
ശാന്തമായ രാത്രി, മൂന്നാല് ദിവസമായി തുടർന്ന ആശാന്തിക്കൊടുവില്‍ ഇന്നലെ രാത്രി കശ്മീര്‍ താഴ്വാരം സമാധാനമായി ഒന്ന് ഉറങ്ങുകയാണ്. ഈ രാത്രിയില്‍ അതിര്‍ത്തിയിലുടനീളം വെടിനിർത്തല്‍ കരാര്‍ പാക് സൈന്യം പാലിച്ചു. കശ്മീര്‍ താഴ്വരയിലോ, ജമ്മു മേഖലകളിലോ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നത് വലിയ ആശ്വാസം പകരുന്നു. സംഘര്‍ഷം തുടങ്ങിയ ശേഷമുള്ള ആദ്യ സമാധാന രാത്രിയെന്ന് കരസേനയും സ്ഥിരീകരിച്ചു. താഴ്വാരയിലെ ഗ്രാമ - നഗര മേഖലകള്‍ ഇന്നലെയോടെ സാധാരണനിലയിലേക്ക് മടങ്ങി. എന്നാല്‍, രാത്രിയില്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നും വീണ്ടും പ്രകോപനം ഉണ്ടാകുമോയെന്നുള്ള ആശങ്ക എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. വ്യാപാര സ്ഥാപനങ്ങളടക്കം രാത്രി ഒമ്പത് മണിക്ക് ശേഷം തുറക്കുന്നതിന് സൈന്യത്തിന്‍റെ നിയന്ത്രണമുണ്ട്. രാത്രി യാത്രകൾക്കും നിയന്ത്രണം ബാധകം.
നാശനഷ്ടക്കണക്കുകൾ
ഇതിനിടെ പാക് ഷെല്ലാക്രമണത്തിന്‍റെ നഷ്ടം കണക്കാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ശ്രമം തുടങ്ങി. ജമ്മു താഴ്വാരയിലാണ് പ്രധാനമായും നാശനഷ്ടം രേഖപ്പെടുത്തിയത്. പൂഞ്ച്, രജൌരി ഉൾപ്പെടെയുള്ള നഗരമേഖലകളിലേക്ക് നടത്തിയ പാക് ഷെല്ലാക്രമണത്തില്‍ വലിയ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. കുപ്പുവാര, ഉറി അടക്കമുള്ള പ്രദേശങ്ങളിൽ 20 ഓളം വീടുകൾ തകർന്നെന്നാണ് കണക്ക്. ഈ നാശനഷ്ടങ്ങളുടെ കണക്കുകൾ സര്‍ക്കാര്‍ ശേഖരിക്കുകയാണ്.
ശ്രീനഗര്‍ വിമാനത്താവളം അടച്ചതോടെ ജമ്മു മേഖലയിലേക്കുള്ള വ്യാമഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ജമ്മു ദേശീയ പാതയില്‍ രണ്ട് ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായതോടെ അതുവഴിയുള്ള യാത്രയും ദുര്‍ഘടം. ഇന്ന് മുഖമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേരുന്നുണ്ട്. അതിര്‍ത്തി മേഖലകളുടെ സ്ഥിതിഗതികൾ വിലയിരുന്നു. പാക് ഷെല്ലാക്രമണത്തിൽ അതിർത്തി ഗ്രാമങ്ങളിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കാനുള്ള നടപടികൾ ഔദ്ധ്യോഗികമായി തുടങ്ങി. പാക് അക്രമണത്തില്‍ മരിച്ചവര്‍രുടെ കുടുംബങ്ങൾക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ സൈനിക കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെന്ന കേസിൽ സംസ്ഥാനത്ത് 20 ഇടങ്ങളിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
രാവിലെ തന്നെ റോഡുകളില്‍ സുരക്ഷാ സേനയുടെ വിശദമായ പരിശോധനകളും നടക്കുന്നുണ്ട്. ബാരമുള്ളയില്‍ ചെറിയ ചായക്കട നടത്തുന്ന അശോക് ശര്‍മ്മ, ദിവസങ്ങൾക്ക് ശേഷം ഇന്നലെ സമാധാനത്തോടെ ഉറങ്ങിയെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഊറി മേഖലയില്‍ നിന്നടക്കം ക്യാമ്പുകളിലെത്തിയ കുടുംബങ്ങൾ തങ്ങളുടെ വീടുകളിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ ഇവരെ തിരിച്ചയക്കാന്‍ സാധ്യയുള്ളൂ. ഇതിനിടെ ആക്രമത്തില്‍ തകർന്ന വീടുകളില്‍ മോഷണം നടക്കുന്നെന്നുള്ള വാർത്തകളും പ്രദേശവാസികൾക്കിടയില്‍ സംസാര വിഷയമായി. എന്നാല്‍ അങ്ങനൊരു സംഭവില്ലെന്ന് പോലീസ് പറയുന്നു.
(ഹന്ത്വാടയില്‍ നിന്നുള്ള ഇന്ന് രാവിലത്തെ കാഴ്ച)
വേദനയായി നർഗീസ് ബാനു
പാക് ഷെല്ലാക്രമണത്തിൽ കൺമുന്നിൽ വെച്ച് അതിദാരുണമായി അമ്മ കൊല്ലപ്പെട്ടതിന്‍റെ ഞെട്ടിലിലാണ് ഉറി സ്വദേശിയായ സനം എന്ന പതിനെട്ടുകാരി. സനത്തിന്‍റെ അമ്മയാണ് നർഗീസ് ബീഗം. പാക് ഷെല്ലാക്രമണത്തിൽ നിന്ന് രക്ഷ തേടി ബന്ധു വീട്ടിലേക്ക് പലായനം ചെയ്യുന്നതിനിടെ സഞ്ചരിച്ച വാഹനം കുത്തിത്തുളച്ചെത്തിയ പാക് ഷെൽ ചീളുകൾ നർഗീസിന്‍റെ ജീവനെടുക്കുകയായിരുന്നു. നർഗീസിന്‍റെ രണ്ടാമത്തെ മകളുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കെയാണ് കുടുംബത്തെ തേടി ഈ ദുരന്തമെത്തിയത്. തങ്ങളോടൊപ്പം ഇരിക്കവെ അപ്രതീക്ഷിതമായെത്തിയ അമ്മയുടെ ദാരുണ മരണം ഏല്‍പ്പിച്ച ആഘാതത്തിന്‍റെ ഞെട്ടല്‍ മാറാതെ പകച്ചു നിൽക്കുന്ന നാല് പെൺമക്കളെയാണ് നർഗീസിന്‍റെ കുടുംബത്തെ തേടിയ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാന്‍ കഴിഞ്ഞത്.
സംഭവ ദിവസം നർഗീസ് ബാനുവിന്‍റെ ഭര്‍ത്താവ് പ്രമേഹം കൂടി ആശുപത്രിയിലായിരുന്നു. പാക് ഷെല്ലാക്രമണം വർദ്ധിച്ചതോടെ രാജബാനിയില്‍ നിന്നും ബാരാമുള്ളയിലുള്ള സുരക്ഷിതമായ ബന്ധുവീട്ടിലേക്ക് തന്‍റെ രണ്ട് ആണ്‍ മക്കളെയും നാല് പെണ്‍മക്കളെയും കൂട്ടി ജീവനും കൊണ്ട് രക്ഷപ്പെടുന്നതിനിടെയാണ് ചിതറിത്തെറിച്ച പാക് ഷെല്ലിന്‍റെ ഒരു കഷ്ണം വാഹനം തുളച്ച് 45 കാരിയായ നർഗീസ് ബാനുവിന്‍റെ തലയില്‍ തുളച്ച് കയറിയത്. തൽക്ഷണം അവര്‍ മരിച്ചു. കണ്‍മുന്നില്‍ അമ്മയെ നഷ്ടപ്പെട്ട മക്കളില്‍ ഇന്നും ആ നടുക്കം വിട്ട് മാറിയിട്ടില്ല. കണ്‍മുന്നില്‍ സംഭവിച്ച അമ്മയുടെ മരണത്തില്‍ പരസ്പരം ആശ്വസിക്കാന്‍ പോലുമാകാതെ ആ പെണ്‍കുട്ടികളിരുന്നു. ഇടയ്ക്ക് എപ്പോഴോ കരച്ചിലിനിടയില്‍ ആ പെണ്‍കുട്ടി സംസാരിച്ചു.
(കൊല്ലപ്പെട്ട നർഗീസിന്‍റെ നാല് പെൺമക്കൾ ബാരമുള്ളയിലെ ബന്ധു വീട്ടിൽ)
അമ്മയോടൊപ്പം ജീപ്പിന്‍റെ പിന്‍സീറ്റിലിരിക്കവെയുണ്ടായ ദാരുണ സംഭവം കണ്ട നടുക്കത്തിലാണ് അവളിന്നും. യുദ്ധത്തില്‍ പാവങ്ങളാണ് മരിച്ച് വീഴുന്നതെന്നും യുദ്ധം കൊണ്ട് ആര്‍ക്ക് എന്ത് ലാഭമാണെന്നും നർഗീസിന്‍റെ സഹോദരന്‍ അല്‍ത്താഫ് വേദനയടക്കി ചോദിക്കുന്നു. നഷ്ടപരിഹാരത്തുക കൊണ്ട് മരിച്ചവരെ തിരിച്ച് കിട്ടില്ലെന്നും ജീവിച്ചിരിക്കുന്ന ഇരകൾക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവര്‍ക്ക് സ്വന്തം വാഹനങ്ങളുണ്ടായിരുന്നതിനാല്‍ അവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാന്‍ പറ്റിയെന്നും എന്നാല്‍, തങ്ങൾക്ക് വാഹനം ഇല്ലാതിരുന്നതിനാല്‍ ഒരെണ്ണം എത്തും വരെ കാത്തിരിക്കേണ്ടി വന്നെന്നും നർഗീസിന്‍റെ മറ്റൊരു മകൾ റെയിസ് വിതുമ്പലോടെ പറഞ്ഞു.
സൈന്യം
ജമ്മു കശ്മീരിൽ ഇന്നലെ രാത്രി പാക് പ്രകോപനമോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായില്ലന്ന് കരസേനാ വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇന്നത്തെ ചർച്ചകൾ നിർണായകമാണെന്നും സേന അറിയിച്ചു. ഏത് തരത്തിലുള്ള വെല്ലുവിളികളെയും നേരിടാൻ തയ്യാറെന്ന് കര - വ്യേമ സേനകൾ ആവര്‍ത്തിച്ചു. അന്താരാഷ്ട്ര അതിർത്തികളടക്കം സ്ഥിതിഗതികൾ ശാന്തമാണ്. സംഘർഷം തുടങ്ങിയതിന് ശേഷമുള്ള സമാധാനപരമായ രാത്രി എന്നാണ് ഇന്നലത്തെ രാത്രിയെ കരസേന വിശേഷിപ്പിച്ചത്. അതേസമയം നിയന്ത്രണരേഖയെ സംബന്ധിച്ച് പരാമർശമില്ലെന്നതും ശ്രദ്ധേയം.