പ്രശംസയുമായി പ്രസിഡന്‍റ്, എന്നിട്ടും വഴിവിട്ട ബന്ധങ്ങളിൽ കുരുങ്ങിയ എൻവിഡിയ മേധാവി

Alakananda R   | ANI
Published : Nov 17, 2026, 02:29 PM IST
Nvidia controversy

Synopsis

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് രണ്ട് സ്ത്രീകളുമായുള്ള ബന്ധത്തിൽ ഉൾപ്പെട്ട വിവാദങ്ങൾ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ആലീസുമായുള്ള ബന്ധവും ചിപ്പ് കയറ്റുമതിയും ഇതിൽ ഉൾപ്പെടുന്നു.

എൻവിഡിയയുടെ (NVIDIA) സിഇഒ ജെൻസൻ ഹുവാങ് കേന്ദ്ര കഥാപാത്രമായ വിവാദങ്ങൾ ലോകത്തെ ഞെട്ടിച്ചുവെന്ന് പറഞ്ഞാൽ അത് കുറഞ്ഞുപോകും. അത്രയ്ക്കാണ് വിവാദങ്ങളുടെ ആഴം. പ്രത്യാഘാതം ഊഹിക്കാനേ കഴിയൂ ഇപ്പോഴും. രണ്ട് സ്ത്രീകളുമായുള്ള ബന്ധം. അതിലൊന്ന് ചൈനീസ് ചാരവനിത, മറ്റേയാൾ സഹപ്രവർത്തക. എൻവിഡിയയുടെ മേധാവി, ചൈനീസ് ചാരവനിത എന്ന് പറയുമ്പോൾ തന്നെ അതിന്‍റെ പ്രത്യാഘാതം രാഷ്രീയ തലത്തിൽകൂടിയാണ്. ചൈന എല്ലാം നിഷേധിക്കുന്നു. സ്വാഭാവികം. ഉരുത്തിരിഞ്ഞുവരുന്നതേയുള്ള എല്ലാം.

ചുരുളഴിഞ്ഞ രഹസ്യ ബന്ധങ്ങൾ

എങ്ങനെ കാര്യങ്ങളുടെ ചുരുളഴിഞ്ഞു എന്നതാണ് ആദ്യം. 2024 ജൂണിലാണ് തുടക്കം. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങും മെഗാസ്പീഡ് (Megaspeed) എന്ന സിംഗപ്പൂർ ആസ്ഥാനമായ ക്ലൗഡ് കംപ്യൂട്ടിംഗ് കമ്പനി എക്സിക്യൂട്ടിവ് ആലീസ് ഹുവാങും (Alice Huang) ഒരുമിച്ച് തായ്പേയിലെ ഒരു വിരുന്നിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു. മറ്റ് കമ്പനി പ്രതിനിധികളും പങ്കെടുത്ത ടെക് കോൺഫറൻസിനുശേഷം നടന്നതാണ് വിരുന്ന്. 2024 അവസാനം തന്നെ അമേരിക്കൻ വാണിജ്യവകുപ്പ് മെഗാസ്പീഡിൽ അന്വേഷണം തുടങ്ങി. ബില്യൻ കണക്കിന് ഡോളറിന്‍റെ ചിപ്പുകളാണ് മെഗാസ്പീഡ് എൻവീഡിയയിൽ നിന്ന് വാങ്ങിയത്. ഏതാണ്ട് 7.5 ബില്യൻ ഡോളറിന് വാങ്ങിയ ചിപ്പുകളിൽ അധികവും കയറ്റുമതി ചെയ്യാൻ അനുവാദമില്ലാത്ത ചിപ്പുകളാണെന്നത് ശ്രദ്ധിക്കപ്പേടേണ്ട കാര്യം. അതും അന്വേഷണവിഷയമായി.

(ഹുവാങിന് നാഷണൽ മെഡൽ സമ്മാനിക്കുന്ന പ്രസിഡന്‍റ് ട്രംപ്)

പ്രസിഡന്‍റിന് മേലും സ്വാധീനം

ബ്ലാക്‍വെൽ ചിപ്പുകൾ (Blackwell Chip) ചൈനയിലേക്ക് കയറ്റി അയക്കാൻ ജെൻസൻ ഹുവാങ് പ്രസിഡന്‍റിനോട് അനുമതി തേടിയിരുന്നു എന്നതും ശ്രദ്ധേയം. അത് പക്ഷേ ഉദ്യോഗസ്ഥരുടെ എതിർപ്പ് കാരണം നടന്നില്ല. പകരം മറ്റ് ചില ചിപ്പുകൾ കയറ്റുമതി ചെയ്യാൻ ട്രംപ് എൻവീഡിയയ്ക്ക് അനുവാദം നൽകി. പക്ഷേ, അന്വേഷണം നടക്കുന്നതിനിടെ തന്നെ 2025 -ൽ ജെൻസൻ ഹുവാങും ആലിസും മറ്റൊരു വിരുന്നിൽ പങ്കെടുത്ത ചിത്രവും പുറത്തുവന്നു. എഫ്ബിഐ (FBI) അന്വേഷണത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത് 2025 ഒക്ടോബറിലാണ്. ഒക്ടോബർ 28 നടന്ന എൻവീഡിയ ഉച്ചകോടിയിൽ പ്രസിഡന്‍റ് ട്രംപിന്‍റെ നയങ്ങളെ ജെൻസൻ ഹുവാങ്ങ് പ്രശംസിച്ചു. 30 -ന് ട്രംപ് - ഷീ കൂടിക്കാഴ്ച ബുസാനിൽ നടന്നു, എൻവിഡിയ, ബ്ലാക്‍വെൽ ചിപ്സ് ചൈനയ്ക്ക് വിൽക്കാനുള്ള അനുമതി ഹുവാങ് തേടിയിരുന്നു. അത് നിഷേധിക്കാൻ ഉദ്യോഗസ്ഥർ ട്രംപിനെ പ്രേരിപ്പിച്ചു. കുറഞ്ഞ ചിപ്സ് വിൽക്കാമെന്നായി ട്രംപ്. അതും 25 ശതമാനം അമേരിക്കൻ സർക്കാരിന് എന്ന വ്യവസ്ഥയിൽ. ഇത് നടന്നത് ഡിസംബറിലാണ്.

ആലീസിന് രഹസ്യങ്ങൾ കൈമാറി?

ആലീസ് ഹുവാങ് ചൈനയിലേക്ക് സ്ഥിരമായി വിവരങ്ങൾ കൈമാറുന്നുവെന്ന സംശയത്തിൽ ആലിസിനെ ഇലക്ട്രോണിക് സർവൈലൻസിന് വിധേയയാക്കി എഫ്ബിഐ. 2026 -ൽ ജെൻസൻ - ആലീസ് ബന്ധത്തിൽ ഒരു ക്ലാസിഫൈഡ് മെമ്മോയ്ക്ക് അനുവാദം നൽകി വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. അപ്പോഴേക്ക് മെഗാസ്പീഡിലെ അന്വേഷണം നീതിന്യായ വകുപ്പ് ഏറ്റെടുത്തിരുന്നു. പക്ഷേ, 2026 ഒക്ടോബർ അവസാനം ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തിൽ ഇന്‍റലിജൻസ് ഏജൻസികൾക്ക് ആശങ്കകളുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കൂടിക്കാഴ്ചകളിലോ വിരുന്നുകളിലോ അസാധാരണമായി ഒന്നുമില്ലെന്ന് വിശദീകരിച്ചു എൻവിഡിയ വക്താവ്. അപ്പോഴും അതൊന്നും ഹുവാങ്ങിന്‍റെ ഔദ്യോഗിക പദവിയെ ബാധിച്ചില്ല. ട്രംപിന്‍റെ ചൈനാ സന്ദർശന സംഘത്തിൽ ജെൻസൻ ഹുവാങ് അവസാന നിമിഷം അംഗമായി. പ്രസിഡന്‍റിന്‍റെ അന്നത്തെ യാത്രയിൽ അലാസ്കയിൽ നിന്നായിരുന്നു ഹുവാങ് എയർഫോഴ്സ് വണ്ണിലേക്ക് കയറിയത്. ഹുവാങിന് നാഷണൽ മെഡൽ, പ്രശംസ, ഒക്കെ കിട്ടി ഇതിനിടെ. പക്ഷേ 2026 നവംബർ എട്ടാം തീയതി ജെൻസൻ ഹുവാങ് വിവാഹേതര ബന്ധം സമ്മതിച്ചു. ആലീസ് ഹുവാങ്ങുമായുള്ള ബന്ധത്തിൽ രഹസ്യച്ചോർച്ച നടന്നിട്ടുണ്ടോ എന്നതിൽ കമ്പനിയും അന്വേഷണം തുടങ്ങി. ട്രംപ് അപ്പോഴും ജെൻസൻ ഹുവാങിനെ പിന്തുണച്ചു. ആലീസ് ചാരവനിതയാണെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ജെൻസൻ ഹുഹാങ് തന്നോട് പറഞ്ഞുവെന്നും വ്യക്തമാക്കി. പക്ഷേ, സഹപ്രവർത്തകയുമായുള്ള രണ്ടാമത്തെ ബന്ധം പുറത്തുവന്നതോടെ രാജി അനിവാര്യമായി. ധനകാര്യവിഭാഗം മേധാവി കോലെറ്റ് ക്രെസ് (Colette Kress) താൽകാലിക സിഇഒ ആയി.

(ആലീസ് ഹുവാങും കിംബർലി പവലും)

'വിശ്വാസ വഞ്ചകൻ'

ആരുടേയും പേര് വെളിപ്പെടുത്താതെയാണ് ഭാര്യയോട് വിശ്വാസവ‌ഞ്ചന കാണിച്ചുവെന്ന് ഹുവാങ് സമ്മതിച്ചത്. എൻവീഡിയ ജീവനക്കാർക്ക് അയച്ച സന്ദേശത്തിലായിരുന്നു കുറ്റസമ്മതം. അതോടെ എൻവീഡിയ ബോർഡ് സ്വതന്ത്രാന്വേഷണം പ്രഖ്യാപിച്ചു. അതിനുമുമ്പ് തന്നെ റിപബ്ലിക്കൻ സഭ കമ്മിറ്റികൾ ഹുവാങിൽ നിന്ന് രഹസ്യമൊഴി ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് സഹപ്രവർത്തകയുമായുള്ള ബന്ധം കൂടി പുറത്തുവന്നത്. എൻവിഡിയ ഹെൽത്ത്‌കെയറിന്‍റെ (NVIDIA Healthcare) വൈസ്പ്രസിഡന്‍റ് കിംബർലി പവൽ (Kimberly Powell) -ലുമായുള്ള ബന്ധം കൂടി പുറത്തുവന്നതോടെ ഹുവാങിനെ നീക്കാൻ കമ്പനി ആലോചിച്ച് തുടങ്ങിയിരുന്നു.

മെഗാസ്പീഡ് ബന്ധമാണ് പക്ഷേ, രാഷ്ട്രീയതലത്തിലെ ആഘാതം. എഐ കാലത്ത് ചിപ്പുകളുടെ പ്രാധാന്യം എന്തെന്ന് കൂടുതൽ പറയേണ്ട കാര്യമില്ല. ചിപ്പുകളുടെ പേരിലാണ് അമേരിക്ക - ചൈന തർക്കം തന്നെ. അപ്പോഴാണ് മെഗാസ്പീഡിന് എൻവീഡിയ ചിപ്പ് വിറ്റത്!

PREV
Read more Articles on
click me!

Recommended Stories

കലകൊണ്ട് തെരുവ് തിരിച്ചുപിടിക്കുമ്പോൾ; മാനവീയം വീഥിയുടെ 25 വർഷത്തെ ചരിത്രവും അതിജീവനവും
ദശാബ്ദങ്ങൾ പഴക്കമുള്ള തന്ത്രത്തിന്റെ പുതിയ മുഖമായി ജെൻസൻ ഹുവാങ്, വെളിപ്പെടുത്തൽ മുന്നോട്ട് വയ്ക്കുന്ന വസ്തുതകൾ ചിന്തിപ്പിക്കുന്നത്