എന്തുകൊണ്ട് തോറ്റു? റിപബ്ലിക്കൻ തോൽവിയുടെ കാരണങ്ങൾ, ഉയരുന്ന വാദങ്ങൾ, വീറ്റോ പ്രയോഗിക്കുമെന്ന് ട്രംപ്

Published : Nov 10, 2026, 05:21 PM IST
US midterm election

Synopsis

ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേടിയ വിജയം ട്രംപിന്റെ നയങ്ങൾക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്. ഇറാൻ യുദ്ധം, വിലക്കയറ്റം, കുടിയേറ്റ വിരുദ്ധത എന്നിവ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു.

ജനപ്രതിനിധിസഭയും സെനറ്റും നേടിയ ഡമോക്രാറ്റുകൾ ഇനി അധികം സമയം കളയില്ലെന്നുറപ്പാണ്. ട്രംപിന്‍റെ നയങ്ങൾ അംഗീകരിക്കില്ല. അന്വേഷണങ്ങൾ ഉറപ്പാണ്. ഇംപീച്ച്മെന്‍റ് സാധ്യതയും തെളിയുന്നു. ട്രംപിന് മാത്രമല്ല പഴി, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതിനും നേരെയും വാളെടുക്കാനാണ് സാധ്യത. വീറ്റോയായിരിക്കും ഇനി തന്‍റെ നയമെന്ന് ട്രംപ് വ്യക്തമാക്കിയതേോടെ ഏറ്റുമുട്ടലുകൾ രൂക്ഷമാകും എന്നുറപ്പുമായി.

ഇനി 'വീറ്റോ'യെന്ന് ട്രംപ്

അധികാരം പ്രസിഡന്‍റിന്‍റെ കൈയിൽ തന്നെയാണ്. എക്സിക്യൂട്ടിവ് അധികാരം, കോൺഗ്രസിന്‍റെ അനുമതി വേണ്ടാത്ത തീരുമാനങ്ങൾ ഇത്രയും വിനിയോഗിച്ചിട്ടുള്ള പ്രസിഡന്‍റുമാരും കുറവാണ്. അതിന്‍റെ പരിധി കടക്കാൻ വരെ തയ്യാറാണ് താനും. അങ്ങനെയെടുത്ത തീരുമാനങ്ങളാണ് ചുങ്കം ചുമത്തലും വെനിസ്വേല , ഇറാൻ സൈനിക നടപടികളും. റിപബ്ലിക്കൻ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും കോൺഗ്രസിന്‍റെ അനുവാദം പ്രസിഡന്‍റ് വാങ്ങിയില്ല. ഫെഡറൽ ചെലവ് വെട്ടിക്കുറച്ചതും ഇതേവഴി തന്നെ. അതുതന്നെ ഇനിയും തുടരാം. നിയമം വഴി തടുക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ, പ്രസിഡന്‍റിന് വീറ്റോ അധികാരം പ്രയോഗിക്കാം. വീറ്റോ മറികടക്കാൻ ഡമോക്രാറ്റുകൾക്ക്, ഇപ്പോഴുള്ള ഭൂരിപക്ഷം പോര. ഇതെല്ലാം ഒരുവശം.

തോൽവിയുടെ കാരണങ്ങൾ

മറുവശമുണ്ട്. ഇത്രയും നാൾ റിപബ്ലിക്കൻ പാർട്ടിയെ മുഷ്ടിക്കുള്ളിലാക്കിയിരുന്ന പ്രസിഡന്‍റിന് പക്ഷേ, ഇനിയത് കഴിഞ്ഞേക്കില്ലെന്നാണ് മറുപക്ഷ വാദം. കാരണം, ഡമോക്രാറ്റുകളുടെ എതിർപ്പ് മാത്രമല്ല, റിപബ്ലിക്കൻ പാർട്ടിയിലെ തന്നെ വിമതസ്വരങ്ങളാണ്. അത് അടുത്തകാലത്തായി അത് കൂടിയിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് തന്നെ പോസ്റ്റിട്ടത് ഇറാൻ യുദ്ധമാണ് പരാജയ കാരണമെന്ന് വ്യക്തമായി പറഞ്ഞിട്ടാണ്. ഇനിയെന്ത് ? എന്നതിൽ ചർച്ച തുടങ്ങേണ്ടത് ഈ തിരിച്ചറിവിൽ നിന്നാണെന്നും. വിമർശനം കൂടുതൽ നേരിടുന്നത് പീറ്റ് ഹെഗ്സെത്താണ്. ഹെഗ്സെത്തിനെ മാറ്റണോ എന്ന് പ്രസിഡന്‍റ് ആലോചിച്ച് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ഇറാൻ യുദ്ധം

ഇതൊക്കെയാണെങ്കിലും വിദേശനയത്തിൽ പ്രസിഡന്‍റിന്‍റേത് തന്നെയാവും അവസാനവാക്ക്. ഇറാൻ യുദ്ധത്തിലുൾപ്പടെ. കാര്യങ്ങൾ ഇറാൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ഇറാനുമേൽ വീണ്ടും ആക്രമണം രൂക്ഷമാക്കുമെന്ന സൂചനകളുണ്ടായിരുന്നു നേരത്തെതന്നെ. തെരഞ്ഞെടുപ്പിന്‍റെ തലേദിവസം ആക്രമിക്കയും ചെയ്തു. പക്ഷേ, ഇനിയുമാവഴി തന്നെ സ്വീകരിക്കാൻ തീരുമാനിക്കുമോ എന്നുറപ്പില്ല.

യുദ്ധംകാരണമുണ്ടായ വിലക്കയറ്റമാണ് റിപബ്ലിക്കൻ തോൽവിക്ക് ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്. 3.7 ശതമാനമാണ് ഈ വർഷം കൂടിയത്. നാണ്യപ്പെരുപ്പം കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ചു. അഭിപ്രായ സർവേകളിൽ, ജനം പഴിച്ചത് പ്രസിഡന്‍റിനെയാണ്. ഇറാൻ യുദ്ധത്തോട് തന്നെയും എതിർപ്പാണ് കൂടുതൽ. യുദ്ധങ്ങളിനിയുണ്ടാവില്ല എന്ന പ്രചാരണവാക്യം പാലിച്ചില്ല പ്രസിഡന്‍റ് എന്ന് ജനം ആരോപിക്കുന്നു. യുക്രെയ്ൻ യുദ്ധവും ഇതിനോട് കൂട്ടിക്കെട്ടി തന്നെയാണ് ജനം കാണുന്നത്.

കുടിയേറ്റ വിരുദ്ധത

രണ്ടുവർഷം മുമ്പ് ട്രംപിനൊപ്പം നിന്ന ഹിസ്പാനിക്, ആഫ്രോ - അമേരിക്കൻ വംശജർ ഇത്തവണ കൂറുമാറിയതും തോൽവിക്ക് കാരണമായി. കുടിയേറ്റ വിരുദ്ധ നടപടികൾ തന്നെയാണ് അതിന്‍റെ പ്രധാന കാരണം. പ്രത്യേകിച്ച് ടെക്സസിലും മിഷിഗണിലും. 'It is the Economy Stupid' എന്ന പ്രസിദ്ധ വാക്യം ഇത്തവണ തെറ്റി. ഇക്കഴിഞ്ഞ രണ്ടുവർഷമായി തൊഴിലില്ലായ്മ അത്ര കൂടുതലായിരുന്നില്ല, സമ്പദ് രംഗം അത്ര മോശമമായിരുന്നില്ല, എഐ വിപ്ലവം മറ്റൊരുതരത്തിൽ സാമ്പത്തിക കുതിപ്പിനും കാരണമായിരുന്നു. സമ്പദ്‍രംഗം ഇപ്പോഴും കുഴപ്പത്തിലല്ല.

നാണ്യപ്പെരുപ്പം, തൊഴിലവസരം

പക്ഷേ, ഇറാൻ യുദ്ധം വന്നതോടെ നാണ്യപ്പെരുപ്പവും ഇന്ധനവിലക്കയറ്റവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും ഒക്കെകൂടി സാധാരണക്കാരെ ശ്വാസംമുട്ടിച്ചു. സമ്പന്നരെ വലുതായി ബാധിച്ചുമില്ല. അമേരിക്കൻ സ്വപ്നം മരിച്ചുവെന്നാണ് പൊതുപക്ഷം. തൊഴിലവസരങ്ങളും കുറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

യുഎസ് തെരഞ്ഞെടുപ്പ്; അടിതെറ്റി വീണ് ട്രംപും റിപബ്ലിക്കൻസും, ചരിത്ര വിജയം സ്വന്തമാക്കി ഡെമോക്രാറ്റുകൾ
ബിബിയെ പുറത്തിരുത്തുമോ ഗാഡി? നെതന്യാഹുവിന് ഭീഷണിയാകുന്ന മുൻ സൈനിക മേധാവി