Latest Videos

രണ്ട് ഇന്ത്യക്കാര്‍ ലണ്ടന്‍ നഗരത്തിന്  നല്‍കിയ അപൂര്‍വ്വ സമ്മാനം!

By Nidheesh NandanamFirst Published Mar 3, 2021, 4:35 PM IST
Highlights

ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്ന യാത്രാനുഭവങ്ങള്‍ തുടരുന്നു.

ഒളിമ്പിക്‌സിനൊരുങ്ങുന്ന ലണ്ടന്റെ മുഖമുദ്രയാവുന്നൊരു നിര്‍മ്മിതി വേണമെന്ന ചിന്തയാണ് ഓര്‍ബിറ്റിലേക്കെത്തിച്ചത്. അന്ന് ലണ്ടന്റെ മേയര്‍ ആയിരുന്ന ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒന്നേ പറഞ്ഞുള്ളൂ.  ന്യൂയോര്‍ക്കിലെ സ്വാതന്ത്ര്യ പ്രതിമയോടും പാരീസിലെ ഈഫല്‍ ടവറിനോടും കിടപിടിക്കുന്നൊരു നിര്‍മ്മിതി നമുക്ക് വേണം. നൂറുമീറ്ററിലേറെ ഉയരമുള്ളൊരു ഒളിമ്പിക് ടവര്‍ ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. പക്ഷെ ഇന്‍ഡോ-ബ്രിട്ടീഷ് ശില്പി ആശിഷ് കപൂറും ശ്രീലങ്കന്‍-ബ്രിട്ടീഷ് ശില്പി സെസില്‍ ബാല്‍മണ്ടും ചേര്‍ന്ന് രൂപകല്‍പന ചെയ്തത് അതിമനോഹരമായൊരു ഓര്‍ബിറ്റ് ആയിരുന്നു. ആറ്റത്തിലെ ഇലക്ട്രോണുകളുടെ സാങ്കല്‍പ്പിക സഞ്ചാരപാത ആയിരുന്നു അവര്‍ അതിന് മാതൃകയാക്കിയത്. 

 

 


ലണ്ടനിലേക്കുള്ള ഓരോ യാത്രയും അത്രമേല്‍ അനുപമമാണ്. ഓരോ തവണ വാട്ടര്‍ലൂ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങുമ്പോഴും പുതുതായെന്തോ ലണ്ടന്‍ കാത്തു വച്ചിട്ടുണ്ടാകും. ഈ നഗരത്തിന്റെ മുക്കും മൂലയും പറഞ്ഞു തീരാത്ത കഥകളുമായി ഓരോ സഞ്ചാരിയെയും മാടി വിളിക്കുന്നതായി തോന്നും. ഓരോ തവണയും ലണ്ടന്റെ പുതിയ കാഴ്ചകളിലേക്ക്, അനുഭവങ്ങളിലേക്ക് ഊളിയിട്ടിറങ്ങുമ്പോള്‍ നാം സ്വയം മറക്കും.

ഇത്തവണ വാട്ടര്‍ലൂവിലെ അടിപ്പാതയില്‍ നിന്നും ജൂബിലി ലൈന്‍ ട്രെയിന്‍ കയറുന്നത് സ്ട്രാറ്റ്‌ഫോര്‍ഡിലേക്കാണ്. ലണ്ടന്‍ നഗരത്തിന്റെ കിഴക്കന്‍ അതിരാണത്. ഒരു പതിറ്റാണ്ടു മുന്‍പ് വരെ വെറും പുല്ലും ചതുപ്പുമായിരുന്നയിടം. എന്നാല്‍ ഒരൊറ്റ ഇവന്റ് - ലണ്ടന്‍ ഒളിമ്പിക്‌സ്- സ്ട്രാറ്റ്‌ഫോഡിനെ അപ്പാടെ മാറ്റിമറിച്ചു..

സ്ട്രാറ്റ്‌ഫോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മുതല്‍ ആ മാറ്റം കാണാം. ലണ്ടനിലെ മറ്റുള്ള സ്റ്റേഷനുകളുമായി താരതമ്യം ചെയ്താല്‍ അടിമുടി പുത്തനാണ് ഇത്. വീതിയേറിയ പ്ലാറ്റ്‌ഫോമും പടിക്കെട്ടുകളും. കൂടാതെ ആവശ്യത്തിന് ലിഫ്റ്റുകളും ഇരുപുറം സഞ്ചരിക്കാന്‍ മേല്‍പ്പാതകളും. ഒരു കൊച്ചു എയര്‍പോര്‍ട്ട് ആണോയെന്ന് പോലും നമ്മള്‍ സന്ദേഹപ്പെട്ടെന്നു വരാം. 

 

 

പുറത്തിറങ്ങിയാല്‍ ആദ്യം കണ്ണിലുടക്കുന്നത് മീന്‍ കൂട്ടങ്ങളെ (ചാകര) അനുസ്മരിപ്പിക്കുന്ന 250 മീറ്റര്‍ നീളമുള്ള ഒരു കലാ സൃഷ്ടിയാണ്.. വിവിധ വര്‍ണങ്ങളില്‍ ടൈറ്റാനിയത്തില്‍ തീര്‍ത്ത ഈ കലാവിരുന്ന് മറ്റു തെരുവുകളില്‍ നിന്നും ഒറ്റ നോട്ടത്തില്‍ തന്നെ സ്ട്രാറ്റ്‌ഫോഡിനെ വേര്‍തിരിച്ചു നിര്ത്തുന്നു.  സ്റ്റേഷന്റെ അതിവിശാലമായ പടിക്കെട്ടിറങ്ങിയാല്‍ ബസ് സ്‌റ്റേ സ്റ്റേഷന്‍ ആണ്. പടിക്കെട്ടിന് മുകളിലേക്ക് കയറിയാലുള്ള നടപ്പാത ചെന്ന് കയറുന്നതൊരു ഷോപ്പിങ് മാളിലാണ്.. അവിടെ അത്യാവശ്യം തിരക്കുണ്ട്. 

മാളിന് ഒത്ത നടുക്ക് ഒരു ചെസ് ബോര്‍ഡ്. അതിലെ കരുക്കള്‍ക്ക് തന്നെ ഒരു കാല്‍പ്പൊക്കം ഉയരം വരും. തേരൊക്കെ ഒരു സ്റ്റൂളിന് സമാനം. രണ്ടു പേര്‍ കളത്തിലൂടെ ഓടിനടന്നു കരുക്കള്‍ നീക്കുന്നു. പുറത്തു നില്‍ക്കുന്ന കാണികള്‍ നീക്കങ്ങള്‍ക്ക് ആര്‍പ്പു വിളിക്കുകയും അസ്വസ്ഥരാവുകയും ചെയ്യുന്നുണ്ട്.  അധികനേരം അവിടെ ചിലവിടാതെ നേരെ വച്ചു പിടിച്ചു.

ഷോപ്പിംഗ് മാളിന്റെ മറുവശത്തെ വെസ്റ്റ് ഫീല്‍ഡ് അവന്യു മുറിച്ചു കടന്നാല്‍ ഒളിമ്പിക് പാര്‍ക്കിലേക്കുള്ള കവാടമായി. ലോകം ഒത്തുചേര്‍ന്ന കായിക മാമാങ്കത്തിനായി ലണ്ടന്‍ കാത്തുവച്ച അത്ഭുതങ്ങള്‍ ഇവിടെ തുടങ്ങുകയായി.

 

 

നേരെ മുന്നില്‍ കാണുന്നതാണ് ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയം. ഒളിമ്പിക്‌സിന്റെ ഉത്ഘാടന - സമാപന ചടങ്ങുകള്‍ നടന്നയിടം. വര്‍ണ വെളിച്ചത്തില്‍ കുളിച്ചു നിന്ന ഈ സ്‌റ്റേഡിയത്തിന്റെ ദൃശ്യങ്ങള്‍ അത്രയെളുപ്പം മറന്നു കാണില്ല. ഒളിപിക്സിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്സും നടന്നത് ഈ വേദിയില്‍ തന്നെ. ഒളിമ്പിക്‌സിന് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ട് ആണ് ഇന്ന് ലണ്ടന്‍ സ്റ്റേഡിയം.

സ്റ്റേഡിയത്തിലേക്കുള്ള വീതിയേറിയ നടപ്പാതയായ എന്‍ഡവര്‍ സ്‌ക്വയര്‍ ലണ്ടന്‍ അക്വറ്റിക് സെന്ററിന് മുന്നില്‍ അവസാനിക്കുന്നു. ലീ നദിക്കരയില്‍ ഒരു കടല്‍ തിരമാലയെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയുള്ള ഈ നീന്തല്‍ കുളത്തിലാണ് മൈക്കിള്‍ ഫെല്‍പ്‌സ് എന്ന സ്വര്‍ണ മല്‍സ്യം ആറ് ഒളിമ്പിക് മെഡലുകള്‍ മുങ്ങിയെടുത്തത്.  ശരിക്ക് പറഞ്ഞാല്‍ ലീ നദി രണ്ടായിപ്പിരിഞ്ഞൊഴുകുന്നതിനിടെയുള്ള തുരുത്തിലാണ് ക്വീന്‍ എലിസബത്ത് പാര്‍ക്ക് എന്ന ഒളിമ്പിക് പാര്‍ക്ക് ചെയ്യുന്നത്. കളിക്കാനും ഇരിക്കാനും വിശ്രമിക്കാനും നിരവധി സാധ്യതകളുള്ള ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം ആര്‍സലര്‍-മിത്തല്‍ ഓര്‍ബിറ്റ് ആണ്. ഇന്ത്യക്കാരന്റെ കയ്യൊപ്പു പതിഞ്ഞ, മറ്റൊരിന്ത്യക്കാരന്‍ കാശെറിഞ്ഞു നിര്‍മ്മിച്ച ഒരപൂര്‍വ ശില്‍പം.

ഒളിമ്പിക്‌സിനൊരുങ്ങുന്ന ലണ്ടന്റെ മുഖമുദ്രയാവുന്നൊരു നിര്‍മ്മിതി വേണമെന്ന ചിന്തയാണ് ഓര്‍ബിറ്റിലേക്കെത്തിച്ചത്. അന്ന് ലണ്ടന്റെ മേയര്‍ ആയിരുന്ന ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഒന്നേ പറഞ്ഞുള്ളൂ.  ന്യൂയോര്‍ക്കിലെ സ്വാതന്ത്ര്യ പ്രതിമയോടും പാരീസിലെ ഈഫല്‍ ടവറിനോടും കിടപിടിക്കുന്നൊരു നിര്‍മ്മിതി നമുക്ക് വേണം. നൂറുമീറ്ററിലേറെ ഉയരമുള്ളൊരു ഒളിമ്പിക് ടവര്‍ ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. പക്ഷെ ഇന്‍ഡോ-ബ്രിട്ടീഷ് ശില്പി ആശിഷ് കപൂറും ശ്രീലങ്കന്‍-ബ്രിട്ടീഷ് ശില്പി സെസില്‍ ബാല്‍മണ്ടും ചേര്‍ന്ന് രൂപകല്‍പന ചെയ്തത് അതിമനോഹരമായൊരു ഓര്‍ബിറ്റ് ആയിരുന്നു. ആറ്റത്തിലെ ഇലക്ട്രോണുകളുടെ സാങ്കല്‍പ്പിക സഞ്ചാരപാത ആയിരുന്നു അവര്‍ അതിന് മാതൃകയാക്കിയത്. 

 

 

ലണ്ടനിലെ ഏറ്റവും ധനികരിലൊരാളായ ഇന്ത്യക്കാരന്‍ ലക്ഷ്മി മിത്തല്‍ ഈ പദ്ധതിക്ക് കൈ കൊടുത്തപ്പോള്‍ സ്റ്റീലിനോ പണത്തിനോ ഒരു ക്ഷാമവുമുണ്ടായില്ല. അങ്ങനെ വളഞ്ഞു പുളഞ്ഞു പിരിഞ്ഞു കിടക്കുന്ന ഈ നിര്‍മ്മിതി യുകെയിലെ ഏറ്റവും ഉയരമേറിയ ശില്പമെന്ന ഖ്യാതിയോടെ പിറവികൊണ്ടു. മാത്രമല്ല ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ സ്ലൈഡിങ് ടണലുമാണിത്. ബൈബിളിലെ പുരാതനമായ ബാബേല്‍ ഗോപുരത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ആശിഷ് കപൂറിന്റെ വാക്കുകളില്‍ ഇത് 'നിഗൂഢതകള്‍ ഒളിപ്പിച്ചു വച്ചൊരു അപൂര്‍വ നിര്‍മ്മിതിയാണ്..' ഒളിമ്പിക്‌സിലെ അഞ്ചു വളയങ്ങളുടെ കൂടിച്ചേരല്‍ ആണിതെന്നു ബിബിസി യുടെ ഭാഷ്യം. അങ്ങനെ എളുപ്പം വാക്കുകള്‍ക്കോ വിലയിരുത്തലുകള്‍ക്കോ വഴങ്ങിത്തരില്ല 114 മീറ്റര്‍ ഉയരമുള്ള ഈ ശില്‍പം.

2012 ല്‍ ലണ്ടനില്‍ നടന്ന പാരാലിമ്പിക്സ് കണക്കിലെടുത്ത് പൂര്‍ണമായും വീല്‍ചെയര്‍ സൗഹൃദ വഴികളാണ് പാര്‍ക്കിലെങ്ങും. നിറയെ ചെടികള്‍, പൂക്കള്‍, അലങ്കാരങ്ങള്‍, ചാരുകസേരകള്‍, പൂക്കൂട കണക്കെയുള്ള വൈദ്യുത വിളക്കുകള്‍, ഒളിമ്പിക് വളയങ്ങളെ അനുസ്മരിപ്പിക്കുന്നവിധം നിറം മാറുന്ന LED ഹൈമാസ്‌ക് ലൈറ്റുകള്‍, കൊച്ചരുവികള്‍, ചെറു പാലങ്ങള്‍, കയറു കട്ടിലുകള്‍, ഊഞ്ഞാലുകള്‍ അങ്ങനെ ഓരോ തവണ വരുമ്പോഴും അത്ഭുതപ്പെടുത്താന്‍, ആഹ്ലാദിക്കാന്‍, എന്തെങ്കിലും കാണും ഈ 500 ഏക്കറില്‍.

ഇരുട്ട് വീണു തുടങ്ങുമ്പോള്‍ മിത്തല്‍ ഓര്‍ബിറ്റില്‍ പതിയെ ചുവപ്പു വെളിച്ചം തെളിയും  ചുട്ടുപഴുത്ത ഇരുമ്പു കൂടു കണക്കെ അത് പ്രകാശിക്കാന്‍ തുടങ്ങും.  അപ്പൊ ഓര്‍ബിറ്റ് കാണാന്‍ ഒരപൂര്‍വ ഭംഗിയാണ്. നേര്‍ത്ത മഞ്ഞ കലര്‍ന്ന നിയോണ്‍ വെളിച്ചത്തില്‍ പാര്‍ക്കിന് അതിലേറെ ഭംഗി. പിന്നെ പതുക്കെ, വളരെ പതുക്കെ ഇവിടെ ആളൊഴിഞ്ഞു തുടങ്ങും. സാവധാനം മഞ്ഞിന്റെ നേര്‍ത്ത തുള്ളികള്‍ പാര്‍ക്കിലെ പുല്‍നാമ്പുകളെ വന്നു മൂടും. 

തണുത്ത കാറ്റ് ശരീരത്തിലേക്ക് ഇരച്ചു കയറിത്തുടങ്ങുമ്പോള്‍ പതുക്കെ വിടപറയാം. ഇനി മറ്റൊരു സായന്തനത്തില്‍ തിരികെയെത്താം..

click me!