വയസ്സ് രണ്ടായിരം, എന്നിട്ടുമിപ്പോഴും ന്യൂജെന്‍; വിദേശി ആണേലും ഇവനെന്‍ മോഹവല്ലി!

By Web TeamFirst Published Feb 28, 2023, 4:36 PM IST
Highlights

'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് നൂഡില്‍സ്! 

അമ്പട! അതെങ്ങനെ അവന്‍ നമ്മുടെ സ്വന്തം ആകും? ആള് ചൈനീസല്ലേ. അതും പോരാഞ്ഞ് പല രാജ്യങ്ങളില്‍ മക്കളും മരുമക്കളുമായി താമസിച്ചോണ്ടിരിക്കുന്ന ആളും. ഇവിടത്തെ കഥയാണെങ്കില്‍, വിദേശത്തുന്നുനിന്നും വണ്ടിയും പിടിച്ചാണ് ഇവനിവിടെ വന്ന് പരിഷ്‌കാരി ചമഞ്ഞു നടക്കുന്നത്! 

 

Also Read : ആരാണ് എനിക്കീ പേരിട്ടത്; ഒരു പാവം കഞ്ഞിയുടെ ആത്മഗതം

Also Read : എന്ന്, ആരുടെയും ഇന്‍ ബോക്‌സില്‍ പോയി ഒലിപ്പിക്കാത്ത ഒരു പാവം കോഴി!

........................

 

മറുനാട്ടില്‍ നിന്നും വന്നു മനസും കൊണ്ട് പോയൊരാളുടെ കഥയാണിത്. വന്നു, കണ്ടു കീഴടക്കി എന്നൊക്കെ പറയുന്നതു പോലെ, മനസ്സു കീഴടക്കിയൊരാളുടെ കഥ. ആള് സിമ്പിളാണ്,  പെര്‍ഫക്ട് ആണ്, ഒപ്പം പവര്‍ഫുളും!  

വല്ല പിടിയും കിട്ടിയോ, ഇല്ലെങ്കില്‍ രണ്ട് ക്ലൂ തരാം. ഒന്നാമത്തേത് ഇതാണ്, ഒരു ഉത്സാഹവും ഇല്ലാതെ ഇരിക്കുമ്പോള്‍ പോലും ഈ പേര് കേട്ടാല്‍ ചിലര്‍ ചാടി തുള്ളി വരും. ഇനി രണ്ടാമത്തെ ക്ലൂ: പരസ്പരം കെട്ടിപ്പിണഞ്ഞ് മടിയനായി കിടക്കുമെങ്കിലും അടുപ്പത്തെത്തുമ്പോള്‍ ആള് ചാടിയണീറ്റു വരും! പേരു കേട്ടാല്‍ ആര്‍ക്കും ക്രഷ് വരും. വായില്‍ വെള്ളമൂറും. ആളാരെന്ന് ശരിക്കും മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. 

എങ്കില്‍ പറയാം, ലോകത്തിന്റെ പാചക പുസ്തകത്തിലെ എണ്ണം പറഞ്ഞ പേപ്പറുകള്‍ ഇവന്റെയാണ്.  ചൈനീസ് മഹാ ഗുരുക്കന്‍മാരുടെ സ്വന്തം ശിഷ്യന്‍! ചുട്ടകോഴിയെ പറപ്പിക്കുന്ന അസ്സല് വെടിച്ചില്ല്! നമ്മുടെ നൂഡില്‍സേയ്...! 

അമ്പട! അതെങ്ങനെ അവന്‍ നമ്മുടെ സ്വന്തം ആകും? ആള് ചൈനീസല്ലേ. അതും പോരാഞ്ഞ് പല രാജ്യങ്ങളില്‍ മക്കളും മരുമക്കളുമായി താമസിച്ചോണ്ടിരിക്കുന്ന ആളും. ഇവിടത്തെ കഥയാണെങ്കില്‍, വിദേശത്തുന്നുനിന്നും വണ്ടിയും പിടിച്ചാണ് ഇവനിവിടെ വന്ന് പരിഷ്‌കാരി ചമഞ്ഞു നടക്കുന്നത്! 

ഇങ്ങനെയൊക്കെ കുരുട്ടു ന്യായങ്ങളും കൊണ്ട് ചൊറിയാന്‍ വരുന്നവരെ പോലും പിടിച്ചു നിര്‍ത്തി ഫാന്‍സ് അസോസിയേഷനില്‍ ചേര്‍ക്കുന്ന ചൈനയിലെ ലാലേട്ടനാണ് മക്കളെ ഇവന്‍! ആരും മയങ്ങിവീഴും ഇവന്റെ മസാല മണത്തില്‍... ഇന്ത്യയില്‍ ഉള്ള രുചികളുടെ ഏഴയലത്തു വരുമോ ഒരു വിദേശ ഭക്ഷണം എന്നൊക്കെ വീമ്പു പറഞ്ഞ ആളുകള്‍ പോലും മൂക്കും കുത്തി വീണ കഥയാണ് താജ് ഹോട്ടലില്‍നിന്നു മുതല്‍ തട്ടുകടയില്‍നിന്നു വരെ ഉയരുന്നത്!  

മനസ്സിലായല്ലോ, ആള് നമ്മുടെ സ്ഫടികത്തിലെ ആടുതോമാ മാതിരി ഇത്തിരി വിശേഷപ്പെട്ട ഇനമാണ്! ഉടുമുണ്ടഴിച്ച് പത്തുനാല്‍പ്പതുപേരെ ഒറ്റയടിക്ക് അടിച്ചുവീഴിക്കാനൊന്നും മിനക്കെടില്ലെങ്കിലും, മുന്നിലിരിക്കുന്നവരുടെ മനസ്സ് മാറ്റിമറിക്കാന്‍ ആളു മിടുക്കനാണ്. 

നൂഡില്‍സ് കഴിച്ചതില്‍ പിന്നെ ആണ്, രാജ്യം വിട്ടു പോയാലും കുഴപ്പമില്ല, ജീവിച്ചു പോകാന്‍ നൂഡില്‍സ് ഉണ്ടല്ലൊ എന്ന തോന്നല്‍ ഉണ്ടായതെന്ന് കവലയില്‍ ചായ കുടിച്ചു കൊണ്ട് നിന്ന ദേഹണ്ണക്കാരന്‍ പീതാംബരന്‍ ചേട്ടന്‍ പോലും പറയുന്നത് കേട്ടത്. പീതാംബരന്‍ ചേട്ടന്‍ ചില്ലറക്കാരനല്ല. രുചികളെ ചൂണ്ടയിട്ടെറിഞ്ഞ് പിടിക്കുന്ന മുതലാണ്. അടുപ്പത്ത് എന്തു വെച്ചാലും സൂപ്പര്‍ എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കും. ആ പീതാംബരന്‍ ചേട്ടനാണ്, ഒറ്റ ശ്വാസത്തിന് നൂഡില്‍സിന്റെ മുന്നില്‍ വീണുപോയത്. 

അല്ലെങ്കില്‍ തന്നെ സദ്യ കഴിഞ്ഞിട്ടല്ലേ നമുക്ക് വേറെ എന്തും ഉള്ളൂ. എന്നാലും, ഇവനെ കണ്ടാല്‍, അപ്പോ തന്നെ ഒരു മുഹബ്ബത്ത് വന്നുകേറും. അറിയാതെ, കവര്‍ പൊട്ടിച്ച് പാത്രത്തിലേക്ക് എടുക്കും. അടുപ്പത്ത് വെച്ച്, നല്ല കിടിലന്‍ നൂഡില്‍സ് ഉണ്ടാക്കിപ്പോവും. അതു തന്നെയാവണം, പുതിയ പിള്ളേരുടെ ഭാഷയില്‍, വന്ന കാലില്‍ നില്‍ക്കാതെ ഒറ്റ വീര്‍പ്പിന് വൈറലായി ഇവന്‍ മാറിയത്. 

തുടക്കത്തില്‍ ചെറിയ വിരോധം കാണിച്ച വീട്ടിലെ പ്രായമായ മുത്തശ്ശിമാര്‍ പോലും, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍, ഹാ കഞ്ഞി ഉണ്ടാക്കി സമയം കളയണ്ട രണ്ട് മിനുട്ടില്‍ നൂഡില്‍സ് ഉണ്ടാക്കാമല്ലോ എന്നു പറയും. അത്രയ്ക്ക് മിടുക്കനാണ് കക്ഷി. ഏതു മുത്തശ്ശിയെയും കറക്കി വീഴ്ത്തുന്ന എന്തോ ഉണ്ട് അവന്റെ കൈയില്‍. സോപ്പിന്റെ പരസ്യത്തില്‍ പറയുന്ന പോലെ, ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കാത്ത നല്ല ചുള്ളന്‍!  വയസ്സ് പത്ത് രണ്ടായിരം കഴിഞ്ഞുവെങ്കിലും കാഴ്ചയ്ക്ക് ന്യൂജെന്‍. 

 

....................

Also Read : ഇഷ്ഖിന്റെ മധുരം കാച്ചി കുറുക്കിയ ചായയുടെ മുഹബത്തിന്റെ കഥ!

Also Read : ആളു പാവമാണേലും അടപ്രഥമന്‍ ചിലപ്പോള്‍ ചെറിയൊരു സൈക്കോ!

Also Read : തൊട്ടാല്‍ ചൊറിയുന്ന ചൊറിയണം, അടുക്കളയില്‍ സൂപ്പര്‍ സ്റ്റാറായി മാറിയ കഥ!

Also Read: പ്ലേറ്റും ചാരിനിന്ന ബീഫ് പഴംപൊരിയുടെ പ്രണയം കവര്‍ന്നെടുത്തവിധം!

..................................

 

നാടന്‍ ഭക്ഷണം കഴിച്ച് ശീലിച്ച അമ്മമാരാവട്ടെ, സ്‌നേഹക്കൂടുതല്‍ കൊണ്ട് കടുക് പൊട്ടിച്ചു മുളകും കറി വേപ്പിലയും ചേര്‍ത്ത് തയാറാകുമ്പോള്‍, ആദ്യം അയ്യോ ഇതെന്താ ഇങ്ങനെ എന്നൊക്കെ തോന്നാറുണ്ടെങ്കിലും, സ്‌നേഹം കൊണ്ടല്ലേ എന്ന് ഓര്‍ക്കുമ്പോള്‍ നൂഡില്‍സു പോലും വെറുതെ ചിരിക്കാറുണ്ട്. വെറുതെ ചിരിക്കുന്നതിന്റെ അര്‍ത്ഥം ഇന്നാട്ടില്‍ വേറെയാണെന്ന് ചിലരൊക്കെ പറയാറുണ്ടെങ്കിലും പുള്ളിക്കാരന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറേ ഇല്ല. ഓരോ നാട്ടിലും ഓരോ സ്വഭാവം എന്നൊക്കെ പഠിക്കാനുള്ള പ്രായമൊക്കെ പുള്ളിക്കാരനായിട്ടുണ്ട്. കാഴ്ചയ്ക്ക് ന്യൂ ജെന്‍ ആണെങ്കിലും, ആവശ്യത്തിന് പക്വതയൊക്കെ ഉണ്ടാ് എന്നാണ് ഇവന്‍ സ്വയം പറയാറുള്ളത്. 

എന്നാലും എന്റെ പുന്നാര നൂഡില്‍സേ നീ  വന്നില്ലായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു! ഹോട്ടലില്‍ പോയാല്‍ മസാല ദോശ മാത്രം കഴിക്കുന്ന പലരും, ഒരു പ്ലേറ്റ് നൂഡില്‍സ് പോരട്ടെ എന്ന് പറയാന്‍ മാത്രം നീ അങ്ങ് വളര്‍ന്നു. പരസ്യക്കാരുടെ തള്ള് പോലെ രണ്ട് മിനുട്ടില്‍ റെഡി ആയില്ലെങ്കിലും ഒരഞ്ച് മിനിറ്റ് കൊണ്ട് ആള്‍ റെഡിയാണ്. ഇനി സമയം ഒരു 10 മിനുട്ട് ആയാലും ഒരു കുഴപ്പവും ഇല്ല, ഒന്ന് കഴിച്ചാല്‍ മതി എന്നൊക്കെ പറയിപ്പിച്ചിട്ടുണ്ട് ഇവന്‍. 

ഇതിപ്പോള്‍ നല്ലതാണോ, അതോ ചീത്തയാണോ എന്നൊക്കെ ഇടയ്ക്ക് ഒരു ചര്‍ച്ച വന്നാലും നൂഡില്‍സിന്റെ തട്ട് താണ് തന്നെ ഇരിക്കു. ഒറിജിനല്‍ നൂഡില്‍സ് അങ്ങ് ദൂരെ വിദേശത്ത് ധാന്യങ്ങള്‍ കൊണ്ടായിരുന്നു ഉണ്ടാക്കിയത്. എന്നാല്‍ ഇപ്പോള്‍ കവറടക്കം ചെയ്ത് നമ്മുടെ മുന്നിലെത്തുന്ന നൂഡില്‍സ് അങ്ങനൊന്നും അല്ല. അതു കൊണ്ട് സ്‌നേഹിച്ചോ പക്ഷെ എല്ലാ ദിവസവും ചെന്ന് പ്രേമിക്കരുതളിയാ എന്നതാണ് നൂഡില്‍സ് തന്നെ പലരോടും പറയാറുള്ളത്. 

ആദ്യമായി നൂഡില്‍സ് വാങ്ങി കൊണ്ട് വന്നു കവര്‍ തുറന്നപ്പോള്‍, ദൈവമേ ഇത്രയും ചുറ്റിപ്പിണഞ്ഞ്  കിടക്കുന്ന ഇവനെ എങ്ങനെ വേവിച്ചു അകത്താക്കും എന്നൊക്കെ ആലോചിച്ചു നിന്നവരുണ്ട്. പിന്നെ കാലം പോയപ്പോള്‍, 'ഒരു കുഴപ്പവുമില്ല, നീ അങ്ങനെ ചുറ്റിപ്പിണഞ്ഞു കിടന്നോ മോനെ , ഞങ്ങള്‍ കഴിച്ചോളാം' എന്നൊക്കെ ആയി മാറി അവരുടെ പറച്ചില്‍. 

അങ്ങനെയൊരു കഥ പറയാനുണ്ട് നമ്മുടെ തട്ടുകടയിലെ ചേട്ടന്. ഒരു ദിവസം നമ്മുടെ ചേട്ടന്‍  തട്ടുകടയില്‍ ഇരിക്കുകയായിരുന്നു. ആളുകളെക്കൊണ്ട് എങ്ങനെ ദോശ കൂടുതല്‍ വാങ്ങിക്കാം എന്ന് ആലോചിച്ചുള്ള ഇരിപ്പ്. അപ്പോഴാണ് മാഗിക്ക് വേണ്ടി കരയുന്ന ഒരു കുഞ്ഞിനെ കണ്ടത്. അതു കഴിക്കുമ്പോള്‍ ഉള്ള കുഞ്ഞിന്റെ സന്തോഷം, ആ പ്ലേറ്റില്‍ നിന്നും കുറച്ചെങ്കിലും കഴിക്കാതെ വയ്യ എന്ന വീട്ടുകാരുടെ സന്തോഷം, ഇതൊക്കെ കണ്ടപ്പോള്‍ ചേട്ടന് ഒരു ഐഡിയ കിട്ടി-നൂഡില്‍സ് ദോശ! ആദ്യമൊക്കെ എന്താ എന്നറിയാന്‍ കഴിച്ചവര്‍, പിന്നെ സ്ഥിരം ഇതാക്കി. കൊള്ളാലോ, വിശപ്പും മാറും സന്തോഷവും കിട്ടും! അങ്ങനെയാണത്രെ നോര്‍ത്ത് ഇന്ത്യ വിട്ട് സൗത്ത് ഇന്ത്യയിലും നൂഡില്‍സ് ദോശ ഹിറ്റ് ആയത്. 

പിന്നൊരു കാര്യം പറയാനുണ്ട്.  അതിവന്റെ സ്വന്തം കഥയാണ്. കണക്കു പ്രകാരം രണ്ടു മൂവായിരം കൊല്ലം മുമ്പുള്ള കഥയാണ്. അങ്ങ് ചൈനയില്‍. ധാന്യങ്ങള്‍ ഒക്കെ സൂക്ഷിക്കാന്‍ ഇപ്പോഴത്തെ പോലെ സൂപ്പര്‍മാര്‍ക്കറ്റ് ഒന്നും ഇല്ലാതിരുന്ന കാലത്ത്, പല ധാന്യങ്ങളും പൊടിച്ചു കനലില്‍ ചുട്ട് ആവശ്യത്തിന് വെള്ളത്തില്‍ പുഴുങ്ങി കഴിക്കുകയായിരുന്നു രീതി. അങ്ങനെയിരിക്കവെയാണത്രെ നൂഡില്‍സ് എന്നൊന്നും പറയാന്‍ ആവില്ലെങ്കിലും നൂഡില്‍സിന്റെ മുതു മുത്തശ്ശന്‍ എന്നൊക്കെ പറയുന്ന ഒരാള്‍ അങ്ങ് ഉണ്ടായിവന്നത്. പിന്നവിടെനിന്നും സമീപ നാടുകളിലേക്ക് അതങ്ങ് പടര്‍ന്നു. അവിടെനിന്നും യൂറോപ്പിലേക്കും. പാസ്ത എന്നൊക്കെ പേരുമായി പുതുമുറക്കാരും പിറന്നുവന്നു. തിന്നവര്‍ തിന്നവര്‍ ആളെ പുകഴ്ത്തിത്തുടങ്ങിയപ്പോഴാണ്, നമ്മളൊയൊക്കെ തേടി ലവന്‍ ഇങ്ങോട്ട് വന്നത്. 

അപ്പോള്‍, അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഒരു കാര്യം ഉറപ്പാണ്. ഇണ പിരിയാതെ കിടക്കുന്ന നൂഡില്‍സ് നമ്മുടെയൊക്കെ ഉള്ളിലും ഇങ്ങനെ കെട്ടു പിണഞ്ഞു പോയിട്ടുണ്ട്. ആരെതിര്‍ത്താലും വിട്ടുപോവാതെ, പുള്ളിക്കാരന്‍ നമ്മളെ ഇങ്ങനെ ചേര്‍ത്തുപിടിച്ചിട്ടുമുണ്ട്. 

..................................

Also Read : കൊച്ചിന്‍ ഹനീഫയായി മയോണൈസ്, ലാലേട്ടനായി തേന്‍, ബാക്ടീരിയയ്ക്ക് പണി കിട്ടുമോ?
Also Read : വാ കീറിയ ദൈവവും വായില്‍ കൊള്ളാത്ത ബര്‍ഗറും

Also Read : പിന്നാലെ കാമുകിമാര്‍, പ്രണയാഭ്യര്‍ത്ഥനകള്‍,ഒടുവില്‍ യൂട്യൂബ് രാജ്യത്തേക്ക് ഒളിച്ചോടിയ പുട്ടും കടലയും!
 

click me!