തമ്മിലിടഞ്ഞ് റഷ്യയും അമേരിക്കയും; കാരണമായത്, ഒരൊറ്റ വാക്ക്!

By Alaka NandaFirst Published Mar 22, 2021, 4:11 PM IST
Highlights

ലോക ജാലകം. അളകനന്ദയുടെ കോളത്തില്‍ പുട്ചിനും ബൈഡനും തമ്മിലുള്ള അടിയും തിരിച്ചടിയും.

പൂട്ചിന്റെ വിമര്‍ശകര്‍ ബൈഡന്റെ വാക്കുകള്‍ ഏറ്റെടുത്ത് കൈയടിച്ചെങ്കിലും ഇരുരാജ്യവും തമ്മിലെ ബന്ധത്തിന് ഇനി ജീവന്‍ കിട്ടാന്‍ കുറച്ചുപ്രയാസമാവും. അമേരിക്കന്‍ പ്രസിഡന്റിനുപറ്റിയ ഒരു പരാമര്‍ശമായിരുന്നോ കില്ലര്‍ എന്നു ചോദിച്ചാല്‍ അല്ലെന്നേ പറയാന്‍ പറ്റൂ, നയതന്ത്രലോകത്തെ സംബന്ധിച്ച് ആത്മഹത്യാപരം. 

 

 


ജോ ബൈഡനും വ്‌ലാദിമിര്‍ പൂട്ചിനും തമ്മിലിടഞ്ഞിരിക്കുന്നു. 'കില്ലര്‍' എന്നു തന്നെ വിളിച്ച അമേരിക്കന്‍ പ്രസിഡന്റിനെ ഒരു കുട്ടിക്കഥ ഓര്‍മ്മിപ്പിച്ചു  റഷ്യന്‍ പ്രസിഡന്റ്. തണുത്തുറഞ്ഞ വാക്കുകളിലൂടെ പറഞ്ഞ ഒരു കഥ. ഒപ്പം അമേരിക്കന്‍ പ്രസിഡന്റിന് ആയുരാരോഗ്യസൗഖ്യവും നേര്‍ന്നു പൂട്ചിന്‍. പരിഹാസമല്ലെന്ന് ആണയിട്ടു പ്രസിഡന്റ്, പക്ഷേ റഷ്യന്‍ സ്‌റ്റേറ്റ് ടിവി പറഞ്ഞത് മറ്റൊരു കഥയാണ്. ഒരു സംശയം സ്ഥിരീകരിക്കപ്പെട്ട കഥ.

എ ബി സിക്കുനല്‍കിയ അഭിമുഖത്തിലാണ് ബൈഡന്റെ 'കില്ലര്‍' പ്രയോഗം. ആ വാക്ക് പറഞ്ഞത് സത്യത്തില്‍ ജോ ബൈഡനല്ല, അവതാരകനാണ്, ബൈഡന്‍ അത് ശരിവച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് തന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിക്കാന്‍ പൂട്ചിന്‍ ശ്രമിച്ചുവെന്ന് പറഞ്ഞു ബൈഡന്‍, അതിന് പൂട്ചിന്‍ വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

അതിനുപിന്നാലെയാണ് അവതാരകന്റെ ചോദ്യം വന്നത്. പൂട്ചിന്‍ കില്ലര്‍, കൊലപാതകി ആണെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു ചോദ്യം. 

'യെസ്, ഐ ഡൂ', എന്ന് ബൈഡന്റെ ഉത്തരം.

ചെറിയ കാര്യമല്ല അത്. അമേരിക്കന്‍ പ്രസിഡന്റ് റഷ്യന്‍ പ്രസിഡന്റിനെ കില്ലര്‍ എന്ന് വിളിക്കുക. അതും ഇക്കാലത്ത്. 

ചരിത്രത്തിലുണ്ടാകാത്ത സംഭവം എന്നുപറഞ്ഞു ക്രെംലിന്‍ വക്താവ്. ഇനിയുള്ള റഷ്യന്‍ -അമേരിക്കന്‍ ബന്ധം എങ്ങനെയാവും എന്ന് വ്യക്തമായെന്നും പറഞ്ഞു. 

പൂട്ചിന്റെ പ്രതികരണം പൊട്ടിത്തെറിയോ രൂക്ഷമായ വാക്കുകളോ ആയിരുന്നില്ല. പകരം തണുത്തുറഞ്ഞ ഒരു കഥ അതിലും തണുത്തുറഞ്ഞ വാക്കുകളിലൂടെ കോറിയിട്ടു റഷ്യന്‍ പ്രസിഡന്റ്. ''ബൈഡന് ആരോഗ്യം നേരുന്നു,'' ആദ്യത്തെ വാക്കുകള്‍ അതായിരുന്നു.

താനും പൂട്ചിനുമായി പണ്ട് നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും ബൈഡന്‍ പറഞ്ഞു, അഭിമുഖത്തില്‍.  'നിങ്ങള്‍ക്ക് എന്തെങ്കിലും തത്വദീക്ഷയുണ്ടെന്ന് തോന്നുന്നില്ല' എന്ന തന്റെ പരാമര്‍ശത്തിന് 'നമുക്ക് പരസ്പരം നന്നായി മനസിലാകുന്നു' എന്നാണ് പൂട്ചിന്‍ മറുപടി പറഞ്ഞതെന്നും ബൈഡന്‍ ഓര്‍ത്തെടുത്തു.

ഈ കഥക്ക് പൂട്ചിന്റെ മറുപടി, 'അതേ ഞങ്ങള്‍ക്ക് പരസ്പരം നന്നായി അറിയാം' എന്നായിരുന്നു. 'മറ്റൊന്നും തനിക്ക് പറയാനില്ല, ആരോഗ്യം നേരുന്നു, പരിഹാസമോ, തമാശയോ അതിലില്ല'എന്നും പറഞ്ഞു, പുട്ചിന്‍.

കുട്ടിക്കാലത്തെ ഒരു കഥയും പറഞ്ഞു പൂട്ചിന്‍. തമ്മില്‍ വഴക്കിടുമ്പോള്‍ എതിരാളിയെ വിളിക്കുന്ന പേരുകള്‍ സ്വയം വിളിക്കുന്നതിന് തുല്യമെന്ന് പരസ്പരം ഓര്‍മ്മിപ്പിക്കുന്ന കഥ. അത് വെറുമൊരു കുട്ടിക്കഥയല്ല, മനശാസ്ത്രപരമായ വലിയൊരു അര്‍ത്ഥമുണ്ടതിന് എന്നും കൂട്ടിച്ചേര്‍ത്തു പൂട്ചിന്‍.

മനുഷ്യരേയും രാജ്യങ്ങളേയും ഒക്കെ വിലയിരുത്തുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെയാണ് അവിടെയെല്ലാം കാണുന്നത്, കണ്ണാടിയില്‍ നോക്കുന്നപോലെ. 'നമ്മളെന്താണോ, അതാണ് നമ്മള്‍ മറ്റൊരാളില്‍ ആരോപിക്കുന്നത്'. റഷ്യന്‍ പ്രസിഡന്റിന്റെ വാക്കുകളില്‍ തീരെയും അമര്‍ഷമുണ്ടായിരുന്നില്ല.

 

 

പൂട്ചിന്‍ പ്രതികരിക്കും മുമ്പുതന്നെ അമേരിക്കയിലെ റഷ്യന്‍ അംബാസിഡറെ പിന്‍വലിച്ചിരുന്നു, ക്രെംലിന്‍. ബൈഡന്‍ എപ്പോഴും പൂട്ചിനെ വിമര്‍ശിച്ചിരുന്നെങ്കിലും റഷ്യക്ക് അമേരിക്കയുമായി ഒരു നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു. അതില്ലാതെയായി. 

പൂട്ചിന്റെ വിമര്‍ശകര്‍ ബൈഡന്റെ വാക്കുകള്‍ ഏറ്റെടുത്ത് കൈയടിച്ചെങ്കിലും ഇരുരാജ്യവും തമ്മിലെ ബന്ധത്തിന് ഇനി ജീവന്‍ കിട്ടാന്‍ കുറച്ചുപ്രയാസമാവും. അമേരിക്കന്‍ പ്രസിഡന്റിനുപറ്റിയ ഒരു പരാമര്‍ശമായിരുന്നോ കില്ലര്‍ എന്നു ചോദിച്ചാല്‍ അല്ലെന്നേ പറയാന്‍ പറ്റൂ, നയതന്ത്രലോകത്തെ സംബന്ധിച്ച് ആത്മഹത്യാപരം. 

ഇനി അമേരിക്കയുടെ ഭാഗത്തുനിന്ന് വിശദീകരണമോ ക്ഷമചോദിക്കലോ ഉണ്ടായില്ലെങ്കില്‍ റഷ്യ പ്രതികരിക്കും എന്നൊരു മുന്നറിയിപ്പ് വന്നിട്ടുണ്ട് , റഷ്യന്‍ പാര്‍ലമെന്റിലെ വിദഗ്ധമിതി മേധാവിയില്‍ നിന്ന്.

അപകടം മനസിലാക്കി പ്രവര്‍ത്തിക്കണം അമേരിക്ക എന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന. 

ബൈഡന്റെ ചിന്തകള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുന്നെന്നും യാഥാര്‍ത്ഥ്യബോധമില്ലാതെയായിരിക്കുന്നുവെന്നും പറഞ്ഞ് ആഘോഷിച്ചു റഷ്യന്‍ ചാനലുകള്‍.  

ബൈഡന് ഡിമെന്‍ഷ്യ ഉണ്ടെന്ന് പ്രചാരണകാലത്ത് ചില അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംശയം ഉണ്ടായിരുന്നെന്നും അത് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നെന്നും പറഞ്ഞു, ചാനല്‍ പ്രതിനിധി. 

അതിന്റെ ബാക്കിയായിരുന്നു പൂട്ചിന്റെ ആയുരാരോഗ്യസൗഖ്യം നേരല്‍. 

പരിഹാസം തീരെയില്ലെന്ന് ആണയിട്ടത് മറ്റൊരു പരിഹാസം.

click me!