
ആന്‍റണി ഫോച്ചി എന്ന പേര് കൊവിഡ് കാലത്താണ് ലോകം മുഴുവനറിഞ്ഞത്. പ്രത്യേകിച്ച് ബൈഡന്‍റെ ഭരണകാലത്ത്. അന്ന് ഫോച്ചിയുടെ വാക്കുകൾക്കായി ലോകം കാതോർത്തു. പക്ഷേ, പിന്നെ കഥ മാറി. ഫോച്ചി പ്രതിസ്ഥാനത്തായി. കോൺഗ്രസിന്‍റെ ചോദ്യം ചെയ്യൽ തുടങ്ങി. സെനറ്റിന്‍റെ പല ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞില്ല, പകരം ഭരണഘടനയുടെ അഞ്ചാം ഭേദഗതി ഉദ്ധരിച്ച് ഉത്തരം പറയുന്നതിൽ നിന്ന് വിട്ടുനിന്നു.
അമേരിക്കയുടെ കൊവിഡ് 19 പ്രതിരോധത്തിന്‍റെ മുഖമായിരുന്നു ഡോ.ആന്‍റണി ഫോച്ചി ( Dr Anthony Fauci). നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് (National Institute of Allergy and Infectious Diseases)-ന്‍റെ മേധാവിയായിരുന്നു ആന്‍റണി ഫോച്ചി. പ്രസിഡന്‍റ് ജോ ബൈഡന്‍റെ മെഡി. അഡ്വൈസറും. 38 വർഷത്തെ സേവനത്തിനുശേഷം 2023 -ൽ പടിയിറങ്ങി. AIDS പടർന്നുപിടിച്ച കാലത്തും ഫോച്ചിയായിരുന്നു NIAID ഡയറക്ടർ. 7 പ്രസിഡന്‍റുമാരുടെ കീഴിൽ സേവനമനുഷ്ടിച്ചു. പക്ഷേ, 2020 -ലെ കൊവിഡ് കാലത്താണ് ഫോച്ചി അമേരിക്കയുടെ മുഖമായത്. പക്ഷേ, പ്രതിരോധ നടപടികളുടെ പേരിൽ പ്രസിഡന്‍റ് ട്രംപുമായടക്കം കൊമ്പുകോർത്തിട്ടുമുണ്ട് ഫോച്ചി. വിവാദങ്ങളിലും പിന്നിലായിരുന്നില്ല. മാസ്കടക്കമുള്ള നിയന്ത്രണങ്ങൾ ചിലപ്പോൾ പിന്തുണച്ചു. ചിലപ്പോൾ തള്ളിക്കളഞ്ഞു. വൈറസിന്‍റെ ഉത്ഭവത്തിലാണ് പക്ഷേ, ഫോച്ചി പെട്ടത്. വുഹാനിലെ ലാബിലാണ് വൈറസ് രൂപമെടുത്തതെന്നും അത് സൃഷ്ടിക്കപ്പെട്ടതാണെന്നുമുള്ള വാദത്തിന് വൻപ്രചാരമായിരുന്നു ഇടക്കാലത്ത്.
വൈറസ് എങ്ങനെയോ രക്ഷപ്പെട്ട് പുറത്തുകടന്നാണ് രോഗവ്യാപനത്തിന് കാരണമായതെന്നും അനുമാനിക്കപ്പെട്ടു. അതുമാത്രമല്ല, അമേരിക്കയുടെ ഫണ്ടിംഗ് ഉണ്ടായിരുന്നു ഈ പരീക്ഷണത്തിനെന്നും വാദം ഉയർന്നു. അതിലാണ് ഫോച്ചിയുടെ പങ്ക് സംശയിക്കപ്പെടുന്നത്. കോൺഗ്രസ് കമ്മിറ്റി ചെയർമാൻ പണ്ടേ ഫോച്ചിയ്ക്കുനേരെ വിരൽചൂണ്ടിയിരുന്നു. കൊവിഡ് വൈറസിന്‍റെ ഉത്ഭവം മറച്ചുവച്ചുവെന്നും വുഹാനിലെ ലാബ് പരീക്ഷണത്തിന് ഫണ്ട് ചെയ്തിരുന്നുവെന്നുമുള്ള കുറ്റം നേരത്തെ തന്നെ ഫോച്ചിക്കുമേൽ ആരോപിച്ചത് കോഗ്രസ് കമ്മിറ്റി ചെയർമാൻ സെനറ്റർ റാൻഡ് പോളാണ്. ലാബിൽ നിന്ന് ചോർന്നതാണ് എന്ന വാദം ഫോച്ചി തള്ളിയത് അമേരിക്കൻ ഫണ്ടിംഗ് മറച്ചുവയ്ക്കാനാണെന്നും ആരോപിക്കപ്പെട്ടു. ലാബ് ചോർച്ചാ വാദം പിന്തുണച്ച് എഫ്ബിഐ രംഗത്തെത്തിയത് 2023 -ലാണ്. സിഐഎ 2025 -ലും. പക്ഷേ, പൂർണവിശ്വാസത്തോടെയല്ല.
പക്ഷേ, ഫോച്ചി പൂർണമായും തള്ളിക്കളഞ്ഞു ഈ വാദം. ഇതുവരെ അത് തെളിയിക്കപ്പെട്ടിട്ടില്ലെന്നതും വസ്തുതയാണ്.. ലോകാരോഗ്യ സംഘടനയും അത് തള്ളി. ജോ ബൈഡൻ പ്രസിഡന്‍റ് സ്ഥാനമൊഴിയും മുമ്പ് ഫോച്ചിക്കും മറ്റ് ചിലർക്കും മുൻകൂർ മാപ്പ് നൽകിയിരുന്നു. റിപബ്ലിക്കൻ പാർട്ടിയുടെയും ട്രംപിന്‍റെയും പ്രതികാര നടപടിയിൽ നിന്ന് രക്ഷക്ക് എന്ന പേരിൽ. പക്ഷേ, അതുവരെയുള്ളതിനേ പരിരക്ഷയുള്ളൂ. അതിനുശേഷം പറഞ്ഞതിനോ ചെയ്തതിനോ പരിരക്ഷയില്ല. പലതവണ കോൺഗ്രസിന് മുന്നിൽ മൊഴി നൽകിയിട്ടുണ്ട് ഫോച്ചി. ഇത്തവണ സെനറ്റർ റാൻഡ് പോളാണ് ഫോച്ചിയെ വിളിപ്പിച്ചത്. കൊവിഡ് വൈറസിന്‍റെ ഉദ്ഭവത്തിലും കൊവിഡ് കൈകാര്യം ചെയ്തതിലുമാണ് ചോദ്യം ചെയ്യൽ നടന്നത്. വുഹാനിലെ ഗെയിൻ ഓഫ് ഫങ്ഷൻ ഗവേഷണത്തിൽ (Gain of function research) NIH ഫണ്ട് ചെയ്തില്ല എന്നാണ് ഫോച്ചി വാദിച്ചിരുന്നത്. ഫോച്ചിയുടെ അന്നത്തെ ഡയറിക്കുറിപ്പുകൾ അടക്കം സെനറ്റിൽ ഹാജരാക്കപ്പെട്ടു. പക്ഷേ, പല ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ഫോച്ചി വിസമ്മതിച്ചു. മൂന്ന് മണിക്കൂർ നീണ്ട ഹിയറിംഗിനിടെ പല തവണയാണ് ഫിഫ്ത് അമെൻഡ്മെന്‍റ് ഉദ്ധരിച്ചു. Contempt of Congress ചുമത്തണോ വേണ്ടയോ എന്നതിൽ വോട്ടിംഗിനും തീരുമാനമായി.