യുദ്ധം ഒഴിഞ്ഞു, താത്കാലികമായി; ആശങ്കകളെല്ലാം ബാക്കി, ഇറാനിൽ ഇനിയെന്ത്?

Published : Jul 02, 2025, 06:59 PM IST
Israel Iran war

Synopsis

ഇസ്രയേലും ഇറാനും വെടിനിർത്തല്‍ പ്രഖ്യാപിച്ചു. വെടിനിർത്തൽ ശ്വാശ്വതമാമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. ഇരുവശത്തും വന്‍ നാശനഷ്ടങ്ങളുണ്ട്. പകയും ബാക്കി നില്‍ക്കുന്നു. സംശയത്തോടെയാകും ഇനിയുള്ള കാലവുമെന്ന് വ്യക്തം. വായിക്കാം ലോകജാലകം. 

 

സാധാരണ സംഭവ വികാസങ്ങൾക്ക് സാക്ഷിയായി ലോകം. പശ്ചിമേഷ്യയായിരുന്നു കേന്ദ്രം. ഇറാൻ - ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ അമേരിക്കയുടെ ആക്രമണം, ഇറാന്‍റെ തിരിച്ചടി. അതും ഖത്തറിലെ യുഎസ് സൈനികാസ്ഥാനങ്ങളിൽ. തുടർന്ന് വെടിനിർത്തൽ. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആഗ്രഹം പോലെ അത് അദ്ദേഹത്തിന്‍റെ ശ്രമഫലമെന്ന് അവകാശപ്പെടാൻ പറ്റിയ സാഹചര്യം. പക്ഷേ, ഇത് നീണ്ടുനിൽക്കുമോ? ശാശ്വത സമാധാനത്തിന് ഇടയാകുമോ? ഇസ്രയേൽ - ഇറാൻ പോർവിളി അവസാനിക്കുമോ എന്നൊന്നും പറയാറായിട്ടില്ല. അതിനിനിയും സമയമെടുക്കും. 24 മണിക്കൂറിനുള്ളിൽ എങ്ങനെയൊക്കെയാണ് കാര്യങ്ങൾ ഉരുത്തിരിഞ്ഞത്? ഇറാന്‍റെ ആണവ ശേഖരത്തിന് എന്തുസംഭവിച്ചു? എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല.

മുന്‍നിശ്ചയിച്ചത് പോലൊരു അക്രമണം

12 ദിവസം പശ്ചിമേഷ്യ മുൾമുനയിൽ നിന്നു. ഇറാനും ഇസ്രയേലും തിരിച്ചും മറിച്ചും ആക്രമിച്ചു. ആണവ കേന്ദ്രങ്ങൾ ആക്രമിച്ചേക്കും എന്ന സൂചന വന്നത് അമേരിക്കയിൽ നിന്നാണ്. സിറ്റ്‍വേഷൻ റൂമിൽ അടിയന്തര യോഗങ്ങൾ നടന്നു. ജി 7 ഉച്ചകോടിയിൽ നിന്ന് ട്രംപ് ഇറങ്ങിപ്പോവുക കൂടി ചെയ്തതോടെ ഏതാണ്ടുറപ്പായി. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണം. അതോടെ കാര്യങ്ങൾ വഷളാവുമെന്നായിരുന്നു ആശങ്കയെങ്കിലും ഇറാൻ വളരെ കരുതലോടെയാണ് പ്രതികരിച്ചത്.

തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു ഇറാന്. ഇറാൻ പക്ഷേ, ഖത്തറിലെ അമേരിക്കൻ സൈനികാസ്ഥാനം ആക്രമിച്ചു. ഖത്തറിനെ നേരത്തെ അറിയിച്ച ശേഷമായിരുന്നു ആക്രമണമെന്ന് വ്യക്തമായിരുന്നു. യുദ്ധവിമാനങ്ങളെല്ലാം നേരത്തെ തന്നെ മാറ്റിയിരുന്നു അമേരിക്ക. ഏതാണ്ട് കാലിയായ ആസ്ഥാനത്താണ് മിസൈലുകൾ വീണത്. അതിന് ശേഷം ഖത്തറിനോട് അത് ഖത്തറിനെയല്ല ലക്ഷ്യമിട്ടത്, അമേരിക്കയ്ക്കുള്ള മറുപടിയായിരുന്നുവെന്ന് അറിയിക്കയും ചെയ്തു ഇറാൻ. സംഘർഷം അവസാനിക്കുകയാണെന്ന് അപ്പോൾ തന്നെ വ്യക്തമായി.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു വെടിനിർത്തൽ പ്രഖ്യാപിച്ചു അമേരിക്കൻ പ്രസിഡന്‍റ്. ഇറാനും കുറച്ച് താമസിച്ചാണെങ്കിലും ഇസ്രയേലും അതംഗീകരിച്ചു. പക്ഷേ, പിന്നെയും മിസൈൽ വീണു എന്നാരോപിച്ച് ഇസ്രയേൽ യുദ്ധ വിമാനങ്ങൾ പറന്നതോടെ വെടിനിർത്തൽ വെറുതെയായെന്ന് ആശങ്കയായി. അമേരിക്കൻ പ്രസിഡന്‍റ് ഇറാനെയും ഇസ്രയേലിനെയും ശാസിച്ചു. കടുത്ത വാക്കുകൾ ഉപയോഗിച്ചത് ഇസ്രയേലിനുനേരെ. വിമാനങ്ങൾ തിരിച്ചുവിളിക്കൂ എന്നാജ്ഞാപിച്ചു ട്രംപ്. ഇസ്രയേൽ വകവച്ചില്ല. പക്ഷേ, പ്രതീകാത്മകം എന്ന് വ്യക്തമാക്കി പേരിനൊരു മിസൈലിട്ട് ഇസ്രയേൽ വിമാനങ്ങൾ തിരിച്ചുവിളിച്ചു. പിന്നെ എല്ലാം ശുഭം. പക്ഷേ, എത്രമാത്രം ശുഭം എന്നതിലാണ് സംശയങ്ങൾ. നിഗമനങ്ങളും പ്രവചനങ്ങളും ധാരാളം.

അവകാശവാദങ്ങൾ

ആണവ കേന്ദ്രങ്ങൾ നശിപ്പിച്ചുവെന്നാണ് ട്രംപിന്‍റെയും ഇസ്രയേലിന്‍റെയും അവകാശവാദം. അതിലെത്ര മാത്രം സത്യമുണ്ടെന്നറിയാൻ ഇനിയും സമയമെടുക്കും. പ്രത്യക്ഷത്തിൽ ഉപഗ്രഹ ചിത്രങ്ങൾ അനുസരിച്ച് നതാൻസിലും ഫോർദോയിലും വലിയ വിള്ളലുകൾ കാണാനുണ്ട്. ഭൂമിക്കടിയിലെ ഉള്ളറകൾ വരെ എത്തിയില്ലെങ്കിലും കാര്യമായ കേടുപാട് പറ്റിയെന്നാണ് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചത്. ഉപരിതലത്തിലെ കെട്ടിടങ്ങളെല്ലാം തകർന്നു.

യുഎസ് ഇന്‍റലിജന്‍സ്

പക്ഷേ, എല്ലാം അത്ര വ്യക്തമല്ല. നേരത്തേ തന്നെ ട്രംപുമായി വിയോജിച്ചിരുന്നു അമേരിക്കൻ ഇന്‍റലിജൻസ് വൃത്തങ്ങൾ. ഇറാന് ആണവായുധ പദ്ധതിയില്ല എന്നാണ് തുൽസി ഗബാർഡ് (Tulsi Gabbard) കോൺഗ്രസിനെ അറിയിച്ചത്. ട്രംപ് അതിൽ ദേഷ്യപ്പെടുകയും ചെയ്തു. പിന്നെ, ഗബാർഡ് എക്സ് പോസ്റ്റിലൂടെ അത് തിരുത്തി. പക്ഷേ, ഇപ്പോൾ വീണ്ടും അമേരിക്കൻ ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിക്കുന്നത് ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്ക് വലിയ കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്നാണ്. യുറേനിയം ശേഖരം അതേപോലെതന്നെയുണ്ട്.

കേന്ദ്രങ്ങളിലേക്കുള്ള വാതിൽ അടഞ്ഞു പോയി. ഉള്ളിൽ ഒരു കുഴപ്പവും പറ്റിയിട്ടില്ല. ചുരുക്കത്തിൽ ആണവ പദ്ധതി വീണ്ടെടുക്കാൻ രണ്ട് മാസത്തെ കാലതാമസം വരും അത്രത്തോളം നാശമേ ഉണ്ടായിട്ടുള്ളൂവെന്നാണ് ഇന്‍റലിജൻസ് അന്വേഷണ വിവരം. തെറ്റ് എന്നാണ് വൈറ്റ്ഹൗസിന്‍റെ മറുപടി. തകർത്തുവെന്ന ട്രംപിന്‍റെ വാദമല്ല സർക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം. യുഎൻ രക്ഷാസമിതിയിൽ നൽകിയ വിശദീകരണത്തിൽ ആണവ പദ്ധതി പിന്നോട്ടടിച്ചുവെന്നാണ് പറയുന്നത്.

ആണവോർജ്ജ ഏജൻസി

ഇറാന് നേരത്തെയുണ്ടായിരുന്ന, 60 ശതമാനം സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയത്തിന് എന്തുപറ്റിയെന്ന് അറിയില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (International Atomic Energy Agency) മേധാവി തന്നെ പറഞ്ഞു കഴിഞ്ഞു. 90 ശതമാനം സമ്പുഷ്ടീകരിച്ചാൽ 10 ആണവായുധങ്ങൾക്ക് അതുമതിയാവും. അതിന് വലിയ സമയമൊന്നും വേണ്ട. ഇസ്ഫഹാനിലെ കേന്ദ്രത്തിനടിയിൽ സൂക്ഷിച്ചിരുന്ന ശേഖരം IAEA -യുടെ റിമോട്ട് നിരീക്ഷണത്തിലായിരുന്നു. ഇസ്രയേലിന്‍റെ ആക്രമണത്തിന് മുമ്പ്. ഇപ്പോഴത് ട്രാക്ക് ചെയ്യാൻ കഴിയുന്നില്ല. എങ്ങോട്ട് വേണമെങ്കിലും മാറ്റാവുന്നതാണ്. മാറ്റി എന്നാണ് ഇറാൻ പരസ്യമായി പ്രസ്താവിച്ചതും. അങ്ങനെയെങ്കിൽ ഇനി ഇറാന് അതുവച്ച് എന്ത് ചെയ്യുമെന്ന് പ്രവചിക്കാൻ പ്രയാസം.

ഇറാന്‍റെ കൈയിൽ

ആണവായുധ പദ്ധതിയില്ലെന്ന് ഇതുവരെ ഇറാൻ പറഞ്ഞിരുന്നത് സത്യമാണെങ്കിലും ഇനി അതാവാമെന്ന് വിചാരിക്കാൻ സാധ്യതയുണ്ട്. IAEA -യുമായുള്ള സഹകരണം കുറയ്ക്കുമെന്ന് ഖമനയി പ്രഖ്യാപിച്ചു കഴിഞ്ഞു. NPT -യിൽ നിന്ന് പിൻമാറിയിട്ടില്ല എന്ന് മാത്രം. ഇറാനെ തീർത്തും നിരായുധരാക്കാനും ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. 60 ശതമാനം സമ്പുഷ്ട യുറേനിയത്തിനൊപ്പം മറ്റൊന്നുകൂടി ശേഷിച്ചിട്ടുണ്ട് ഇറാന്. ഇസ്രയേലിൽ കടുത്ത നാശം വിതച്ച 'സിലോസ്' എന്ന ബാലിസ്റ്റിക് മിസൈൽ. 1,500 ഓളം മിസൈലുകൾ ഇനിയുമുണ്ട് ബാക്കി. തുരങ്കങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇവ ഇസ്രയേലിന് കണ്ടെത്താനായില്ല.

ചർച്ച നടത്തുമെന്നാണ് അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസിന്‍റെ പ്രസ്താവന. ആണവ ചർച്ചകൾ അടുത്തയാഴ്ച തുടങ്ങുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നതും. ആണവായുധത്തിന് ഖമനയി അനുവാദം നൽകിയിരുന്നതായി സൂചനകള്‍ ഇല്ലായിരുന്നു എന്നാണ് IAEA -യും അമേരിക്കൻ ഇന്‍റലിജൻസ് ഏജൻസികളും അറിയിച്ചിരുന്നത്. ആ നിലപാടുകൾ മാറാന്‍ വലിയ സമയമൊന്നും വേണ്ട.

ഡമോക്ലീസിന്‍റെ വാൾ

പക്ഷേ, അതിനൊരു പ്രതിവാദമുണ്ട്. ഇറാൻ വ്യോമപ്രതിരോധം ഏതാണ്ട് പൂർണമായി നഷ്ടമായി എന്നതിൽ തർക്കമില്ല. മിസൈൽ ശേഖരവും ലോഞ്ചറുകളും നഷ്ടമായി. നിർമ്മാണ പ്ലാന്‍റുകളും തകർന്നു. ഉന്നതതല സൈനിക കമാണ്ടർമാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. അമേരിക്ക നേരിട്ട് ആക്രമിക്കില്ലെന്ന നയവും തിരുത്തി. ആവർത്തിക്കാനും അധിക സമയം വേണ്ട എന്നൊരു ഡമോക്ലീസിന്‍റെ വാൾ ഇറാന് മേൽ തൂങ്ങുന്നുണ്ട് എന്നതും വ്യക്തം. ഇനി ആണവായുധം നിർമ്മിക്കാൻ ഇറാൻ ഒരുങ്ങില്ലെന്ന് ട്രംപ് പറയുന്നത് ഈ വാൾ ഓർമ്മിപ്പിച്ചാണ്. ഇസ്രയേൽ ഇനി ഇറാനിൽ നിന്ന് കണ്ണെടുക്കില്ലെന്നും വ്യക്തം. എന്തെങ്കിലും സൂചനയുണ്ടായാൽ ഇസ്രയേൽ വെറുതേയിരിക്കില്ല. നേറ്റൊ ഉച്ചകോടിക്കിടെ ഇനിയും യുദ്ധമുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് എപ്പോൾ വേണമെങ്കിലും ഉണ്ടാകാം എന്ന ട്രംപിന്‍റെ മറുപടി അതിന്‍റെ സൂചനയാണ്.

ഇറാന്‍റെ അവസ്ഥ

'വലിയ ചെകുത്താൻ' എന്ന് അമേരിക്കയെയും 'ചെറിയ ചെകുത്താൻ' എന്ന് ഇസ്രയേലിനും പേരിട്ട് രണ്ട് രാജ്യങ്ങളുടെയും സർവനാശമെന്ന പ്രതിജ്ഞയെടുത്ത് നിലവിൽ വന്ന ഇറാനിലെ ഷിയാ ഭരണകൂടത്തിന് പക്ഷേ, ഇനിയത്ര എളുപ്പമല്ല കാര്യങ്ങൾ. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മോശം. ഉപരോധങ്ങൾ തീർക്കുന്ന ചങ്ങലക്കെട്ട് ഒരു വശത്ത്. എന്നിട്ടും വരുമാനത്തിന്‍റെ വലിയൊരു ഭാഗം ചെലവഴിച്ചിരുന്നത് ആയുധങ്ങൾക്കും സൈന്യത്തിനുമാണ്. അതിലെല്ലാം ഉപരി, ഇപ്പോൾ ഉന്നത തലങ്ങളിൽ ഖമനേയിയുടെ നയങ്ങളിൽ അസംതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇസ്രയേലിനോട് ഇത്തരത്തിലൊരു ഏറ്റുമുട്ടൽ വേണ്ടായിരുന്നു എന്ന് മുൻ സർക്കാരുകളുടെ ഭാഗമായിരുന്നവർക്ക് അഭിപ്രായമുണ്ട്. ഇപ്പോഴത്തെ മിതവാദികളുമുണ്ട് കൂട്ടിന്. ഹമാസ്, ഹെസ്ബുള്ള, ഹൂതി തുടങ്ങിയവരെ പരിപോഷിപ്പിച്ച് കൂടെക്കൂട്ടിയതും നിഴൽ യുദ്ധം നടത്തിയതും ഖമനയിയുടെ മാത്രം തീരുമാനമാണ്. വിയോജിപ്പുകൾ അനുവദിച്ചിരുന്നില്ല ഖമനയി. ഇപ്പോൾ പക്ഷേ, ക്വോം നഗരത്തിലെ (QOM City) മതപണ്ഡിതരുമായി കൂടിക്കാഴ്ച നടത്താൻ മിതവാദികളായ ചിലരെത്തി എന്നാണ് റിപ്പോർട്ട്. നേതൃമാറ്റത്തിനായി വാദിക്കാൻ.

ഐക്യപ്പെടുന്ന ജനത

രാജ്യത്ത് പ്രതിപക്ഷം എന്നൊന്നില്ലെന്ന് തന്നെ പറയണം. വിമതസ്വരങ്ങൾ ഇല്ലാതാക്കുകയായിരുന്നു ഖമനയിയുടെ രീതി. സംഘടിക്കാൻ പോലും സ്വാതന്ത്ര്യമില്ല. ഇറാനിലെ സാധാരണക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും നൃത്തം ചെയ്യാനും ആഗ്രഹമുണ്ട് സ്ത്രീകൾക്ക്. ഇസ്രയേൽ ആക്രമണത്തിനിടെയും സ്വന്തം ഭരണകൂടത്തോടുള്ള വിയോജിപ്പുകൾ വാർത്താ ഏജൻസികളോടുള്ള പ്രതികരണങ്ങളിൽ പ്രകടമായിരുന്നു.

ജനങ്ങൾ തമ്മിലെ ഐക്യം പക്ഷേ, ശക്തിപ്പെട്ടു. പട്ടണങ്ങളിൽ നിന്ന് പലായനം ചെയ്തവർക്കായി ഗ്രാമവാസികൾ വാതിലുകൾ തുറന്നിട്ടു, സാധനങ്ങൾക്ക് കച്ചവടക്കാർ വില കുറച്ചു, അയൽക്കാരുമായി നിരന്തരം ബന്ധപ്പെട്ടു, ഇതൊക്കെ ബിബിസിയുടെ റിപ്പോർട്ടുകളാണ്. ഭരണമാറ്റം ആഗ്രഹിക്കുന്നു അവർ. പക്ഷേ, അതിൽ വിദേശ ശക്തികളുടെ ഇടപെടൽ വേണ്ട എന്നും.

ഇറാനികളുടെയും യുഎസ് പ്രസിഡന്‍റിന്‍റെയും ഭയം

അതേസമയം കൂടുതൽ അടിച്ചമർത്തൽ ഉണ്ടാകുമോയെന്ന ഭയവുമുണ്ട് ഇറാനിലെ സാധാരണക്കാർക്കിടയിൽ. വെടിനിർത്തലിന് ശേഷം ആറ് പേരെയാണ് തൂക്കിക്കൊന്നത്. ഇസ്രയേൽ ചാരൻമാർ എന്നാരോപിച്ച്. 700 പേർ തടവിലായിട്ടുണ്ട്. യുദ്ധത്തേക്കാൾ ഭയക്കുന്നത് സർക്കാരിന്‍റെ നടപടികളാണെന്ന് തുറന്നുപറയുന്നവരുണ്ട്. വെടിനിർത്തൽ നീണ്ടുനിൽക്കില്ല എന്നുമുണ്ട് ആശങ്ക. ആ സംശയം അമേരിക്കൻ പ്രസിഡന്‍റിനും ഉണ്ടെന്ന് വ്യക്തം.

ഭരണമാറ്റത്തിനാണ് അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ശ്രമമെന്നൊരു റിപ്പോർട്ടുണ്ടായിരുന്നു. പക്ഷേ, ഭരണമാറ്റം കുഴപ്പങ്ങളുണ്ടാക്കും. അത് വേണ്ട എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് അവസാനം അറിയിച്ചത്. അതിനൊരുങ്ങിയാൽ അവസാനിക്കാത്ത യുദ്ധമായി പോകുമെന്ന തിരിച്ചറിവുണ്ടാകും പ്രസിഡന്‍റിന്. ഇറാഖും അഫ്ഗാനിസ്ഥാനും ഉദാഹരണമായുള്ളപ്പോൾ തിരിച്ചറിവ് സ്വാഭാവികം. ഇറാനുമായി ഒബാമയുടെ ഭരണകാലത്ത് ഒപ്പിട്ട ധാരണയിൽ നിന്ന് പിൻമാറിയതും ഉപരോധങ്ങൾ പുനസ്ഥാപിച്ചതും ട്രംപാണ്.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്