
അങ്ങനെ എലൺ മസ്ക് ട്രംപ് സർക്കാരിലെ പ്രത്യേക പദവി ഉപേക്ഷിച്ചു. ബിസിനസിലേക്ക് മടങ്ങി. പക്ഷേ, ഡോജ് (DOGE) തുടരുമെന്നാണ് മസ്കിന്‍റെയും ട്രംപിന്‍റെയും അറിയിപ്പ്. ഡോജ് വിടാൻ പല കാരണങ്ങൾ പറഞ്ഞുകേൾക്കുന്നുണ്ട്. ട്രംപിന്‍റെ നികുതി ബില്ലിലെ എതിർപ്പ്, സ്പേസ് എക്സിന്‍റെ പരാജയങ്ങൾ, ഉദ്ദേശിച്ച പോലെ വെട്ടിയരിഞ്ഞുകളയൽ നടക്കാത്തത് അങ്ങനെ പലത്. പദവി വിട്ടാലും വിലയേറിയ നിർദ്ദേശങ്ങളുമായി മസ്ക് എപ്പോഴും ഒപ്പമുണ്ടാവുമെന്നാണ് ട്രംപിന്‍റെ പക്ഷം. ഓവൽ ഓഫീസിലെ വാർത്താസമ്മേളനത്തോടെയായിരുന്നു മസ്കിന്‍റെ യാത്രയയപ്പ്. പക്ഷേ അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട് കൂടി പുറത്തുവന്നു ഈ വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ്. മസ്കിന്‍റെ മയക്കുമരുന്ന് ഉപയോഗം. വിചിത്രമായ ചില പെരുമാറ്റങ്ങൾ അതുകാരണമായിരുന്നോ എന്നാണ് ഇപ്പോഴത്തെ സംശയം. എങ്ങനെ ഇത്രയും നാൾ പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടു എന്നാണ് സംശയം. അതും വൈറ്റ് ഹൗസിലും പ്രസിഡന്റിനോടും ഇത്ര അടുത്ത് പ്രവർത്തിക്കുന്ന ഒരാൾ.
ഡോജ് എന്ന കടുംവെട്ട്
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞാണ് മസ്കിന്‍റെ വിടവാങ്ങൽ കുറിപ്പ്. അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ അവസരം കിട്ടിയതിന് നന്ദി, കാലം കഴിയുമ്പോൾ ഡോജ് ഇനി കൂടുതൽ ശക്തമാകും എന്നൊരു മുന്നറിയിപ്പുമുണ്ട് കൂടെ. 130 ദിവസമാണ് മസ്ക് എന്ന വ്യവസായി ട്രംപ് സർക്കാരിന്‍റെ ഭാഗമായിരുന്നത്. ഈ 130 ദിവസവും വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു, എതിർപ്പുകളുടേയും. ട്രംപ് അധികാരമേറ്റ പിന്നാലെ ചെയിൻസോയുമായി, പ്രത്യക്ഷപ്പെട്ട മസ്കിനെ ജനം ഭയന്നുതുടങ്ങി.
സർക്കാരിലെ അനാവശ്യച്ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിൽ പല ഫെഡറൽ ഏജൻസികളെയും മസ്ക് ലക്ഷ്യമിട്ടു. മുന്നറിയിപ്പില്ലാതെ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു നിയമങ്ങളും ബാധകമായില്ല. എല്ലാറ്റിനും അതീതൻ എന്ന പ്രതിഛായയാണ് പ്രചരിച്ചത്. ഫെഡറൽ ചെലവ് 2 ട്രില്യൻ വെട്ടിക്കുറയ്ക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പ്രഖ്യാപനം. അത് പിന്നെ 1 ട്രില്യനായി. പിന്നെ 150 ബില്യനായി. അത്രയൊന്നും നടന്നുമില്ല. 175 മില്യന്‍റെ ചെലവേ വെട്ടിക്കുറയ്ക്കാനായുള്ളൂ. ബ്യൂറോക്രസിയുടെ 12 ശതമാനം വരുന്ന 2.3 മില്യൻ ജീവനക്കാരുടെ സേവനം മസ്ക് അവസാനിപ്പിച്ചു. അതായത് 2,60,000 പേരെ വെട്ടിക്കുറച്ചു.
അധികാര പരിധി ലംഘിച്ചു; എലൺ മസ്കിന് വഴി പുറത്തേക്കെന്ന് ഡോണൾഡ് ട്രംപ്
ഭീഷണിപ്പെടുത്തി രാജിവയ്പ്പിച്ചും വിലപേശിയും വിരമിക്കൽ പാക്കേജുകളിലൂടെ പ്രലോഭിപ്പിച്ചുമായിരുന്നു വെട്ടിക്കുറയ്ക്കൽ എന്നാണ് വാർത്താ ഏജൻസികളുടെ കണ്ടെത്തൽ. എന്നിട്ടും മസ്കിന്‍റെ തീരുമാനങ്ങൾ പലതും കോടതികൾ തിരുത്തി, വകുപ്പുകൾ പുനസ്ഥാപിച്ചു. ചില 'മസ്കിയൻ നടപടികൾ' ലാഭത്തേക്കാൾ നഷ്ടമാണുണ്ടാക്കിയതെന്നും വിലയിരുത്തലുണ്ട്. ചില നടപടികൾ സർക്കാർ തന്നെ പിൻവലിച്ചു. കൂട്ടപ്പിരിച്ചുവിടലിന് അതിന്‍റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മസ്ക് തന്നെ സമ്മതിച്ചിട്ടുണ്ട്. അത് പിന്നെ തിരുത്താമെന്നും. വലിയൊരു വിവാദമായത് മസ്ക് സംഘത്തിന് എവിടെയും കടന്നുകയറാനും അവിടത്തെ ഡേറ്റ ശേഖരിക്കാനുമുള്ള അധികാരമാണ്.
പ്രത്യേകിച്ചും ട്രഷറി പോലയുള്ള വകുപ്പിന്‍റെ ഓഫീസുകളിലെ കടന്നുകയറ്റം. ലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡോജ് സംഘം കൊണ്ടുപോയി. അതിലെ അപകടമായി ചൂണ്ടിക്കാണിക്കപ്പെട്ടത് ഡോജ് സംഘത്തിലെ അംഗങ്ങൾ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടവരാണ്. ഒരുതരത്തിലെയും സുരക്ഷാ ക്ലിയറൻസുള്ളവരല്ല. അവർക്ക് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിൽ എതിർപ്പ് അറിയിച്ച വകുപ്പുകളിൽ ഭീഷണിയുടെ സ്വരത്തിലാണ് ഇടപെടലുണ്ടായതെന്നാണ് റിപ്പോർട്ട്. ആദ്യമൊക്കെ മസ്കിനെ പിന്തുണച്ച ട്രംപ് സംഘത്തിൽ പലരും പിന്നീടെതിരായി. അവരവരുടെ മണ്ഡലങ്ങളിൽ ജനപ്രതിനിധികൾ ചോദ്യങ്ങൾ നേരിടേണ്ടിവന്നതോടെ മസ്കിനുള്ള പിന്തുണ കുറഞ്ഞു. എതിർപ്പ് പരസ്യമായി പറയാൻ തുടങ്ങി.
അവസാനത്തെ ആണി
മാർക്കോ റൂബിയോ (Marco Rubio), സീൻ ഡഫി (Sean Duffy), സ്കോട്ട് ബെസന്‍റ് (Scott Bessent) എന്നിവരുമായി മസ്ക് ഏറ്റുമുട്ടി. വാണിജ്യ സെക്രട്ടറി പീറ്റർ നവാരോയെ (Peter Navarro) പേര് വിളിച്ച് അപമാനിച്ചു. സംഗതി കൈവിട്ടുപോകുമെന്ന് തോന്നിയതോടെ പ്രസിഡന്‍റ് നേരിട്ട് ഇടപെട്ടു. കാബിനറ്റ് യോഗത്തിൽ മസ്കിന് കടിഞ്ഞാണിട്ടു. ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള അധികാരം വകുപ്പ് സെക്രട്ടറിമാർക്കാണ്, മസ്ക് നിർദ്ദേശങ്ങൾ നൽകിയാൽ മതി എന്ന് വ്യക്തമാക്കി.
അതിന് ശേഷമാണ് താൻ വിടവാങ്ങും എന്ന സൂചന മസ്ക് നൽകിയത്. ഫെഡറൽ ബ്യൂറോക്രസി താൻ വിചാരിച്ച പോലെയല്ല, അത് വൃത്തിയാക്കാൻ എളുപ്പമല്ലെന്ന് ഒരഭിമുഖത്തിൽ തുറന്ന് പറഞ്ഞു. അവസാനത്തെ ആണിയായത് ട്രംപിന്‍റെ നികുതി ബില്ലാണ്. 'മനോഹരം' എന്ന് പ്രസിഡന്‍റ് വിശേഷിപ്പിച്ച ബിൽ, 'എങ്ങനെയാണ് മനോഹരമാകുക' എന്ന് ചോദിച്ചു മസ്ക്. നികുതി വെട്ടിക്കുറയ്ക്കലും കുടിയേറ്റ നിയമം കർക്കശമാക്കുന്നതും ഉൾപ്പെടുന്നതാണ് ബിൽ. അതൊരു വൻ പാഴ്ചെലവ് എന്നാണ് മസ്ക് വിമർശിച്ചത്. തന്‍റെ ഡോജിന്‍റെ പ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന ബിൽ എന്ന് കുറ്റപ്പെടുത്തി.
പ്രസിഡന്‍റെ പക്ഷേ, ബില്ലിനെ പ്രതിരോധിച്ചു. ചിലതിൽ സംശയങ്ങളുണ്ടെങ്കിലും ചിലത് മനോഹരമെന്നാണ് പ്രസിഡന്‍റിന്‍റെ പ്രതിരോധം. ജനപ്രതിനിധി സഭ കടന്ന ബിൽ സെനറ്റിലെത്തിയപ്പോഴാണ് ഈ അങ്കം വെട്ട് നടന്നത്. ചില റിപബ്ലിക്കൻ അംഗങ്ങൾക്ക് പക്ഷേ, ബില്ലിനോട് വലിയ താൽപര്യമില്ല. അവർ മസ്കിന്‍റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. എതിർക്കുന്നവരാണ് കൂടുതലെങ്കിലും ഇപ്പോഴും മസ്കിന്‍റെ വെട്ടിച്ചുരുക്കലുകളെ പിന്തുണക്കുന്ന സാധാരണക്കാരുണ്ട്. അത് ആവശ്യമാണെന്ന് കരുതുന്നവർ. പക്ഷേ. ടെസ്ല അടിച്ച് പൊട്ടിക്കുന്നത് വരെയെത്തിയിരുന്നു പൊതുനിരത്തിലെ എതിർപ്പുകൾ.
ടെസ്‍ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം
ഡാറ്റ എന്ന നിധി
മസ്ക് വിട്ടെങ്കിലും ഡോജിന്‍റെ ഡേറ്റാ കളക്ഷൻ ആശങ്കയായി തന്നെ തുടരുകയാണ്. സർക്കാർ ഡേറ്റാ ബേസുകളും അതിലെ സ്വകാര്യ വിവരങ്ങളും ഡോജിന് കൈമാറുന്നതിൽ ജനത്തിനുമുണ്ട് ആശങ്കകൾ എന്നാണ് റിപ്പോർട്ട്. അത്തരത്തിലെ ആശങ്ക മുമ്പുണ്ടായത് 1974 -ലാണ്. കമ്പ്യൂട്ടറുകളിൽ ജനങ്ങളുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ പോലെയുള്ള സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നതിൽ യുഎസ് കോൺഗ്രസ് അപകടം കണ്ടു. ദുരുപയോഗത്തിനുള്ള സാധ്യത മുന്നിൽക്കണ്ട് ഒടുവിൽ പ്രൈവസി ആക്ട് (Privacy Act) പാസാക്കി. അത്യാവശ്യമുള്ള വിവരങ്ങൾ മാത്രം ശേഖരിക്കുക, അതും നേരിട്ട് അത് നിർബന്ധമാക്കി. ഇതൊക്കെ മറികടക്കുന്നതാണ് ഡോജിന്‍റെ വിവരശേഖരണം.
മറ്റ് ആരോപണങ്ങൾ
USAID പദ്ധതികൾ നിർത്തലാക്കിയത് അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയായി എന്നാണ് വിമർശനം.രോഗപ്രതിരോധത്തിലും ആഫ്രിക്കൻ രാജ്യങ്ങളിലെ കമ്മ്യൂണിറ്റി കിച്ചനിലും അഫ്ഗാനി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉണ്ടായിരുന്ന പദ്ധതികളടക്കം മസ്ക് വെട്ടി. അമേരിക്കയുടെ സോഫ്റ്റ് പവറിന് കനത്ത ഇടിവുണ്ടാക്കി ഇതെല്ലാം.
കോൺസ്പിറസി തിയറികൾ, ഗൂഢാലോചന ക്കഥകൾ പരത്തിയതാണ് മറ്റൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കെന്‍റക്കിയിലെ ഫോർട്ട് നോക്സിൽ (Fort Knox) നിന്ന് അമേരിക്കയുടെ സ്വർണ നിക്ഷേപം കടത്തുന്നു എന്ന കഥ പരത്തിയതിൽ മസ്കിനുണ്ടായിരുന്നു പങ്ക്. ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാരെ കൂട്ടക്കൊല ചെയ്യുന്നുവെന്ന കഥ ട്രംപ് തന്നെ ഏറ്റെടുത്തതും ദ. ആഫ്രിക്കൻ പ്രസിഡന്‍റ് രാമഫോസയോട് ഒച്ചയിട്ടതും അടുത്ത കാലത്താണ്.
രാഷ്ട്രീയവും ബിസിനസും കൂട്ടിക്കലർത്തി മസ്ക് എന്ന ആരോപണവും വ്യാപകമാണ്. മസ്കിന്‍റെ സ്പേസ് എക്സ് പല വിദേശകമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. അമേരിക്കൻ സർക്കാരിന്‍റെ തന്നെ 22 ബില്യന്‍റെ കരാറുണ്ട് സ്പേസ് എക്സിന്. സ്റ്റാലിങ്കിന്‍റെ സാറ്റലൈറ്റ് ഇന്‍റർനെറ്റ് സേവനങ്ങൾ വിദേശങ്ങളിൽ വിൽക്കുന്നതിന് മസ്ക് പല അവസരങ്ങളും പ്രയോജനപ്പെടുത്തിയെന്ന ആരോപണവുമുണ്ട്. അത് ഡമോക്രാറ്റ്സിന്‍റെ വകയാണെങ്കിലും. മസ്കിനോടുള്ള എതിർപ്പ് ടെസ്ലയിലേക്ക് പടർന്നപ്പോൾ ടെസ്ലയുടെ പ്രചാരണത്തിന് പ്രസിഡന്‍റ് തന്നെ ഇടപെട്ട് വൈറ്റ് ഹൗസ് ഷോറൂമാക്കിയ കാഴ്ച ലോകം മുഴുവൻ കണ്ടതാണ്.
പ്രധാനപ്പെട്ട യോഗങ്ങളിലെല്ലാം മസ്കിന്‍റെ സാന്നിധ്യം പലർക്കും അപ്രിയമായിരുന്നു. മകനുമായി ഓവൽ ഓഫീസിലെ ഔദ്യോഗിക ചടങ്ങുകൾക്കെത്തുന്ന മസ്കിന്‍റെ രീതിയിലും എതിർപ്പുകൾ വ്യാപകമായിരുന്നു. ഒരു ഘട്ടത്തിൽ പ്രതിരോധ വകുപ്പിന്‍റെ ബ്രീഫിംഗ് മസ്കിനും കിട്ടുമെന്ന് വാർത്ത പരന്നു. പ്രസിഡന്‍റിന് നേരിട്ടുതന്നെ ഒടുവിലത് നിഷേധിക്കേണ്ടിവന്നു.
എന്തായാലും ഡോജിന്‍റെ മേധാവിയായതോടെ മസ്കിന്‍റെ ബിസിനസുകൾക്ക് ഇടിവുണ്ടായിയെന്നത് വസ്തുതയാണ്. ടെസ്ലയുടെ ഓഹരിവിലയും വിൽപ്പനയും ഇടിഞ്ഞു. സ്പേസ് എക്സിന്‍റെ സ്റ്റാർഷിപ്പ് മൂന്നാം തവണയും പൊട്ടിത്തെറിച്ചു. മാർസിലേക്ക് മനുഷ്യരെ അയക്കാനുള്ള സ്വപ്നപദ്ധതിയ്ക്കാണ് തിരിച്ചടി. പക്ഷേ, ലോകത്തെ ഏറ്റവും സമ്പന്നൻ ഇപ്പോഴും മസ്ക് തന്നെയാണ്.
എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍
മസ്കിന്‍റെ ലഹരി ഉപയോഗം
അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട് കൂടി പുറത്തുവന്നു ഇലൺ മസ്കിനെ പ്പറ്റി. ട്രംപിന്‍റെ പ്രചാരണ കാലത്ത് മസ്ക് കീറ്റമിൻ, എക്സ്റ്റസി തുടങ്ങിയ ഡ്രഗ്സുകൾ ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. അതിന്‍റെ ഫലമായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുള്ളത് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ്. പക്ഷേ, റിപ്പോർട്ടുകളെ കുറിച്ചുള്ള ചോദ്യങ്ങൾ മസ്ക് തള്ളിക്കളഞ്ഞു. കണ്ണിനടുത്തെ ചതവ് മകന്‍റെ സമ്മാനമാണെന്നും പറഞ്ഞു.
നേരത്തെ അങ്ങനെയൊരു ശീലമുണ്ടായിരുന്നത്രേ മസ്കിന്. അതറിയാവുന്ന അടുത്ത സുഹൃത്തുക്കളും പക്ഷേ, പറയുന്നത് പ്രചാരണകാലത്ത് മസ്ക് ഇവയൊക്കെ അമിത അളവിൽ ഉപയോഗിച്ചിരുന്നുവെന്നാണ്. അതിന്‍റെ ഫലമായി ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിയെന്ന് മസ്ക് തന്നെ പറഞ്ഞിരുന്നുവെന്നും. അതും പലത് കൂട്ടിച്ചേർത്ത് കോക്ടെയിലായാണ് ഉപയോഗിച്ചിരുന്നത്. എക്സറ്റസി, മാജിക് മഷ്റൂം തുടങ്ങിയവ. 20 ഗുളികകൾ അടങ്ങുന്ന ഒരു പെട്ടി എപ്പോഴും മസ്ക് കൊണ്ട് നടക്കുമായിരുന്നുവെന്നാണ് ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട്. വിചിത്രമായ ചില പെരുമാറ്റങ്ങൾ അതിന്‍റെ ഫലമായിരുന്നോ എന്നാണിപ്പോഴത്തെ സംശയം.
തുള്ളിച്ചാടുക, നാസി സല്യൂട്ട്, ഇതൊക്കയാണ് കാരണം. കുടുംബജീവിതത്തിലെ പ്രശ്നങ്ങളാണ് തുടക്കമെന്നാണ് നിഗമനം. 14 -മത്തെ കുട്ടിയുടെ ജനനം. അത് കുട്ടിയുടെ അമ്മ പരസ്യമാക്കിയത്. മറ്റ് മൂന്നുകുട്ടികളുടെ അമ്മയായ ഗ്രൈംസ്, കുട്ടികളുടെ അവകാശത്തിന് വേണ്ടി താൻ നടത്തുന്ന നിയമയുദ്ധത്തെക്കുറിച്ചും അതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിട്ടത്. വിവിയന്‍ എന്ന മകൾ പേര് മാറ്റിയത്. ഇതൊക്കെ ചില പ്രശ്നങ്ങൾ മാത്രം. അനസ്തറ്റിക് ആയ കിറ്റമീൻ ചെറിയ അളവിൽ ഉപയോഗിക്കാറുണ്ടെന്ന് മസ്ക് സിഎന്‍എന്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു കഴിഞ്ഞ വർഷം. അമിതമായത് കാരണം ബ്ലാഡർ തകരാറിലായി എന്നത് അടുത്ത ആൾക്കാരോട് മാത്രമേ പറഞ്ഞുള്ളൂ. വിടവാങ്ങലിന് മുമ്പത്തെ ഓവൽ ഓഫീസ് പത്രസമ്മേളനത്തിൽ കണ്ണിനടുത്ത് ചതവുമായാണ് പ്രത്യക്ഷപ്പെട്ടത്. അത് പിന്നെയും പല ഊഹക്കഥകൾക്ക് വളമായി.
കിറ്റമീൻ ഹലൂസിനേഷന് കാരണമാകും, കൂടിയാൽ അത് വഷളാകും. മരുന്നെന്ന നിലയിൽ നിയമാനുസൃതമാണ് അമേരിക്കയിൽ. എന്തായാലും എയറോസ്പേസ് സ്ഥാപനമായ സ്പേസ് എക്സിന്‍റെ ഉടമയും സർക്കാർ കരാറുകാരനും എന്ന നിലയ്ക്ക് മസ്ക് മയക്കുമരുന്നുകൾ ഉപയോഗിക്കാൻ പാടില്ല. സ്ഥാപനത്തിൽ ഇടക്കിടക്ക് പരിശോധനകളും നടത്തണം. പക്ഷേ, അത്തരം പരിശോധനകളെക്കുറിച്ച് മസ്കിന് നേരത്തെ അറിവുകിട്ടുമായിരുന്നു എന്നാണ് റിപ്പോർട്ട്. സ്പേസ് എക്സോ വൈറ്റ് ഹൗസോ പ്രതികരിച്ചിട്ടില്ല. എന്തിനും ഏതിനും പോസ്റ്റിടുന്ന പ്രസിഡന്‍റ് പോലും.