പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള ഇ. എം.എസ്

By Rathnakaran mangadFirst Published Nov 7, 2019, 7:00 PM IST
Highlights

ഇ.എം.എസിന്റെ അപൂര്‍വ്വചിത്രങ്ങള്‍ പിറന്ന കഥ. പുനലൂര്‍ രാജന്റെ ഫോട്ടോ കോളം. ഫോട്ടോയ്ക്ക് പിന്നിലെ കഥ എഴുതുന്നത്: മാങ്ങാട് രത്‌നാകരന്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് ഇന്ന് 55 വയസ്സ്. സി.പി.ഐയും സി.പി.ഐ.എമ്മുമായി പാര്‍ട്ടി  പിളര്‍ന്ന കാലത്ത്, സി.പി.ഐയോടൊപ്പം നിലകൊണ്ട പുനലൂര്‍ രാജന്‍ അക്കാലത്ത് പകര്‍ത്തിയ ഇ എം എസിന്റെ ചിത്രങ്ങള്‍ കാണാം

 

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പുനലൂര്‍ രാജന്‍ സി. പി. ഐയോടൊപ്പമാണ് നിന്നത്. അതിനു കാരണം, തന്റെ ബന്ധുവായ കാമ്പിശ്ശേരി കരുണാകരനും മുതിര്‍ന്ന സുഹൃത്തായ തോപ്പില്‍ ഭാസിയും കലാസംഘടനയായ കെ. പി എ. സിയുമെല്ലാം സി. പി. ഐയോടൊപ്പം നിലകൊണ്ടതാവാം. കമ്യൂണിസ്റ്റുകാരന്‍ എന്നല്ലാതെ, അതിന്റെ സൈദ്ധാന്തിക കാര്യങ്ങള്‍ രാജന്‍ അന്വേഷിച്ചിരുന്നില്ല. ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ കര്‍മ്മമേഖലയില്‍ എന്തുചെയ്യാനാവും എന്നായിരുന്നു അന്വേഷണം. 

 

 

 

 

വലതു കമ്യൂണിസ്റ്റ് പാര്‍ട്ടിയും (സി. പി. ഐ) ഇടതു കമ്യൂണിസ്റ്റ് പാര്‍ട്ടിയും (സി. പി. ഐ. എം) അന്ന് പോരുകോഴികളെപ്പോലെയായിരുന്നു. 'ഇടത്' സി.പി.ഐയെ ഒറ്റുകാരെപ്പോലെയായിരുന്നു കണ്ടിരുന്നത്. അവര്‍ തമ്മില്‍ ഉഗ്രമായ വാക്‌പോരും പരിഹാസശരങ്ങളും ഉണ്ടായി. കണിയാപുരം രാമചന്ദ്രന്‍ (സി.പി.ഐ) ഒരു പ്രസംഗത്തില്‍, സി. പി. ഐ. എം എന്നാല്‍ ആശുപത്രിയിലെ പ്രസവമുറിയില്‍ സ്ത്രീകള്‍ക്കുമാത്രം എന്നെഴുതുന്നതുപോലെ പരിഹാസ്യമാണെന്ന് കളിയാക്കി. അതിനു സി. പി. ഐ. എമ്മിലെ ഒരു നേതാവ് മറുപടി പറഞ്ഞത്, ചില കള്ളുകുടിയന്‍മാര്‍ ഓടിക്കേറാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ വെച്ചത് എന്നാണ്. 

 

 

 

 

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ 'കയ്യാലപ്പുറത്തായിരുന്ന'  ഇ. എം.എസ്, എ. കെ. ജിയുടെ പ്രേരണയാലാണ് ഇടത്തോട്ട് ചായുന്നത്. ഇ. എം. എസിന്റെ സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ ഇടതിനെ പടച്ചട്ടയണിയിച്ചു. 'സോവിയറ്റ് യൂണിയന്‍ ഞങ്ങളുടെ കൂടെയാണെന്ന് പറഞ്ഞ് സി. പി. ഐ ജനവിശ്വാസം നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍, ജനങ്ങള്‍ ഞങ്ങളുടെ കൂടെയാണെന്ന് പറഞ്ഞ് സോവിയറ്റ് യൂണിയന്റെ വിശ്വാസം നേടാനാണ് സി. പി. ഐ. എം ശ്രമിക്കുന്നത്-തന്റെ താര്‍ക്കിക യുക്തിയില്‍ ഇ.എം.എസ് സമര്‍ത്ഥിച്ചു . 

 

 

 

 

സി.പി.ഐ അനുഭാവിയായിരുന്നുവെങ്കിലും ഇ. എം.എസിനോട് പുനലൂര്‍ രാജന് ഇഷ്ടവും ആദരവുമുണ്ടായിരുന്നു. ഇ. എം. എസിന്റെ ധാരാളം നിശ്ചലദൃശ്യങ്ങളും ചലനദൃശ്യങ്ങളും രാജന്‍ എടുത്തു. തിരുവനന്തപുരത്തെ വസതി, കോഴിക്കോട്ടെ പാര്‍ട്ടി ഓഫീസ് എന്നിവിടങ്ങളില്‍നിന്നാണ് ഫോട്ടോകള്‍ എടുത്തത്. (16 എം.എം ചലനദൃശ്യങ്ങളുടെ സ്പൂള്‍, സി. പി. ഐ. എമ്മിലെ ഒരു മുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തു, പിന്നീടതിനെക്കുറിച്ച് യാതൊരു വിവരവുമില്ല.) നിശ്ചലദൃശ്യങ്ങള്‍ എനിക്കു തന്നതുകൊണ്ട് അവ ബാക്കിയായി. 

 

പുനലൂര്‍ രാജന്റെ മറ്റ് ഫോട്ടോകള്‍

കോട്ടിട്ട തകഴി;ആരാധകനായ സ്പാനിഷ് യുവാവ്

'ശാരദയുടെ മുഖം ഒരു ആശയവും  ഷീലയുടെ മുഖം ഒരു സംഭവവും ആണ്'

ഒരിക്കല്‍ മാത്രം, പുനലൂര്‍ രാജന്‍ ബഷീറിനെ കണ്ടിട്ടും നോക്കിയില്ല!

മാധവിക്കുട്ടിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍!

വീട്ടിലെ വയലാര്‍!

click me!