വിഷം കുത്തിവച്ചത് രണ്ട് തവണ, പക്ഷേ മരണമില്ലാതെ ക്രിസ്റ്റ് പൈക്! 18 -ൽ ചെയ്ത കൊലപാതകത്തിന് 50 -ാം വയസിൽ വധശിക്ഷ

Published : Oct 06, 2026, 04:14 PM IST
Christa Pike

Synopsis

അമേരിക്കയിലെ ടെന്നസിയിൽ 200 വർഷത്തിനുശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ സ്ത്രീയായ ക്രിസ്റ്റ് പൈക് രണ്ട് തവണ വിഷം കുത്തിവച്ചിട്ടും മരിക്കാത്തതിനെ തുടർന്ന് ഇപ്പോൾ ആശുപത്രിയിലായി. 1995-ൽ പതിനെട്ടാം വയസ്സിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കോളീൻ സ്ലെമ്മർ എന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതിനാണ് അൻപതുകാരിയായ ഇവർക്ക് കോടതി വധശിക്ഷ നൽകിയത്.

200 വർഷത്തിനുശേഷം ആദ്യമായി വധശിക്ഷിക്ക് വിധിക്കപ്പെട്ട സ്ത്രീ. പക്ഷേ, രണ്ട് തവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല. അതോടെ ആശുപത്രിയിലാക്കി. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. ക്രിസ്റ്റ് പൈക് എന്ന 50 -കാരിയാണ് സ്ത്രീയാണ് എല്ലാവരേയും അമ്പരപ്പിച്ച് കൊണ്ട് കൂർക്കം വലിച്ചത്. ടെന്നസിയിൽ ഇതാദ്യത്തെ സംഭവമല്ലെന്നത് മറ്റൊരു വസ്തുത. വേറെയും പല സംസ്ഥാനങ്ങളിൽ ഇത് സംഭവിച്ചിട്ടുണ്ട്.

അതിക്രൂര കൊലപാതകം, 18 -ാം വയസിൽ!

1995 -ൽ 18 -കാരിയായിരുന്ന ക്രിസ്റ്റ് പൈക്കും 17 -കാരൻ ആൺസുഹൃത്ത് ടഡാറിൽ ഷിപ്പും ഇവരുടെ സുഹൃത്ത് ഷാഡോല്ല പീറ്റർസണും ചേർന്ന് 19 -കാരിയായ കോളീൻ സ്ലെമ്മറിനെ കൊന്നതാണ് കേസ്. മൂന്നുപേരും തൊഴിൽപരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥികളായിരുന്നു. സ്ലെമ്മറിനെ ടെന്നിസി യൂണിവേഴ്സിറ്റിക്കടുത്തുള്ള കാട്ടിലേക്ക് വിളിച്ചുവരുത്തി, മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നത്. ബോക്സ് കട്ടറും ഇറച്ചിക്കത്തിയും ഉപയോഗിച്ച് നെഞ്ചിൽ വരഞ്ഞു. തലയോട്ടിയുടെ ഒരു ഭാഗം മുറിച്ചുമാറ്റി. ആൺസുഹൃത്തിനെ സ്ലെമ്മർ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന സംശയമായിരുന്നു കാരണമെന്നാണ് ക്രിസ്റ്റ പൈകിന്‍റെ കുറ്റസമ്മതം. 1996 -ൽ കുറ്റക്കാരിയെന്ന് കണ്ടെത്തി. വധശിക്ഷയും കിട്ടി. ആൺസുഹൃത്തിന് 18 തികഞ്ഞിട്ടില്ലാത്തതിനാൽ ശിക്ഷയിൽ നിന്ന് ഒഴിവായി. മൂന്നാമത്തെ പ്രതി മാപ്പുസാക്ഷിയായി. ഇരയുടെ നെഞ്ചിൽ വരഞ്ഞ പെന്‍റഗൺ മന്ത്രവാദത്തിന്‍റെ ലക്ഷണമായി വ്യാഖ്യാനിക്കപ്പെട്ടതോടെ കേസിന് പല മുഖങ്ങളുമായി. ഏകാന്തത്തടവായിരുന്നു പൈകിന്.

പീഡനങ്ങളുടെ കുട്ടിക്കാലം

ആദ്യകാലത്ത് പക്ഷേ, അവർ പശ്ചാത്താപം കാണിച്ചിരുന്നില്ല. മൂന്നുവർഷം മുമ്പ് മാത്രമാണ് പൈകിന്‍റെ മാനസികാവസ്ഥ പഠിക്കാൻ പൈകിന്‍റെ അഭിഭാഷകർ സൈത്തോളജിസ്റ്റിനോട് ആവശ്യപ്പെട്ടത്. അപ്പോഴാണ് കുട്ടിക്കാലത്തെ സംഭവങ്ങൾ പുറത്തുവന്നത്. അച്ഛനും അമ്മയും അവഗണിച്ച കുഞ്ഞ്, കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ അമ്മയുടെ ആൺസുഹൃത്തുക്കളും മറ്റ് പല പുരുഷൻമാരും പീഡിപ്പിച്ചു. സ്ലെമ്മറിനെ കൊല്ലുന്നതിന് ഒരു വർഷം മുമ്പ്, 17 വയസുള്ളപ്പോൾ, ആളൊഴിഞ്ഞ തെരുവിൽ വച്ച് ഒരാൾ ബലാത്സംഗം ചെയ്തു. പൊലീസിൽ അറിയിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ല. പ്രതിയെ കണ്ടെത്തിയതേയില്ല. ഇതൊക്കെ നേരത്തെ അറിയുകയും കോടതിയെ അറിയിക്കുകയും ചെയ്തിരുന്നെങ്കിൽ ശിക്ഷയിൽ നിന്ന് ഇളവ് കിട്ടിയേനെയെന്ന് കരുതുന്നു പൈകിന്‍റെ അഭിഭാഷകർ.

മാപ്പില്ലെന്ന് സ്ലെമ്മറിന്‍റെ അമ്മ

ജയിലിലായിരുന്നപ്പോഴാണ് പൈകിന് ബൈപോളാർ ഡിസോർഡർ കണ്ടെത്തിയത്. അതിൽ കൂടുതൽ പരിശോധനയൊന്നും നടന്നിരുന്നുമില്ല. പക്ഷേ, അപ്പോഴും കൊല്ലപ്പെട്ട സ്ലെമ്മറിന്‍റെ അമ്മ പൈകിന് മാപ്പ് നൽകുന്നില്ല. തന്‍റെ കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് ശരീരം വികൃതമാക്കിയ പൈക് ദയ അർഹിക്കുന്നില്ലെന്നാണ് അവരുടെ വിശ്വാസം. സ്ലെമ്മറിന്‍റെ ശരീരം മെഡിക്കൽ പരിശോധനകൾക്കും തെളിവെടുപ്പിനും ശേഷം പല ഭാഗങ്ങളായി പലപ്പോഴായിട്ടാണ് തനിക്ക് കിട്ടിയതെന്ന് അവരോർക്കുന്നു. അതിനൊന്നും മാപ്പില്ലെന്നും. പൈക് മരിക്കുമ്പോൾ സ്ലെമ്മറിന്‍റെ ചിത്രവുമായി താനവിടെയുണ്ടാകും എന്നുറപ്പിച്ച് പറയുന്നു അവർ.

18 വയസിന്‍റെ ഇളവ്!

കേസ് നീണ്ടുനീണ്ടു പോയിരുന്നു. പല തവണ അപ്പീൽ നൽകിയിട്ടും പൈകിന് ശിക്ഷാ ഇളവ് കിട്ടിയില്ല. ഇരയുടെ നെഞ്ചിൽ പെന്‍റഗൺ വരഞ്ഞത് താനാണെന്ന് പൈകിന്‍റെ സുഹൃത്ത് ഷിപ്പ് മൊഴി നൽകിയിട്ടും പ്രായത്തിന്‍റെ ഇളവിൽ അയാൾ രക്ഷപ്പെട്ടതും അനീതിയായി ചൂണ്ടിക്കാട്ടി പൈകിന്‍റെ അഭിഭാഷകർ. പക്ഷേ, ഫലമുണ്ടായില്ല.

വിഷം കുത്തിവച്ചു, രണ്ട് തവണ പക്ഷേ...

അങ്ങനെ സെപ്തംബർ 30 എന്ന തീയതിയും തീരുമാനിച്ചു. രാവിലെ തീരുമാനിച്ചത് അപ്പീലുകൾ കാരണം വൈകീട്ടേക്ക് മാറ്റി. 6.41 -ന് മാധ്യമപ്രവർത്തകരുൾപ്പടെയുള്ള സാക്ഷികളെ ചേംബറിലെത്തിച്ചു. പൈകിന്‍റെ അവസാന സ്റ്റേറ്റ്മെന്‍റ് 7.26 -ന് . പക്ഷേ, 7.34 -നും പൈക് സംസാരിക്കുകയും ഞരങ്ങുകയും കൂർക്കം വലിക്കുകയും ചെയ്തു. 7.49 -ന് ചേംബർ തുറന്നപ്പോൾ വായ തുറന്ന് കൂർക്കം വലിക്കുകയായിരുന്നു പൈക്. 8.53 ആയപ്പോഴേക്ക് സാക്ഷികളെ പുറത്തേക്ക് കൊണ്ടുപോയി. അതിനിടയ്ക്ക് രണ്ടുതവണ വിഷം കുത്തിവച്ചു. രണ്ടാമതും പരാജയപ്പെട്ടാൽ എന്തുചെയ്യണമെന്നതിൽ പ്രോട്ടോകോളില്ല. അങ്ങനെ പൈക് ആശുപത്രിയിലായി. പെന്‍റോബാർബിറ്റൽ എന്ന സെഡേറ്റിവാണ് പൈകിന് നൽകിയത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന മരുന്ന്. കൂടിയാൽ വിഷം. ബൈഡന്‍റെ കാലത്ത് ഈ മരുന്നുപോയഗിച്ചുള്ള വധശിക്ഷ നിരോധിച്ചതാണ്. പക്ഷേ, ആ നിയമത്തിന് സംസ്ഥാനങ്ങളെ തടയാനാവില്ല.

പരാജയപ്പെടുന്ന വധശിക്ഷകൾ

ടെന്നിസിക്ക് ഇതാദ്യത്തെ സംഭവമല്ല. ഈ വർഷമാദ്യം തന്നെ മറ്റൊരു വധശിക്ഷയും പരാജയപ്പെട്ടിരുന്നു. ടോണി കാറുതേഴ്സ് എന്ന പ്രതി രക്ഷപ്പെട്ടത് വിഷം കുത്തിവയ്ക്കാൻ ഞരമ്പ് കിട്ടാതായതോടെയാണ്. ഐയ്‍ഡഹോയിലും ഇത് സംഭവിച്ചിട്ടുണ്ട്. 2024 -ൽ. ഐവി ലൈൻ കിട്ടാത്തതായിരുന്നു പ്രശ്നം. അലബാമയിൽ പലതവണ സംഭവിച്ചിട്ടുണ്ട്. ഐവി ലൈൻ തന്നെ പ്രശ്നം. പെന്‍റോബാർബിറ്റൽ ഇൻഞ്ചെക്ഷൻ തന്നെ അമേരിക്കയിൽ പതലതവണ പരാജയപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ 27 സംസ്ഥാനങ്ങളിലാണ് വധശിക്ഷ ഇപ്പോഴും നടപ്പിലാക്കുന്നത്. ഫെ‍ഡറൽ സർക്കാർ അതിനുള്ള മൊറട്ടോറിയം പിൻവലിച്ചെങ്കിലും ഇതുവരെ ഫെഡറൽ സർക്കാരിന് കീഴിൽ വധശിക്ഷ നടപ്പായിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഇസ്രയേലിൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആകാശത്തൊരു കത്തിയാക്രമണം, ഉൾപ്പെട്ടത് നാല് രാജ്യങ്ങൾ; അഴിയുമോ ചുരുൾ?
കൂടിക്കാഴ്ചയും നയതന്ത്രവും; ചുവട് പിഴയ്ക്കാതെ ഷീ, അടവ് ഉറയ്ക്കാതെ ട്രംപ്!