അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇറാൻ, ഇസ്രയേൽ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ഈ ലേഖനം വിലയിരുത്തുന്നത്. അമേരിക്കയുടെ വിദേശനയത്തിലുണ്ടാകുന്ന മാറ്റങ്ങളും അതിന്റെ ആഗോള പ്രത്യാഘാതങ്ങളും ഇതിൽ ചർച്ചചെയ്യുന്നു.
അതിർത്തിക്കപ്പുറത്ത് ഇറാനെ മാത്രമല്ല, ഇസ്രയേലിനെയും യുക്രെയ്നെയും യുഎസ് ഇടക്കാല തെരഞ്ഞെടുപ്പ് ബാധിക്കുമെന്നത് മറ്റൊരു വിഷയം. ഇക്കഴിഞ്ഞ രണ്ടുവർഷം വിദേശനയം അപ്പാടെ അട്ടിമറിച്ചായിരുന്നു പ്രസിഡന്റിന്റെ പോക്ക്. സഖ്യങ്ങൾ തള്ളിപ്പറഞ്ഞു. യൂറോപ്പിനെയും യൂറോപ്യൻ നേതാക്കളെയും അധിക്ഷേപിച്ചു. പറഞ്ഞത് മാറ്റിപ്പറഞ്ഞു. എല്ലാ അർത്ഥത്തിലും പ്രവചനാതീതമായിരുന്നു പ്രസിഡന്റിന്റെ സ്വഭാവം. ഇപ്പോഴത്തെ പരാജയം എങ്ങനെ പ്രതിഫലിക്കുമെന്നത് എല്ലാവരുടെയും ചിന്താക്കുഴപ്പമാണ്.
സൂക്ഷിച്ച് ഇറാൻ
അതിൽ പ്രധാനം ഇറാൻ യുദ്ധം തന്നെ. ധാരണക്ക് തയ്യാറാവുമോ, അതോ യുദ്ധമോയെന്ന് പറയാറായിട്ടില്ല. ഇപ്പോഴെ പ്രതിരോധിക്കുകയാണ് ഇറാൻ. ഇനിയും അമേരിക്ക അന്താരാഷ്ട്ര സ്വാധീനങ്ങൾക്ക് വഴങ്ങിയാൽ തങ്ങളുടെ ഉത്തരം അമേരിക്കയ്ക്ക് പേടിസ്വപ്നമാകും എന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫിന്റെ (Mohammad Ghalibaf) എക്സ് കുറിപ്പ്. പക്ഷേ, അമേരിക്കൻ നയത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് മുജ്തബ ഖമനേയിയുടെ അഭിപ്രായമായി പുറത്തുവന്നത്. നേതൃത്വത്തിന് സന്തോഷിക്കാനുള്ള വകയുണ്ടെങ്കിലും യുദ്ധത്തിന് അവസാനമെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് മുന്നറിയിപ്പുണ്ട്. പരാജയം ട്രംപിന്റെ വാശി കൂട്ടിക്കാണുമെന്ന് നിരീക്ഷകരും പറയുന്നു. ചർച്ചകൾ നടക്കുന്നുണ്ട് പക്ഷേ. ഖത്തർ തന്നെയാണ് മധ്യസ്ഥവേഷത്തിൽ. ട്രംപിന്റെ പരാജയം കൂടുതൽ ഇളവുകൾക്കുള്ള അവസരമായി ഇറാൻ കണ്ടാൽ സമവായം ബുദ്ധിമുട്ടാകും. പരാജിതനെന്ന് ഉറപ്പിക്കുന്ന ഒരു തീരുമാനവും ട്രംപ് അംഗീകരിക്കില്ല.

'ഇടിവേട്ടേറ്റ' ഇസ്രയേൽ
ഇസ്രയേലുമായുള്ള ബന്ധമാണ് മറ്റൊന്ന്. അമേരിക്ക ഭരിച്ചിട്ടുള്ള പ്രസിഡന്റുമാരിൽ ഏറ്റവും കൂടുതൽ ഇസ്രയേൽ ചായ്വുള്ള പ്രസിഡന്റ് ട്രംപ് തന്നെയെന്നാണ് പൊതുപക്ഷം. പക്ഷേ, തെരഞ്ഞെടുപ്പ് ദിവസത്തെ പ്രഖ്യാപനം എല്ലാവരേയും അമ്പരപ്പിച്ചു. ഇസ്രയേലിനുള്ള സൈനിക സഹായം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനം. 3.8 ബില്യനാണ് ഒരു വർഷം അമേരിക്ക ഇസ്രയേലിന് നൽകുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള താൽകാലിക പ്രഖ്യാപനമാണോയെന്ന് വ്യക്തമല്ല. പക്ഷേ, 'ഇടിവെട്ടേറ്റ പോലെ' എന്നാണ് ഇസ്രയേലി പ്രസിഡന്റ് ഇസാക് ഹെർസോഗ് പ്രതികരിച്ചത്. അമേരിക്കയുമായി 2028 വരെയുണ്ടായിരുന്ന ധാരണയുടെ ഭാവി ഇനിയെന്താകുമെന്നാണ് ഇസ്രയേലിന്റെ ആശങ്ക.

അതെന്തായാലും ഡമോക്രാറ്റുകളുടെ വിജയം ഇസ്രയേലിന് തിരിച്ചടിയാണ്. അടുത്തകാലത്തായി, റിപബ്ലിക്കൻ പാർട്ടിയിൽ പോലും ഇസ്രയേലിനെതിരെ അഭിപ്രായം രൂപപ്പെട്ടിരുന്നു. കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നൊരു അഭിപ്രായം കേട്ടുതുടങ്ങുന്നുണ്ട്. ആയുധക്കച്ചവടം നിർത്തിയേക്കാം. ഉപരോധങ്ങൾ നിർദ്ദേശിക്കപ്പെട്ടേക്കാം. ഇസ്രയേലി നിരീക്ഷകർ സാധ്യതകൾ പലത് കാണുന്നു. ഗാസ യുദ്ധത്തിൽ തന്നെ അമേരിക്കയിൽ ഇസ്രയേൽ വിരുദ്ധത കൂടിയിരുന്നു. ഇറാൻ യുദ്ധത്തോടെ അത് രൂക്ഷമായി. സ്വന്തം രാജ്യത്തും നെതന്യാഹുവിന് നല്ലകാലമല്ല. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായി. നെതന്യാഹുവിനെതിരെ യുദ്ധകാഹളം മുഴക്കുകയാണ് ഇടത് കക്ഷികൾ.
യുക്രെയ്ൻറെ പ്രതീക്ഷ
യുക്രെയ്ന് പ്രതീക്ഷ നൽകുന്നതാണ് അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം. ട്രംപ് അശക്തനാകുന്നത് പ്രത്യേകിച്ച്. ഡമോക്രാറ്റുകൾക്കാണ് യുക്രെയ്നോട് താൽപര്യം കൂടുതൽ. ട്രംപിന് സെലൻസ്കിയോട് ദേഷ്യം കൂടിവരികയായിരുന്നു. പക്ഷേ, ശേഷിക്കുന്ന രണ്ടുവർഷം യുക്രെയ്ന് കടമ്പയാകും. റഷ്യയുടെ യുദ്ധ തീരുമാനവും നിർണായകമാണ്. ട്രംപ് അധികാരത്തിലുള്ളപ്പോൾ തന്നെ വിജയം ഉറപ്പിക്കാൻ റഷ്യ തീരുമാനിച്ചാൽ , യുക്രെയ്ന് അത് നല്ല വാർത്തയാവില്ല.














