെരാഡ് കുഷ്‌നർ)
മറ്റൊരു കാര്യം, വൈറ്റ് ഹൗസ് കഴിഞ്ഞമാസം ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ട്രേഡിങ് നടത്തരുത് എന്ന്. Insider trading അമേരിക്കയിൽ നിയമവിരുദ്ധമാണ്. 1933 -ലെ പാസായ സെക്യൂരിറ്റീസ് ആക്ട് സർക്കാർ ഉദ്യോഗസ്ഥർക്കും ബാധകമാണ്. പക്ഷേ, ട്രംപിന്‍റെ വ്യവസായ താൽപര്യങ്ങൾ ഇതിനൊക്കെ പ്രോത്സാഹനം നൽകുന്നതുമാണ്. എന്തായാലും ഒരാൾ അറസ്റ്റിലായി സൈനികനാണ്. പോളിമാർക്കറ്റിൽ മദുറോയെ അമേരിക്ക കടത്തുമെന്ന് പ്രവചിച്ച് 4 ലക്ഷം ഡോളർ നേടി എന്നതാണ് ആരോപണം. പ്രസിഡന്‍റ് അതിൽ വലിയ കുഴപ്പമൊന്നും കാണുന്നില്ല എന്നതാണ് പ്രശ്നം.
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞവർക്ക് മാപ്പ് നൽകിയിട്ടുണ്ട് പ്രസിഡന്‍റ്. രണ്ടാമൂഴത്തിലെ ആദ്യവർഷം ഇങ്ങനെ മാപ്പ് കിട്ടിയത് 3 ഡസൻ പേർക്കാണ്. സാൽമൺ മെൽജെൻ (Salomon Melgen) എന്നയാൾ അതിൽ പ്രമുഖനാണ്. ഇപ്പോൾ അറസ്റ്റിലായ മാസ്റ്റർ എസ്ജിടി ഗാണ്യൻ കെൻ വാൻ ഡെയ്ക് (Master SGT Gannon Ken Van Dyke) -നെ ബേസ്ബോൾ കളിക്കാരൻ പീറ്റ് റോസിനോട് പ്രസിഡന്‍റ് ഉപമിച്ചു. ഇത്തരത്തിൽ വാതുവച്ചതിന് പുറത്തായ ആളാണ് റോസ്. പക്ഷേ, അതുപോലെയൊന്നല്ല ഈ സൈനികൻ നടത്തിയ വാതുവയ്പ്. വെനിസ്വേലയിലെ സൈനിക നടപടിയെക്കുറിച്ച് ഇയാൾക്ക് അറിയാമായിരുന്നു. 34,000 ഡോറാണ് വാതുവച്ച തുക. കിട്ടിയത് 4 ലക്ഷം ഡോളർ. ക്ലാസിഫൈഡ് വിവരം, രഹസ്യവിവരം വാതുവച്ച് പണമുണ്ടാക്കിയത് ചെറിയ കാര്യമല്ല.
ട്രംപിന്‍റെ മകനും മരുമകനും മാത്രമല്ല, സംഘത്തിലെ പലരും ഇത്തരം പ്ലാറ്റ്ഫോമുകളിൽ വാതുവച്ച് പണമുണ്ടാക്കുന്നു എന്നാണ് ആരോപണം. അവർക്കെതിരെ നടപടിയെടുക്കാൻ സമ്മതിക്കാറുമില്ല.
എസ്ജിടി വാൻ ഡെയ്ക് ക്ലാസിഫൈഡ് നടപടികളിൽ പങ്കെടുക്കുന്നത് അതൊന്നും വെളിപ്പെടുത്തില്ലെന്ന കരാറൊപ്പിട്ട ശേഷമാണ്. കുറ്റം ഗുരുതരം. ബിസിനസുകാരനാണ്. റിയൽ എസ്റ്റേറ്റിൽ നിക്ഷേപകനാണ്. വീടുകൾ വാങ്ങി അത് ചെറിയ കാലയളവിലേക്ക് വാടകയ്ക്ക് കൊടുക്കുന്നതാണ് പ്രധാന തൊഴിൽ. AIRBNB -യിലുമുണ്ട്. സോഷ്യൽ മീഡിയ പ്രൊഫൈൽ അമ്പരപ്പിക്കുന്നതാണ്. സൈനികനെന്ന് അതിൽ പറയുന്നതേയില്ല. മദുറോ വാതുവയ്പിൽ കിട്ടിയ പണം വിദേശ ക്രിപ്റ്റോ കറൻസി വാൾട്ടിലേക്കാണ് മാറ്റിയത്. വിദഗ്ദമായാണ് നീങ്ങിയതെങ്കിലും അന്വേഷണത്തിൽ എല്ലാം പുറത്തുവന്നിട്ടുണ്ട്. പക്ഷേ, മറ്റുപലരെയും പോലെ, പ്രസിഡൻഷ്യൽ പാർഡണിൽ തന്നെ അവസാനിക്കുമോ ഇതും എന്നാണ് സംശയം.