
'അമേരിക്കൻ കം ബാക് ടൂറു'മായി (The American Comeback Tour 2025) യൂട്ടാ കോളജ് ക്യാമ്പസിലെത്തിയതാണ് ചാർലി കെർക് (Charlie Kirk). 'ഞാൻ തെറ്റാണെന്ന് തെളിയിക്കൂ'വെന്ന (Prove me wrong) വാചകത്തിന് താഴെ കസേരയിട്ട് ഇരിപ്പ്. സ്വന്തം കാഴ്ച്ചപ്പാടുകൾ പറഞ്ഞ് കൊണ്ട് സംഭാഷണം. എതിർപക്ഷത്തെ കേട്ട് പ്രതിരോധിച്ച് കൊണ്ട് സംഭാഷണം തുടങ്ങി 20 മിനിറ്റിനകം ഒരു വെടിയൊച്ച. ഇടത്തോട്ട് ചാഞ്ഞ കെർക്കിന്‍റെ കഴുത്തിൽ നിന്ന് ചോരപ്പുഴ. ഒരു നിമിഷമെടുത്തു എന്താണ് സംഭവിച്ചതെന്ന് ജനക്കൂട്ടത്തിന് മനസിലാകാൻ. വേദിക്കെതിർവശത്തുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങിയോടുന്ന കൊലയാളിയുടെ ദൃശ്യം പിറ്റേ ദിവസം തന്നെ പുറത്തുവന്നു. അധികം താമസിയാതെ കൊലയാളിയാരെന്നും വ്യക്തമായി. സ്വന്തം അച്ഛൻ തന്നെ മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചു. 22-കാരനായ ടൈലർ റോബിൻസൺ കീഴടങ്ങി എന്നാണ് പിന്നെ പുറത്തുവന്ന റിപ്പോർട്ട്.
ചാർലി കെർക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരാധകനോ അനുയായിയോ ഏറ്റവും കൂടുതൽ പിന്തുണച്ചിരുന്ന ആളോ ഒക്കെയായിരുന്നു. പക്ഷേ, അതുമാത്രമല്ല. കൺസർവേറ്റിവ് ആക്ടിവിസ്റ്റ്, പോഡ്കാസ്റ്റർ, റേഡിയോ അവതാരകൻ, കാമ്പസ് രാഷ്ട്രീയത്തിലെ റോക്ക് സ്റ്റാർ എന്ന് മാധ്യമ വിശേഷണം. പക്ഷേ, അതിനെല്ലാം ഒപ്പം അമേരിക്കയുടെ ഇന്നത്തെ രാഷ്ട്രീയത്തിലെ വിഭാഗീയതയുടെ പ്രതീകവുമായിരുന്നു അയാൾ. പ്രസിഡന്‍റ് ട്രംപിന് നേരെ നടന്ന വധശ്രമവും കെർക്കിന്‍റെ വധവും ഒരുപക്ഷേ, ഒരേ കാരണങ്ങളുടെ പേരിലാവാം. അമേരിക്കയിൽ ആദ്യമായല്ല രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത്. 'ഇതുമൊരു രാഷ്ട്രീയ കൊലപാതകം' എന്നാണ് യൂട്ടാ ഗവർണറുടെ വാക്കുകളും.
(ട്രംപും ചാർലി കെർക്കും)
ഉന്നത സൈനിക അക്കാദമിയിൽ അഡ്മിഷൻ കിട്ടാതെ, കോളേജിൽ ചേർന്നു. പക്ഷേ, ബിരുദമെടുക്കാൻ നിൽക്കാതെ രാഷ്ട്രീയ ആക്ടിവിസത്തിലേക്ക് ചുവടുമാറിയ യുവാവ്, റിപബ്ലിക്കൻ നയങ്ങളുടെ പ്രചാരകനായത് വളരെ പെട്ടെന്ന്. പതിനെട്ടാം വയസിൽ 'ടേണിംഗ് പോയിന്‍റ് യുഎസ്എ' (Turning Point USA) എന്ന മുന്നേറ്റത്തിന് തുടക്കമിട്ടു. കെർകിന്‍റെ തന്നെ വാക്കുകളിൽ 'പണമില്ല, ബന്ധങ്ങളില്ല, എന്താണ് ചെയ്യുന്നതെന്ന് വലിയ ധാരണയുമില്ല' അതായിരുന്നു തുടക്കം. പക്ഷേ, മൂർച്ചയുള്ള വാക്കുകൾ അയാളെ നല്ലൊരു പ്രാസംഗികനാക്കി. ആശയങ്ങളും അതിന് കൂട്ടായി. പ്രത്യേകിച്ച് ഡമോക്രാറ്റായ ഒബാമയുടെ കാലത്ത്. യുവാക്കളെ ആകർഷിക്കാനായി, എതിർ സ്വരങ്ങളും കുറവായിരുന്നില്ല. പക്ഷേ, അവരുമെത്തി കെർക്കിന്‍റെ പ്രസംഗങ്ങൾ കേൾക്കാൻ. പിന്നാലെ ഫണ്ടും കിട്ടിത്തുടങ്ങി. റേഡിയോ ടോക് ഷോയ്ക്ക് ലക്ഷക്കണക്കിന് കേൾവിക്കാരായി. കൂട്ടായ്മകൾ റാലികൾക്ക് വഴിമാറി. പ്രശസ്തിയും സമ്പത്തും വഴിയേ വന്നു.
ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ, അത് തുറന്ന് പറയുന്നതിൽ മടി കാണിക്കാത്തയാൾ, ഫെമിനിസത്തെ എതിർക്കുന്ന ഭാര്യ, രണ്ട് കുട്ടികൾ. സംവാദങ്ങളായിരുന്നു കെർക്കിന്‍റെ ശക്തി. എതിർക്കാനായാലും തുറന്ന് സംസാരിക്കൂ എന്നതായിരുന്നു കെർക്കിന്‍റെ നയം. ചുറ്റും കൂടിയിരുന്നത് റിപബ്ലിക്കൻ പക്ഷക്കാർ മാത്രമായിരുന്നില്ല, എല്ലാ രാഷ്ട്രീയ വിശ്വാസികളുമെത്തി. അവരോട് തർക്കിക്കുകയും എതിർക്കുകയും ചെയ്യുന്ന കെർക്കിന്‍റെ വീഡിയോകളും പതിവായി വൈറലായി. പലപ്പോഴും, കെർക്ക് ട്രംപിന്‍റെ വാക്കുകൾ ഏറ്റു പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ വരെ. ട്രാൻസ്ജെണ്ടർ അവകാശങ്ങളെയും സ്വവർഗ സ്നേഹികളെയും ഗർഭഛിദ്രാവകാശത്തെയും വിമർശിച്ചു. ബ്ലാക്ക് ലിവ്സ് മാറ്ററിനെതിരായ (Black Lives Matter) പോസ്റ്റുകൾ വലിയ വിമർശനത്തിന് കാരണമായി. തോക്ക് ഉപയോഗത്തിനുള്ള അവകാശത്തെ പിന്തുണച്ചു. അതിന്‍റെ ഇരയായി സ്വയം എന്നത് വിരോധാഭാസം. കെർക്കിന്‍റെ ആശയങ്ങളെ എതിർക്കുന്ന സാധാരണക്കാർ ധാരാളം. പക്ഷേ, അവരെയും ഈ കൊലപാതകം ഞെട്ടിക്കുന്നു. സ്വന്തം അഭിപ്രായം തുറന്ന് പറയുന്നതിന് ജീവനെടുക്കുന്ന സാഹചര്യം അപകടകരമെന്ന് തിരിച്ചറിയുന്നു.
ട്രംപിനെ വെടിവച്ചത് പെൻസിൽ വനിയയിൽ വച്ച് ജനക്കൂട്ടത്തിനിടയിൽ നിന്നാണ്. അതിന്‍റെ വിചാരണ നടക്കുകയാണിപ്പോൾ. യുട്ടായിലെ കോളജിൽ വച്ച് കെർക്കിന് വെടിയേറ്റതും ജനക്കൂട്ടത്തിനിടയിൽ വച്ച്. മിനസോട്ടയിൽ രണ്ട് ജനപ്രതിനിധികൾക്ക് സ്വന്തം വീടുകളിൽ വച്ച് വെടിയേറ്റത് ഈ വർഷമാദ്യം. ഒരാൾ മരിച്ചു. രണ്ട് വർഷം മുമ്പാണ് സ്പീക്കർ നാൻസി പെലോസിക്ക് നേരെ ആക്രമണമുണ്ടായത്. അതും വീടിനുള്ളിൽ അക്രമി അതിക്രമിച്ചു കയറി.
രാഷ്ട്രീയം അപകടം പിടിച്ച കളിയായിരിക്കുന്നു എന്ന് വിലയിരുത്താം വേണമെങ്കിൽ. പക്ഷേ, എന്തുകൊണ്ടിങ്ങനെ? അതും പ്രസിഡന്‍റ് പോലും സുരക്ഷിതനല്ലാത്ത അവസ്ഥ എങ്ങനെയുണ്ടായിയെന്ന ചോദ്യത്തിന്‍റെ ഉത്തരം അത്ര നിസ്സാരമല്ല. അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രസിഡന്‍റുമാരും ഉന്നത നേതാക്കളും വെടിയേറ്റ് മരിക്കുന്നത് അസാധാരണ സംഭവമല്ല.
( യൂട്ടാ കോളജ് ക്യാമ്പസിൽ വച്ച് ചാർലി കെർക്കിന്‍റെ 'അമേരിക്കൻ കം ബാക് ടൂർ' പരിപാടിക്കിടെ വെടിയൊച്ച കേട്ടപ്പോൾ നിലത്ത് ഇരിക്കുന്നവർ. )
ഏബ്രഹാം ലിങ്കണിന്‍റെ മരണമാണ് തുടക്കം. ആഭ്യന്തര യുദ്ധത്തിന്‍റെ ബാക്കിയായിരുന്നു അത്. കോൺഫിഡറസിയെ സംരക്ഷികാമെന്ന മോഹം. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു. എന്നിട്ടും ഏറെക്കാലം പ്രസിഡന്‍റിന്‍റെ വസതി, 'സുരക്ഷിതം' എന്ന ധാരണയിൻമേൽ വൈറ്റ് ഹൌസ് വരെ തുറന്നുകിടക്കുമായിരുന്നു. ഓരോ വധശ്രമവും കൂടുതൽ സുരക്ഷക്ക് കാരണമായി.
ലിങ്കണ് ശേഷം ജെയിംസ് ഗാർഫീൽഡ് (James A. Garfield), റെയിൽവേ സ്റ്റേഷനിൽ വച്ച് വെടിയേറ്റു. കൊലയാളി ചാൾസ് ഗിറ്റോ (Charles J. Guiteau). കാരണം വ്യക്തിപരം, മരിച്ചത് മുറിവുകൾ സെപ്റ്റിക്കായിട്ടാണ്. വില്യം മക്കിൻലി (William McKinley) ആയിരുന്നു അടുത്തത്. കൊലയാളിയായ ലിയോണിനെ ഇലക്ട്രിക് ഷോക്കേൽപിച്ച് വധിച്ചു.പിന്നെ ജോൺ എഫ്. കെന്നഡി (John F. Kennedy). കൊലയാളി ഓസ്വാൾഡ് (Lee Harvey Oswald). ജാക്ക് റൂബി (Jack Ruby) എന്നയാൾ ഓസ്വേൾഡിനെ വെടിവച്ചുകൊന്നു. പ്രസിഡൻഷ്യൽ കൊലപാതകങ്ങളിൽ ഇത്രയും ഗൂഡാലോചനക്കഥകൾ പരന്നിട്ടുള്ള മറ്റൊരു മരണമില്ല.
പക്ഷേ, ഇന്നുള്ളത്ര വിഭാഗീയത അന്നില്ല. പ്രസിഡന്‍റിന്‍റെയോ മറ്റ് മേധാവികളുടെയോ സംഭാഷണത്തിൽ പോലും ഇപ്പോൾ 'ഐക്യം' (Unity) എന്നൊരു വാക്ക് ഉണ്ടാകാറില്ല. 'We should stand together as a nation' എന്ന പതിവ് വാക്കുകൾക്ക് പകരം, കനലുകൾ ആളിക്കത്തിക്കലാണ് ഇപ്പോഴത്തെ രീതി. കെർക്കിന്‍റെ മരണ ശേഷവും അതുതന്നെയാണ് ഉണ്ടായത്. ജനപ്രതിനിധി സഭയിൽ ഇടതിനെതിരെ റിപബ്ലിക്കൻ അംഗം ഒച്ചയിട്ടു. 'Dark Moment For America' എന്നാദ്യം പറഞ്ഞെങ്കിലും തീവ്ര ഇടതിനെ പ്രസിഡന്‍റും പഴിച്ചു.
പലപ്പോഴും, രാഷ്ട്രീയ വിഭാഗീയതയ്ക്കും ചൂടുപിടിച്ച് പരിധി വിടുന്ന രാഷ്ട്രീയ വാഗ്വാദങ്ങൾക്കും എതിരെ ശബ്ദമുയർത്തിയിട്ടുള്ള യുട്ടാ ഗവർണർ സ്പെൻസർ കോക്സ് (Spencer Cox) ചോദിച്ചത് പ്രസക്തമായ ചോദ്യം. 250 വർഷം ആഘോഷിക്കാനിരിക്കുന്ന രാജ്യം, ഇന്നത് 'ബ്രോക്കൺ' (Our nation is broken) എന്നാണ് കോക്സിന്‍റെ വാക്കുകൾ. ഇതാണോ 250 വർഷം നമുക്ക് നൽകിയതെന്നും കോക്സ് ചോദിച്ചു. രാഷ്ട്രീയം അപകടം പിടിച്ചകളിയായെങ്കിൽ അതെങ്ങനെ തിരുത്താമെന്നതിൽ ഇപ്പോഴും ചർച്ച നടക്കുന്നില്ല.
സുരക്ഷയാണിപ്പോഴത്തെ വിഷയം. തുറന്ന സ്ഥലങ്ങളിലെ സംവാദങ്ങൾ അപകടം എന്നൊരു വിലയിരുത്തലിലേക്ക് എത്തുന്നു കാര്യങ്ങൾ. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയുള്ള പ്രവർത്തനം അവസാനിപ്പിക്കാറായോ എന്ന സംശയവും തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ് നടന്നിട്ടുണ്ട്. റോബർട്ട് എഫ് കെന്നഡി കൊല്ലപ്പെട്ടത് ഒരു ഹോട്ടലിലെ അടുക്കളയിൽ വച്ചാണ്. കെർക്ക് ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല. അങ്ങനെയൊരു മോഹവും ഉണ്ടായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ വില ജീവനെങ്കിൽ അത് എത്ര അപകടമെന്ന തിരിച്ചറിവാണിപ്പോൾ നേതാക്കളെയും ഭരിക്കുന്നത്.