
പതിറ്റാണ്ടുകള്‍ക്കിപ്പുറം മുഖപുസ്തകത്തില്‍ എന്നെ തേടി അവളുടെ ഫ്രണ്ട് റിക്വസ്റ്റ് എത്തി. അന്നേരവും അയാളുടെ പാട്ടും ആ അപകടവും മനസ്സില്‍ മിന്നി മാഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, അവളെക്കുറിച്ചുള്ള ഓരോ ഓര്‍മ്മയും അയാളിലേയ്ക്ക് നീളും. എന്നാല്‍ പിന്നീടുള്ള ഞങ്ങളുടെ സംസാരത്തിലൊരിക്കലും അയാള്‍ കടന്നു വന്നില്ല.
ലോ കോളേജില്‍ പഠിക്കുന്ന കാലം. യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് മുന്നില്‍ തിരക്കൊഴിഞ്ഞ ബസ് കാത്ത് നില്‍ക്കുന്നതിനിടെ, വര്‍ഷങ്ങള്‍ക്കു ശേഷം അവളെ കണ്ടു. പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ചിരുന്ന അവള്‍ അപ്പോള്‍ പി ജിക്ക് പഠിക്കുകയായിരുന്നു.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്നു അവള്‍.
നാട്ടിലേക്കുള്ള എല്ലാ ബസിലും ഫുട് ബോര്‍ഡില്‍ വരെ ആളുണ്ട്. 'നിങ്ങളുടെ നാട്ടില്‍ ഫാമിലി പ്ലാനിംഗ് ഒന്നും എത്തിയില്ലേ'ന്ന് അവള്‍ എന്നെ കളിയാക്കി.
പെണ്ണുകാണാന്‍ അടുത്ത ദിവസം ഒരാള്‍ വരുന്നുണ്ടെന്ന് പറയുമ്പോള്‍ അവള്‍ക്ക് വല്യ സന്തോഷമായിരുന്നു. എനിക്ക് അങ്ങനൊരു കാര്യം അക്കാലത്ത് ചിന്തിക്കാനേ കഴിയുമായിരുന്നില്ല.
'നിനക്കെന്താ ഇത്ര സന്തോഷം. കെട്ടിലമ്മയാവാന്‍ ധൃതിയായോ..' എന്ന ചോദ്യത്തിന് അവളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.
'അയാളെ എനിക്കറിയാം. പക്ഷേ, എന്നെ അയാള്‍ക്കറിയില്ല. നന്നായി പാടും...മറ്റാര്‍ക്കെങ്കിലും കിട്ടുന്നതിന് മുന്നേ അയാളെ എനിക്ക് കിട്ടുമല്ലോ.' അവളുടെ കണ്ണുകള്‍ തിളങ്ങി.
വല്യമ്മ വഴി വന്ന ആലോചനയാണ്. വല്യമ്മയുടെ വീട്ടില്‍ വെക്കേഷന് പോയപ്പോള്‍ നാട്ടിലെ ക്ലബ്ബിന്റെ വാര്‍ഷികത്തിന് അയാള്‍ പാടിയത് കേട്ടിട്ടുണ്ടത്രേ.
പ്രായോഗികതയുടെ വക്താവായിരുന്നു ഞാനക്കാലത്ത്. അതുകൊണ്ടുതന്നെ അവളുടെ ഈ വട്ട് ചിന്തയോട് എനിക്കന്ന് സഹതാപമാണ് തോന്നിയത്.
നിന്റെ മനസ്സിളക്കിയ ആ പാട്ടേതാന്ന് ചോദിക്കുമ്പോഴേയ്ക്കും എന്റെ ബസ് വന്നു നിന്നു.
'അനഘ സങ്കല്പ ഗായികേ...' -അവള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍, ബൈപോലും പറയാതെ ഞാനോടി ബസ്സില്‍ കയറി അവള്‍ക്ക് നേരെ കൈവീശി. എന്റെ ഓട്ടം കണ്ട് എന്താ സംഭവിച്ചതെന്ന് മനസിലാവാതെ നില്‍പ്പായിരുന്നു അവള്‍. പരിസരം മറന്ന് പെരുമാറുന്ന കാര്യത്തില്‍ ഞാനന്നേ മുന്നിലായിരുന്നല്ലോ!
ബസ്സിലിരിക്കുമ്പോള്‍, ഞാനാ പാട്ടിനു പിന്നാലെ പാഞ്ഞു. ആ ഗാനം എന്നാണ് ആദ്യം കേട്ടത്?
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു, ഞാനാദ്യം അത് കേള്‍ക്കുന്നത്. ആകാശവാണിയിലെ 'രഞ്ജിനി'യാണ് ആ പാട്ടുമായി എത്തിയത്. പിന്നീടും എപ്പോഴൊക്കെയോ അത് കേട്ടു.
അനഘസങ്കല്‍പ്പ ഗായികേ മാനസ
മണിവിപഞ്ചികാവാദിനീ നിന്നുടെ
മൃദുകരാംഗുല സ്പര്‍ശനാലിംഗന
മദലഹരിയിലെന്റെ കിനാവുകള്‍
1978 -ല്‍ പ്രദര്‍ശനത്തിനെത്തിയ 'അണിയറ ' എന്ന ചിത്രത്തിലെ വശ്യസുന്ദര ഗാനം. ഭാസ്‌ക്കരന്‍ മാഷിന്റെ ഭാവനാ സമ്പന്നമായ രചന. ദേവരാജന്‍ മാഷിന്റെ സംഗീതം. വാദ്യോപകരണങ്ങളുടെ അതിപ്രസരമില്ലാതെ ഭാവമാവാഹിച്ച് ഗാനഗന്ധര്‍വ്വന്‍ പാടിയപ്പോള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് അനര്‍ഗ്ഗള പ്രവാഹമായി ആ ഗാനം ഒഴുകി.
മുഖപടവും മുലക്കച്ചയും മാറ്റി
സുഖദനര്‍ത്തനം ചെയ്യുന്നു ചുറ്റിലും
തരളമാനസ മായാമരാളിക
തവ മനോഹര ഗാന യമുനയില്‍
ശങ്കരാഭാരണത്തിന്റെ വശ്യത. ഭാസ്‌ക്കരന്‍ മാഷിന്റെ വരികളേക്കാള്‍ ദേവരാജന്‍ മാഷിന്റെ ഈണമാണ് ആകര്‍ഷണീയമായി എന്നുമെനിക്കു തോന്നിയിട്ടുള്ളത്. കണ്ണടച്ച് കേട്ടിരുന്നാല്‍ മറ്റേതോ ലോകത്തേയ്ക്ക് എത്തപ്പെട്ട പോലെ തോന്നും.
അവളിലേക്ക് വരാം. പിന്നീട് അവളെ കാണാറേ ഉണ്ടായിരുന്നില്ല.
എല്‍എല്‍ബി കഴിഞ്ഞ വര്‍ഷമാണ് അവളെ വീണ്ടും കണ്ടത്. എനിക്കന്ന് ജോലി കിട്ടിയിരുന്നു. വികാസ് ഭവനിലെ ഹനുമാന്‍ കോവിലില്‍ വച്ചാണ് അവളെ ഏറെ നാള്‍ക്ക് ശേഷം കാണുന്നത്. കുറച്ചധികം ഭക്തി ഉണ്ടായിരുന്ന കാലമാണ്. അവള്‍ ബി എഡ് കഴിഞ്ഞ് സിറ്റിയിലെ ഒരു അണ്‍ എയിഡഡ് സ്‌കൂളില്‍ പഠിപ്പിക്കുന്നു.
അവളുടെ മുഖത്ത് പഴയ സന്തോഷമൊന്നും കണ്ടില്ല.
ഒരു ചായ കുടിച്ചാലോ,ന്ന് ചോദിച്ചപ്പോള്‍ ഒട്ടും മടിക്കാതെ അവള്‍ ഒപ്പം നടന്നു. നിയമസഭാ ക്യാന്റീനിലേക്ക് അവളുമായി നടക്കുമ്പോള്‍ അന്നത്തെ വിവാഹ ആലോചനയെക്കുറിച്ച് ചോദിക്കാതിരിക്കാനായില്ല. 'വിവാഹം കഴിഞ്ഞപ്പോള്‍ സന്തോഷമൊക്കെ തീര്‍ന്നോ' എന്നായിരുന്നു എന്റെ സംശയം. ചായയ്ക്ക് കാത്തിരിക്കുമ്പോള്‍ അവള്‍ പറഞ്ഞു.
'അന്നത്തെ ആലോചന ഉറപ്പിച്ചതാണ്. പക്ഷേ നിശ്ചയം കഴിഞ്ഞ് നാലാം നാള്‍ ഒരു ബൈക്ക് ആക്‌സിഡന്റില്‍ അയാള്‍ മരിച്ചു. വലിയ ഷോക്കായി. ഇപ്പോഴുമാത് എന്റെ മനസിന് ഉള്‍കൊള്ളാനാവുന്നില്ല. അന്നെന്നെ കാണാന്‍ വന്നപ്പോള്‍ ഞാന്‍ വെറുതേ ചോദിച്ചതാണ് ആ പാട്ടൊന്ന് പാടാമോയെന്ന്. പുള്ളി ചരണത്തിലെ വരികളാണ് പാടി തന്നത്.'
ഒരു നിമിഷം അവള്‍ നിശബ്ദയായി. ചരണത്തിലെ വരികള്‍ ഓര്‍ത്തെടുത്തു, ഞാനപ്പോള്‍ .
സമയതീരത്തിന്‍ ബന്ധനമില്ലാതെ
മരണസാഗരം പൂകുന്ന നാള്‍വരെ
ഒരു മദാലസ നിര്‍വൃതീബിന്ദുവായ്
ഒഴുകുമെങ്കിലോ ഞാന്‍ നിത്യതൃപ്തനായ്..
അയാളെന്താവും ഈ വരികള്‍ തന്നെ പാടിയതെന്ന് ഞാന്‍ വ്യാകുലപ്പെട്ടു. ചായ കുടിച്ചുകൊണ്ട് ഞങ്ങള്‍ സംസാരം തുടര്‍ന്നു.
'എനിക്ക് ഏറ്റവും ഇഷ്ടമുള്ള വരികളായിരുന്നു അത്. അതിനു ശേഷം ഒന്നുരണ്ട് പ്രാവശ്യം എന്നെ കാണാന്‍ കോളേജില്‍ വന്നിട്ടുണ്ട്. നിശ്ചയത്തിന് നാലുനാള്‍ക്ക് ശേഷം എന്നെ കാണാന്‍ കോളേജിലേക്ക് വരുന്ന വഴിക്കായിരുന്നു ആ അപകടം. ഒരു ലോറിയെ ഓവര്‍ റ്റേക്ക് ചെയ്തപ്പോള്‍ എതിരേ വന്ന പ്രൈവറ്റ് ബസ് ഇടിച്ച് തെറിപ്പിച്ചു. ഇതൊന്നുമറിയാതെ കോളേജ് ഗേറ്റിനുമുന്നില്‍ ഞാന്‍ ഏറെ നേരം കാത്തു നിന്നു. പിന്നെ, ദേഷ്യത്തോടെ വീട്ടിലേക്ക് മടങ്ങി. അന്ന് രാത്രിയാണ് അപകട വിവരം അറിയുന്നത്. തകര്‍ന്നു പോയി. സമയത്തിന് വരാത്ത ദേഷ്യത്തിന് അങ്ങോട്ട് വിളിക്കില്ലാന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. കാണാന്‍ പോവാനുള്ള ശേഷി എനിക്കുണ്ടായില്ല. വീട്ടുകാരും നിര്‍ബന്ധിച്ചില്ല. മനസ്സൊന്ന് നോര്‍മലാവാന്‍ ഒത്തിരി നാള്‍ വേണ്ടി വന്നു. പുള്ളീടെ ബന്ധുക്കളൊക്കെ പിന്നീട് പറഞ്ഞത്, എന്റെ ജാതക ദോഷമാണെന്നാണ്. അതെ, എന്റെ യോഗമില്ലായ്മ തന്നെയാണ. വര്‍ഷം ഒന്നര കഴിഞ്ഞു. എന്റെ ഓര്‍മ്മയിലിപ്പോഴുമുണ്ട്, ഒട്ടും മറക്കാനാവുന്നില്ല...'
വലിയൊരു ഭാരം ഇറക്കി വച്ചതുപോലെ അവള്‍ നെടുവീര്‍പ്പിട്ടു. അവളുടെ നിറകണ്ണുകള്‍ നോക്കിയിരിക്കുമ്പോള്‍ എന്റെ മനസില്‍ മറ്റൊരു പാട്ട് ചിറകടിച്ചു. സ്ഥാനത്തും അസ്ഥാനത്തും ഓര്‍മ്മയില്‍ ഓടിയെത്തുന്ന പാട്ടുകളോട് എനിയ്ക്കന്ന് ദേഷ്യം തോന്നി. എങ്കിലും മനസ്സ് ആ വരികള്‍ മൂളി.
'എന്റെ ഓര്‍മയില്‍ പൂത്തുനിന്നൊരു
മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നുപോയൊരു
ജീവചൈതന്യമേ ...'
'നോക്കെത്താ ദൂരത്ത് കണ്ണും നട്ട് 'എന്ന ചിത്രത്തില്‍ മുത്തശ്ശിയെ തേടിയെത്തുന്ന കിലുക്കാംപെട്ടി പോലൊരു കുസൃതി പെണ്‍കുട്ടിയെ ഓര്‍മ്മയില്ലേ? അവള്‍ക്കൊപ്പം മലയാളി ഏറ്റുപാടിയ ആ ഗാനം.
'ആയിരം കണ്ണുമായ്
കാത്തിരുന്നൂ നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളീ ..'
ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജെറി അമല്‍ദേവിന്റെ ലളിത സുന്ദരമായ ഈണം.
അന്ന് യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അവള്‍ക്കിതെല്ലാം മറക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചു. കാലത്തിന് മായ്ക്കാനാവാത്ത മുറിവുകളില്ലല്ലോ. ധര്‍മ്മയുദ്ധം എന്ന ചിത്രത്തിനായി ഭാസ്‌കരന്‍ മാഷെഴുതി ദേവരാജന്‍ മാഷ് ഈണം നല്‍കി, സുശീലാമ്മ അനശ്വരമാക്കിയ ഒരു ഗാനമായിരുന്നു അന്ന് മുഴുവന്‍ എന്റെ മനസില്‍.
സ്മരിക്കാന്‍ പഠിപ്പിച്ച മനസ്സേ നീയെന്നെ
മറക്കാന്‍ പഠിപ്പിക്കുമോ - സര്‍വവും
മറക്കാന്‍ പഠിപ്പിക്കുമോ
...............
പായുന്ന സമയത്തിന്‍ കുളമ്പുകള്‍ ജീവിത
പാതയില്‍ നിശ്ചലം നിന്നെങ്കില്‍
മരിച്ചൊരിന്നലെയും പിറക്കാത്ത നാളെയും
മനസ്സിനെ നോവിക്കാതിരുന്നെങ്കില്‍...
മനഷ്യ മനസ്സിന്റെ നിസ്സഹായത വരച്ചിട്ട വരികള്‍. അവളും അയാളും ആ പാട്ടും ഒരു നോവായി കുറേ നാള്‍ മനസ്സില്‍ കിടന്നു. പിന്നീടെപ്പോഴോ അറിഞ്ഞു, അവള്‍ മറ്റൊരാളുടെ ഭാര്യയായി വിദേശത്ത് സന്തോഷത്തോടെ ജീവിക്കുന്നുവെന്ന്. കേട്ടപ്പോള്‍ സന്തോഷം തോന്നി.
പതിറ്റാണ്ടുകള്‍ക്കിപ്പുറം മുഖപുസ്തകത്തില്‍ എന്നെ തേടി അവളുടെ ഫ്രണ്ട് റിക്വസ്റ്റ് എത്തി. അന്നേരവും അയാളുടെ പാട്ടും ആ അപകടവും മനസ്സില്‍ മിന്നി മാഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം, അവളെക്കുറിച്ചുള്ള ഓരോ ഓര്‍മ്മയും അയാളിലേയ്ക്ക് നീളും. എന്നാല്‍ പിന്നീടുള്ള ഞങ്ങളുടെ സംസാരത്തിലൊരിക്കലും അയാള്‍ കടന്നു വന്നില്ല. ബോധപൂര്‍വ്വം ഞാനത് ഒഴിവാക്കി. അവളും അങ്ങനായിരുന്നോ? അതോ ജീവിതം മറക്കാന്‍ പഠിപ്പിച്ചോ?
ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ വെറുതേ അവളോട് കുറച്ച് നേരം സംസാരിക്കാന്‍ തോന്നി. ബോധപൂര്‍വ്വം സംസാരം പാട്ടിലേക്ക് നീട്ടിയിട്ടും ഞങ്ങള്‍ക്കിടയില്‍ അയാളോ അയാളുടെ പാട്ടോ കടന്നുവന്നില്ല.
എന്നാല്‍ എങ്ങനെ എഴുതി തുടങ്ങണം എന്നാലോചിച്ചിരിക്കെ, എന്റെ മൊബൈലിലേക്ക് വന്ന അവളുടെ മെസേജ് എന്നെ അത്ഭുതപ്പെടുത്തി.
'ഈ പാട്ട് നിനക്കോര്‍മ്മയില്ലേ?
'ആ പാട്ടയച്ചു കൊണ്ട് അവള്‍ പറഞ്ഞു.
'നീ എന്നാ ഇതെഴുതുന്നതെന്ന് കാത്തിരിക്കയാണ് ഞാന്‍...'
അവളെല്ലാം മറന്നൂന്ന് ചിന്തിച്ച എനിയ്ക്ക് തെറ്റി. ഭാസ്‌കരന്‍ മാഷ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
'മറക്കാന്‍ പറയാനെന്തെളുപ്പം
മണ്ണില്‍ പിറക്കാതിരിക്കലാണതിലെളുപ്പം
മറവിതന്‍ മാറിടത്തില്‍ മയങ്ങാന്‍ കിടന്നാലും
ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍ത്തിടുന്നു '