തുർക്കിയിലെ അന്റാലിയയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ 31-ാമത് കാലാവസ്ഥാ ഉച്ചകോടി സമവായമില്ലാതെ പിരിഞ്ഞു. ജൈവ ഇന്ധന താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള പെട്രോഡോളർ രാജ്യങ്ങളുടെ ശ്രമങ്ങളാണ് ചർച്ചകളെ അട്ടിമറിച്ചതെന്ന് വിമർശനം. പസഫിക് ദ്വീപ് രാജ്യങ്ങൾ അടക്കമുള്ളവ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.
തുർക്കിയിലെ അന്റാലിയയിൽ (Antalya) നടന്ന ഐക്യരാഷ്ട്രസഭയുടെ 31 -ാമത് കാലാവസ്ഥാ ഉച്ചകോടി (COP 31) അവസാനിച്ചു. കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്താണ് COP 31 ചർച്ചകൾ പൂർത്തിയാക്കിയതും ഒടുവിലൊരു പൊതുസമ്മതം രൂപീകരിക്കാനാകാതെ പിരിഞ്ഞതും. ആഗോള താപനത്തിന് കാരണമായ ജൈവ ഊർജ്ജ സ്രോതസ്സുകളിൽ (ഓയിൽ, ഗ്യാസ് ,കൽക്കരി) നിന്ന് ലോകം മാറണമെന്ന നിലപാട് സ്വീകരിക്കാൻ പെട്രോഡോളർ രാജ്യങ്ങൾ തയ്യാറല്ലായിരുന്നുവെന്നതാണ് സമ്മേളനം നീളാനും സമവായമില്ലാതെ പിരിയാകും ഇടയാക്കിയത്. 2009 -ൽ നടന്ന കോപ്പൻഹേഗൻ കാലാവസ്ഥ വ്യതിയാന (COP15) സമ്മേളനത്തിന് ശേഷം സമവായത്തിൽ എത്താതെ പിരിയുന്ന സമ്മേളനം കൂടിയായി ഇത്തവണത്തേത്. ജൈവ - ഊർജ്ജ - ഇന്ധന താൽപര്യങ്ങളുടെ ആധിപത്യം ജീവിക്കാൻ സാധ്യമല്ലാത്തൊരു ഗ്രഹമായി ഭൂമിയെ മാറ്റുമെന്ന വാദം സമ്മേളനത്തിൽ ഉയർന്നു.
ഒരു സമ്മേളനം രണ്ട് ആശയധാരകൾ
ഓസ്ട്രേലിയയും തുർക്കിയും ചേർന്നാണ് 2026 -ലെ കോപ്പ് 31 -ന് ആതിഥ്യമരുളിയത്. രണ്ട് രാജ്യങ്ങൾക്കുമുള്ള ജൈവ - ഇന്ധന താൽപ്പര്യങ്ങൾ ആദ്യമേ തന്നെ വിമർശിക്കപ്പെട്ടു. തുർക്കിയുടെ COP 31 പ്രസിഡന്റ് മുറാത് കുറും (Murat Kurum) പറയുന്നത് "നമ്മുക്ക് ഒന്നും ചെയ്യാനില്ല. നമ്മുക്ക് ചെയ്യാനുള്ളതല്ലാം ചെയ്തു കഴിഞ്ഞു. ഇവിടെയൊരു കരാറുമുണ്ടാകില്ല" എന്നാണ്. ഓസ്ട്രേലിയയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ മേൽനോട്ടക്കാരൻ ക്രിസ് ബോവൻ (Chris Bowen) പറഞ്ഞത്, 'വളരെ നിരാശാജനകം' എന്നാണ്. ഇതിൽ നിന്നു തന്നെ കോപ്പ് 31 -ന് എന്താണ് സംഭവിച്ചതെന്ന് വ്യക്തം. ദേശീയ രാഷ്ട്രീയ സാമ്പത്തിക സങ്കുചിത താൽപര്യങ്ങളുടെ ഏറ്റുമുട്ടൽ കാലാവസ്ഥ വ്യത്യായന സമ്മേളനങ്ങളെ, അതിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ അപ്പാടെ അട്ടിമറിക്കുന്നു.

അടിമറിക്കപ്പെട്ട COP 21
പാരീസ് കാലാവസ്ഥ ഉടമ്പടി (COP 21) പ്രകാരം 1.5 ഡിഗ്രി സെൽഷ്യസ് താപം നിലനിർത്തുകയെന്നുള്ള തീരുമാനം അട്ടിമറിക്കപ്പെട്ടു. ലോകം കൂടുതലായി കാലാവസ്ഥ വ്യതിയനത്തിന്റെ തിക്തഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. പാരീസ് കാലാവസ്ഥാ ഉടമ്പടി മുന്നോട്ടുവെക്കുന്ന താപനിലാ പരിധി ലംഘിക്കുന്നത് ലോകത്തെ അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നത് ഇതിനകം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.
സൗദിയുടെ താൽപ്പര്യങ്ങളും എതിർപ്പും
സൗദി അറേബ്യയ്ക്ക് കിട്ടിയ പ്രാധാന്യം ഈ സമ്മേളനത്തിൽ പ്രധാന വിഷയമായി മാറി. ജൈവ ഇന്ധനങ്ങൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ വരാതെ നോക്കാൻ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു സൗദി അറേബ്യ. ജൈവ ഇന്ധനവും അതിന്റെ സാമ്പത്തിക രാഷ്ട്രീയ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുകയെന്ന താൽപ്പര്യമാണ് സൗദി അറേബ്യയുടേത്. ശാസ്ത്രത്തെയും അതിന്റെ ആഗോള താപനത്തിന് കാരണമായ കണ്ടെത്തലിനെയും സൗദി അറേബ്യ തള്ളിക്കളയുന്നു. യൂറോപ്യൻ യൂണിയൻ, ലാറ്റിൻ അമേരിക്ക, പനാമ, പസഫിക് ദീപ സമൂഹ രാജ്യങ്ങൾ (Pacific Island Countries) എന്നിവർ സൗദി അറേബ്യയ്ക്കും മറ്റ് ജൈവ ഇന്ധന താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇറങ്ങിയ രാജ്യങ്ങൾക്കുമെതിരെ (OPEC,റഷ്യ) അതിശക്തമായ നിലപാടെടുത്തു. പസഫിക് ദ്വീപ സമൂഹ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണ്. സമ്മേളനത്തിലുണ്ടായ ഈ ചേരിതിരിവ് കാലാവസ്ഥ വ്യതിയാനത്തിലെ അസമത്വത്തിന്റെ ആഗോള ഉദാഹരണം കൂടി വെളിപ്പെടുത്തുന്നു. സമ്പന്ന രാഷ്ട്രങ്ങളും കാലാവസ്ഥ വ്യത്യായനം മൂലം ദുരിതമനുഭവിക്കുന്ന രാഷ്ട്രങ്ങളും തമ്മിലുള്ള വ്യത്യാസം.
ശാസ്ത്രം കണ്ടെത്തിയ ഇത്തരം പാരിസ്ഥിതിക സത്യങ്ങളെ അംഗീകരിക്കുന്നതിന് പകരം, തങ്ങളുടെ സാമ്പത്തിക - രാഷ്ട്രീയ മേധാവിത്വത്തിന് വേണ്ടി അത്തരം മുന്നറിയിപ്പുകളെ കണ്ടില്ലെന്ന് നടിക്കുന്നത് ലോകത്തെ വലിയ പാരിസ്ഥിക ദുരന്തങ്ങളിലേക്കാണ് നയിക്കുക. ഇതിന്റെ ഫലമായി ആഗോള താപനം പുതിയ ഉയരത്തിലെത്തുകയും അത് ഹിമാനികളുടെ തകർച്ച, വെള്ളപ്പൊക്കം, അതിതീവ്രമഴ, വരൾച്ച തുടങ്ങിയ പ്രകൃതിപ്രതിഭാസത്തിലൂടെ ഭൂമിയെ ഒരു മനുഷ്യ വാസയോഗ്യമല്ലാത്ത ഗ്രഹമാക്കി മാറ്റുന്നു. COP 31 -ൽ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ അട്ടിമറിക്കാനുള്ള ശ്രമത്തിനൊപ്പം, സമ്മേളനത്തിൽ ഉടനീളം ജൈവ ഇന്ധന താൽപ്പര്യം സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളും സജീവമായിരുന്നു. ഭാവിയെ മുന്നിൽ കാണുന്നതിന് പകരം സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള ശ്രമത്തിന്റെ ഫലമാണിത്.

'സഹായധനമല്ല, അവകാശം'
ലോക നേതാക്കൾ എന്നവകാശപ്പെടുന്ന യുഎസ്, ചൈന, റഷ്യ, ജപ്പാൻ എന്നീ സാമ്പത്തിക - സൈനിക മേധാവിത്വമുള്ള രാജ്യങ്ങൾ COP 31 -ൽ പങ്കെടുത്തിരുന്നില്ലെന്നതും ശ്രദ്ധേയം. ലോകത്തിൽ ഹരിതവാതക നിർഗ്ഗമന (Greenhouse Gas Emissions) -ത്തിന്റെ 50 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണെന്ന് കൂടി ഓർക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളും ആഗോള സമൂഹത്തിലെ തെക്കൻ രാജ്യങ്ങളും തമ്മിലുള്ള പൊതുവായ ഏറ്റുമുട്ടൽ ഇത്തരം സമ്മേളനങ്ങളിൽ വളരെ വ്യക്തമാണ്. വികസ്വര, പസിഫിക് ദീപ സമൂഹ രാഷ്ട്രങ്ങൾ കാലാവസ്ഥ വ്യതിയാന സമ്മേളനങ്ങളിൽ. കാലാവസ്ഥ സാമ്പത്തിക സഹായം (Climate finance) വികസിത രാജ്യങ്ങൾ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം പ്രധാന ചർച്ചാ വിഷയമാക്കി. അതൊരു സഹായധനമല്ല, മറിച്ച് ഒരു അവകാശമാണ് എന്നത് കാലാവസ്ഥ വ്യത്യായനത്തിന്റെ ദുരിതങ്ങൾ നേരിടുന്ന രാജ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഗ്രീൻവാഷിംഗ് മുന്നറിയിപ്പ്
ജൈവ ഊർജ്ജ കമ്പനികളും വികസിത രാഷ്ട്രങ്ങളും അവരുടെ താൽപ്പര്യങ്ങളും ചേർന്ന് കാലാവസ്ഥ ഉച്ചകോടിയിലെ സമ്മേളനങ്ങളെ അട്ടിമറിക്കുന്നത് എങ്ങിനെ നേരിടാമെന്നത് ഏറ്റവും പ്രധാനമാകുകയാണ്. പരിസ്ഥിതി സൗഹൃദമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും വഴി ഉപഭോക്താക്കളെ വഞ്ചിക്കുന്ന ഗ്രീൻവാഷിംഗ് (Greenwashing) രീതികളെ തുറന്നുകാട്ടുന്നത് ഇന്ന് ആഗോളതലത്തിൽത്തന്നെ ഏറ്റവും നിർണ്ണായകമായ ഒരു പാരിസ്ഥിതിക പോരാട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. സമ്മേളനത്തിന്റെ അവസാനം "ചില എണ്ണ രാജ്യങ്ങൾ ഈ ഉച്ചകോടിയെ റാഞ്ചി" എന്നാണ് യൂറോപ്യൻ യൂണിയന് വേണ്ടി സംസാരിച്ച അയർലൻഡ് കാലാവസ്ഥാ മന്ത്രി ഡാരാഗ് ഒബ്രിയൻ പ്രതികരിച്ചത്.
















