വന്നു, കണ്ടു, തിരിച്ച് പോയി; അതിലപ്പുറം, ഒന്നുമാകാതെ രണ്ട് വൻശക്തികളുടെ കൂടിക്കാഴ്ച

Published : May 18, 2026, 06:02 PM IST
Trump's Chinese Visit

Synopsis

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ ചൈന സന്ദർശനം ഇറാൻ, തായ്‌വാൻ വിഷയങ്ങളിൽ കാര്യമായ പുരോഗതി നേടിയില്ല. ഇറാൻ സംഘർഷത്തിൽ ചൈനയുടെ ഇടപെടൽ പ്രതീക്ഷിച്ചെങ്കിലും സംയുക്ത ധാരണകളൊന്നും ഉണ്ടായില്ല. കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് 'ത്യൂസിഡിഡീസിന്‍റെ കെണി' എന്ന പ്രയോഗത്തിലൂടെ അമേരിക്കയ്ക്ക് നൽകിയ മുന്നറിയിപ്പ്… വായിക്കാം.  

 

മാധാനത്തിനുള്ള നൊബേൽ സമ്മാനം ആഗ്രഹിക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് ലോക സമാധാനം തന്നെ അട്ടിമറിച്ചു എന്നാണിപ്പോഴത്തെ ആരോപണം. സമാധാനം മാത്രമല്ല, സാമ്പത്തിക സ്ഥിരതയും വിതരണ ശൃംഖലകളും അട്ടിമറിച്ചു. യുദ്ധങ്ങൾ തിരസ്കരിച്ച പ്രസിഡന്‍റ് തുടങ്ങിവച്ചത് അവസാനിക്കാത്ത യുദ്ധം. ഇസ്രയേലിന്‍റെ സ്വാധീനത്തിൽ പെട്ടിട്ടാണെങ്കിലും ഇതുവരെ ഒരു അമേരിക്കൻ പ്രസിഡന്‍റുമാർക്കും പറ്റിയിട്ടില്ലാത്ത അബദ്ധം. ഇറാൻ കൈപ്പിടിയിലൊതുക്കിയ ഹോർമൂസ് എങ്ങനെ മോചിപ്പിക്കണമെന്ന് ഇപ്പോൾ ആർക്കും നിശ്ചയമില്ല. '20 വർഷത്തെക്കെങ്കിലും യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കൂ' എന്നാവശ്യപ്പെട്ടിരിക്കയാണ് ഡോണൾഡ് ട്രംപ്. ആദ്യമായാണ് പ്രസിഡന്‍റ് തന്നെ സമയപരിധി നിശ്ചയിക്കുന്നത്. എക്കാലത്തേക്കും അവസാനിപ്പിക്കണം എന്നായിരുന്നു ഇതുവരെയുള്ള ആവശ്യം.

ഇറാൻ

മുമ്പ് പലസ്തീൻ - ഇസ്രയേൽ സംഘർഷമാണ് പശ്ചിമേഷ്യയേയും ഗൾഫ് അറബ് രാജ്യങ്ങളേയും അലോസരപ്പെടുത്തിയിരുന്നത്. ഇന്ന് ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും അവരുടെ ഉറക്കം കെടുത്തുന്നു. മുൻ പ്രസിഡന്‍റ് ബരാക് ഒബാമയുടെ കാലത്ത് ഒപ്പിട്ട ആണവകരാറിൽ നിന്ന് ട്രംപ് സർക്കാർ പിൻമാറിയത്, അതിൽ ചില നിയന്ത്രണങ്ങൾക്കുണ്ടായിരുന്ന സമയപരിധി കാരണമാണ്. ഇപ്പോൾ അതേ വഴിക്ക് തന്നെ ട്രംപും നീങ്ങുന്നുവെന്നത് വിരോധാഭാസം. ഗാസയിൽ പിന്നെയും പിടിമുറുക്കുന്നു ഹമാസ്. ഇസ്രയേൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്നു. അനിശ്ചിതാവസ്ഥയും ദുരിതവും ഗാസയിലെ ജനത്തിന് ജീവിതത്തിന്‍റെ താളമായി മാറിയിരിക്കുന്നു. അതിനിടെ അമേരിക്കയിലെ ഗ്യാസ് സ്റ്റേഷനുകളിലെ സിസ്റ്റം ഇറാൻ ഹാക്ക് ചെയ്തുവെന്ന് സംശയമുണ്ട്. പല സംസ്ഥാനങ്ങളിലെയും സിസ്റ്റം ഹാക്ക് ചെയ്തതോടെ ഡിസ്പ്ലേ വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അതിനിടെയിലാണ് ട്രംപ് ചൈനയിലെത്തിയത്. പക്ഷേ, ഇറാൻ സംഘ‍ർഷത്തിൽ പ്രതീക്ഷിച്ച പരിഹാരമൊന്നും ഉണ്ടായില്ല.

തീരുമാനമൊന്നുമില്ലാതെ മടക്കം

അമേരിക്കൻ പ്രസിഡന്‍റ് ചൈനയിൽ നിന്ന് മടങ്ങിയത് പ്രത്യേകിച്ച് തീരുമാനങ്ങളൊന്നുമില്ലാതെയാണ്. ഇറാനിലോ, തായ്‍വാനിലോ തീരുമാനങ്ങളില്ല. സംയുക്ത ധാരണകളില്ല. ട്രംപ് ഇഷ്ടപ്പെടുന്ന രീതിയിൽ അദ്ദേഹത്തെ കേന്ദ്രബിന്ദുവാക്കിയുള്ള ആഘോഷം ഉണ്ടായി. അമേരിക്കയെ 'ക്ഷയിക്കുന്ന ശക്തി' എന്ന് ഷീ ജിങ്പിങ് വിശേഷിപ്പിച്ചോ എന്നായി സംശയം. ട്രംപിന്‍റെ ട്വീറ്റ് തന്നെയാണ് കാരണം. അതല്ല, 'ത്യൂസിഡിഡീസിന്‍റെ കെണി' (Thyucididies Trap) എന്ന് പറഞ്ഞുള്ളൂ ഷീ എന്നാണ് അന്തിമ നിഗമനം. എന്തായാലും ഷോ ബിസിനസ് മാത്രമാക്കി, ഷീ ട്രംപിനെ മടക്കിയയച്ചു. അതാണ് രക്ന ചുരുക്കം. എങ്കിലും അസ്ഥിരമായിരുന്ന, ഇടക്കിടെ പൊട്ടിത്തെറികളുണ്ടായിരുന്ന ബന്ധം ഒന്ന് സ്ഥിരപ്പെട്ടുവെന്നും പറയാം. എത്രനാളത്തേക്ക് എന്ന് വ്യക്തമല്ലെങ്കിലും. പക്ഷേ, സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ പ്രസിഡന്‍റ് തായ്‍വാനോട് സ്വാതന്ത്ര്യ പ്രഖ്യാപനം വേണ്ട എന്ന് പറഞ്ഞു. ചൈനയും തായ്‍വാനും സ്വയം നിയന്ത്രിക്കണം. ഇനിയൊരു യുദ്ധം വേണ്ട. അമേരിക്കയ്ക്കും ചൈനയ്ക്കുമിടയിലെ ഏറ്റവും പ്രധാന വിഷയം തായ്‍വാനാണ് എന്നും ട്രംപ് പറഞ്ഞു. തായ്‍വാനിൽ തൊട്ടുള്ള കളി വേണ്ടെന്ന ഷീയുടെ മുന്നറിയിപ്പാണോ പ്രസിഡന്‍റിന്‍റെ വാക്കുകൾക്ക് പിന്നിലെന്ന സംശയം ന്യായം. അതുതന്നെയാവണം കാരണം എന്നേ തൽകാലം വിചാരിക്കാൻ പറ്റൂ.

വൻ പ്രതീക്ഷകൾ, പക്ഷേ...

ഇറാനിലെ സംഘർഷത്തിൽ ചൈനയുടെ ഇടപെടൽ, ഹോർമൂസിലെ അനിശ്ചിതത്വം അവസാനിപ്പിക്കൽ ഒക്കെയായിരുന്നു ലോകത്തിന്‍റെ പ്രതീക്ഷ. പക്ഷേ, ഒന്നുമുണ്ടായില്ല. പ്രധാന വിഷയങ്ങളിലൊന്നും ധാരണകളേ ഉണ്ടായില്ല. പ്രശ്നങ്ങൾ പലതും അവസാനിപ്പിച്ചു എന്നാണ് അമേരിക്കൻ പ്രസിഡന്‍റ് അറിയിച്ചത്. ഇറാൻ സംഘർഷം തന്നെയായിരുന്നു പ്രധാന ചർച്ചാ വിഷയം. പക്ഷേ, ധാരണകളില്ല. ഹോർമൂസ് തുറന്നിരിക്കേണ്ടത് ആവശ്യമെന്ന് ഷീയും സമ്മതിച്ചു. ഇറാൻ ആണവായുധം നിർമ്മിക്കാൻ പാടില്ലെന്നും സമ്മതിച്ചു. ഇറാന്‍റെ എണ്ണ വാങ്ങുന്നതിൽ ചൈനക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിക്കാൻ ആലോചിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. ചൈനക്ക് നേട്ടം. സമാധാന ചർച്ചകൾക്കായി എന്തുവേണമെങ്കിലും ചെയ്യാമെന്നാണ് ഷീ നൽകിയിരിക്കുന്ന ഉറപ്പ്. ഇടപെടൽ ഏതുതരത്തിൽ, എങ്ങനെ എന്ന് ഇപ്പോൾ വ്യക്തമല്ലെങ്കിലും സ്വീകാര്യമെന്ന് ഇറാനും അറിയിച്ചത് ആശ്വാസം. പാകിസ്ഥാന്‍റെ മധ്യസ്ഥ ശ്രമം വിജയിക്കാത്തത് അമേരിക്കയുടെ നിലപാടുകൾ കാരണമാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചത്. ഇന്ത്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെയാണ് അരാഗ്ചി നിലപാട് വ്യക്തമാക്കിയത്.

പക്ഷേ, ചൈന ഇറാൻ യുദ്ധത്തിൽ ഏതറ്റം വരെ ഇടപെടുമെന്ന് വ്യക്തമല്ല. അത്തരത്തിൽ വ്യക്തത നേടിയെടുക്കാൻ അമേരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദർശനത്തിനായില്ല. ഇറാനുമായി ശക്തമായ നയതന്ത്ര ബന്ധമുണ്ട് ചൈനക്ക്. ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നതും ചൈനയാണ്. അതുകൊണ്ട് ഹോർമൂസ് തുറന്നിരിക്കേണ്ടത് ചൈനയുടെ ആവശ്യമാണെന്നും അതിനായി ചൈന ഇടപെടുമെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് അവകാശപ്പെട്ടിരുന്നു, ട്രംപിന്‍റെ ചൈന സന്ദർശനത്തിന തൊട്ടുമുമ്പ്. പക്ഷേ, അങ്ങനെയൊരു നീക്കം ചൈനയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന സൂചനകളൊന്നുമില്ല. രണ്ട് തരത്തിലാണ് ട്രംപും വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയും പ്രതികരിച്ചത്. ഇടപെടാമെന്ന് ഷീ സമ്മതിച്ചതായി പ്രസിഡന്‍റ് അറിയിച്ചു. പക്ഷേ, മറിച്ചാണ് റൂബിയോ പറഞ്ഞതെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ചൈനയുടെ സഹായം ചോദിച്ചില്ലെന്നാണ് റൂബിയോ പറഞ്ഞത്.

നയം വ്യക്തമാക്കി ഷീ

സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന രാജ്യങ്ങൾക്ക് ആയുധം നൽകില്ലെന്നതാണ് ചൈനയുടെ നയം. അതുമാത്രം ഷീ വ്യക്തമാക്കി. ആണവായുധം വികസിപ്പിക്കില്ലെന്ന ഇറാന്‍റെ നിലപാട് പിന്തുണയ്ക്കുകയും ചെയ്യുന്നു. യുദ്ധം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തു, ട്രംപിന്‍റെ സന്ദർശന ശേഷമുള്ള പ്രസ്താവനയിൽ.

തായ്‍വാൻ

ചൈനക്ക്, ഇറാന് മേൽ ചെലുത്താൻ കഴിയുന്ന സമ്മർദ്ദത്തിന് പരിധികളുണ്ടെന്ന് ട്രംപും സമ്മതിച്ച പോലെയാണിപ്പോൾ. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന് അതാണ് വ്യക്തമാവുന്നത്.

പിന്നത്തെ വിഷയം തായ്‍വാനായിരുന്നു. ചർച്ച നടന്നു, പ്രത്യേകിച്ച് അമേരിക്ക തായ്‍വാന് ആയുധങ്ങൾ വിൽക്കുന്നതിൽ. ചൈനയെ സംബന്ധിച്ച് നിർണായകമായ വിഷയമാണ് തായ്‍വാൻ. അതിലാണ് ഷീ ട്രംപിനൊരു മുന്നറിയിപ്പ് നൽകിയത്. അതിനിടയിൽ ഷീ ഉപയോഗിച്ച വാക്കാണ് 'ത്യൂസിഡിഡീസ്'(Thyucididies). അത് വിഷയം തന്നെ വേറെയാണ്. പക്ഷേ, അതല്ലാതെ തായ്‍വാനിലും ധാരണകളൊന്നുമില്ല. ചൈന തായ്‍വാനെ ആക്രമിച്ചാൽ പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടിയും പറഞ്ഞില്ല. ഷീയും തന്നോട് ഇതേ ചോദ്യം ചോദിച്ചുവെന്നും, ഉത്തരം അറിയാവുന്ന ഒരേ ഒരാൾ താനാണെന്നുമായിരുന്നു ഉത്തരം. ചുരുക്കത്തിൽ ഷീ ഉദ്ദേശിച്ചത്, സൗഹൃദമാവാം പക്ഷേ, തായ്‍വാനിൽ തൊടരുത് എന്നാണെന്ന് വ്യക്തം. തായ്‍വാൻ തങ്ങളുടേത് എന്നാണ് ചൈനയുടെ പ്രഖ്യാപിത നിലപാട്. ഏകീകരണത്തിന് വേണ്ടി വന്നാൽ സൈനിക നടപടി ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. അതിനിടയിലാണ് അമേരിക്കയുടെ ആയുധ വിൽപന. ഔദ്യോഗിക നയതന്ത്ര ബന്ധമില്ല അമേരിക്കയും തായ്‍വാനുമായി. പക്ഷേ, അനൗദ്യോഗിക ബന്ധം സംശയത്തോടെയാണ് ചൈന കാണുന്നത്. ഇപ്പോഴത്തെ കൂടിക്കാഴ്ചക്ക് ശേഷവും അമേരിക്കയുടെ നിലപാട് മാറിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ട്രംപിന്‍റെ വാക്കുകളിൽ അത്ര വ്യക്തതയില്ലെങ്കിലും.

ചുങ്കം

ചർച്ച നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മറ്റൊരു വിഷയം ചുങ്കമാണ്. അതിൽ ചർച്ചയുണ്ടായില്ലെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് വിശദീകരിച്ചത്. അവർ ചുങ്കം അടക്കുന്നുണ്ടല്ലോ, ചർച്ചയുടെ ആവശ്യമില്ലല്ലോ എന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം നടന്ന ചർച്ചകളെത്തുടർന്ന് ട്രംപ് ചൈനക്ക് മേലുള്ള ചുങ്കം 47 ശതമാനമാക്കി കുറച്ചിരുന്നു. അമേരിക്കൻ സുപ്രീംകോടതി അടുത്തിടയ്ക്കാണ് ട്രംപ് ചുമത്തിയ ചുങ്കങ്ങൾ പലതും റദ്ദാക്കിയതും.

ഷീയെ കണ്ടപ്പോൾ കവാത്ത് മറന്ന ട്രംപ്

അതേസമയം പതിവുപോലെ ശക്തരായ നേതാക്കളെ കാണുമ്പോൾ ലക്ഷ്യം മറക്കുന്ന രീതി ട്രംപ് ഇത്തവണയും ആവർത്തിച്ചുവെന്നാണ് വിമർശനം. ആരാധനയോടെയാണ്, 'ലോകത്തെ ശക്തരായ നേതാക്കളിൽ ഒരാൾ' എന്നൊക്കെ ഷീയെ വിശേഷിപ്പിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വന്തം അജണ്ടകൾ മുന്നോട്ടുവയ്ക്കാനും ട്രംപ് ചൈന സന്ദർശനം ഉപയോഗിച്ചു. ചൈനയിലെ പ്രൗഢഗംഭീരമായ വേദി പോലെയൊന്ന് അമേരിക്കയിലും അത്യാവശ്യം. താൻ പുതുതായി നിർമ്മിക്കുന്ന വൈറ്റ് ഹൗസ് ബോൾ റൂം അതിന് തുല്യമാകും എന്നായിരുന്നു മറ്റൊരു പോസ്റ്റ്. ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്ന രണ്ട് രാഷ്ട്ര മേധാവികൾ തമ്മിലെ സന്ദർശനം ഒരു ബോൾ റൂമിലേക്ക് ചുരുങ്ങിപ്പോയി. വ്യാപാര കാര്യങ്ങളിൽ ചില ധാരണകൾ ഉണ്ടായി എന്നാണ് റിപ്പോർട്ട്. പക്ഷേ, ചൈന ഒന്നും സ്ഥിരീകരിച്ചിട്ടില്ല, അതുകൊണ്ട് ഉറപ്പുമില്ല.

ഊർജത്തിലാവും ഒരു ധാരണ. കാർഷികോൽപ്പന്നങ്ങൾ കൂടുതൽ വാങ്ങാൻ ചൈന സമ്മതിച്ചുവെന്നാണ് വ്യാപാര പ്രതിനിധി അറിയിച്ചത്. ബീഫ് വാങ്ങുന്നതിലെ ലൈസൻസ് പുതുക്കി എന്നും അറിയിച്ചു. 200 ബോയിംഗ് ജെറ്റുകൾ വാങ്ങാൻ ധാരണയായി എന്നാണ് ട്രംപ് അറിയിച്ചത്. പക്ഷേ, ഇതൊന്നും ചൈന സ്ഥിരീകരിച്ചിട്ടില്ല.

ഒപ്പം പോയ ബിസിനസുകാർ

അമേരിക്കൻ പ്രസിഡന്‍റിനൊപ്പം ബീജിംഗിലെത്തിയ കമ്പനി സിഇഒമാരുടെ പട്ടികയിൽ അവസാന നിമിഷം വരെ മാറ്റങ്ങൾ വന്നിരുന്നു. ടെസ്ല സിഇഒ ഇലോൺ മസ്ക്, ആപ്പിൾ സിഇഒ ടിം കുക്ക്, ഗോൾഡ്മാൻ സാക്സ് സിഇഒ ഡേവിഡ് സോളമൻ, ബോയിംഗ് സിഇഒ കെല്ലി ഓർട്ട്ബർഗ്, അങ്ങനെ വലിയൊരു ലിസ്റ്റ്. പക്ഷേ, പോകുന്ന വഴി എയർ ഫോഴ്‌സ് വൺ അലാസ്കയിൽ നിർത്തി, അവസാനത്തെ ആളെ കയറ്റാൻ. എൻവീഡിയ മേധാവി ജെൻസൻ ഹുവാങ്. ഇവർക്കെല്ലാം ചൈനയിലുള്ള താൽപര്യം ഏതാണ്ടൊരേ കാര്യങ്ങളാണ്.

കയറ്റുമതിയും ഇറക്കുമതിയും സുഗമമാവണം, നിർമ്മാണ ആസ്ഥാനമാകുന്നതിലും താൽപര്യം. അപൂർവധാതുക്കളാണ് മറ്റൊരു പ്രധാന താൽപര്യം. കഴിഞ്ഞ വർഷമാണ് ചൈന ഏഴ് അപൂർവധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്തിയത്. കൂടുതൽ ധാതുക്കൾക്ക് നിയന്ത്രണം ബാധകമാകും എന്നറിയിക്കുകയും ചെയ്തു. പിന്നീട് ട്രംപുമായുണ്ടായ ധാരണയോടെയാണ് ആ തീരുമാനം തൽകാലം നിർത്തിവച്ചത്. മസ്കിന് സോളാർ പാനലുകൾ വേണം. ചൈനയിൽ ടെസ്ലയ്ക്കുള്ള ചില നിയന്ത്രണങ്ങളും മാറിക്കിട്ടണം. ആപ്പിളിന് ചൈനയിലെ ഫാക്ടറികളിലാണ് താൽപര്യം. നിവീഡിയയ്ക്ക് ചിപ്പുകൾ വിൽക്കണം. എഐ വിപണിയാണ് ലക്ഷ്യം. എല്ലാവരുടെയും ലക്ഷ്യം ബിസിനസ് വികസനം തന്നെ. അമേരിക്കൻ കമ്പനികൾക്ക് ചൈനീസ് വിപണി തുറന്ന് കിട്ടുകയെന്നതാണ് ട്രംപിന്‍റെ ആവശ്യം. എത്രമാത്രം ഫലം കണ്ടു, പ്രതീക്ഷകൾ എന്തൊക്കെ എന്ന് മാത്രം ഇപ്പോൾ വ്യക്തമല്ല. എന്തായാലും ജെൻസൻ ഹുവാങ് നയതന്ത്ര ചർച്ചകൾ കളഞ്ഞിട്ട് ചൈനീസ് സ്ട്രീറ്റ് ഫുഡ് ആസ്വദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തെളിവായി ദൃശ്യങ്ങളും പ്രചരിക്കുന്നു സോഷ്യൽ മീഡിയയിൽ. ഹുവാങ് ജനിച്ചത് തായ്‍വാനിലാണ്. പഠിച്ചതും വളർന്നതും അമേരിക്കയിലും. ഇപ്പോൾ അമേരിക്കൻ പൗരൻ.

'ത്യൂസിഡിഡീസിന്‍റെ കെണി'

ചൈനീസ് പ്രസിഡന്‍റ് പ്രയോഗിച്ച ഒരു വാക്കിൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ വിശകലനങ്ങൾ. 'ത്യൂസിഡിഡീസിന്‍റെ കെണി' (Thyucididies Trap). ചൈനയും അമേരിക്കയും വീഴാൻ സാധ്യതയുള്ള കെണി. അത് മറികടക്കണം എന്നാണ് ഷീ പറഞ്ഞത്. എന്താണീ ത്യൂസിഡിഡീസിന്‍റെ കെണി. രണ്ട് രാജ്യങ്ങൾ തമ്മിലെ ബന്ധത്തെ മാത്രമല്ല അത് സൂചിപ്പിക്കുന്നത്, ചൈനയുടെ ശക്തിയെക്കുറിച്ച് കൂടിയാണ്. അതിൽ ഷീക്കുള്ള ആത്മവിശ്വാസവും അമേരിക്കക്കുള്ള മുന്നറിയിപ്പും കൂടിയാണ്.

കൂടിക്കാഴ്ചക്കിടെയാണ് ത്യൂസിഡിഡീസിന്‍റെ കെണി എന്ന വാക്ക് ഷീ പ്രയോഗിച്ചത്. തായ്‍വാനായിരുന്നു വിഷയം. സംഘർഷങ്ങൾ നിറഞ്ഞ ലോകത്ത്, രണ്ട് ശക്തികൾ തമ്മിൽ നേർക്കുനേർ നിന്ന് യുദ്ധം അല്ലെങ്കിൽ ശത്രുത വേണ്ട, സഹകരണമാണ് വേണ്ടത് എന്ന് പറഞ്ഞതിനൊപ്പമാണ് 'ത്യൂസിഡിഡീസിന്‍റെ കെണി' എന്ന് ഷീ പരാമർശിച്ചത്.

ത്യൂസിഡിഡീസ്

പുരാതന അഥീനിയൻ സൈനിക ജനറലായിരുന്നു ത്യൂസിഡിഡീസ്. പെലോപ്പൊന്നേഷ്യൻ യുദ്ധ(Peloponnesian War) -യുദ്ധത്തെക്കുറിച്ചെഴുതിയത് ത്യൂസിഡിഡീസ് ആണ്. ലോകത്ത് ആദ്യം എഴുതപ്പെട്ട സൈനിക ചരിത്രങ്ങളിലൊന്ന്. പുരാതന സാമ്രാജ്യങ്ങളായ ആഥൻസും സ്പാർട്ടയും തമ്മിലെ യുദ്ധത്തെക്കുറിച്ചെഴുതിയ പുസ്തകത്തിൽ ത്യൂസിഡിഡീസ് ഒരു രാഷ്ട്രീയ സിദ്ധാന്തം മുന്നോട്ടുവച്ചു. പെലോപ്പൊന്നേഷ്യൻ യുദ്ധത്തിന് കാരണമായ സിദ്ധാന്തം. അന്ന് വൻശക്തിയായിരുന്ന സ്പാർട്ടയ്ക്ക്, ആഥൻസിന്‍റെ വളർച്ചയിൽ തോന്നിയ ഭയമാണ് യുദ്ധത്തിന് കാരണമായതെന്ന സിദ്ധാന്തം.

ഷീയുടെ മുന്നറിയിപ്പ്

ഹാ‍ർവേഡ് പ്രൊഫസറായ ഗ്രഹാം അലിസൺ (Graham Allison) ആണ് ത്യൂസിഡിഡീസിന്‍റെ കെണി എന്ന വാക്ക് ആധുനിക ജിയോപൊളീറ്റിക്കൽ സാഹചര്യങ്ങൾ വിശദീകരിക്കാൻ ഉപയോഗിച്ച് തുടങ്ങിയത്. അലിസൺ മുന്നോട്ട വച്ച 16 സംഘർഷങ്ങളിൽ 12 ഉം യുദ്ധത്തിലാണ് അവസാനിച്ചത്. അമേരിക്ക - ചൈന ബന്ധത്തെ വിശദീകരിക്കാൻ എന്തുകൊണ്ട് ഷീ ഈ വാക്ക് ഉപയോഗിച്ചുവെന്നത് വ്യക്തം. ഒരു ശക്തിയുടെ വളർച്ചയിൽ നിലവിലുള്ള ശക്തിക്ക് തോന്നുന്ന ഭയം. നിലവിലെ ശക്തി അമേരിക്ക, വളർന്നുവരുന്ന ശക്തി ചൈന. ഇരുവരും തമ്മിൽ മത്സരമാകാം. പക്ഷേ, അത് സംഘർഷത്തിലേക്ക് വഴുതിവീഴാതെ ശ്രദ്ധിക്കണം. അതാണ് ഷീ പറഞ്ഞതിന്‍റെ ചുരുക്കം.

ചൈനയുടെ വളർച്ച നിലവിലെ ആഗോളക്രമം അട്ടിമറിക്കാൻ പാകത്തിലുള്ളതാണ്. അമേരിക്ക ആധിപത്യം സ്ഥാപിച്ചിരുന്ന പല മേഖലകളിലും ഇന്ന് ചൈന വെല്ലുവിളി ഉയർത്തുന്നു.

തിരിച്ചടിച്ച ട്രംപിന്‍റെ മത്സരം

ട്രംപ് അധികാരത്തിൽ വന്നതോടെ ചൈനയുമായി വ്യാപാര രംഗത്ത് നേരിട്ട് ഏറ്റുമുട്ടി. ഉപരോധങ്ങളും താരിഫും ഒക്കെയായി ആധിപത്യം തിരിച്ചു പിടിക്കാനാണ് ട്രംപ് ശ്രമിച്ചത്. പക്ഷേ, എല്ലാം തിരിച്ചടിക്കുകയാണുണ്ടായത്. ഇറാൻ യുദ്ധവും കൂടിയായപ്പോൾ അമേരിക്കയുടെ സ്വാധീന ശക്തിയും ക്ഷയിച്ച് തുടങ്ങിയിരിക്കുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയ്ക്കുണ്ടായിരുന്ന സ്വാധീനത്തിന് തട്ടിയ ഇടിവ് ചെറുതല്ല. പ്രത്യാഘാതങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ. ഇറാനെ തളക്കാനുമായിട്ടില്ല അമേരിക്കയ്ക്ക്. പകരം ഇറാൻ, ഉണ്ടായിരുന്ന ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്‍റ് ചൈനയിലെത്തിയത്. അതും ഇറാനുമായി സൗഹൃദവും സഹകരണവും നിലനിൽക്കുന്ന ചൈനയിൽ. ഇറാൻ യുദ്ധത്തിൽ ചൈനയുടെ സഹായം ആവശ്യമില്ല എന്നൊക്കെ പ്രസിഡന്‍റ് പറഞ്ഞെങ്കിലും.

മുമ്പും ഷീ ത്യൂസിഡിഡീസിന്‍റെ കെണി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ, അങ്ങനെയൊരു തിയറിയില്ല എന്നാണ് അന്ന് പറഞ്ഞതെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. ഇന്ന് പറയുന്നത് അതുണ്ടെന്നും. മുന്നറിയിപ്പ് മാത്രമല്ല, ഇപ്പോൾ ഈ വാക്പ്രയോഗത്തിന് പിന്നിൽ. മറ്റൊന്ന് കൂടിയുണ്ട്. ഇന്ന് അമേരിക്കക്കൊപ്പമാണ് ചൈന. അതും വെല്ലുവിളിക്കാൻ പാകത്തിൽ വളർന്നിരിക്കുന്നു എന്ന ധ്വനി. ഈ വാക്ക് ഷീ പ്രയോഗിക്കുന്നത് യുദ്ധം ഒഴിവാക്കുക എന്ന അർത്ഥത്തിലാണ്. പക്ഷേ, എല്ലാവർക്കും അത് നൽകുന്ന സൂചന ഒന്നല്ല. യുദ്ധം അനിവാര്യമെന്ന് അർത്ഥമില്ലേയെന്നാണ് മറുചോദ്യം.

 

PREV
Read more Articles on
click me!

Recommended Stories

മറവിയുടെ പാട്ടില്‍ ഓര്‍മ്മയുടെ തിരയിളക്കം; അവളിലിപ്പോഴും ജീവിക്കുന്ന അയാള്‍!
'കിടക്ക പങ്കിടുമ്പോലെയാണ് ഞാനീ കൊലപാതകങ്ങള്‍ ആസ്വദിക്കുന്നത്', 21 കൊലകള്‍ക്ക് ശേഷം അയാള്‍ പറഞ്ഞത്!