ഇറാന്‍റെ പ്രോക്സികൾ നിരന്തര ശല്യം, യുദ്ധത്തിന് യുഎസിനൊപ്പം മുന്നിട്ടിറങ്ങി സൗദിയും

Published : Aug 04, 2026, 12:05 PM IST
Shia Sunni conflict

Synopsis

പതിറ്റാണ്ടുകൾ നീണ്ട സൗദി-ഇറാൻ ശത്രുത പശ്ചിമേഷ്യയിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. ഹമാസിൻ്റെ നിരായുധീകരണ ചർച്ചകൾ പുരോഗമിക്കുമ്പോൾ, സിറിയയിലെ അധികാരമാറ്റവും ഹോർമൂസ് കടലിടുക്കിലെ നിയന്ത്രണവും സംഘർഷം വർദ്ധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, 'വിഷൻ 2030' എന്ന ലക്ഷ്യത്തിന് തടസ്സമാകുമോ എന്ന ആശങ്കയിലാണ് സൗദി അറേബ്യ.

സൗദി - ഇറാൻ ശത്രുതക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സുന്നി രാജ്യമാണ് സൗദി. ഷിയാ രാജ്യം ഇറാൻ. പ്രാദേശിക ആധിപത്യത്തിനുള്ള സുന്നി - ഷിയാ ശ്രമമാണ് ഈ ഏറ്റുമുട്ടലിന്‍റെ ആധാരം. പണ്ടുപണ്ടേയുള്ള സുന്നി - ഷിയാ വൈരവും. ഇറാൻ തങ്ങൾക്ക് ചുറ്റും മാത്രമല്ല. ശത്രുരാജ്യങ്ങൾക്ക് ചുറ്റും പ്രോക്സി സംഘടനകളെ പോറ്റിവളർത്തിയാണ് ലക്ഷ്യം നേടാൻ ശ്രമിക്കുന്നത്. ഇസ്രയേലിന്‍റെ അവസാനമെന്ന് പോർവിളിച്ച് അധികാരത്തിലെത്തിയ ഇസ്ലാമിക ഭരണകൂടം, ഗാസയിൽ ഹമാസിനെയും ലബനണിൽ ഹെസ്ബുള്ളയെയും വളർത്തി ശക്തരാക്കിയത് ഇസ്രയേലിനെ ലക്ഷ്യമിട്ടാണ്. യെമനിൽ ഹൂതികളെ പോറ്റിയത് സൗദിയെ ലക്ഷ്യമിട്ടും. സിറിയയിൽ അസദ് സർക്കാർ ഇറാനെയും ഇറാൻ തിരിച്ചും പിന്തുണച്ചു. അന്ന് സിറിയ വഴിയാണ് ഇറാൻ ലബനണിലെ ഹെസ്ബുള്ളയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്നത്.

ആയുധം കൈവിടാൻ ഹമാസ്

ഇപ്പോൾ പക്ഷേ, ഇറാനുള്ള തിരിച്ചടി ഗാസയിലെ നീക്കങ്ങളാണ്. നിരായുധീകരണത്തിന് ഹമാസ് സമ്മതിച്ചിരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചു. ഹമാസ് അത് സ്ഥിരീകരിക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ ചരിത്രം കുറിക്കുന്ന നീക്കമാണത്. ഗാസയിൽ സമാധാനമുണ്ടാവും. ബോർഡ് ഓഫ് പീസ് മുന്നോട്ടുവച്ച പദ്ധതി അംഗീകരിച്ചു ഹമാസ് എന്നാണ് റിപ്പോർട്ട്. ഹമാസ് അടുത്തിടെ തങ്ങളുടെ നേതാവായി ഖലീൽ അൽ ഹയ്യയെ തെരഞ്ഞെടുത്തിരുന്നു. പുതിയ നേതൃത്വം നിരായുധീകരണമെന്ന തീരുമാനമെടുക്കാൻ തയ്യാറായിയെന്നാണ് ചർച്ചകളിൽ പങ്കെടുത്ത പലസ്തീൻ ഉദ്യോഗസ്ഥരുടെ അഭിപ്രായം. നിരായുധീകരണത്തിൽ തട്ടിയാണ് ഇത്രനാളും ചർച്ചകൾ എങ്ങുമെത്താതെ നിന്നത്. ഇനിയത് നടപ്പാകണം. കയ്റോയിലാണ് അടുത്ത ഘട്ടം ചർച്ചകൾ. അമേരിക്കയും ഖത്തറും തുർക്കിയും ഉൾപ്പടെ പങ്കെടുക്കും. ഇസ്രയേലിന്‍റെ പിൻമാറ്റമാണ് സമാധാന പദ്ധതിയിലെ അടുത്ത വ്യവസ്ഥ. ഹമാസിന്‍റെ നിരായുധീകരണം ഹെസ്ബുള്ളയുടെ മാതൃകയിൽ രാഷ്ട്രീയ ശക്തിയായി കൂടി ഉരുത്തിരിയാനാണെന്ന് ഒരു പക്ഷം പറയുന്നുണ്ട്. അതിൽ മധ്യസ്ഥർക്ക് ആശങ്കയുണ്ടെന്നും. ഇറാന്‍റെ സ്വാധീനം അവസാനിച്ചുവെന്ന് പറയാറായിട്ടില്ല.

ഷിയാ - സുന്നി

സൗദി - ഇറാൻ ശത്രുതക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സുന്നി രാജ്യമാണ് സൗദി, ഷിയാ രാജ്യം ഇറാൻ. പ്രാദേശിക ആധിപത്യത്തിനുള്ള സുന്നി - ഷിയാ ശ്രമമാണ് ഏറ്റുമുട്ടലിന്‍റെ ആധാരം. കാലാകാലമായുള്ള സുന്നി - ഷിയാ വൈരവും. ഇറാൻ തങ്ങൾക്ക് ചുറ്റും മാത്രമല്ല. ശത്രുരാജ്യങ്ങൾക്ക് ചുറ്റും പ്രോക്സി സംഘടനകളെ പോറ്റിവളർത്തിയാണ് ലക്ഷ്യം നേടാൻ ശ്രമിക്കുന്നത്. ഇസ്രയേലിന്‍റെ അവസാനം എന്ന് പോർവിളിച്ച് അധികാരത്തിലെത്തിയ ഇസ്ലാമിക ഭരണകൂടം, ഗാസയിൽ ഹമാസിനേയും ലബനണിൽ ഹെസ്ബുള്ളയെയും ശക്തരാക്കി വളർത്തിയത് ഇസ്രയേലിനെ ലക്ഷ്യമിട്ടാണ്. യെമനിൽ, ഹൂതികളെ പോറ്റിയത് സൗദിയെ ലക്ഷ്യമിട്ടും. സിറിയയിൽ അസദ് സർക്കാർ ഇറാനെയും ഇറാൻ തിരിച്ചും പിന്തുണച്ചു. അന്ന് സിറിയ വഴിയാണ് ഇറാൻ ലബനണിലെ ഹെസ്ബുള്ളയ്ക്ക് ആയുധങ്ങളെത്തിച്ചിരുന്നത്.

സൗദി നിയന്ത്രിക്കുന്ന സിറിയ

പക്ഷേ, ഇന്ന് സിറിയ ഭരിക്കുന്ന അഹ്മദ് അൽ ഷരാ സുന്നി വിഭാഗക്കാരനാണ്. അൽഖ്വയ്ദ അനുകൂലിയായിരുന്ന ഷരാ സിറിയയിൽ അധികാരത്തിലെത്തിയത് ലോകം അറിഞ്ഞതുപോലെ അപ്രതീക്ഷിതമായ സൈനിക നീക്കത്തിലൂടെ മാത്രവുമല്ല. ശക്തരുടെ പിന്തുണയുണ്ടായിരുന്നു ഷരായ്ക്ക്. അൽഖ്വയ്ദയുടെ നിഴൽ വീണിരുന്ന ഷരായെ അമേരിക്കൻ ഡോണൾഡ് ട്രംപുമായി കൂട്ടിമുട്ടിച്ചത് സൗദി അറേബ്യയാണ്. അമേരിക്ക മാത്രമല്ല, ഫ്രാൻസുൾപ്പടെയുള്ള രാജ്യങ്ങളും ഷരായെ അംഗീകരിച്ചു. അതോടെ ഇറാൻ സിറിയയിൽ നിന്ന് പുറത്തായി. ചരിത്രപരമായ ബന്ധവും ഇല്ലാതെയായി. ഇപ്പോൾ സിറിയയിലെ അസദ് അനുകൂലികളുടെ കലാപത്തിന് സഹായം നൽകുകവഴി ഷരാ സർക്കാരിനെ അസ്ഥിരമാക്കാൻ ശ്രമിക്കുകയാണ് ഇറാൻ എന്ന് സിറിയ ആരോപിക്കുന്നു.

തീരുമാനമാകാത്ത നിർദേശങ്ങൾ, വ്യവസ്ഥകൾ

സൗദിയും ഇറാനും തമ്മിൽ 2023 -ൽ നയതന്ത്രബന്ധം പുനസ്ഥാപിച്ചിരുന്നു. ഇപ്പോഴത്തെ യുദ്ധം അതിന് തിരിച്ചടിയാണ്. ഹോർമൂസിനുമേലുള്ള നിയന്ത്രണമാണിപ്പോൾ ഇറാന്‍റെ ലക്ഷ്യം. സൗദിയുൾപ്പടെയുള്ള രാജ്യങ്ങളുടെ കൂട്ടായ നിയന്ത്രണം എന്നൊരു നിർദ്ദേശം ഒമാൻ മുന്നോട്ടുവച്ചിരുന്നു. കൃത്യം രണ്ടാക്കി വിഭജിച്ച് നിയന്ത്രണം എന്നതാണ് കാതലായ ഭാഗം. ഇറാന്‍റെ ഭാഗത്തെ പാതകളുടെ നിയന്ത്രണം ഇറാന്. ഒമാന്‍റെ ഭാഗത്തെ പാതകളുടെ നിയന്ത്രണം ഒമാന്. വരവ് ഇറാനിലൂടെയെങ്കിൽ മടക്കം ഒമാനിലൂടെ. ഫീസ് അതത് രാജ്യങ്ങൾക്ക്. മലാക്ക കടലിടുക്കുപോലെ. മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവർക്കാണ് നിയന്ത്രണം. നിശ്ചിത ഫീ ഇല്ല. ഇഷ്ടമുള്ളത് നൽകാമെന്നാണ് വ്യവസ്ഥ. ഒമാന്‍റെ നിർദ്ദേശം മറ്റ് രാജ്യങ്ങൾ അംഗീകരിച്ചു. പക്ഷേ, ഇറാൻ തള്ളി. പകരം വരവും മടക്കവും കൂടുതലും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന നിർദ്ദേശം മുന്നോട്ടുവച്ചു. ചുങ്കം നൽകാതെ കപ്പലുകൾക്ക് ഹോർമൂസ് കടക്കാനാകുമെന്ന് ഇനി വിചാരിക്കയേ വേണ്ടെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. ഒമാൻ ഇതിനിടെ മറ്റൊരു നിർദ്ദേശവും പരിഗണിച്ചു. മൂന്ന് കപ്പൽപാതകളെന്ന നിർദ്ദേശം. ഇറാന്, ഒമാന്, മൂന്നാമത്തേത് അന്താരാഷ്ട്ര നിയന്ത്രണം. സൗദിയുൾപ്പടെയുള്ള രാജ്യങ്ങളുടെ കൂട്ടായ നിയന്ത്രണം എന്നൊരു നിർദ്ദേശം ഒമാൻ മുന്നോട്ടുവച്ചിരുന്നു. പക്ഷേ, ഹോർമൂസിനുമേലുള്ള സമ്പൂർണ നിയന്ത്രണമാണിപ്പോൾ ഇറാന്‍റെ ലക്ഷ്യം.

സൗദിയുടെ രംഗപ്രവേശനം

അമേരിക്ക പക്ഷേ, ഇറാന്‍റെ പ്രതികരണത്തിനൊന്നും കാത്തുനിന്നില്ല. ഇറാഖിന് ശേഷം ഇറാനിലും ബോംബിട്ടു. സൌദി അറേബ്യ പക്ഷേ, വിട്ടുനിന്നു. ആശയക്കുഴപ്പത്തിലായി എന്നാണ് റിപ്പോർട്ടുകൾ. അമേരിക്കയോടുള്ള പകരംവീട്ടലിന് ഇറാൻ, സൗദിയെ ലക്ഷ്യമിട്ടിട്ടും സൌദി, ഇത്രനാളും പ്രത്യാക്രമണത്തിന് തയ്യാറായിരുന്നില്ല. ഒടുവിൽ, ഇറാനെ കൂടാതെ ഇറാഖിലെ ഷിയാ സംഘടനകളും ഹൂതികളും ചേർന്ന് മൂന്ന് ദിശകളിൽ നിന്നും ആക്രമണം തുടങ്ങിയതോടെയാണ് സൌദി, ഇറാഖ് ആക്രമണത്തിൽ പങ്കാളിയായത്. ആക്രമണം തുടരണോ എന്നതിലാണ് ആശയക്കുഴപ്പം. മുഹമ്മദ് ബിൻ സൽമാന്‍റെ വിഷൻ 2030 സാക്ഷാത്കരിക്കാനുള്ള ശ്രമം തുടരുകയാണ്. അതിന്‍റെ ജീവനാഡി, എണ്ണയിലുള്ള ആശ്രയം കുറയ്ക്കുകയാണ്. പകരം വരുമാന മാർഗങ്ങൾ വേണം. പുതുമയുള്ള വ്യവസായങ്ങൾ, അതുവഴി തൊഴിലവസരങ്ങൾ, അതിനായി പുതിയ ഡേറ്റാസെന്‍ററുകൾ, വിദേശനിക്ഷേപം, ഒക്കെ ലക്ഷ്യമാണ്. ഇറാന്‍റെ ഡ്രോണുകൾ എപ്പോൾ വേണമെങ്കിലും വീഴാമെന്നതാണ് സ്ഥിതിയെങ്കിൽ ലക്ഷ്യത്തിന്‍റെ പകുതി വഴിമുട്ടും. 2019 -ൽ തന്നെ അതിന്‍റെ കയ്പറിഞ്ഞു സൌദി അറേബ്യ. ഇറാഖിൽ നിന്നുള്ള ഷിയാ സംഘടനകൾ രണ്ട് പ്രധാന എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചു. ദിവസങ്ങൾ അടച്ചിടേണ്ടിവന്നു രണ്ടും. കയറ്റുമതി മുടങ്ങി. അതേ രീതിയിലാണ് ഇപ്പോഴും ആക്രമണം ഉണ്ടാവുന്നത്.

ഹൂതികളുടെ ആക്രമണം

ഇറാൻ ഹോർമൂസ് അടച്ചപ്പോൾ പകരം വഴി കണ്ടെത്തിയിരുന്നു സൗദി, മുമ്പേ സ്ഥാപിച്ച പൈപ്പ് ലൈൻ വഴി ചെങ്കടലിലേക്ക്, അവിടെനിന്ന് ടാങ്കറുകൾ തെക്കോട്ട്, അറേബ്യൻ ഉൾക്കടൽ വഴി ഏഷ്യൻ രാജ്യങ്ങളിലേക്ക്. അതായത് ബാബ് അൽ മന്ദബ് വഴി. പക്ഷേ, യെമനിലെ ഹുതികൾ അതും തടയുകയാണിപ്പോൾ. യെമനിൽ രണ്ടുകൂട്ടരാണ് ഭരിക്കുന്നത്. ഒന്ന് സൌദി പിന്തുണയുള്ള സർക്കാർ. മറ്റൊന്ന് ഹൂതികൾ. സർക്കാരിനെ പിന്തുണക്കുന്നത് കാരണം, ഹൂതികൾ സൌദിയോട് കടുത്ത വൈരാഗ്യമാണ്. ഷിയാ ഇറാന്‍റെ സഖ്യകക്ഷിയെന്ന നിലയ്ക്കും വൈരാഗ്യം ഇരട്ടി. ഹൂതികളെ പരാജയപ്പെടുത്താൻ സൗദി അറേബ്യ 2015 വലിയൊരു സൈനിക നടപടി തുടങ്ങിയിരുന്നു. ഏഴുവർഷത്തെ യുദ്ധം.

യെമനിലെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിനാണ് വഴിവച്ചത്. തോൽവി സമ്മതിച്ചില്ല ഹൂതികൾ. ഒടുവിൽ 2022 -ൽ ഹൂതികളുമായി ധാരണയിലെത്തി സൗദി, പണം കൈമാറ്റവും നടന്നുവെന്നാണ് റിപ്പോർട്ടുകൾ . അതേ സ്ഥിതിയിലിനിയും എത്തിപ്പെടാൻ താൽപര്യമില്ല സൗദിക്ക്. വിഷൻ 2030 -ൽ അതൊന്നുമില്ല. അതാണ് ആശയക്കുഴപ്പത്തിന് കാരണം. ഇപ്പോഴത്തെ യുദ്ധത്തിൽ പങ്കാളിയായാൽ, വിഷൻ 2030 ഉദ്ദേശിച്ച ലക്ഷ്യം കാണില്ലെന്നത് തന്നെ.

PREV
Read more Articles on
click me!

Recommended Stories

സ്വയം ചിന്തിച്ച് തുടങ്ങുന്ന എഐ; മറുവശത്ത് എഐ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു, യുഎസിൽ ശക്തമാകുന്ന പ്രതിഷേധം
പ്രകൃതി സമ്പത്താൽ സമ്പന്നം; പക്ഷേ, ഉപരോധങ്ങൾ കാരണം വെനിസ്വേലയിലെ ജനം പട്ടിണിയിൽ