10 വർഷത്തിനിടെ 7 പ്രധാനമന്ത്രിമാരെ കണ്ട ബ്രിട്ടീഷ് രാഷ്ട്രീയം കടുത്ത അസ്ഥിരതയിലൂടെയാണ് കടന്നുപോകുന്നത്. ബ്രെക്സിറ്റിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധികളും, കെയ്ർ സ്റ്റാമറിന്‍റെ ലേബർ സർക്കാരിന്‍റെ പെട്ടെന്നുള്ള പതനവും ഈ രാഷ്ട്രീയ നാടകങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഈ മാറ്റങ്ങൾക്കിടയിലും ഡൌണിംഗ് സ്ട്രീറ്റിലെ 'ലാരി' എന്ന പൂച്ച ഒരു സ്ഥിരം സാന്നിധ്യമാണ്. 

10 വർഷത്തിനിടെ 7 പ്രധാനമന്ത്രിമാർ. ബ്രെക്സിറ്റിന്‍റെ പത്താം വർഷം. നഷ്ടങ്ങൾ എണ്ണുകയാണിപ്പോഴും ബ്രിട്ടൻ. സ്ഥിരതയുടെ പ്രതീകമായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയം കലങ്ങി മറിയുകയാണിപ്പോഴും. 2024 -ൽ ലേബർ പാർട്ടി തിരിച്ച് അധികാരത്തിലെത്തിയത് ചരിത്ര വിജയം നേടിയാണ്. 650 -ൽ 411 സീറ്റ്. കൺസർവേറ്റിവ് പാർട്ടിയുടെ 14 വർഷത്തെ ഭരണം അവസാനിപ്പിച്ച് കൊണ്ട്. അതേസമയം വോട്ട് വിഹിതത്തിന്‍റെ കണക്കിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് വിദഗ്ധ പക്ഷം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

10 വർഷം 7 പ്രധാനമന്ത്രിമാർ

2010 -ൽ ഡേവിഡ് കാമറോൺ, 2016 -ൽ തെരേസ മേ, 2022 -ൽ ബോറിസ് ജോൺസൺ, ഒറ്റമാസം മാത്രം ഭരിച്ച ലിസ് ട്രസ്, 2022 -ൽ തന്നെ റിഷി സുനക്, 2024 -ൽ കെയ്ർ സ്റ്റാമർ. രണ്ട് ലേബർ നേതാക്കൾക്കേ ഇത്രയും വോട്ട് നേടി വിജയിക്കാനായിട്ടുള്ളു. ടോണി ബ്ലെയർ, ക്ലെമന്‍റ് ആറ്റ്ലി. പക്ഷേ, ഏറ്റവും കുറച്ചുകാലം ഭരിച്ച ലേബർ പ്രധാനമന്ത്രി എന്ന റെക്കോർഡും സ്റ്റാമർക്കാണ്. ഭൂരിപക്ഷം നേടിയെങ്കിലും സ്റ്റാമറും ലേബറും നേടിയ ദേശീയതലത്തിലെ വോട്ട് വിഹിതം തീരെ കുറവായിരുന്നു. അത്രതന്നെ പെട്ടെന്ന് വീഴ്ചയും തുടങ്ങി. ചില ചുവടുകൾ പിഴച്ചതോടെ ആഴ്ചകൾക്കകം സ്റ്റാമറിന്‍റെ നില പരുങ്ങലിലായി.

(ആൻഡി ബേൺഹം)

ബ്രിട്ടന്‍റെ സാമ്പത്തിക സ്ഥിതി

പ്രശ്നം തുടങ്ങിയത് ബ്രിട്ടന്‍റെ സാമ്പത്തിക സ്ഥിതിയിലാണ്. നികുതി കൂട്ടേണ്ടിവരുമെന്ന തിരിച്ചറിവും പ്രഖ്യാപനവുമായിരുന്നു ആദ്യത്തെ കല്ലുകടി. പെൻഷൻകാരുടെ ശീതകാല ഇന്ധന ഇളവ് പിൻവലിച്ചതോടെയാണ് വീഴ്ച തുടങ്ങിയതെന്നാണ് നിഗമനം. ജനപ്രീതി കുത്തനെ ഇടിഞ്ഞു. സമ്പന്നരിൽ നിന്ന് മന്ത്രിമാർ വമ്പൻ സമ്മാനങ്ങൾ കൈപ്പറ്റിയെന്ന വാർത്തയും തിരിച്ചടിയായി. അതോടെ ചീഫ് ഓഫ് സ്റ്റാഫ് സൗത്ത് ഗ്രേ രാജിവച്ചു. ഒരു ആഭ്യന്തര തർക്കത്തിന്‍റെ ഫലം കൂടിയായിരുന്നു രാജി. സാമ്പത്തിക രംഗം മെച്ചപ്പെടുത്തുമെന്ന വാക്കും നടപ്പായില്ല. ജീവിതച്ചെലവ് കൂടി. അതുപോരാതെയാണ് 'മാൻഡെൽസൺ വിവാദം' കൊടുങ്കാറ്റായത്.

മാൻഡെൽസണും എപ്സ്റ്റീനും

അമേരിക്കൻ അംബാസിഡറായി നിയമിക്കപ്പെട്ട മാൻഡെൽസണിന്‍റെ എപ്സ്റ്റീൻ ബന്ധം പുറത്തുവന്നു. മാൻഡെൽസണിന്‍റെ നിയമനത്തിനായി വാദിച്ച ചീഫ് ഓഫ് സ്റ്റാഫ് രാജിവച്ചു. അതിൽ തീർന്നില്ല. സുരക്ഷാ ക്ലിയറൻസ് നൽകേണ്ടവർ തന്നെ സംശയമുന്നയിച്ചിട്ടും മാൻഡെൽസണിന് നിയമനം കിട്ടിയതിൽ പ്രതിസ്ഥാനത്തായത് സ്റ്റാമറാണ്. പ്രാദേശിക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും സ്റ്റാമറിന് വിനയായി. എംപിമാർ തന്നെ രാജിയാവശ്യം ഉന്നയിച്ച് തുടങ്ങി. വെസ് സ്ട്രീറ്റിംഗ് ആരോഗ്യസെക്രട്ടറി സ്ഥാനം രാജിവച്ചു. സർക്കാരിന്‍റെ ലക്ഷ്യബോധമില്ലായ്മയും ദീർഘ വീക്ഷണമില്ലായ്മയും എടുത്തുപറഞ്ഞ് കൊണ്ടായിരുന്നു രാജി. പ്രതിരോധച്ചെലവ് പദ്ധതിയും വിവാദമായി. പ്രതിരോധ സെക്രട്ടറി ജോൺ ഹീലിയും രാജിവച്ചു. സ്റ്റാമർ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. അവസാനശ്രമമായിരുന്നു 16 -ൽ താഴെയുള്ളവരുടെ സോഷ്യൽ മീഡിയ നിരോധനം. പക്ഷേ ആൻഡി ബേൺഹാം എംപിയായി ജയിച്ചതോടെ എല്ലാ കണക്കുകളും തെറ്റി. ആൻഡി ബേൺഹാമാണ് സ്റ്റാമറിന്‍റെ പകരക്കാരനാകുന്നതും.

ലാരി എന്ന പൂച്ച

പ്രധാനമന്ത്രിമാർ വരികയും പോവുകയും ചെയ്യുന്നു ബ്രിട്ടനിലെ ഡൌണിംഗ് സ്ട്രീറ്റിൽ. പക്ഷേ, 6 പ്രധാനമന്ത്രിമാരെ അതിജീവിച്ച ഒരാളുണ്ട് നമ്പർ 10 വസതിയിൽ. ലാരി എന്ന് പേരുള്ള 19 വയസുകാരൻ പൂച്ച. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ പൂച്ച. 'Chief Mouser to the Cabinet Office' എന്നാണ് തസ്തിക. രാഷ്ട്രമേധാവികളെയും നയതന്ത്രജ്ഞരെയും കാത്തുനിൽക്കുന്ന ക്യാമറകൾക്കിടയിലൂടെ ഒന്നും സംഭവിക്കാത്ത പോലെ, ലാരി രാജകീയമായി നടന്നുപോകും. ക്യാമറകൾ ഉള്ളപ്പോഴാണ് ലാരിയുടെ കളികൾ എന്നാണ് കണ്ടെത്തൽ. കൃത്യസമയത്ത് പ്രത്യക്ഷപ്പെടുന്നതിന് ഒരു പ്രത്യേക മിടുക്കുണ്ട് ലാരിക്കെന്ന് മാധ്യമ പക്ഷം.

മടിയൻ ലാരി

ക്യാമറകൾ ലാരിക്ക് പിന്നാലെ. ഡേവിഡ് കാമറൂണിന്‍റെ കാലത്ത് ബാറ്റർസീ ഹോമിൽ നിന്ന് ദത്തെടുത്തതാണ് ലാരിയെ. ബ്രെക്സിറ്റിനും മുമ്പ്. എലി ശല്യമുണ്ടായിരുന്നു നമ്പർ ടെന്നിൽ. അതായിരുന്നു ലാരിയുടെ ദൌത്യം. അത് വിജയിച്ചോ എന്നിപ്പോഴും സംശയമുണ്ട്. എലിശല്യം ഇപ്പോഴുമുണ്ട് അവിടുത്തെ കെട്ടിടങ്ങളിൽ അതുകാരണം 'മടിയൻ ലാരി' എന്നൊരു ഇരട്ടപ്പേരും കിട്ടി. ഉറക്കമാണ് പ്രധാന തൊഴിൽ എന്നൊരു കുറ്റപ്പെടുത്തലും. പക്ഷേ, അതൊന്നും പ്രശ്നമായില്ല. ലാരി സ്ഥിര താമസക്കാരനായി. ബ്രെക്സിറ്റ് റഫറണ്ടം നടന്നു. ബ്രിട്ടൻ യൂറോപ്പിൽ നിന്ന് പുറത്തായി. കാമറോൺ പോയി. തെരേസ മേ വന്നു, പോയി. ബോറിസ് ജോൺസൺ, ലിസ് ട്രംസ്, റിഷി സുനക്, പിന്നെ സ്റ്റാമറും. എല്ലാവർക്കും ഇഷ്ടമായിരുന്നു ലാരിയെ. ഇടയിൽ സന്ദർശകരായെത്തുന്ന രാഷ്ട്രമേധാവികളും ലാരിയെ തലോടാതെ പോയിട്ടില്ല. കൊവിഡ് കാലവും ലാരി അതിജീവിച്ചു.

ലാരിയുടെ പേരിൽ പാരഡി അക്കൌണ്ടുമുണ്ട്, സമൂഹ മാധ്യങ്ങളിൽ. സ്റ്റാമറിന്‍റെ രാജി സ്വീകരിച്ചു, ഇനി ആൻഡി ബർമിംഗ്ഹാമിനെ ക്ഷണിക്കുന്നുവെന്ന് പോസ്റ്റും പ്രത്യക്ഷപ്പെട്ടിരുന്നു ഇതിൽ. റിഷി സുനക് തോറ്റപ്പോൾ 'Another One Bites the Dust' എന്നായിരുന്നു പോസ്റ്റ്.