ആഫ്രിക്കന്‍ സമ്പത്ത് തദ്ദേശീയ‍ർക്ക്; പടിഞ്ഞാറിന് ബുർക്കിനോ ഫാസോയിൽ പുതിയ എതിരാളി

Published : Jun 05, 2025, 02:05 PM ISTUpdated : Jun 05, 2025, 02:40 PM IST
 Ibrahim Traore the new opponent from Burkina Faso to the west

Synopsis

21 -ാം നൂറ്റാണ്ടിലും യൂറോപ്പും യുഎസും ആഫ്രിക്കന്‍ വന്‍കരയെ തങ്ങളുടെ ആധുനീക കോളനിയായാണ് കാണുന്നത്. എന്നാൽ പുതിയ പ്രതിരോധ പാഠവുമായി ഒരാൾ എത്തിയിരിക്കുന്നു, ഇബ്രാഹിം ട്രോറെ. വായിക്കാം, ആഫ്രിക്കന്‍ പ്രതിരോധത്തിന്‍റെ പുതിയ അധ്യായം.

രിദ്രമായ ഒരു ആഫ്രിക്കന്‍ രാജ്യത്തെ മുപ്പത്തിയേഴുകാരനായ സൈനികന് ചെയ്യാന്‍ കഴിയുന്നത് എന്താണ്? ഈ ചോദ്യം അപ്രസക്തമാകുന്നത് ഇബ്രാഹിം ട്രോറെ എന്ന യുവാവ് ദിവസവും അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്താ കോളത്തില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ്. 1988 മാര്‍ച്ച് 14 -നാണ് ഇബ്രാഹിം ട്രോറെ ജനിച്ചത്. ഇന്ന് ബുര്‍ക്കിന ഫാസോ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റാണ് അദ്ദേഹം. സെപ്തംബര്‍ 2022 -ല്‍ ഇടക്കാല പ്രസിഡന്‍റ് പോൾ ഹെൻറി സാൻഡോഗോ ദമീബയെ അട്ടിമറിച്ചാണ് ഈ യുവ സൈനികന്‍ രാജ്യത്തിന്‍റെ അധികാരം പിടിച്ചെടുത്തത്.

ആഫ്രിക്കയില്‍ ഏത് രാജ്യത്തും സാധാരണമായി നടക്കാറുള്ള കാര്യമാണ് ഭരണകൂട അട്ടിമറി. അതുകൊണ്ട് തന്നെ ഇബ്രാഹിം ട്രോറെ, മറ്റൊരു ആഫ്രിക്കന്‍ യുദ്ധപ്രഭു എന്നാണ് ലോകത്തെ ഭൂരിഭാഗം പേരും ആദ്യം കരുതിയത്. എന്നാല്‍, രണ്ട് കൊല്ലത്തിനപ്പുറം പാശ്ചാത്യ സാമ്രാജ്യത്വത്തിന്‍റെയും നവകൊളോണിയലിസത്തിനും എതിരെ ശബ്ദം ഉയര്‍ത്തുന്ന ഒരു പാൻ ആഫ്രിക്കൻ നേതാവ് എന്ന നിലയിലേക്കാണ് ഇബ്രാഹിം ട്രോറെ വളര്‍ന്നിരിക്കുന്നത്.

ബുര്‍ക്കിന ഫാസോ എന്ന സ്വര്‍ണ്ണഖനി

പടിഞ്ഞാറൻ ആഫ്രിക്കയിൽ കരയാൽ ചുറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് ബുര്‍ക്കിന ഫാസോ. നേരത്തെ അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന ഈ രാജ്യം 1960 -ലാണ് ഫ്രാൻസിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. എന്നാല്‍, രാഷ്ട്രീയ സ്വതന്ത്ര്യത്തിനപ്പുറം ഈ രാജ്യത്തിന്‍റെ സാമ്പത്തിക - ആഭ്യന്തര സ്വതന്ത്ര്യത്തില്‍ അന്ന് മുതല്‍ ഫ്രാന്‍സ്, തങ്ങളുടെ ഇടപെടല്‍ നടത്തിയിരുന്നു. സ്വര്‍ണ്ണം അടക്കം ധാതു സമ്പന്നമായ രാജ്യത്തെ സമ്പത്ത് ഇന്നും ഫ്രാന്‍സിന്‍റെ അധീനതയിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

(ഇബ്രാഹിം ട്രോറെ )

2022 - 2023 -ൽ ബുർക്കിന ഫാസോയുടെ മൊത്തം കയറ്റുമതിയുടെ 77 - 80% സ്വർണ്ണമായിരുന്നു. പ്രധാനമായും സ്വർണ്ണത്താൽ നയിക്കപ്പെടുന്ന ഖനന മേഖല രാജ്യത്തിന്‍റെ ജിഡിപിയുടെ ഏകദേശം 10 % വും കയറ്റുമതി വരുമാനത്തിന്‍റെ 70% -ത്തിലധികവും സംഭാവന ചെയ്യുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ വരുമാനത്തിലേക്ക് വരുന്നതിന്‍റെ കണക്കാണ്. വന്‍കിട കുത്തകകളും രാഷ്ട്രീയക്കാരും തമ്മിലുള്ള അഴിമതി അച്ചുതണ്ട് ഇതിലും കൂടുതല്‍ രാജ്യത്തിന് നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് പല അന്താരാഷ്ട്ര അഴിമതി വിരുദ്ധ ഏജന്‍സികളും പറയുന്നത്.

ബുർക്കിന ഫാസോയുടെ മുകളിലെ കണ്ണ് യൂറോപ്പ് ഒരു കാലത്തും വിട്ടില്ല. എന്നാല്‍ 1980 -കളില്‍ ഈ നാട്ടില്‍ ഒരു ഭരണാധികാരി ഉയ‍ർന്നുവന്നു. യൂറോപ്യന്‍ ആധിപത്യത്തെയും സാമ്രാജ്യത്തെയും വെല്ലുവിളിച്ച ഭരണാധികാരി തോമസ് സനകാര. ആഫ്രിക്കൻ ചെഗുവേര എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം 1983 മുതല്‍ 1987 വരെയാണ് ബുക്കിനോ ഫാസോ ഭരിച്ചത്. എന്നാല്‍ '87 -ല്‍ നടന്ന സൈനിക അട്ടിമറിയില്‍ അദ്ദേഹം കൊല്ലപ്പെട്ടു. ഒരു ആഫ്രിക്കന്‍ സ്വയം ഭരണം ആഗ്രഹിച്ച ദീര്‍ഘദര്‍ശിയായ ഒരു ഭരണാധിപന്‍റെ വളര്‍ച്ചയില്‍‌ അപകടം മണത്ത കൊളോണിയല്‍ ശക്തികള്‍, ആളും അര്‍ത്ഥവും നല്‍കിയാണ് ഈ കൊലപാതകവും അട്ടിമറിയും നടത്തിയതെന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടു.

സനകാരയുടെ കൊലപാതകത്തിന് പിന്നാലെ അധികാരത്തില്‍ വന്ന, അല്ലെങ്കില്‍ ആ അട്ടിമറിക്ക് ചുക്കാന്‍ പിടിച്ച ബ്ലെയ്‌സ് കോമ്പോറെ, താന്‍ പിന്തുടരുന്നത് 'വിപ്ലവത്തിന്‍റെ' പാതയാണ്' എന്ന് പറഞ്ഞെങ്കിലും പിന്നീട് ഏതാണ്ട് 27 കൊല്ലത്തോളം രാജ്യം ഭരിച്ച ബ്ലെയ്‌സ് കോമ്പോറെ മറ്റേതോരു ആഫ്രിക്കന്‍ രാജ്യത്തിന്‍റെ വാര്‍പ്പ് മാതൃകയിലേക്ക് ബുര്‍ക്കിന ഫാസോയെ പിടിച്ചുമുക്കി.

തോമസ് സനകാര 2.0

ആഭ്യന്തര യുദ്ധങ്ങളും ഭീകരവാദവുമെല്ലാമായി ആഫ്രിക്കയിലെ ഏറ്റവും അശാന്തമായ രാജ്യങ്ങളിൽ ഒന്നായ ബുർക്കിനാ ഫാസോയിൽ 2022 -ൽ നടന്ന പട്ടാള അട്ടിമറിയിലാണ് ഇബ്രാഹിം ട്രോറെ അധികാരമേൽക്കുന്നത്. ഒരു 'മിലിറ്ററി ജുണ്ട' (military junta) ആയിരുന്നു ട്രോറെ. അതായത് മുഖംമൂടി കമാന്‍റോ ഓഫീസര്‍. ശരിക്കും ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ സ്വന്തം മുഖംമൂടി പൊതുമധ്യത്തില്‍ ഊരാറില്ല. എന്നാല്‍, അത് ഊരി വച്ചാണ് ട്രോറെ തന്‍റെ അധികാരം ഏറ്റെടുത്തത്. പലരും ഹോളിവുഡ് സിനിമയിലെ പ്രശസ്തമായ 'വഗാണ്ട' എന്ന ആഫ്രിക്കന്‍ നിഗൂഢ രാജ്യത്തെ രാജാവും ഒപ്പം, മാസ്ക് ധരിച്ച സൂപ്പര്‍ ഹീറോയായ 'ബ്ലാക്ക് പാന്തറി'നോടുമുള്ള സാമ്യം ചൂണ്ടിക്കാണിച്ചു.

നയതന്ത്ര രാഷ്ട്രീയ അഴിച്ചുപണികളാണ് ഇബ്രാഹിം ട്രോറെ നടപ്പിലാക്കിയത്. തങ്ങളെ വളരെക്കാലം കോളനിയായി വച്ച, ഇപ്പോള്‍ നവ കൊളോണലിയസം തുടരുന്ന ഫ്രാന്‍സുമായി എല്ലാ തരത്തിലും അകലുന്ന നിലപാടായിരുന്നു അത്. ഇപ്പോള്‍ ബുര്‍ക്കിന ഫാസോയുടെ അടുത്ത അന്താരാഷ്ട്ര ചങ്ങാതി റഷ്യയാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായ ഒരു പ്രസംഗം ഇബ്രാഹിം ട്രോറെ നടത്തിയത് കഴിഞ്ഞ മെയ് 9 -ന് മോസ്കോയിലെ വിക്ടറി ഡേ പരേഡിലാണ്. 1945 നാസി ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ പരാജയപ്പെടുത്തിയ ദിവസം ആഘോഷിക്കുന്ന ഈ ദിനത്തില്‍ പുടിന്‍ ക്ഷണിച്ച് എത്തിചേര്‍ന്ന രാഷ്ട്രതലവന്മാരില്‍ ഒരാളായിരുന്നു ട്രോറെ.

തോമസ് സനകാരയുടെ നയങ്ങളാണ് തന്നെ മുന്നോട്ട് നയിക്കുകയെന്ന് ട്രോറെ ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് 60 ഓളം എത്തനിക് ഗ്രൂപ്പുകളും, ക്രിസ്ത്യന്‍, മുസ്ലീം മതങ്ങളും എല്ലാം അധിവസിക്കുന്ന ബുര്‍ക്കിനോ ഫാസോയിൽ വൈവിദ്ധ്യത്തിന്‍റെ പേരിലുള്ള ഒരു വിവേചനവും ആക്രമണവും അംഗീകരിക്കില്ലെന്ന നിലപാടുകാരനാണ് ഈ ഭരണാധികാരി. ചില മുസ്ലീം ഭീകരവാദ ഫ്രിഞ്ച് ഗ്രൂപ്പുകളെ അടിച്ചമര്‍ത്താനുള്ള ശ്രമം നടത്തുന്നുമുണ്ട് ട്രോറെ. അതേസമയം തന്നെ പാശ്ചത്യ ശക്തികള്‍ക്കെതിരായ വിരോധവും തുടരുന്നു.

(തോമസ് സനകാര)

ബുർക്കിന ഫാസോയ്ക്ക് അതിന്‍റെ ധാതു സമ്പത്തിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ ഒരു 'വിപ്ലവം' എന്നതാണ് ട്രോറെ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്വർണ്ണ ശുദ്ധീകരണശാല നിർമ്മിക്കുകയും ദേശീയ സ്വർണ്ണ ശേഖരം സ്ഥാപിക്കുകയും ചെയ്തു ട്രോറെ ഭരണകൂടം. ഒപ്പം തന്നെ വിദേശ മൈനിംഗ് ഭീമന്മാരുടെ ഖനികള്‍ പലതും ദേശാസത്കരിക്കുയും ചെയ്തു.

ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള സരാമ റിസോഴ്‌സസിന്‍റെ ബുർക്കിന ഫാസോയിലെ ലൈസന്‍സ് കട്ട് ചെയ്തത് ഒരു ഉദാഹരണമാണ്. അതിനാല്‍ പാശ്ചാത്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഈ അഫ്രിക്കന്‍ രാജ്യത്തേക്ക് കടക്കുന്നതിന് ബുദ്ധിമുട്ടുള്ള സമയമായി ഇതിനെ കാണുന്നു. എന്നാല്‍, രാജ്യത്തെ ധാതുസമ്പത്ത് ജനങ്ങളുടെ ഉന്നമനത്തിനായാണ്, അതായത് രാജ്യ പുരോഗതിയെയാണ് ട്രോറെ ലക്ഷ്യം വയ്ക്കുന്നത്. സാധാരണക്കാര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തോമസ് സനകാര നടപ്പാക്കിയ പദ്ധതിക്ക് സമാനമായി ഒരു കര്‍മ്മ പദ്ധതി ട്രോറെയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.

സാമ്പത്തിക മുന്നേറ്റം

ട്രോറെ ഭരണത്തില്‍ സാമ്പത്തിക രംഗത്ത് ബുര്‍ക്കിനോ ഫാസോ ശുഭാപ്തി വിശ്വാസമുണ്ടാക്കുന്ന മുന്നേറ്റം നടത്തുന്നുവെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്‍റെയും പൊതു വിലയിരുത്തലുകളില്‍ പറയുന്നത്. ബിബിസി പോലും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നു.

'വെല്ലുവിളി നിറഞ്ഞ' അന്തരീക്ഷം ഉണ്ടായിരുന്നിട്ടും, 2025 -ൽ സമ്പദ്‌വ്യവസ്ഥ 'ശക്തമായി' തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും, ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കുന്നതിലും, പൊതു വേതന ബിൽ നിയന്ത്രിക്കുന്നതിലും, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സംരക്ഷണം എന്നിവയ്ക്കുള്ള ചെലവ് വർദ്ധിപ്പിക്കുന്നതിലും ഭരണകൂടം 'പ്രശംസനീയമായ പുരോഗതി' കൈവരിച്ചതായും ഏപ്രിൽ ആദ്യം ബുര്‍ക്കിനോ ഫാസോ സംബന്ധിച്ച പ്രസ്താവനയിൽ അന്താരാഷ്ട്ര നാണയനിധി പറഞ്ഞു.

ലോക ബാങ്കിനെ സംബന്ധിച്ചിടത്തോളം, പണപ്പെരുപ്പം 2023 -ൽ 0.7% ആയിരുന്നത് 2024 -ൽ 4.2% ആയി ഉയർന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം 2.15 ഡോളറിൽ താഴെ വരുമാനത്തിൽ ജീവിക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന കടുത്ത ദാരിദ്ര്യ നിരക്ക്, കാർഷിക, സേവന മേഖലകളിലെ ശക്തമായ വളർച്ച കാരണം ഏകദേശം രണ്ട് ശതമാനം പോയിന്‍റ് കുറഞ്ഞ് 24.9% ആയി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, ട്രോറോയുടെ സാമ്പത്തിക സാമൂഹ്യ രംഗത്തെ പുതിയ നീക്കങ്ങൾ രാജ്യത്ത് മാറ്റങ്ങൾ കാണിച്ച് തുടങ്ങിയെന്ന് ചുരുക്കം.

പാന്‍ ആഫ്രിക്കന്‍ രാഷ്ട്രീയം

ഇബ്രാഹിം ട്രോറെ 2022 അട്ടിമറിക്ക് ശേഷം പതിവ് ആഫ്രിക്കന്‍ ആര്‍മി നേതാവ് എന്ന രീതിയിലാണ് പാശ്ചത്യ വിലയിരുത്തലിലേക്ക് വന്നതെങ്കിലും, ബുര്‍ക്കിനോ ഫാസോയുടെ നേതാവ് ആഫ്രിക്കയുടെയും ലോകത്തിന്‍റെയും കണ്ണില്‍ പെടുന്നത് 2023 -ൽ റഷ്യ - ആഫ്രിക്ക ഉച്ചകോടിയിൽ സംസാരിച്ചപ്പോഴാണ്. പ്രമുഖ ആഫ്രിക്കന്‍ രാഷ്ട്ര തലവന്മാര്‍ അണിനിരന്ന വേദിയില്‍ 'സാമ്രാജ്യത്വവാദികൾ ചരട് വലിക്കുമ്പോഴെല്ലാം നൃത്തം ചെയ്യുന്ന പാവകളെപ്പോലെ പെരുമാറുന്നത് നിർത്താൻ' ആഫ്രിക്കൻ നേതാക്കളോട് ആഹ്വാനം ചെയ്ത ട്രോറെയുടെ പ്രസംഗം അന്നും അതിവേഗമാണ് വൈറലായത്.

(ഇമാനുവല്‍ മക്രോണ്‍)

ജനുവരിയിൽ ഘാനയുടെ പ്രസിഡന്‍റ് ജോൺ മഹാമയുടെ സ്ഥാനാരോഹണ ചടങ്ങിൽ എല്ലാ രാഷ്ട്ര തലവന്മാരും കോട്ടിലും സ്യൂട്ടിലും വന്നപ്പോള്‍ പിസ്റ്റള്‍ ധരിച്ച് സൈനിക വേഷത്തില്‍ വന്ന ഇബ്രാഹിം ട്രോറെ ആ ചടങ്ങിലെ 'ഷോ സ്റ്റീലറായി' എന്നാണ് പല ആഫ്രിക്കന്‍ മാധ്യമങ്ങളും പറഞ്ഞത് "അവിടെ ഇതിനകം 21 രാഷ്ട്രത്തലവന്മാർ ഉണ്ടായിരുന്നു, പക്ഷേ, ട്രോറെ അകത്തേക്ക് കടന്നപ്പോൾ അവിടം പ്രകാശപൂരിതമായി. എന്‍റെ (ദക്ഷിണാഫ്രിക്ക) പ്രസിഡന്‍റിന്‍റെ അംഗരക്ഷകർ പോലും അദ്ദേഹത്തിന്‍റെ പിന്നാലെ ഓടുന്നുണ്ടായിരുന്നു' എന്നാണ് ദക്ഷിണാഫ്രിക്കയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകനായ ഇനോക്ക് റാണ്ടി ഐക്കിൻസ് ഈ രംഗത്തെ വിവരിച്ചത്.

അതായത്, ആഫ്രിക്കയിലെ ഒരു ഐക്കണായി വളരുകയാണ് ഇബ്രാഹിം ട്രോറെ. അത് ബുര്‍ക്കിനോ ഫാസോയ്ക്ക് പുറത്തേക്കും വ്യാപിച്ച് തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയയും അതിന് വലിയൊരു കാരണമാണെന്നാണ് വിലയിരുത്തല്‍. ഒപ്പം അദ്ദേഹത്തിന്‍റെ പ്രായം, ആഫ്രിക്കന്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു. ഇത്രയും ധതുസമ്പന്നമായ ഭൂഖണ്ഡം പട്ടിണിയുടെ ഇരുട്ടില്‍ എന്തുകൊണ്ടാണെന്ന ഇബ്രാഹിം ട്രോറെയുടെ ചോദ്യം കൊള്ളേണ്ട സ്ഥലങ്ങളില്‍ കൊണ്ട് തുടങ്ങിയിരിക്കുന്നു.

വിമര്‍ശനങ്ങള്‍

ആഫ്രിക്കന്‍ രാഷ്ട്രത്തലവന്മാര്‍ക്കിടയില്‍ ഇബ്രാഹിം ട്രോറെയ്ക്ക് ലഭിക്കുന്ന ഇമേജിനെ പതിവ് പോലെ കടുത്ത വിമര്‍ശനത്തോടെയാണ് പാശ്ചത്യ മാധ്യമങ്ങള്‍ നേരിടുന്നത്. റഷ്യന്‍ കൂട്ടുകെട്ടും അവരുടെ പിന്തുണയിലും ഉണ്ടാക്കിയെടുത്ത വ്യാജ ഇമേജ് എന്നാണ് ഇബ്രാഹിം ട്രോറെയുടെ വ്യക്തിത്വത്തെ യുഎസ്, ബ്രിട്ടീഷ്, ഫ്രഞ്ച് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം 'ജനാധിപത്യ നേതാവ'ല്ലെന്ന വിമര്‍ശനവും ഉയര്‍ത്തുന്നു. പല പൗര പ്രവര്‍ത്തകരെയും ഇബ്രാഹിം ട്രോറെ ഭരണകൂടം നിശബ്ദരാക്കിയെന്നും ആരോപണമുണ്ട്. ഗദ്ദാഫി, സദാം അടക്കം ഇത്തരത്തില്‍ വിപ്ലവകരമായി അധികാരത്തില്‍ എത്തിയ നേതാക്കള്‍ പിന്‍കാലത്ത് സേച്ഛേധിപതികളായ ഉദാഹരണവും ചില രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിക്കുന്നു.

മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെ പരിഗണിക്കുന്ന നിലപാടല്ല ഇബ്രാഹിം ട്രോറെയ്ക്ക് എന്ന വിമര്‍ശനവും ഉയരുന്നു. പാന്‍ ആഫ്രിക്ക ആശയം മുന്നോട്ട് വയ്ക്കുമ്പോഴും അയല്‍രാജ്യം ഐവറികോസ്റ്റുമായി തുടരുന്ന പ്രശ്നങ്ങളില്‍ വലിയ പരിഹാരത്തിനൊന്നും ഇബ്രാഹിം ട്രോറെയ്ക്ക് താല്‍പ്പര്യമില്ലെന്നും വിമര്‍ശനമുണ്ട്. 'വലിയ വിപ്ലവ ലക്ഷ്യത്തെ ഭയക്കുന്ന പാശ്ചത്യലോകത്തിന്‍റെ മാധ്യമ പ്രൊപ്പഗണ്ട' എന്ന നിലയിലാണ് ഇബ്രാഹിം ട്രോറെ പശ്ചാത്യ ലോകത്ത് നിന്നും തനിക്കെതിരെ ഉയരുന്ന വിമാര്‍ശനങ്ങളെ കാണുന്നത്. പാശ്ചത്യ മാധ്യമ വാര്‍ത്തകളെ ആഫ്രിക്കന്‍ കാഴ്ചപ്പാടിലൂടെ സമീപിക്കുന്ന ഇബ്രാഹിം ട്രോറെയുടെ പ്രസംഗങ്ങൾ പോലും ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

(ഇബ്രാഹിം ട്രോറെ)

ഇബ്രാഹിം ട്രോറെയുടെ ഭാവി

അധികാരത്തിലെത്തുമ്പോൾ തോമസ് സനകാരയുടെ അതേ പ്രായമായിരുന്നു ഇബ്രാഹിം ട്രോറെയ്ക്കും. വീണ്ടും ഒരു അട്ടിമറിയ്ക്കുള്ള സാധ്യത തള്ളിക്കളയാനികില്ല. അതിന് ശേഷിയും കരുത്തുമുള്ളവരെയാണ് ലോക വേദികളില്‍ അടക്കം ഈ യുവ ഭരണാധികാരി നിരന്തരം വെല്ലുവിളിക്കുന്നത്. റഷ്യന്‍ പിന്തുണയ്ക്ക് അപ്പുറം ഇബ്രാഹിം ട്രോറെ തന്‍റെ നിലം ഭദ്രമാക്കുമോ എന്നതാണ് രാഷ്ട്രീയമായ ചോദ്യം. റഷ്യന്‍ പിന്തുണ അയഞ്ഞപ്പോള്‍ സിറിയയില്‍ സയീദിന് സംഭവിച്ചത് ബുര്‍ക്കിനോ ഫാസോയില്‍ ഇബ്രാഹിം ട്രോറെയ്ക്കും സംഭവിക്കുമോയെന്ന ചോദ്യവും പ്രസക്തമാണ്. പക്ഷേ, ഇബ്രാഹിം ട്രോറെ സ്വന്തം രാജ്യത്ത് ജനകീയനാണെന്ന കാര്യം കാണാതെ പോകരുത്.

ഇതിനകം 16 വധ ശ്രമങ്ങള്‍ യുവ പ്രസിഡന്‍റ് അതിജീവിച്ചുവെന്നാണ് ബുര്‍ക്കിനോ ഫാസോ ഭരണകൂടം അവകാശപ്പെടുന്നത്. അത് തന്നെ വലിയ സൂചനയാണ്. ഇബ്രാഹിം ട്രോറെ വധിക്കാന്‍ ശ്രമിച്ചതില്‍, മുസ്ലീം തീവ്രവാദികള്‍ മുതല്‍ സൈന്യത്തിലെ വിമതര്‍ വരെയുണ്ട്. 'പാന്‍ ആഫ്രിക്കന്‍ ലീഡര്‍' എന്ന വലിയ സ്വപ്നത്തിലേക്ക് നടക്കുന്ന ഇബ്രാഹിം ട്രോറെയുടെ വഴികള്‍ പൂവിരിച്ചത് അല്ല, മുള്ളുകള്‍ നിറഞ്ഞതാണെന്ന് നിസംശയം പറയാം.

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്