'ഗോ സറാ സീ ബാത് പെ..', മെഹ്ദി ഹസ്സന്റെ ഗസലിനെ ആഴത്തിലറിയാം

By Babu RamachandranFirst Published Oct 26, 2019, 5:01 PM IST
Highlights

ഗസല്‍: കേട്ട പാട്ടുകള്‍, കേള്‍ക്കാത്ത കഥകള്‍. പരമ്പര. 'ഗോ സറാ സീ ബാത് പെ..

അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

ഖാതിര്‍ ഗസ്‌നവിയുടെ 'ഗോ സരാ സി ബാത് പെ' എന്ന ഗസലാണ് ഇന്ന്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം മുഹമ്മദ് ഇബ്രാഹിം ബേഗ്. 1925-ല്‍ പെഷാവറില്‍ ജനിച്ചു. മെഹ്ദി ഹസന്‍ പാടിയ ഈ ഒരൊറ്റ ഗസലിലൂടെ അദ്ദേഹം ഗസല്‍പ്രേമികളുടെ മനസ്സില്‍ ഇടം നേടി. മെഹ്ദി ഹസനെക്കൂടാതെ ഫരീദാ ഖാനവും ഇതേ ഗസല്‍ പലവേദികളിലും പാടിയിട്ടുണ്ട്.

ഒരായുസ്സിന്റെ സൗഹൃദം സ്‌നേഹം ഒക്കെ നിമിഷ നേരം കൊണ്ട് തച്ചുതകര്‍ക്കാന്‍ പലര്‍ക്കും തീരെ ചെറിയ കാര്യങ്ങള്‍ മതി. അങ്ങനെ വര്‍ഷങ്ങളെത്രയോ നീണ്ട സൗഹൃദം ഒറ്റ നിമിഷം കൊണ്ട് തകര്‍ത്ത ഒരാളോട് കവി പറയുകയാണ്, 'നമ്മുടെ സൗഹൃദം നീയിങ്ങനെ നിസ്സാരമായൊരു കാര്യത്തെപ്രതി ഇല്ലാതെയാക്കി എങ്കിലും, 'ചിലരുടെ തനിനിറം തിരിച്ചറിയാന്‍ എനിക്കായി' എന്നത് വിസ്മരിച്ചുകൂടാ.'


I

गो ज़रा सी बात पर बरसों के याराने गए
लेकिन इतना तो हुआ कुछ लोग पहचाने गए

ഗോ സറാ സീ ബാത് പര്‍
ബര്‍സോം കെ യാരാനേ ഗയേ..
ലേകിന്‍ ഇത്നാ തോ ഹുവാ
കുഛ് ലോഗ് പെഹ്ചാനേ ഗയേ..

ഇത്ര ചെറിയൊരു കാര്യത്തിന്റെ പുറത്ത്
നമ്മുടെ കൊല്ലങ്ങളായുള്ള സൗഹൃദമില്ലാതായി,
എന്നാലും സാരമില്ല, ചിലരെയൊക്കെ
തിരിച്ചറിയാന്‍ കഴിഞ്ഞല്ലോ

പലപ്പോഴും അങ്ങനെയാണ്. നമ്മള്‍ അര്‍ഹിക്കുന്ന രീതിയിലാവില്ല നമ്മുടെ സുഹൃത്തുക്കള്‍ പോലും ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മോട് പെരുമാറുക. എത്രയോ കാലങ്ങളായി നമ്മളെ അടുത്തറിയുന്നവര്‍ പോലും, നമ്മളെ എഴുതിത്തള്ളും മുമ്പ്, 'ഞാനറിയുന്ന എന്റെ സ്‌നേഹിതന്‍ അങ്ങനെയാവാന്‍ വഴിയില്ല' എന്ന്  ഒരു വട്ടം പോലും ചിന്തിക്കില്ല. എല്ലാം അറുത്തുമുറിച്ച് എറിയും മുമ്പ് നമ്മുടെ അടുത്തുവന്ന് ഒന്ന് ചോദിക്കാന്‍ മിനക്കെട്ടെന്നുവരില്ല. നിസ്സാരമായ പ്രശ്‌നങ്ങളുടെ പേരില്‍ വര്‍ഷങ്ങള്‍ കൊണ്ട് പരസ്പരം ഉടലെടുത്തു എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്ന സ്‌നേഹം, സൗഹൃദം, അടുപ്പം ഒക്കെ ഒരു നിമിഷനേരം കൊണ്ട് തേച്ചുമാച്ചില്ലാതാക്കി നമ്മളെ പെരുമഴയത്ത് ഒറ്റയ്ക്കുനിര്‍ത്തി കടന്നുകളയാന്‍ ആത്മമിത്രങ്ങളെന്നു നമ്മള്‍ ധരിച്ചുവശാവുന്ന പലര്‍ക്കുമാകും.

നേരിടുന്ന പ്രതിസന്ധിയേക്കാള്‍ നമ്മളെ വൈകാരികമായി തളര്‍ത്തിക്കളയുക പലപ്പോഴും, നമ്മുടെ പ്രിയസ്‌നേഹിതരുടെ മൗനങ്ങളാകും. പക്ഷേ, അതിനും ഒരു പോസിറ്റീവ് സൈഡ് ഉണ്ട്. എന്തെന്നോ..? അത്രയേ ഉള്ളൂ അവര്‍ എന്ന് നമുക്ക് ബോധ്യപ്പെടുന്ന നിമിഷമാകും അത്. ആ തിരിച്ചറിവ് ലോകത്ത് മറ്റെന്തിനേക്കാളും വലുതാണ്. അവരുടെ പെരുമാറ്റം ഉണ്ടെന്നു നമ്മെ ധരിപ്പിച്ച  സ്‌നേഹമരീചികയില്‍ നിന്നാണ് നമ്മള്‍ നിഷ്‌കാസനം ചെയ്യപ്പെടുന്നത്. അതില്‍ നിന്ന് മാത്രം.

കഠിനപദങ്ങള്‍

ഗോ - എന്നാലും, യാരാന - സൗഹൃദം, പെഹചാന് നാ - തിരിച്ചറിയുക


II

मैं इसे शोहरत कहूँ या अपनी रुस्वाई कहूँ
मुझ से पहले उस गली में मेरे अफ़्साने गए

മേം ഇസേ ഷൊഹറത് കഹൂ,
യാ അപ്നി രുസ്വായീ കഹൂ..
മുഝ്‌സേ പെഹ്ലേ ഉസ് ഗലീ മേ
മേരെ അഫ്സാനേ ഗയേ..

ഞാനിതിനെ പെരുമയെന്ന് പറയണോ
അതോ ചീത്തപ്പേരെന്ന് വിളിക്കണോ,
എനിക്കുമുമ്പേ ആ തെരുവിലേക്ക്
എന്നെക്കുറിച്ചുള്ള കഥകളാണെത്തിയത്..

ഇത് എന്റെ തലയില്‍ വരച്ചിരിക്കുന്നതാണ്. ഞാനിനി ഇതിനെ എന്റെ പ്രസിദ്ധി എന്ന് വിളിക്കണോ, അതോ ദുഷ്പേരെന്ന് സങ്കടപ്പെടണോ? അറിയില്ല. എവിടെയും, ഞാന്‍ ചെന്ന് കേറും മുമ്പ് എന്നെക്കുറിച്ചുള്ള കഥകള്‍ ചെന്നെത്തിയിട്ടുണ്ടാകും പലവഴി മറിഞ്ഞ്. ഞാന്‍ എന്റെ വാക്കുകള്‍  കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും ഒരു അഭിപ്രായം രൂപപ്പെടുത്തും മുമ്പ് എന്നെപ്പറ്റിയുള്ള മുന്‍വിധികളുമായിട്ടായിരിക്കും അവിടുള്ളവര്‍ എന്നെ വരവേല്‍ക്കുന്നത്.  

കഠിനപദങ്ങള്‍

ഷൊഹറത് - പെരുമ, രുസ്വായീ - ചീത്തപ്പേര്, അഫ്‌സാനാ- കഥ

III

वहशतें कुछ इस तरह अपना मुक़द्दर बन गईं
हम जहाँ पहुँचे हमारे साथ वीराने गए

വെഹ്ശതേ കുഛ് ഇസ്തരാ
അപ്നാ മുകദ്ദര്‍ ഹോഗയി
ഹം ജഹാം പൊഹന്‍ചേ ഹമാരേ സാഥ്
വീരാനേ ഗയേ..

ഏകാന്തത, വന്നുവന്ന്
എന്റെ തലയില്‍ വരച്ചപോലായി
ഞാനെവിടെപ്പോയാലും എനിക്കൊപ്പം
ഈ ശൂന്യതകളും വരികയായി.


എവിടെച്ചെന്നാലും ഒറ്റപ്പെടല്‍ മാത്രമാണ് എനിക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. ഏകാന്തത സന്തതസഹചാരിയാണിന്ന്.  ശൂന്യതകള്‍ക്കുള്ളിലേക്ക് ഞാന്‍ ചെന്ന് കയറുകയാണോ, അതോ ചെല്ലുന്നിടത്ത് ഞാന്‍ ശൂന്യസ്ഥലികള്‍ സൃഷിക്കുകയാണോ എന്നറിയില്ല. എവിടെച്ചെന്നാലും, വിജനമായഒരു ദ്വീപില്‍ ഒറ്റപ്പെടാനാണ് എന്റെ വിധി.


കഠിനപദങ്ങള്‍

വെഹ്ശത് - ഏകാന്തത, മുകദ്ദര്‍ - വിധി, വീരാനാ - ശൂന്യത

IV

यूँ तो वो मेरी रग-ए-जाँ से भी थे नज़दीक-तर
आँसुओं की धुँद में लेकिन न पहचाने गए

യൂം തോ വോ മേരേ രഗ്-ഏ-ജാന്‍ സേ
ഭി ഥേ നസ്ദീക്തര്‍  
ആസുവോം കേ ധുന്ദ് മേം
ലേകിന്‍  ന പെഹ്ചാനേ ഗയേ

എന്നിലോടുന്ന രക്തത്തേക്കാള്‍
എന്നോടുത്താണവളിരുന്നിരുന്നത്.
എന്നിട്ടും, കണ്ണീരിന്റെ കലക്കത്തില്‍
ഞാന്‍ അതൊന്നുമറിയാതെ പോയി..


എന്റെ സിരകളിലൂടെ ഒഴുകുന്ന ചോരയ്ക്കും ഉള്ളിലായി എന്നില്‍ ആവേശിച്ചിരുന്നവളാണ് അവള്‍. അത്രയ്ക്കും അടുത്തടുത്തായിരുന്നു ഞങ്ങളുടെ ആത്മാവുകള്‍ ഇടപഴകിയിരുന്നത്. എന്നിട്ടും, കണ്ണുനീരൊഴുക്കിക്കൊണ്ട് അവളുണ്ടാക്കിയ കലക്കത്തില്‍ ഞാനവളെ തിരിച്ചറിയാതെ പോയി. പലപ്പോഴും പലതും എന്റെ കണ്മുന്നില്‍ തന്നെയാണ് നടന്നിട്ടുള്ളത്, അപ്പോഴൊക്കെയും അവള്‍ കരയുന്നത് കണ്ട് കൂടെക്കരഞ്ഞുപോയ ഞാന്‍, ആ കണ്ണുനീരിനുപിന്നില്‍ എന്നില്‍ നിന്ന് ഒളിഞ്ഞിരിക്കുന്ന സത്യത്തെ അറിയാതെ പോയി.

കഠിനപദങ്ങള്‍

രഗ് - ഞരമ്പ്, ജാന്‍ - ജീവന്‍, നസ്ദീക് തര്‍ - അടുത്ത്, ആസു -കണ്ണീര്‍, ധുന്ദ്- മൂടല്‍മഞ്ഞ്, കലക്കം

V

क्या क़यामत है कि 'ख़ातिर' कुश्ता-ए-शब थे भी हम
सुब्ह भी आई तो मुजरिम हम ही गर्दाने गए

ക്യാ കയാമത്ത് ഹേ കി `ഖാതിര്‍`
കുശ്താ-എ-ശബ് ഭീ ഥേ ഹം..
സുബഹ് ഭി ആയേ തോ, മുജ്റിം
ഹം ഹി ഗര്‍ദാനേ ഗയേ..

എന്റെയൊരു കഷ്ടകാലം നോക്കണം,
ഈ രാവിന് കാവലായിരുന്നു, ഞാന്‍..
നേരം പുലര്‍ന്നപ്പോള്‍ ഒടുവില്‍
കുറ്റവാളിയായി കഴുവിലേറ്റപ്പെട്ടതും,
ഞാന്‍ തന്നെയായിരുന്നു..!

വല്ലാത്ത ദൗര്‍ഭാഗ്യം  തന്നെ. ഈ രാവിന്  നിമിഷാര്‍ദ്ധനേരത്തേക്കു പോലും ഒന്ന് കണ്ണുചിമ്മാതെ, ഒരു ഞൊടി പോലും ഉറങ്ങാതെ കാവല്‍ നിന്നത്  ഞാനായിരുന്നു. എന്നിട്ടും, നേരം പുലര്‍ന്നപ്പോള്‍ കുറ്റവാളി എന്ന് മുദ്രകുത്തപ്പെട്ടത് ഞാന്‍ തന്നെയായിരുന്നു. തുടര്‍ന്ന് കഴുവേറ്റപ്പെട്ടതും ഇതേ ഞാന്‍ തന്നെയായിരുന്നു.

കഠിനപദങ്ങള്‍

കുഷ്താ-എ-ശബ് - രാത്രിയുടെ കാവലാള്‍
മുജ്റിം - കുറ്റവാളി, ഗര്‍ദാനേ ജാനാ - കഴുവിലേറ്റപ്പെടുക.


കവിപരിചയം 

ഗവേഷകന്‍, കോളമിസ്റ്റ്, വിദ്യാഭ്യാസ വിചക്ഷണന്‍, കവി - അങ്ങനെ പലതുമാണ് ഖാതിര്‍ ഗസ്നവി. 1925-ല്‍ ഗസ്നിയിലേക്ക് കുടിയേറിയ ഒരു  അഫ്ഗാനിസ്ഥാനി കുടുംബത്തില്‍ ജനനം. ഉറുദു കവികളുടെ സംഘടനയായ ബൈഠക് സ്ഥാപിക്കുന്നത് ഗസ്നവി ആണ്. 'ഖാതിര്‍' എന്നത് അദ്ദേഹത്തിന്റെ തഖല്ലുസ് ആണ്. യഥാര്‍ത്ഥനാമം മുഹമ്മദ് ഇബ്രാഹിം.  റേഡിയോ പാകിസ്ഥാനില്‍ പ്രൊഡ്യൂസര്‍ ആയാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. പാകിസ്ഥാന്‍ സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  പുരോഗമന സാഹിത്യസംഘത്തിന്റെ  നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രൊവിന്‍സ് (NFWP) ചാപ്റ്റര്‍ പ്രസിഡണ്ടായിരുന്നു ഗസ്നവി. അമ്പതിലധികം സമാഹാരങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഗോ സറാ സി ബാത് പേ എന്ന ഈ ഒരു ഗസല്‍ അദ്ദേഹത്തിനെ പ്രശസ്തിയുടെ കൊടുമുടികളിലെത്തിച്ചു. പെഷാവര്‍ സര്‍വകലാശാലയുടെ ചെയര്‍മാനായി വിരമിച്ചു . 2008-ല്‍ ഖാതിര്‍ ഗസ്നവി  അന്തരിച്ചു.

രാഗവിസ്താരം

സ്ഥിരമായി എടുത്തുപയോഗിക്കുന്ന ഒരു രാഗത്തിലല്ല ഈ ഗസല്‍ മെഹ്ദി ഹസന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഹിര്‍ തോഡി എന്ന രാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് പറയാം.

 

മെഹ്ദി ഹസന്‍

 

ഫരീദ ഖാനം

 

ഉസ്താദ് അമാനത്ത് അലി ഖാന്‍ 

 

ഗസലറിവ് പരമ്പരയില്‍ ഇതുവരെ:
ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 

'ഏക് ബസ് തൂ ഹി നഹി' 

യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ

 ഹസാറോം ഖ്വാഹിഷേം ഐസീ

'രൻജിഷ് ഹീ സഹീ'

 ഹംഗാമാ ഹേ ക്യൂം ബര്‍പാ

മുഹബ്ബത്ത് കര്‍നേ വാലേ

ശോലാ ഥാ, ജൽ ബുഝാ ഹൂം

കോംപ്‌ലേ ഫിർ ഫൂട്ട്‌ ആയീ
 

click me!