
അമേരിക്കൻ പ്രസിഡന്‍റിന് പിന്നാലെ ചൈനയിലെത്താൻ പോകുന്നത് റഷ്യൻ പ്രസിഡന്‍റാണ്. ഉടൻ, തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു എന്നാണ് ക്രെംലിൻ വക്താവ് അറിയിച്ചത്. ഷീയുടെ സഖ്യകക്ഷിയാണ് റഷ്യ. ഇറാന്‍റെയും. പക്ഷേ, അമേരിക്ക - ചൈന ബന്ധം മെച്ചപ്പെടുന്നതിൽ പുടിന് താൽപര്യമുണ്ടാവില്ല എന്നൊരു വിലയിരുത്തലുണ്ട്. ഇറാൻ യുദ്ധത്തിൽ പുടിൻ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. യുറേനിയം റഷ്യയിലേക്ക് കൊണ്ടു പോകാം എന്നതടക്കം. പക്ഷേ, ട്രംപ് അത് തള്ളിക്കളഞ്ഞു. 'യുദ്ധം അവസാനിപ്പിക്കാൻ നോക്കൂ' എന്നായിരുന്നു ട്രംപിന്‍റെ ഉപദേശം.
ആയുധലോബികളൊഴിച്ചാൽ ഇറാൻ യുദ്ധം ലാഭമായത് റഷ്യക്കാണ്. വിൽക്കാൻ പറ്റാതിരുന്ന എണ്ണക്ക് വിപണി കിട്ടി. എണ്ണവില കൂടി. യുക്രെയ്‍നിലേക്കുള്ള അമേരിക്കൻ ആയുധങ്ങളുടെ ഒഴുക്ക് കുറഞ്ഞു. ഇറാന് വേണ്ടുന്നത്ര പിന്തുണയും റഷ്യ നൽകി. ഇന്‍റലിജൻസ് സഹായവും സൈബർ ശൃംഖലയും ഡ്രോണുകളും ഉൾപ്പടെ. മാത്രമല്ല, യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങളും ലോകത്തിന്‍റെ തന്നെ ഊർജസുരക്ഷയും റഷ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പക്ഷേ, ചൈന - അമേരിക്ക ബന്ധം ശക്തമായാൽ, ഇറാൻ യുദ്ധം അവസാനിച്ചാൽ റഷ്യയ്ക്ക് നഷ്ടങ്ങളുണ്ടാവും. ചൈനയും റഷ്യയുമായി പരിധികളില്ലാത്ത സഹകരണത്തിനാണ് കരാറൊപ്പിട്ടത്. ഇറാൻ യുദ്ധത്തിനൊക്കെ മുമ്പ് 2022 -ൽ ഒപ്പിട്ട കരാർ, അമേരിക്കയുടെ സ്വാധീനം ചെറുക്കാനുദ്ദേശിച്ചാണ്. പക്ഷേ, അമേരിക്കയുമായുള്ള ബന്ധം നഷ്ടപ്പെടുത്തി ചൈന, റഷ്യക്കൊപ്പം നിൽക്കില്ല. റഷ്യയ്ക്കത് വ്യക്തമായറിയാം. തന്‍റെ സാന്നിധ്യം, സഖ്യത്തിന്‍റെ പ്രാധാന്യവും ഊന്നിപ്പറയാനുദ്ദേശിച്ചാവണം പുടിന്‍റെ സന്ദർശന തീരുമാനം.
യുക്രെയ്നിൽ പുടിന് ചുവടുപിഴച്ച് തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം യുക്രെയ്ൻ കൂടുതൽ പ്രദേശങ്ങൾ റഷ്യയിൽ നിന്ന് മോചിപ്പിച്ചു. പോക്രോവ്സ്കിലെ ഗതാഗത കേന്ദ്രമടക്കം. രണ്ട് വർഷം നീണ്ട ശ്രമങ്ങൾക്കൊടുവിൽ റഷ്യ പിടിച്ചെടുത്ത മേഖല. ഇപ്പോഴും 20 ശതമാനം പ്രദേശമെങ്കിലും റഷ്യയുടെ നിയന്ത്രണത്തിലാണ്. തൽകാലം യുക്രെയ്നാണ് മേൽക്കൈ. അത് തിരിച്ചറിയുന്നുണ്ട് യുക്രെയ്ൻ സൈനികർ. യുക്രെയ്ന്‍റെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നത് തുടർന്നു കൊണ്ടേയിരുന്നാൽ കിഴക്കൻ ഡോൺബാസ് അധികം താമസിയാതെ തങ്ങളുടെ നിയന്ത്രണത്തിലാകും എന്നായിരുന്നു റഷ്യയുടെ അവകാശവാദം. അത് വിശ്വസിച്ചാണ് അമേരിക്കൻ പ്രസിഡന്‍റ് സെലൻസ്കിയോട് തട്ടിക്കയറിയതും അപമാനിച്ചതും. 'You don't have the cards. With us, you have the cards. but without us, you don't have any cards' എന്ന വാക്കുകൾ അതിന്‍റെ ബാക്കി.
യുക്രെയ്ന്റെ ശക്തി പല കാര്യങ്ങളിലാണ്. പ്രധാനം, അവരുടെ ഡ്രോണുകൾ. ഇറാൻ യുദ്ധത്തിൽ തങ്ങളുടെ ഡ്രോണുകളിലൂടെ സഹായിക്കാമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞത് വെറും അവകാശവാദമല്ല. റഷ്യൻ സൈനികരെ ആക്രമിക്കാൻ മാത്രമല്ല, റഷ്യക്കുളളിലേക്ക് കടന്ന് ആക്രമിക്കാനും യുക്രെയ്ൻ നിയോഗിക്കുന്നത് ഡ്രോണുകൾ തന്നെ. 2025 -ൽ റഷ്യയിലേക്ക് കടത്തിയ ഡ്രോണുകൾ ആക്രമിച്ച് തകർത്തത് റഷ്യയുടെ വൻ യുദ്ധവിമാനങ്ങളെയാണ്. 'ഓപ്പറേഷൻ സ്പഡൈഴ്സ് വെബ്' (Operation Spider's Web) എന്ന് പേരിട്ട ഓപ്പറേഷനിലൂടെ. യുക്രെയ്ൻ ഇപ്പോൾ നേടിയിരിക്കുന്ന മേൽക്കൈ മിഡ് റേഞ്ച് ഡ്രോൺ ആക്രമണങ്ങളിലൂടെയാണ്. സൈനികരെ മാത്രമല്ല, ആയുധ ഡിപ്പോകളും കമാൻഡ് പോസ്റ്റുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും എല്ലാം ലക്ഷ്യമാകുന്നു. എണ്ണ പ്രകൃതിവാതക കേന്ദ്രങ്ങളാണ് മറ്റൊരു ലക്ഷ്യം. ഇറാൻ യുദ്ധത്തിലെ ലാഭമാണ് അതിലൂടെ റഷ്യക്ക് നഷ്ടമാകുന്നത് എന്ന് തന്നെ പറയാം.
നഷ്ടങ്ങൾ വേറെയും പലതാണ് റഷ്യക്ക്. യുക്രെയ്ന്‍റെ ആക്രമണം കാരണം ബാൾട്ടിക് കടലിലെ എണ്ണ റിഫൈനറിയുടെ കയറ്റുമതി 43 ശതമാനം കുറഞ്ഞു. കരിങ്കടലിലെ റിഫൈനറിക്ക് 38 ശതമാനം നഷ്ടം. മാർച്ചിലെ നഷ്ടം 2.3 ബില്യൻ ആയി റഷ്യക്ക്. അതിന് പുറമേയാണ് റോബോട്ടുകളുടെ വരവ്. റഷ്യൻ സൈനിക കേന്ദ്രം ആക്രമിച്ച് തടവുകാരായി അവരെ പിടികൂടാൻ വരെ യുക്രെയ്ൻറെ റോബോട്ടുകൾക്ക് കഴിയുന്നു. NC 13 എന്ന യൂണിറ്റിനാണ് അതിന്‍റെ ചുമതല. വെടിവയ്ക്കാതെ, രക്തം ചിന്താതെ, ജീവൻ നഷ്ടമാകാതെ റോബോട്ടുകൾ യുദ്ധം ജയിക്കുന്നു. തെളിവില്ല, പക്ഷേ യുക്രെയ്ന്‍റെ സാങ്കേതിക മികവ് ചെറുതല്ല. ആകാശത്ത് പറന്നു നടക്കുന്ന ഡ്രോണുകൾ അത് തെളിയിച്ചതാണ്.
യുക്രെയ്ൻ സൈന്യം കരയിലും ഡ്രോണുകൾ ഇറക്കി. ചക്രങ്ങളിലും ട്രാക്കിലും ഓടുന്ന ഡ്രോണുകൾ, നേരത്തെ മുറിവേറ്റ സൈനികരെ കൊണ്ടുപോകാനും സൈനികർക്ക് അവശ്യ സാധനങ്ങളെത്തിക്കാനുമാണ് ഇവയെ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കഥമാറി. എല്ലാത്തരം കാലാവസ്ഥയിലും ഇറക്കാം. കണ്ടുപിടിക്കാൻ വളരെ പ്രയാസം. റഷ്യയുടെ വലിയ സൈനിക സംഘത്തോട് പോരാടാൻ തങ്ങളുടെ സൈനികർ മതിയാവില്ലെന്ന തിരിച്ചറിവ് കൂടിയാണ് ഇതിനെല്ലാം പിന്നിൽ. യുദ്ധ മുന്നണിയിലെ ഡ്രോണുകളിലും റോബോട്ടുകളിലും യുക്രെയ്ൻ തന്നെയാണിന്ന് ലോകത്ത് തന്നെ മുന്നിൽ. പ്രതിരോധ മന്ത്രിയായി മൈഖൈലോ ഫെഡെറോവ് കൂടി സ്ഥാനമേറ്റതോടെ ഇതിനെല്ലാം ഇരട്ടിവേഗമായി.
പ്രതിരോധത്തിനും ആക്രമണത്തിനും ഡ്രോണുകളും റോബോട്ടുകളുമായി. ഇത് യൂറോപ്പിന് പുറത്തും ശ്രദ്ധിക്കപ്പെടുന്നുണ്ട്, അതായത് പശ്ചിമേഷ്യയിൽ. ഇറാൻ യുദ്ധം തന്നെയാണ് സാഹചര്യം. ഇറാന്‍റെ 50,000 ഡോളറിന്‍റെ ഡ്രോൺ തകർക്കാൻ 4 മില്യണിന്‍റെ മിസൈലാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങളുടെ ആശ്രയം. അതിന് പകരം യുക്രെയ്ന്‍റെ ഡ്രോണുകളായാൽ എന്തെന്ന ചിന്തയിൽ തെറ്റുപറയാൻ പറ്റില്ല. പ്രസിഡന്‍റ് സെലൻസ്കി സൗദിയും ഖത്തറും യുഎഇയും തുർക്കിയും സന്ദർശിച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളുമായും ചില കരാറുകളിൽ ഒപ്പിട്ടു. അടുത്ത ലക്ഷ്യം എഐ ഡ്രോണുകളാണ്. പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ആശങ്കകളുണ്ടെങ്കിലും.
തുടർച്ചയായുള്ള ആക്രമണങ്ങൾ കാരണം ഒരടി മുന്നോട്ട് നീങ്ങാൻ കഴിയുന്നില്ല റഷ്യൻ സൈന്യത്തിന് എന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ സൈനികരുടെ ആക്രമണം കുറഞ്ഞു വരുന്നു. റഷ്യൻ സൈനികർ തളർന്നിരിക്കുന്നുവെന്നാണ് യുക്രെയ്ന്‍റെ വാദം. ഒരു മാസം കൊല്ലപ്പെടുന്നത് 35,000 റഷ്യക്കാരെന്നാണ് പടിഞ്ഞാറൻ സർക്കാരുകളുടെ കണക്ക്. റഷ്യൻ പ്രതിപക്ഷ മാധ്യമ വിഭാഗത്തിന്‍റെ കണക്കനുസരിച്ച് നാല് വർഷത്തിനകം കൊല്ലപ്പെട്ടത് 3,52,000 പേരാണ്. റഷ്യ ഈ കണക്കുകളോടൊന്നും പ്രതികരിച്ചിട്ടില്ല. റഷ്യ തിരിച്ചടിക്കുന്നത് വ്യോമാക്രമണങ്ങളിലൂടെയാണ്. കൊല്ലപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. വേറെ ചിലതുമുണ്ടായിട്ടുണ്ട്. യുക്രെയ്ന് സഹായകമായി. മസ്കിന്‍റെ സ്റ്റാർലിങ്കിന്‍റെ സേവനം ഇപ്പോൾ റഷ്യയിൽ ലഭ്യമല്ല. യുക്രെയ്ന്‍റെ അഭ്യർത്ഥന മാനിച്ചാണത്. മാത്രമല്ല. റഷ്യക്കുള്ളിലും യുദ്ധത്തോട് എതിർപ്പ് കൂടുന്നുവെന്നാണ് റിപ്പോർട്ട്.
(മൈഖൈലോ ഫെഡെറോവ്)
സമ്പദ്‍രംഗം ഇടിയുന്നത് ഒരു പ്രശ്നം. യുക്രെയ്ന്‍റെ ഡ്രോണുകൾ കാരണമാകുന്ന ജീവൻ നഷ്ടം, സ്വത്ത് നഷ്ടം മറ്റൊരു പ്രശ്നം. റഷ്യയുടെ അഭിമാനമായിരുന്ന യുദ്ധ വിജയ പരേഡ് ഇത്തവണ വെട്ടിച്ചുരുക്കേണ്ടിവന്നു. നാസി ജർമ്മനിയുടെ മേൽ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിന്‍റെ ആഘോഷമാണ് വെട്ടിച്ചുരുക്കിയത്. ആയുധങ്ങളൊന്നും പരേഡിലുണ്ടായില്ല. പകരം, യുദ്ധത്തിന്‍റെ ചില വീഡിയോകൾ പ്രദർശിപ്പിച്ചു. യുക്രെയ്ന്‍റെ ഡ്രോണാക്രമണം ഭയന്നാണെന്നാണ് റിപ്പോർട്ടുകൾ. അതും വെടിനിർത്തൽ നിലവിലുള്ളപ്പോൾ. ലംഘനം പതിവാണെന്നത് മറ്റൊരു കാര്യം. വിദേശത്ത് നിന്നുള്ള മാധ്യമങ്ങൾക്ക് പങ്കെടുക്കാൻ അനുവാദം കിട്ടിയില്ല.
ചില അമേരിക്കൻ വെബ്സൈറ്റുകളുടെ വിശകലനമനുസരിച്ച്, എങ്ങനെ യുദ്ധം അവസാനിപ്പിക്കണം എന്നറിയാത്തത് കൊണ്ട് റഷ്യൻ പ്രസിഡന്‍റിന് യുദ്ധം തുടരുകയല്ലാതെ മറ്റൊരു വഴിയില്ല എന്നാണ്. സാധ്യതകൾ വേറെ പലതും പറയപ്പെടുന്നു. തൽകാലം യുക്രെയ്നാണ് മേൽക്കൈ എന്നാണ് വിലയിരുത്തൽ