അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി

Published : Dec 04, 2025, 12:49 PM IST
Greene resigns

Synopsis

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്ത അനുയായിയായിരുന്ന മാർജോറി ഗ്രീൻ രാജി പ്രഖ്യാപിച്ചു. എപ്സ്റ്റീൻ ഫയലുകൾ പോലുള്ള വിഷയങ്ങളിൽ മനസാക്ഷിക്കനുസരിച്ച് നിലപാടെടുത്തതിന് ട്രംപ് 'രാജ്യദ്രോഹി' എന്ന് വിളിച്ചതിനെത്തുടർന്നാണ് ഈ തീരുമാനം.  

 

മേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വിശ്വസ്ത അനുയായിയെന്ന് പേരുകേട്ടിരുന്ന മാർജോറി ഗ്രീൻ (Marjorie Taylor Greene) രാജി പ്രഖ്യാപിച്ചു. ജനുവരി 5 -ന് രാജിവയ്ക്കുമെന്നാണ് അറിയിപ്പ്. കാരണമായി പറഞ്ഞ വാക്കുകൾ ഒരു യഥാർത്ഥ ജനപ്രതിനിധി പറയേണ്ട വാക്കുകളാണ്. അത് റിപബ്ലിക്കൻ അംഗങ്ങൾ ശരിവച്ചു. എന്തിന് ഡമോക്രാറ്റ് അംഗങ്ങൾ പോലും.

'വിശ്വസ്തത രണ്ടുവഴിക്കുമുള്ള യാത്രയാണ്, മനസാക്ഷിക്കനുസരിച്ച് ജനത്തിന് വോട്ട് ചെയ്യാൻ പറ്റണം. 14 വയസുള്ളപ്പോൾ ബലാത്സംഗം ചെയ്യപ്പെട്ട, സമ്പന്നർക്കായി ദുരുപയോഗം ചെയ്യപ്പെട്ട അമേരിക്കയിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചത് ചതിയെന്ന് വ്യാഖ്യാനിക്കപ്പെടുകയും രാജ്യത്തിന്‍റെ പ്രസിഡന്‍റ് ഭീഷണിപ്പെടുത്തുകയും ചെയ്തത് തെറ്റ്.' അതായിരുന്നു ഗ്രീൻ പറഞ്ഞത്. ഇനി മത്സരിക്കാനില്ല. കാരണം, അടുത്ത തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി തോൽക്കും. ഇംപീച്ച്മെന്‍റ് വിധിക്കപ്പെടുന്ന ട്രംപിനെ പിന്തുണക്കേണ്ടി വരും. അതിന് തന്‍റെ സ്വാഭിമാനം സമ്മതിക്കില്ലെന്നും ഗ്രീൻ വ്യക്തമാക്കി. ആർജ്ജവമുള്ള വാക്കുകൾ. എല്ലാ ജനപ്രതിനിധികളും ഇങ്ങനെയായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകും നമ്മളും.

മാർജോറി ഗ്രീൻ

ഗ്രീനിനെ ഡമോക്രാറ്റുകൾ വെറുത്തിരുന്നു. കടുപ്പമുള്ള വലതുപക്ഷ വിഷം തുപ്പുന്ന ഒരാളിനെ വെറുക്കാതിരിക്കാൻ പറ്റില്ലെന്ന വിശദീകരണം ന്യായമായിരുന്നു താനും. അത്രകണ്ട് ട്രംപിനെയും വലതുപക്ഷ രാഷ്ട്രീയത്തെയും പിന്തുണച്ചിരുന്നു, മാർജോറി ഗ്രീൻ. 2020 -ലാണ് ഗ്രീൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത് കാപ്പിറ്റോൾ കലാപത്തിന് ദിവസങ്ങൾക്കുമുമ്പ്. അതിലും ഗ്രീൻ, ട്രംപിനെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് ബൈഡൻ തട്ടിയെടുത്തുവെന്ന് ആരോപിച്ചു. പല വിഷയങ്ങളിലും ഘോരഘോരം ട്രംപിനെ പിന്തുണച്ചിരുന്നു ഗ്രീൻ. ട്രംപിന്‍റെ ഏറ്റവും വിശ്വസ്തയായ അനുയായിയെന്ന് പേരുമെടുത്തു. പക്ഷേ, തെറ്റെന്ന് തോന്നിയതിനെ വിമർശിക്കാനും ഗ്രീൻ മടിച്ചില്ല, ഗാസ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ചത്, ഇറാനെ ആക്രമിച്ചത്, വൻകിട ടെക്കി കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്താത്തത്, ഇത്തരം കാര്യങ്ങളെയൊ ഗ്രീൻ വിമർശിച്ചു. അപ്പോഴും ഒരു വിട്ടുപോകൽ പരിഗണിച്ചില്ല,

ഭിന്നത

എപ്സ്റ്റീൻ ഫയലുകളാണ് കടുത്ത ഭിന്നതക്ക് കാരണമായത്. ഫയലുകൾ പുറത്തുവിടാത്തതിനെ ഗ്രീൻ അപലപിച്ചു. സഭാ വോട്ടിങിനെ പിന്തുണച്ചു, എപ്സ്റ്റീന്‍റെ ഇരകൾക്കും ഡമോക്രാറ്റുകൾക്കും ഒപ്പം നിന്നു, അതും പരസ്യമായി തന്നെ. സർക്കാർ അടച്ചു പൂട്ടലിനെയും എതിർത്തു. വരുമാനം കുറഞ്ഞവർക്കുള്ള ചികിത്സാ സബ്സിഡികൾക്കായി വാദിച്ചു. ചുങ്കം ചുമത്തൽ എതിർത്തു, ജീവിതച്ചെലവ് കുറയ്ക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. വിദേശ യുദ്ധങ്ങളല്ല, അമേരിക്കക്കാർക്ക് വേണ്ടത് അവർക്കായി പണിയെടുക്കുന്ന നേതാക്കളെയാണെന്ന് അപഹസിച്ചു.

രാജ്യദ്രോഹി

ഗ്രീനിനെ പ്രസിഡന്‍റ് തള്ളിപ്പറഞ്ഞു. സഭാംഗത്വം രാജിവയ്ക്കൂവെന്ന് ഒച്ചയിട്ടു. ചതി, 'Traitor', എന്ന സ്ഥാനപ്പേരും നൽകി. അതോടെ ഗ്രീനിന്‍റെ വഴി തെളിഞ്ഞു. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾക്കായി സംസാരിച്ചത് ചതിയല്ല, അടികൊള്ളുന്ന ഭാര്യയാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കികൊണ്ട് ഗ്രീൻ, തന്‍റെ രാജിപ്രഖ്യാപനം നടത്തി. പക്ഷേ, റിപബ്ലിക്കൻ സംസ്ഥാനമായ ജോ‍‍ർജിയയിൽ ട്രംപിനെതിരായി ഒരു പ്രചാരണം നടത്തി ജനങ്ങളെ രണ്ടുതട്ടിലാക്കാൻ ആഗ്രഹമില്ലെന്നും ഗ്രീൻ അറിയിച്ചു.

മാനംമാറ്റം പിന്നാലെ മാപ്പ്

അതിനൊപ്പം മറ്റൊന്നുകൂടി സംഭവിച്ചു. ഇത്രയും നാളത്തെ വിഷമയമായ പരാമർശങ്ങൾക്ക് ഗ്രീൻ മാപ്പുപറഞ്ഞു. സിഎന്‍എന്‍ അഭിമുഖത്തിലാണ് ടോക്സിക് രാഷ്ട്രീയത്തിന്‍റെ ഭാഗമായതിന് മാപ്പെന്ന് പറഞ്ഞത്. ട്രംപിന്‍റെ തള്ളിപ്പറച്ചിലും പരാമർശങ്ങളും തനിക്കെതിരെ അക്രമത്തിനുള്ള പ്രകോപനമായേക്കാമെന്ന ആശങ്ക വ്യക്തമാക്കിയ ശേഷമാണ് മാപ്പ് പറച്ചിലുണ്ടായത്. അത്രയും നാൾ കാപ്പിറ്റോൾ കലാപത്തെ അടക്കം പിന്തുണക്കുകയും എതിർവാദക്കാരെ ഈ പറഞ്ഞ ടോക്സിക് പരാമർശങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്ത ഗ്രീനിന് അതേ പരാമ‍‍ർശങ്ങൾ തനിക്കുനേരെ വന്നപ്പോഴാണ് തിരിച്ചറിവുണ്ടായതെന്ന് വേണമെങ്കിൽ പറയാം.

(2024 -ലെ തെരഞ്ഞെടുപ്പിനിടെ ട്രംപിന് വേണ്ടി പ്രചാരണം നടത്തുന്ന മാർജോറി ഗ്രീൻ)

 

ജൂത കൂട്ടക്കൊലയെ തള്ളിപ്പറഞ്ഞതും ഡമോക്രാറ്റ് നേതാക്കളെ വധിക്കണമെന്ന് ഫേസ്ബുക് പോസ്റ്റുകളിട്ടതും ഇതേയാളാണ്. അതൊക്കെ കാരണം 2023 വരെ സഭാ ചുമതലകളിൽ നിന്ന് ഗ്രീനിനെ മാറ്റിനിർത്തിയിരുന്നു. പരസ്യമായി ഡമോക്രാറ്റ് അംഗങ്ങളെ അധിക്ഷേപിക്കുന്നതും ഏറ്റുമുട്ടുന്നതും പതിവാക്കിയിരുന്നു ഗ്രീൻ. എന്നാലിപ്പോൾ തന്‍റെ മനംമാറ്റം പ്രസിഡന്‍റിനും പ്രചോദനമാകട്ടെയെന്നാണ് ഗ്രീനിന്‍റെ തന്നെ വാക്കുകൾ.

പിന്തുണ

ഗ്രീനിന് റിപബ്ലിക്കൻ പാർട്ടിയിൽ നിന്നുതന്നെ പിന്തുണയുണ്ട്. സെനറ്റർ റാൻഡ് പോളാണ് ഒരാൾ. സ്വതന്ത്രശബ്ദങ്ങൾ നഷ്ടമാകുന്നു എന്നാണ് റാൻഡ് പോൾ പറഞ്ഞത്. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാനുള്ള ഡിസ്ചാർജ് പെറ്റീഷൻ നീക്കിയ റിപബ്ലിക്കൻ അംഗം തോമസ് മാസിയും ഗ്രീനിന്‍റെ രാജിയിൽ നിരാശ അറിയിച്ചു.

പക്ഷേ, റിപബ്ലിക്കൻ പാർട്ടിക്ക് ഇതൊരു തിരിച്ചടിയാണ്. 2026 -ലാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ഇപ്പോൾ തന്നെ സഭയിൽ റിപബ്ലിക്കൻ പാർട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. 213 സീറ്റ് ഡമോക്രാറ്റുകൾക്ക്, 219 റിപബ്ലിക്കൻസും. ഗ്രീൻ കൂടി ജനുവരിയിൽ ഇറങ്ങുമ്പോൾ അത് വീണ്ടും കുറയും. പോരാത്തതിന് ഡിസംബറിൽ ടെന്നീസിയിൽ തെരഞ്ഞെടുപ്പുണ്ട്. അടുത്ത വർഷം തുടക്കത്തിൽ വേറെയും രണ്ട് സീറ്റിൽ തെരഞ്ഞെടുപ്പ് നടക്കും.

((2024 -ലെ തെരഞ്ഞെടുപ്പിനിടെ മാർജോറി ഗ്രീനെ ചുംബിക്കുന്ന ട്രംപ്)

 

ഗ്രീനിനെ വെറുത്തിരുന്ന ഡമോക്രാറ്റ് പാർട്ടിയിൽ ഇപ്പോഴൊരു മനം മാറ്റം വന്നിട്ടുണ്ടെന്നാണ് സൂചന. സ്വാഗതം പറയാൻ വരെ തയ്യാറായിട്ടുണ്ട് നേതാക്കൾ. സെനറ്റിലേക്കോ, ഗവർണറായോ മത്സരിക്കാൻ ഗ്രീനിനും താൽപര്യമുണ്ടെന്ന് അമേരിക്കൻ മാധ്യമങ്ങൾ എഴുതുന്നുണ്ട്. എന്നാൽ, അങ്ങനെയൊന്ന് ഇല്ലെന്നാണ് ഗ്രീനിന്‍റെ നിലപാട്. പക്ഷേ, രാഷ്ട്രീയത്തോടുള്ള അറപ്പ് പ്രകടമാക്കുന്നെങ്കിലും നീണ്ടൊരു രാജിക്കത്തിലെ വാചകങ്ങൾ കണക്കിലെടുത്താൽ ഒരു അപ്രത്യക്ഷമാകൽ ഉണ്ടാകില്ലെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

വഴികൾ തുറന്നിട്ട് ഗ്രീൻ

ഇനി അതൊന്നുമല്ലെങ്കിലും സ്വന്തമായി ഒരു കൺസ്ട്രക്ഷൻ ആന്‍റ് റെനൊവേഷൻ കമ്പനിയുണ്ട് മാർജോറി ഗ്രീനിന്. കമ്പനി ലാഭത്തിലുമാണ്. അതുമൊരു സാധ്യതയാണ്. രാഷ്ട്രീയത്തിൽ നിന്നുള്ള പിൻമാറ്റവുമാകും. എങ്കിലും അങ്ങനെയങ്ങ് എഴുതിത്തള്ളുന്നില്ല രാഷ്ട്രീയ നിരീക്ഷകർ. 2028 -ലെ പ്രബലയായ പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാം ഗ്രീനിന് എന്ന ഡമോക്രാറ്റ് സെനറ്ററുടെ അഭിപ്രായം സത്യമാകാനും സാധ്യതയുണ്ട്. അങ്ങനെയൊരു മോഹം ഗ്രീൻ പ്രകടിപ്പിച്ചതായി ടൈംസ് മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. ഗ്രീൻ അത് തള്ളിക്കളഞ്ഞെങ്കിലും. അതുമല്ലെങ്കിൽ കൺസർവേറ്റീവ് മാധ്യമ ലോകത്തേക്ക് കടക്കാം. പോഡ്കാസ്റ്റ് ഇന്ന് പല നേതാക്കളുടേയും വിഹാരമേഖലയാണ്. അതുമല്ലെങ്കിൽ കമന്‍റേറ്ററാകാം.കോ ഹോസ്റ്റാകാം. നിഗമനങ്ങളും സാധ്യതകളും പലതാണ്.

PREV
Read more Articles on
click me!

Recommended Stories

റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്
കുറ്റവാളി സംഘങ്ങളെ താലോലിച്ച് മദൂറോ; വെനിസ്വേല മറ്റൊരു അഫ്ഗാനാകുമോ? പക്ഷേ, ട്രംപിന് കാര്യങ്ങൾ അത്ര എളുപ്പമല്ല