റഷ്യയിൽ 'ബ്ലാക് വിഡോകൾ' എന്നറിയപ്പെടുന്നത് ഇപ്പോൾ ഒരു പുതിയ തട്ടിപ്പുകാരാണ്. യുക്രെയ്ൻ യുദ്ധത്തിന് പോകുന്ന സൈനികരെ വിവാഹം കഴിച്ച്, അവർ മരിക്കുമ്പോൾ ലഭിക്കുന്ന ഭീമമായ നഷ്ടപരിഹാരം കൈക്കലാക്കുകയാണ് ഇവരുടെ ലക്ഷ്യം. സർക്കാർ പ്രോത്സാഹിപ്പിച്ച വിവാഹങ്ങൾ ഇപ്പോൾ സൈനികരുടെ യഥാർത്ഥ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന ഈ തട്ടിപ്പിൽ എത്തിനിൽക്കുന്നു.

ബ്ലാക് വിഡോ (Black Widows). വീര്യമുള്ള വിഷം ചീറ്റുന്ന ചിലന്തികളുണ്ട് ഈ പേരിൽ. പക്ഷേ, റഷ്യയിൽ ബ്ലാക് വിഡോ എന്നുപറഞ്ഞാൽ, സ്ത്രീ ചാവേറുകളാണ്. ചെച്നിയയിലേയും ദാഗേസ്താനിലേയും സംഘർഷ കാലത്ത് ചാവേറുകളായ സ്ത്രീകൾ. ചെചൻ കലാപകാരികളുടെ വിധവകളും സഹോദരിമാരും മക്കളും ചാവേറുകളായിട്ടുണ്ട്. 2002 -ൽ മോസ്കോയിലെ ഒരു തിയേറ്ററിൽ 800 പേരെ ബന്ദികളാക്കിയത് സ്ഫോടക വസ്തുക്കളുള്ള ബെൽറ്റ് ധരിച്ചിരുന്ന ബ്ലാക് വിഡോകളാണ്. 2008 -ലെ ബെസ്ലാൻ സ്കൂൾ ഉപരോധത്തിലും ഉണ്ടായിരുന്നു ബ്ലാക് വിഡോകൾ. 2010 -ലെ മോസ്കോ സബ്‍വേ സ്ഫോടനത്തിലും കോക്കസസ് മേഖലയിലെ സ്ത്രീ ചാവേറുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. വോൾഗോഗ്രാഡിലെ ബസ് സ്ഫോടനത്തിന് പിന്നിലും ദാഗേസ്താനിലെ സ്ത്രീ ചാവേറായിരുന്നു ഇസ്ലാമിക തീവ്രവാദിയുടെ ഭാര്യ. ഇവർ നിരീക്ഷണത്തിലായിരുന്നിട്ടും റഷ്യൻ സുരക്ഷാ സേനാവിഭാഗങ്ങൾക്ക് ആക്രമണം തടുക്കാനായില്ല. പക്ഷേ, ഇപ്പോൾ ബ്ലാക് വിഡോകൾ എന്നറിയപ്പെടുന്നത് ഒരു കൂട്ടം തട്ടിപ്പുകാരാണ്. യുക്രെയ്ൻ യുദ്ധത്തിന് പോകുന്ന സൈനികരെ പറ്റിക്കുന്ന തട്ടിപ്പുകാർ.

സൈനികൻ മരിച്ചാൽ 60 ലക്ഷം രൂപ!

റഷ്യയിലെ സൈനികർ യുദ്ധത്തിനിടെ മരിച്ചുപോയാൽ അടുത്ത ബന്ധുക്കൾക്ക് കിട്ടുന്ന നഷ്ടപരിഹാരം 5 മില്യൻ റൂബിളാണ്. 64,000 ഡോളർ (ഏതാണ്ട് 60 ലക്ഷം രൂപ). അതിനുവേണ്ടിയാണ് തട്ടിപ്പ്. പുതുതായി സൈന്യത്തിൽ ചേരുന്ന ചെറുപ്പക്കാരെയും വിഭാര്യരെയും വലയിലാക്കി വിവാഹം കഴിക്കും മരിക്കുമ്പോൾ നഷ്ടപരിഹാരം കൈക്കലാക്കും. റഷ്യയിൽ ഇത്തരത്തിലെ തട്ടിപ്പുകാരായ സ്ത്രീകളുടെ എണ്ണം കൂടിവരുന്നു. അവരെയാണ് ബ്ലാക് വിഡോസ് എന്നിപ്പോൾ വിളിക്കുന്നത്. ഉറ്റ ബന്ധുക്കൾ, മക്കളോ സഹോദരങ്ങളോ ഈ വിവാഹക്കഥ അറിയുന്നതുതന്നെ സൈനികരുടെ മരണശേഷമായിരിക്കും. അനാഥരാവുന്ന മക്കൾക്ക് ജീവിതം തന്നെ പ്രതിസന്ധിയാവും. കഴിഞ്ഞ വർഷം സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 5 സൈനികരെ അവിടത്തെ ഒരു നഴ്സ്. വിവാഹം കഴിച്ചു. 5 പേരും മരിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.

സർക്കാർ പ്രോത്സാഹിച്ച വിവാഹങ്ങൾ

യുക്രെയ്ൻ അധിനിവേശം തുടങ്ങിയപ്പോൾ, പുതുതായി സൈന്യത്തിൽ അംഗങ്ങളാകുന്നവരുടെ വിവാഹം പ്രോത്സാഹിപ്പിച്ചിരുന്നു ക്രെംലിൻ. ബന്ധുക്കളുടെ എതിർപ്പിനുള്ള പരിഹാരം, വരുമാനമാർഗം ഇതൊക്കെ കാരണമായിരുന്നിരിക്കാം. ജനസംഖ്യ കുറയുന്നതിനുള്ള പരിഹാരവുമായി. യാഥാസ്ഥിതിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസിഡന്‍റ് എന്ന പുടിന്‍റെ പ്രതിഛായ മറ്റൊന്ന്. നോട്ടീസ് കാലാവധിയൊക്കെ റദ്ദാക്കി, ഉദ്യോഗസ്ഥരും പ്രോത്സാഹിപ്പിച്ചു. സമൂഹ വിവാഹച്ചടങ്ങുകൾ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഇതൊക്കെ ഇപ്പോളെത്തിനിൽക്കുന്നത് തട്ടിപ്പിലാണ്. ഒരു പോഡ്കാസ്റ്റിൽ ഇത് പരസ്യമായി പറയുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് ഏജന്‍റ് എന്നാണ് സിഎൻഎൻ റിപ്പോർട്ട്.

കുറ്റവും ശിക്ഷയും, പക്ഷേ...

അപ്പാർട്ട്മെന്‍റ് വാങ്ങാൻ പണമെവിടെ എന്ന് ചോദിച്ച ആതിഥേയയോട് അതിഥിയായ സ്ത്രീ പറഞ്ഞത് യുക്രെയ്ൻ യുദ്ധത്തിന് പോകുന്ന സൈനികനെ കണ്ടെത്തി വിവാഹം കഴിക്കൂ, മരിച്ചാൽ പണം കിട്ടും. ഒരു സാധാരണ അപ്പാർട്ട്മെന്‍റ് വാങ്ങാൻ അതുമതി എന്നാണ്. രണ്ടുപേരെയും പ്രോസിക്യൂട്ട് ചെയ്തു. ശിക്ഷയും കിട്ടി. സൈനികരോടും കുടുംബങ്ങളോടും മാപ്പും ചോദിപ്പിച്ചു. പക്ഷേ, തട്ടിപ്പ് ഇല്ലാതായിട്ടില്ല. കോടതിയിൽ കേസുകളുണ്ട്, ഇത്തരത്തിലെ ഭാര്യമാരും സൈനികരുടെ കുടുംബാംഗങ്ങളും തമ്മിൽ. മുന്നണിയിലേക്ക് പോയ മകൻ, ഓൺലൈനിൽ പരിചയപ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചിരുന്നു എന്നറിയാത്ത അമ്മമാരുണ്ട് കൂട്ടത്തിൽ. പക്ഷേ, ഞെട്ടിക്കുന്നത് മറ്റൊന്നാണ്. റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും കൂടി അറിഞ്ഞുകൊണ്ട് ഇത്തരത്തിൽ വിവാഹങ്ങൾ നടക്കുന്നുവെന്ന് സിഎൻഎൻ പറയുന്നു.

തുടരുന്ന യുദ്ധം, ലാഭം തേടുന്ന ഉദ്യോഗസ്ഥർ

സ്ത്രീകളുമായി ചേർന്ന് ഗൂഢാലോചന നടത്തി, വിവാഹം നടത്തിക്കൊടുത്ത ശേഷം, സൈനികരെ ഏറ്റവും അപകടം പിടിച്ച മുന്നണിയിലേക്ക് അയക്കും. മരിക്കുമ്പോൾ കിട്ടുന്ന നഷ്ടപരിഹാരത്തിന്‍റെ ഒരു വീതം അവർക്കും കൊടുക്കണമെന്ന കരാറിൻമേൽ. രാജ്യത്തിന്‍റെ കിഴക്ക് ഇത്തരത്തിൽ മൂന്ന് സൈനികോദ്യോഗസ്ഥർ അറസ്റ്റിലായിരുന്നു. അനാഥരെ കണ്ടുപിടിച്ച് സൈന്യത്തിൽ ചേർക്കും, വിവാഹം കഴിപ്പിക്കും, യുദ്ധത്തിനയക്കും, പണം പങ്കിട്ടെടുക്കും. നാല് വർഷത്തെ യുദ്ധം ജനങ്ങളെ എത്രമാത്രം ബാധിക്കുന്നു എന്നതിന്‍റെ തെളിവായും പലരും ഇത് ഉന്നയിക്കുന്നുണ്ട്. സമ്പദ്‍രംഗം നല്ല അവസ്ഥയിലല്ല. മരിച്ചുവീഴുന്ന മനുഷ്യർ കൂടിവരുന്നു. ഇതൊക്കെകൂടിയാവാം തട്ടിപ്പുകളും കൂടുന്നതിന് കാരണമെന്നാണ് മറ്റൊരു നിഗമനം.