ഒറ്റക്കോളത്തില്‍ ഒതുക്കാനാവാത്ത  ഒരു കമ്യുണിസ്റ്റ് ജീവിതം

By Web TeamFirst Published Feb 28, 2021, 3:53 PM IST
Highlights

അധികമാരും അറിയാതെ കടന്നുപോയ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ഡി പാണ്ഡ്യന്റെ ജീവിതവും മരണവും. ഒറ്റക്കോളം. എം അബ്ദുള്‍ റഷീദിന്റെ കോളം തുടരുന്നു

എല്‍ ടി ടി ഇയുടെ ചാവേര്‍ സ്‌ഫോടനത്തെ അതിജീവിച്ച നേതാവായിരുന്നു ഡി പാണ്ഡ്യന്‍. 1991 മേയ് -21 രാത്രി 10.10 -ന് കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധിയുടെ ശരീരം ഒരഗ്‌നിഗോളമായി മാറുമ്പോള്‍, വെറും പതിനഞ്ചടി അകലെ പാണ്ഡ്യന്‍ ഉണ്ടായിരുന്നു. രാജീവിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചുവരുത്തിയതായിരുന്നു, അന്ന്  യുണൈറ്റഡ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന പാണ്ഡ്യനെ. സ്ഫോടനത്തില്‍, ചോരയില്‍ കുളിച്ചുകിടന്ന പാണ്ഡ്യന്‍ മരിച്ചുപോയെന്നാണ് പോലീസ് കരുതിയത്. പാണ്ഡ്യന്‍ മരിച്ചെന്ന വിവരം പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. പക്ഷേ, ആ പേര് പത്രങ്ങള്‍ അച്ചടിക്കും മുമ്പേ, ചെന്നൈ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ പാണ്ഡ്യന്റെ ശരീരത്തിലെ നേരിയ ചലനം തിരിച്ചറിഞ്ഞു.

 

 

സഖാവ് ഡി. പാണ്ഡ്യന്‍  കടന്നുപോയി. സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയും മാത്രം സഞ്ചരിച്ച ഒരു കമ്യുണിസ്റ്റ് ജീവിതത്തിന് എണ്‍പത്തിയെട്ടാം വയസ്സില്‍ പൂര്‍ണ്ണവിരാമം. സിപിഐ മുഖപത്രമായ 'ജനയുഗ'ത്തില്‍ എങ്കിലും ആ ദീര്‍ഘ ജീവിതത്തിന്റെ വിശദമായൊരു കുറിപ്പ് ഉണ്ടാകുമെന്ന് കരുതിയിരുന്നു ഞാന്‍. ഒന്നാംപുറത്തെ ഒറ്റക്കോളം വാര്‍ത്തയും ഉള്‍പ്പേജിലെ പതിവ് അനുശോചനവും ഒഴിച്ചാല്‍ ഒന്നും കണ്ടില്ല. മറ്റു പത്രങ്ങളില്‍ ഉള്‍പ്പേജില്‍ ഒരു കോളം മാത്രം.

 

ഡി പാണ്ഡ്യന്റെ മരണവാര്‍ത്ത ജനയുഗം, മലയാള മനോരമ പത്രങ്ങളില്‍
 

ഏറെക്കാലമായി ശാരീരികമായി ക്ഷീണിതനായിരുന്നു ഡേവിഡ് പാണ്ഡ്യന്‍. ആ മെലിഞ്ഞ ശരീരത്തില്‍ വൃക്കകള്‍ പണിമുടക്കിത്തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ബുധനാഴ്ച ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍തന്നെ പാണ്ഡ്യന്‍ അബോധാവസ്ഥയിലായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കുഴലുകള്‍ ആ ശരീരത്തിലേക്ക് തിരുകുന്നതിനപ്പുറം ഡോക്ടര്‍മാര്‍ക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഓരോ ജീവകോശങ്ങളിലും സമരവീര്യം നിറഞ്ഞ ആ മസ്തിഷ്‌കം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് നിശ്ചലമായി. മുഖ്യധാരാ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അഴുക്കുചാലുകള്‍ക്കെതിരെ ഏഴു പതിറ്റാണ്ട് കരുത്തോടെ തുഴഞ്ഞ ഒരു പോരാട്ടത്തിന്റെ അന്ത്യം. 

എല്‍ ടി ടി ഇയുടെ ചാവേര്‍ സ്‌ഫോടനത്തെ അതിജീവിച്ച നേതാവായിരുന്നു ഡി പാണ്ഡ്യന്‍. 1991 മേയ് -21 രാത്രി 10.10 -ന് കാഞ്ചീപുരം ജില്ലയിലെ ശ്രീപെരുംപുത്തൂരില്‍ രാജീവ് ഗാന്ധിയുടെ ശരീരം ഒരഗ്‌നിഗോളമായി മാറുമ്പോള്‍, വെറും പതിനഞ്ചടി അകലെ പാണ്ഡ്യന്‍ ഉണ്ടായിരുന്നു. രാജീവിന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചുവരുത്തിയതായിരുന്നു, അന്ന്  യുണൈറ്റഡ് കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന പാണ്ഡ്യനെ. സ്ഫോടനത്തില്‍, ചോരയില്‍ കുളിച്ചുകിടന്ന പാണ്ഡ്യന്‍ മരിച്ചുപോയെന്നാണ് പോലീസ് കരുതിയത്. പാണ്ഡ്യന്‍ മരിച്ചെന്ന വിവരം പോലീസ് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. പക്ഷേ, ആ പേര് പത്രങ്ങള്‍ അച്ചടിക്കും മുമ്പേ, ചെന്നൈ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഡോക്ടര്‍മാര്‍ പാണ്ഡ്യന്റെ ശരീരത്തിലെ നേരിയ ചലനം തിരിച്ചറിഞ്ഞു. ധനു എന്ന ലങ്കന്‍ തമിഴ് ചാവേര്‍ രാജീവ് ഗാന്ധിയെ ലക്ഷ്യമിട്ട് ശരീരത്തോട് ചേര്‍ത്തുകെട്ടിയ ആര്‍ ഡി എക്സ് ബോംബിന്റെ പൊട്ടിത്തെറിയില്‍ നൂറിലേറെ ചീളുകള്‍ പാണ്ഡ്യന്റെ ശരീരത്തില്‍ തുളച്ചു കയറിയിരുന്നു. എന്നിട്ടും ആ മനുഷ്യന്‍ ഒരദ്ഭുതമായി ജീവിതത്തിലേക്ക് തിരിച്ചുകയറി. 

 

................................

എങ്കിലും പ്രിയ സഖാവേ, ഹിംസയുടെയും ഭിന്നിപ്പിന്റെയും ഈ കെട്ട രാഷ്ട്രീയ കാലത്ത് ഒരാശ്വാസത്തിനായി ഉറ്റുനോക്കാന്‍ ഇനി അങ്ങയെപ്പോലെ അധികം പേരില്ലെന്ന വേദന ബാക്കിയാകുന്നു. ആ കുഴിമാടത്തിന് മുകളില്‍ ഞാന്‍ ഒരു ചുവന്ന പൂവ് വെയ്ക്കുന്നു!

ഡി പാണ്ഡ്യന്റെ മരണവാര്‍ത്ത ദേശാഭിമാനി പത്രത്തിന്റെ ചരമപേജില്‍
 

പില്‍ക്കാലത്തെ പാണ്ഡ്യന്റെ നിലപാടുകളിലാണ് അദ്ദേഹത്തിന്റെ മഹത്വം നാം തിരിച്ചറിയുന്നത്. 1991 ലെ എല്‍ ടി ടി ഇ ചാവേര്‍ സ്ഫോടനത്തില്‍ ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ട അതേ പാണ്ഡ്യന്‍ 27 വര്‍ഷങ്ങള്‍ക്കുശേഷം, 2018 -ല്‍ ഒരു കത്തെഴുതി. തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന് എഴുതിയ കത്തില്‍ പാണ്ഡ്യന്‍ കുറിച്ചു: 'ആ സ്ഫോടനം എന്നെ മാനസികമായും ശാരീരികമായും തകര്‍ത്തു. അതിന്റെ ആഘാതത്തില്‍നിന്ന് മുക്തനാകാന്‍ എനിക്ക് ഏറെക്കാലം വേണ്ടിവന്നു. എങ്കിലും ഇപ്പോള്‍ എന്റെ അഭ്യര്‍ത്ഥന ആ സ്ഫോടനത്തിന്റെ പേരില്‍ ഇത്രകാലമായി ജയിലില്‍ കഴിയുന്ന മനുഷ്യരെ മോചിപ്പിക്കണം എന്നാണ്. ഇനിയും അവരുടെ ശിക്ഷ തുടരുന്നത് അനീതിയാണ്.' 

മാധ്യമങ്ങളോട് തന്റെ നിലപാട് പാണ്ഡ്യന്‍ വിശദീകരിച്ചു: 'ആ സ്ഫോടനത്തിന്റെ ചീളുകളില്‍ അപൂര്‍വം ചിലത് ഡോക്ടര്‍മാര്‍ക്ക് നീക്കാനായില്ല. അത് ഇപ്പോഴും എന്റെ ശരീരത്തിലുണ്ട്, അതിന്റെ വേദനയും. എന്നാല്‍ വ്യക്തിപരമായ ആ വേദന മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കാന്‍ തടസമാകരുത്. അനന്തമായി തുടരുന്ന ശിക്ഷ ഒരു പരിഷ്‌കൃത സമൂഹത്തിനും ന്യായീകരിക്കാന്‍ കഴിയില്ല.  ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ മനുഷ്യരില്‍ പരിവര്‍ത്തനം ഉണ്ടാക്കാന്‍ നമ്മുടെ വ്യവസ്ഥിതിക്ക് കഴിഞ്ഞിട്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം നീതി വ്യവസ്ഥയില്‍ ഗുരുതരമായ പിഴവ് ഉണ്ടെന്നാണ്. തിരുത്തേണ്ടത് നമ്മളാണ്.' 

 

........................

Read more:

 

രാജീവ് വധത്തിന്റെ പേരില്‍ ഇപ്പോഴും ജയിലില്‍ ഉള്ളവരില്‍ നളിനി ഒഴികെ ആരും കൃത്യത്തില്‍ നേരിട്ട് പങ്കാളികള്‍ ആയവരല്ലെന്ന് പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടി.

പേരറിവാളനെപ്പോലെ ചിലര്‍ എന്താണ് പദ്ധതിയെന്നുപോലും അറിയാതെ ഒരു ഒമ്പത് വോള്‍ട്ട് ബാറ്ററിയുടെ പേരില്‍ കുറ്റവാളികളായി തീര്‍ന്നവരാണ്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ശിക്ഷക്ക് ശേഷവും ആ മനുഷ്യരെ കരുണയോടെ നോക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം എങ്ങനെ ജനാധിപത്യവാദികള്‍ ആകുമെന്ന അസുഖകരമായ ചോദ്യം പാണ്ഡ്യന്‍ ധൈര്യപൂര്‍വം ചോദിച്ചു. രാജീവ് വധക്കേസ് പ്രതികളുടെ മോചനം എന്ന ആവശ്യത്തിന്റെ മുന്‍ നിരയില്‍ അദ്ദേഹം നിന്നു. 

ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ പാണ്ഡ്യന്‍ പറഞ്ഞു: 'സ്വതന്ത്ര ഇന്‍ഡ്യയിലെ ഏറ്റവും ക്രൂരമായ കൊലപാതകം ഗാന്ധി വധമായിരുന്നു. അതില്‍ പ്രതിയായ ഗോപാല്‍ ഗോഡ്‌സേയെപ്പോലും (നാഥുറാം ഗോഡ്സെയുടെ സഹോദരന്‍) പിന്നീട് നാം മോചിപ്പിച്ചു. പിന്നെന്തേ ഇവരെ മോചിപ്പിച്ചുകൂടാ?' 

 

.....................................

Read more: മുഖ്യമന്ത്രി  അഭിനന്ദിക്കണം, പൊതുമരാമത്ത്  വകുപ്പിനെ തോല്‍പ്പിച്ച സുമയേയും!

 

പാണ്ഡ്യന്റെ അസാമാന്യമായ ഈ നീതിബോധം വെറുതെ ഉണ്ടായതല്ല. അത് അനുഭവങ്ങളുടെ പാകപ്പെടല്‍ ആയിരുന്നു. 1950 -കളില്‍ കാരക്കുടി അളഗപ്പ കോളേജില്‍ പഠിക്കുമ്പോള്‍ പാര്‍ട്ടി അംഗത്വമെടുത്തു തുടങ്ങിയ രാഷ്ട്രീയജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീട് അതേ കോളേജില്‍ അധ്യാപകനായി. 1957- ലെ തെരഞ്ഞെടുപ്പില്‍ കമ്യുണിസ്റ്റ് പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങി. വാര്‍ത്തയറിഞ്ഞ പ്രിന്‍സിപ്പല്‍ രാജിക്കത്ത് എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. പിരിച്ചുവിടല്‍ തടഞ്ഞത് അതേ കോളേജിന്റെ ഉടമ അഴഗപ്പ ചെട്ടിയാര്‍. തന്റെ കോളേജിലെ സമര്‍ഥനായ വിദ്യാര്‍ത്ഥിക്ക് ലണ്ടനില്‍ നിന്ന് താന്‍ കൊണ്ടുവന്നു സമ്മാനിച്ച മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പുസ്തകങ്ങള്‍ അഴഗപ്പ ചെട്ടിയാരുടെ ഓര്‍മയില്‍ ഉണ്ടായിരുന്നു. ആ പുസ്തകങ്ങളില്‍നിന്നാണ് അവന്‍ കമ്യുണിസത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ടതെന്നും ആ 'മുതലാളിക്ക് ' അറിയാമായിരുന്നു. അതുകൊണ്ട് ജോലി നീട്ടിക്കിട്ടി. പക്ഷേ, അധികം വൈകാതെ പാണ്ഡ്യന്‍ അധ്യാപക ജോലി വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി. 

പാണ്ഡ്യന്‍ ഒരിയ്ക്കലും എല്‍ ടി ടി ഇയുടെ സായുധ പോരാട്ടത്തെ അനുകൂലിച്ചില്ല. ലങ്കന്‍ തമിഴരുടെ സ്വയം നിര്‍ണയാവകാശം എല്‍ ടി ടി ഇയിലൂടെ സാധ്യമാകുമെന്ന് പാണ്ഡ്യന്‍ കരുതിയതുമില്ല. ആ വിശ്വാസം ശരിയെന്ന് കാലം തെളിയിച്ചു. 

രാജീവ് ഗാന്ധിയുമായി അടുത്ത സൗഹൃദം ഉണ്ടായിരിക്കെത്തന്നെ പാണ്ഡ്യന്‍ ഇന്ത്യയുടെ ലങ്കന്‍ നയത്തെയും രൂക്ഷമായി വിമര്‍ശിച്ചു. 'ആദ്യം നാം ലങ്കന്‍ തമിഴര്‍ക്ക് ആയുധം നല്‍കി. പിന്നീട് ഭരണകൂടത്തിന് ആയുധം നല്‍കി. അവര്‍ തമ്മില്‍ ഇപ്പോള്‍ യുദ്ധം ചെയ്യുന്നു' എന്ന് പാണ്ഡ്യന്‍ പ്രസംഗിച്ചു. 

എല്ലാക്കാലത്തും പാണ്ഡ്യന്‍ വിമര്‍ശകനായിരുന്നു. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങളുടെ മൂര്‍ധന്യതയില്‍, ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നുതന്നെ ആശയപരമായി അകന്നു. സിപിഐ വിട്ട് മോഹിത് സെന്നുമായി ചേര്‍ന്ന് യുണൈറ്റഡ് കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ഉണ്ടാക്കി. ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. രണ്ടായിരത്തില്‍ സിപിഐയിലേക്ക് മടങ്ങിയെത്തി. മൂന്നു തവണ സിപിഐ സംസ്ഥാന സെക്രട്ടറി. പാര്‍ട്ടി മുഖപത്രമായ ജനശക്തിയുടെ പത്രാധിപര്‍.

മരണത്തിന് ഒരാഴ്ച മുമ്പ് മധുരയിലായിരുന്നു പാണ്ഡ്യന്റെ അവസാന പ്രസംഗം. വീല്‍ചെയറിലിരുന്ന് കരുത്തുറ്റ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, 'നിന്നുകൊണ്ട്  സംസാരിക്കാന്‍ എന്റെ കാലുകളും ഇടുപ്പും സഹകരിക്കുന്നില്ല. എങ്കിലും സഖാക്കളേ, എന്റെ മസ്തിഷ്‌കം ശക്തമാണ്. അവസാന ശ്വാസംവരെ ശബ്ദക്കാന്‍ ശ്രമിക്കും.' പിന്നീട് പതിവുപോലെ, രാജ്യത്തിന്റെ സമകാലിക അവസ്ഥയെ ഇഴകീറിയുള്ള വിമര്‍ശനം. 

അവസാന കാലത്തെ അഭിമുഖങ്ങള്‍ ഒന്നില്‍ പാണ്ഡ്യന്‍ പറഞ്ഞു:  'മാര്‍ക്‌സ് ജീവിതകാലം മുഴുവന്‍ ഒരു രാഷ്ട്രീയ അഭയാര്‍ത്ഥിയായിരുന്നു. അതുകൊണ്ടുതന്നെ അഭയാര്‍ഥികളുടെ ഈ ലോകത്ത് മാര്‍ക്‌സിസം അപ്രസക്തമാകില്ല. ലോകത്തെ രക്ഷിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുതലാളിത്തം തകര്‍ക്കപ്പെടണമെന്നാണ് മാര്‍ക്‌സ് പറഞ്ഞത്. ചെറുപ്പത്തിന്റെ തിളപ്പില്‍ അല്ല എന്നെപ്പോലുള്ളവര്‍ കമ്യുണിസ്റ്റ് ആയത്. ചുറ്റുമുള്ള മനുഷ്യരുടെ പട്ടിണി കണ്ടിട്ടാണ്.' 

.................................

Read more: ലൈവ് ക്യാമറയ്ക്കുമുന്നില്‍ കഴുത്തുമുറിച്ച ഇന്ത്യന്‍ യുവാവിനെ ഫേസ്ബുക്ക് രക്ഷിച്ചതെങ്ങനെ?

 

നോര്‍ത്ത് മദ്രാസ് മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ പാര്‍ലമെന്റ് അംഗമായതൊഴിച്ചാല്‍ പാണ്ഡ്യന്‍ എന്ന പേര് ഇന്ത്യന്‍ അധികാര രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ എവിടെയും ഇല്ല. വെള്ളയ്മാലയ്‌പ്പെട്ടി എന്ന തമിഴ് ഗ്രാമത്തില്‍ ആ കമ്യുണിസ്റ്റിന്റെ ശരീരം മണ്ണോട് ചേര്‍ന്നു. 

ഏത് വ്യക്തിക്ക് ശേഷവും ചരിത്രം മുന്നോട്ടുതന്നെ പോകുമെന്ന് ഒരു കമ്യുണിസ്റ്റിനോളം ആര്‍ക്കാണ് മനസ്സിലാവുക! എങ്കിലും പ്രിയ സഖാവേ, ഹിംസയുടെയും ഭിന്നിപ്പിന്റെയും ഈ കെട്ട രാഷ്ട്രീയ കാലത്ത് ഒരാശ്വാസത്തിനായി ഉറ്റുനോക്കാന്‍ ഇനി അങ്ങയെപ്പോലെ അധികം പേരില്ലെന്ന വേദന ബാക്കിയാകുന്നു. ആ കുഴിമാടത്തിന് മുകളില്‍ ഞാന്‍ ഒരു ചുവന്ന പൂവ് വെയ്ക്കുന്നു!

 

എം അബ്ദുല്‍ റഷീദ് എഴുതിയ മറ്റ് കുറിപ്പുകള്‍

മുഖ്യമന്ത്രി  അഭിനന്ദിക്കണം, പൊതുമരാമത്ത്  വകുപ്പിനെ തോല്‍പ്പിച്ച സുമയേയും! 

ലൈവ് ക്യാമറയ്ക്കുമുന്നില്‍ കഴുത്തുമുറിച്ച ഇന്ത്യന്‍ യുവാവിനെ ഫേസ്ബുക്ക് രക്ഷിച്ചതെങ്ങനെ?

ഐസിസ് ഭീകരര്‍ കഴുത്തില്‍ കത്തിപായിക്കുമ്പോള്‍ ആ വൃദ്ധവൈദികന്‍ എന്താവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക? 

ആ പൂമരങ്ങള്‍ കാമ്പസില്‍ ഇപ്പോഴും ബാക്കിയെങ്കില്‍ അത് വെട്ടി തീയിടണം!

സിന്ധുവിനെ തോല്‍പ്പിച്ച കരോലിന മാരിന് ഒരു മലയാളിയുടെ തുറന്ന കത്ത് 

തുണിയുടുക്കാത്ത സന്യാസിയും നാണമേയില്ലാത്ത നമ്മളും

ഒരു കുഞ്ഞും വരയ്ക്കരുതാത്ത ചിത്രം!

നന്‍മ ഒരു വാക്കല്ല, ഈ മനുഷ്യനാണ്! 

അമ്മമാരുടെ ക്രിസ്മസ് 

ചരമപേജില്‍ കാണാനാവാത്ത മരണങ്ങള്‍! 

പടച്ചോനൊരു കത്ത്

ക്രിസ്തുവിന്റെ മൗനം; ഗാന്ധിയുടെയും!

അവള്‍ക്കു കൈയ്യടിക്കുന്നവര്‍ സ്വന്തം അടുക്കളയിലേക്കും നോക്കൂ 

നിങ്ങളെത്ര തെറി വിളിച്ചാലും ഞങ്ങള്‍ക്കീ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാനാവില്ല

ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍! 

അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

ഓരോ 'മീന്‍കഷണത്തിനും' അവര്‍ കണക്കു പറയിക്കും! 

സിപിഎം സമ്മേളനം ഉത്തരം തരേണ്ട ചോദ്യങ്ങള്‍

രാഷ്ട്രീയ ആയുധമായി മാറിയ കൊവിഡ് വാക്‌സിന്‍  എത്രമാത്രം സുരക്ഷിതമാണ്?

click me!