
അദ്ദേഹത്തിന്റെ ബാപ്പ സി എച്ച് മുഹമ്മദ് കോയയും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ചെറിയകാലത്തേക്കെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി എച്ച് വലിയ കടം അവശേഷിപ്പിച്ചാണ് വിട പറഞ്ഞത്-ഷാജഹാന്‍ കാളിയത്ത് എഴുതുന്നു
എന്തുകൊണ്ടാണ് എംകെ മുനീര്‍ കടബാധ്യതയില്‍ പെട്ടപ്പോള്‍ അദ്ദേഹത്തിന് വേണ്ടി സമൂഹമാധ്യമത്തിലും പുറത്തും വലിയ രീതിയിലുള്ള വൈകാരികത ഉണ്ടായത്? തീര്‍ച്ചയായും സി എച്ച് മുഹമ്മദ് കോയയുടെ മകനോടുള്ള സ്‌നേഹവായ്പ്പ് അതില്‍ ഒരു ഘടകമാണ്. പക്ഷേ അതിലുപരിയായി മറ്റൊരു ഘടകം അതില്‍ പ്രധാനമായിരുന്നു. അധികാരത്തിന്റെ ലാളനയില്‍ ദീര്‍ഘകാലം കഴിഞ്ഞ ഒരു നേതാവ് ഈയൊരവസ്ഥയില്‍ എങ്ങനെ എത്തി എന്ന കാതലായ ചോദ്യം. പണം സമ്പാദിക്കാനുള്ള മാര്‍ഗമായി അയാള്‍ രാഷ്ട്രീയത്തെ കണ്ടില്ല എന്ന വികാരത്തിലേക്ക് ആളുകളുടെ കണ്ണുതുറപ്പിക്കാന്‍ ഈ ചോദ്യം കാരണമായി. ഒരുപക്ഷേ, ഈ കാലത്ത് ഒരു രാഷ്ട്രീയക്കാരനെയും കണ്ണടച്ചു വിശ്വസിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തയ്യാറാവില്ല. അത്തരമൊരു കാലത്താണ് ശാരീരിക അവശതകൂടി നേരിടുന്ന മുനീറിനെ പോലെ ഒരാള്‍ വീട് വെക്കാന്‍ കടമെടുത്തതിന്റെ പേരില്‍ ജപ്തി ഭീഷണി നേരിടുന്നു എന്ന വാര്‍ത്ത വന്നത്. അദ്ദേഹത്തിന്റെ ബാപ്പ സി എച്ച് മുഹമ്മദ് കോയയും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ചെറിയകാലത്തേക്കെങ്കിലും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി എച്ച് വലിയ കടം അവശേഷിപ്പിച്ചാണ് വിട പറഞ്ഞത്.
1. മുന്‍ മുഖ്യമന്ത്രിയും എംകെ മുനീറിന്റെ പിതാവുമായ സി എച്ച് മുഹമ്മദ് കോയയും ഭാര്യയും. 2. എം കെ മുനീര്‍ മാതാവിനൊപ്പം
അന്ന് ബാംഗ്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു എംകെ മുനീര്‍. അദ്ദേഹത്തെ പിന്നീട് സര്‍ക്കാര്‍ ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പ്രത്യേക അനുമതി വാങ്ങി മാറ്റുകയായിരുന്നു. 1987-ല്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്ന അതേ കാലയളവില്‍ തന്നെയാണ് എം കെ മുനീര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് മത്സരിച്ചു ജയിച്ചത്. പിന്നാലെ യൂത്ത് ലീഗിനെ പുനരുജ്ജീവിപ്പിക്കേണ്ട ചുമതല ഏറ്റെടുത്ത് കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ കാല്‍നടയാത്ര നടത്തി. കേരളത്തില്‍ ഉടനീളം നൂറുകണക്കിന് മനുഷ്യര്‍ റോഡരികില്‍ അഭിവാദ്യമര്‍പ്പിച്ചു പോയ ആ ആ യാത്ര മുനീറിനും യൂത്ത് ലീഗിനും വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. പിന്നാലെ അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു.
സംരംഭകന്‍ എന്ന പരീക്ഷണം
മുസ്‌ലിം ലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി യുഗത്തിലാണ് എം കെ മുനീര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത് എന്നതാണ് ഒരുപക്ഷേ ലീഗിനകത്ത് അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങളെയും സാധ്യതയെയും നിര്‍ണയിച്ചത്. എ കെ ആന്റണിയുടെ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായി.
അക്കാലത്ത് തന്നെയാണ് 'ഇന്ത്യാവിഷന്‍' എന്ന ചാനലിന് അദ്ദേഹം തുടക്കമിട്ടത്. ചാനല്‍ തുടങ്ങാനുള്ള മൂലധനം പലരുടെ കൈയില്‍ നിന്നും വാങ്ങിയതാണ്. ആദ്യകാലത്ത് മുനീറിന്റെ ചാനലില്‍ പണം മുടക്കാന്‍ ഇരുന്ന പലരും പില്‍ക്കാലത്ത് സിപിഎമ്മിന്റെ ചാനലില്‍ പണം നിക്ഷേപിക്കുന്ന അവസ്ഥയുണ്ടായി. അതുകൊണ്ടുതന്നെ ചാനലിന്റെ തുടക്കം വൈകി. കുഞ്ഞാലിക്കുട്ടി പ്രതിയായ ഐസ്‌ക്രീം വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചാനലിന്റെ സാമ്പത്തിക സാധ്യതകളെ ബാധിച്ചു. മാര്‍ക്കറ്റിംഗ് പരാജയപ്പെട്ട് കോടികളുടെ കടത്തിലുമായി. നിക്ഷേപകരില്‍ പലരും കോടതിയെ സമീപിച്ച് ജപ്തി നടപടികളിലേക്ക് നീങ്ങി..
ചാനലിന് പുറമേ ഒരു ആശുപത്രി നേരത്തെ മുനീര്‍ നടത്തിയിരുന്നു. രാഷ്ട്രീയത്തിലെ തിരക്കുകള്‍ കാരണം അതും പരാജയമായിരുന്നു. കോഴിക്കോട് ആരംഭിച്ച പുസ്തക പ്രസാധന ശാല ശ്രദ്ധ നേടിയെങ്കിലും അതിനും കടബാധ്യതയുണ്ടായി. കവിയും കലാകാരനും പാട്ടുകാരനും രാഷ്ട്രീയക്കാരനും ഒക്കെയായി വ്യക്തിമുദ്ര പതിപ്പിച്ച മുനീര്‍ സംരംഭകന്‍ എന്ന നിലയില്‍ പരാജയമായിരുന്നു.
വേറിട്ട വഴി, വേരുറപ്പുള്ള നിലപാട്
'രാജ്യത്ത് ഹിന്ദുത്വ ഫാസിസം വ്യാപിക്കാന്‍ പോകുന്നു' എന്ന് 90-കളിലേ തന്റെ എഴുത്തുകളിലൂടെ മുനീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ദീര്‍ഘമായ ലേഖനങ്ങളും പുസ്തകങ്ങളും ആ വിഷയത്തില്‍ മുനീര്‍ എഴുതി. ന്യൂനപക്ഷ തീവ്രവാദത്തെയും അതേ രീതിയില്‍ തന്നെ മുനീര്‍ കണ്ടു. അതിന്റെ പേരില്‍ ജമാഅത്ത് ഇസ്ലാമിയെ പോലുള്ള സംഘടനകളും ആയി പരസ്യമായി ഇടഞ്ഞു.
ലീഗ് രാഷ്ട്രീയത്തില്‍ കുഞ്ഞാലിക്കുട്ടി പോയ വഴിയെ മുനീര്‍ പോയില്ല. സിപിഎമ്മില്‍ എന്നപോലെ സാമ്പത്തിക സ്വാധീനം തന്നെയാണ് ലീഗിനെയും നിയന്ത്രിച്ചത്. ആ ഇക്വേഷനില്‍ കുഞ്ഞാലിക്കുട്ടി തന്നെയായിരുന്നു മിടുക്കന്‍. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപരമായ വീഴ്ചകളുടെ പേരില്‍ പാര്‍ട്ടി പഴി കേട്ടപ്പോള്‍ വിരുദ്ധ ചേരിയിലാണ് മുനീര്‍ നിലകൊണ്ടത്. പക്ഷേ അപ്പോഴും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍ തന്നെയായിരുന്നു.. ഐസ്‌ക്രീം പാര്‍ലര്‍ കേസ് രണ്ടാമതും ഉയര്‍ന്നതിനുശേഷം മുനീറും കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും അടക്കമുള്ള പ്രമുഖരെല്ലാം തെരഞ്ഞെടുപ്പില്‍ തോറ്റു. ലീഗ് അപ്രസക്തമായി. അന്ന് മുനീര്‍ നല്‍കിയ മുന്നറിയിപ്പ് പാര്‍ട്ടി അവഗണിക്കുകയായിരുന്നു.
മുസ്ലിംലീഗിന് അകത്തെ ശാക്തികചേരിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ മുനീര്‍ സ്വീകരിച്ച നിലപാടുകള്‍ പലതും തിരുത്തലുകളെന്നു വിശേഷിപ്പിക്കപ്പെട്ടു. മുനീറിന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലപ്പോഴും തിരിച്ചടികള്‍ ആയത് ഇതേ നിലപാട് തന്നെയായിരുന്നു. രണ്ടുതവണയാണ് ലീഗിനെ ഇടതു ചേരിയില്‍ എത്തിക്കാനുള്ള നീക്കം നടന്നത്. പിണറായി- കുഞ്ഞാലിക്കുട്ടി സൗഹൃദം ഇതില്‍ ഒരു ഘടകമായിരുന്നു. മുസ്ലിംലീഗിനെ ഇടതുചേരിയില്‍ എത്തിക്കാനുള്ള നീക്കങ്ങളെയും അടവ് നയങ്ങളെയും പാര്‍ട്ടിക്കകത്ത് നിന്ന് ശക്തമായി ചെറുത്തവരില്‍ പ്രധാനി ഡോ. എം കെ മുനീര്‍ ആയിരുന്നു. ഏറ്റവും ഒടുവിലായി 2023-24 കാലത്ത് ലീഗ് ചാഞ്ചാടി നിന്നപ്പോഴും മുനീര്‍ ഉറച്ചു നിന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം അടക്കമുള്ളവര്‍ സിപിഎമ്മിനോട് മൃദു സമീപനം സ്വീകരിച്ചപ്പോള്‍ നിരന്തരം പ്രസ്താവനകള്‍ നടത്തി മുനീര്‍ സിപിഎമ്മിനെ ഉള്‍ക്കൊള്ളാന്‍ ആകില്ലെന്ന് ഓര്‍മ്മിപ്പിച്ചിരുന്നു.
ദീര്‍ഘദര്‍ശിയായ ഭരണാധികാരി
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുമായി മുനീര്‍ ആദ്യവട്ടം മന്ത്രി ആയിരുന്നപ്പോഴാണ് കേരളത്തിലെ പല റോഡുകളും പരിഷ്‌കരിച്ച് മികച്ച റോഡുകളാക്കിയത്. പുതിയ നിര്‍മ്മാണ രീതികള്‍ പലതും അക്കാലത്ത് പരീക്ഷിക്കപ്പെട്ടു. മുനീര്‍ അവതരിപ്പിച്ച എക്‌സ്പ്രസ് ഹൈവേ എന്ന ആശയം വലിയ വിവാദമായി ഉയര്‍ന്നു സിപിഎം ജമാഅത്തെ ഇസ്ലാമിയും പരിസ്ഥിതിവാദികളും ഇടഞ്ഞതോടെ എക്‌സ്പ്രസ് ഹൈവേ ഉപേക്ഷിച്ചുവെങ്കിലും പില്‍ക്കാലത്ത് അതിനേക്കാള്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കേണ്ടി വന്ന എട്ടുവരി ദേശീയപാതയ്ക്ക് ഇടതുസര്‍ക്കാര്‍ പച്ചക്കൊടി വീശി. അന്ന് 'ടോള്‍ വരുന്നു' എന്ന് പറഞ്ഞ് പേടിപ്പിച്ചവര്‍ ഇപ്പോള്‍ ടോള്‍ കൊടുത്തു അതിലൂടെ യാത്ര ചെയ്യുന്നു.
തിരുവനന്തപുരം പാളയത്തെ അണ്ടര്‍പാസിന്റെ നിര്‍മ്മാണം സമയപരിധിക്ക് മുന്‍പേ പൂര്‍ത്തിയാക്കിയതിന്റെ പേരില്‍ അന്ന് സ്പീക്കര്‍ ആയിരുന്ന വക്കം പുരുഷോത്തമന്‍ തന്റെ കയ്യിലുള്ള മോതിരം മുനീറിന് ഊരി നല്‍കി അഭിനന്ദിച്ചത് അന്ന് വലിയ വാര്‍ത്തയായിരുന്നു. സാമൂഹിക -രാഷ്ട്രീയ രംഗത്ത് ചലനങ്ങള്‍ ഉണ്ടാക്കിയ ഒട്ടേറെ ഇടപെടലുകള്‍ മുനീറിന്റെ ഭാഗത്തുനിന്നും ഉണ്ടായി. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന കാലത്താണ് ജെന്‍ഡര്‍ പാര്‍ക്ക് പോലുള്ള നൂതന ആശയങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കിയത്.
ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം ഒരു സംസ്ഥാനത്ത് നടപ്പിലാക്കിയ മന്ത്രി എം കെ മുനീര്‍ ആയിരുന്നു. അശരണരെ സഹായിക്കാനായി ഡിബി ഡി പോലുള്ള ഒട്ടേറെ ആനുകൂല്യ പദ്ധതികള്‍ മന്ത്രിയായിരിക്കെ നടപ്പിലാക്കി. കേള്‍വി വൈകല്യമുള്ളവര്‍ക്കായി സ്ഥാപിക്കപ്പെട്ട 'നിഷ്' മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയതും മുനീറിന്റെ നേതൃത്വത്തിലാണ്. അടിസ്ഥാന മേഖലയില്‍ ദീര്‍ഘകാല വീക്ഷണത്തോടെ രൂപീകരിച്ച സ്‌നേഹസ്പര്‍ശം, ആശ്വാസകിരണം തുടങ്ങിയ പദ്ധതികളുടെ പേരില്‍ മൂന്നു തവണ രാജ്യത്തെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം എം കെ മുനീര്‍ നേടിയിട്ടുണ്ട്.
കാമ്പുള്ള മതേതര നിലപാട്
മാധ്യമങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നെങ്കിലും പതിവ് രാഷ്ട്രീയക്കാരുടെ പി ആര്‍ ശൈലിയിലേക്ക് മുനീര്‍ ഒരിക്കലും മാറിയിരുന്നില്ല. മിതത്വം ആണ് അന്നും ഇന്നും മുനീറിന്റെ മുഖമുദ്ര. അതിവൈകാരികത മുസ്ലിം രാഷ്ട്രീയത്തിന് അപകടം ആണെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ട്. വര്‍ഗീയ പാര്‍ട്ടി എന്ന് മുദ്രകുത്തപ്പെട്ട ലീഗിന് മതേതര മുഖം നല്‍കുകയും കോഴിക്കോട് സൗത്ത് പോലുള്ള സീറ്റുകളില്‍ ഹിന്ദു വിഭാഗം അടക്കമുള്ളവരുടെ സ്വീകാര്യത നേടിയെടുക്കുകയും ചെയ്ത അപൂര്‍വം നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. മതേതര നിലപാടുകളുടെ കാര്യത്തില്‍ ഒരുപക്ഷേ മുനീറിനൊപ്പം ചേര്‍ന്നുനിന്നത് കുഞ്ഞാലിക്കുട്ടി ആയിരുന്നു.
അര്‍ഹത ഉണ്ടായിട്ടും കേള്‍ക്കാതെ പോയൊരു ശബ്ദം
ദൈനംദിന രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയുടെ പ്രായോഗിക വഴി തെരഞ്ഞെടുത്തപ്പോള്‍ മുനീറിന്റെ ശബ്ദം പലപ്പോഴും അവിടെ ഉയര്‍ന്നുകേട്ടിട്ടില്ല. കുഞ്ഞാലിക്കുട്ടി എംപിയായി ദില്ലിയിലേക്ക് പോയപ്പോള്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ച കാലത്താണ് മുനീറിന്റെ ശബ്ദം കാര്യമായി ഉയര്‍ന്നുകേട്ടത്. ഏറ്റവും ഒടുവില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുത്തപ്പോള്‍ ആ പദവിയില്‍ മുനീര്‍ താല്‍പര്യമറിയിച്ചിരുന്നുവെങ്കിലും താരതമ്യേന ലീഡര്‍ഷിപ്പ് മികവ് കുറഞ്ഞ മറ്റൊരു നേതാവിനെയാണ് ലീഗ് പരിഗണിച്ചത്.
തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കെ ഹൃദ്രോഗബാധയും മറ്റ് അവശതകളും ഉണ്ടായതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ ലീഗ് സീറ്റ് നിഷേധിക്കുകയായിരുന്നു. കൊരമ്പയില്‍ അഹമ്മദ് ഹാജി അടക്കമുള്ള പ്രമുഖര്‍ സമാനമായ അവശതകളിലൂടെ കടന്നുപോയപ്പോള്‍ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല എന്നുകൂടി ഓര്‍ക്കുക. എന്നാല്‍ മുനീറിന് എതിരെ സമൂഹമാധ്യമങ്ങളിലൂടെ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ കടുത്ത ആക്ഷേപങ്ങള്‍ നടത്തി. 'അതിന്റെ പേരില്‍ തന്നെ കൈവിടരുത്' എന്ന് ലീഗ് നേതൃത്വത്തോട് അദ്ദേഹം അപേക്ഷിച്ചില്ലെങ്കിലും സീറ്റ് നല്‍കിയില്ല എന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.
ജപ്തി നീക്കം ഒരിക്കല്‍ക്കൂടി എംകെ മുനീറിനെ വാര്‍ത്തയിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ലീഗ് രാഷ്ട്രീയത്തില്‍ അര്‍ഹത ഉണ്ടായിട്ടും ഉയര്‍ന്നു കേള്‍ക്കാതെ പോയ ശബ്ദങ്ങളില്‍ ഒന്നാണ് എംകെ മുനീറിന്റെത്.