Asianet News MalayalamAsianet News Malayalam

കൊച്ചിന്‍ ഹനീഫയായി മയോണൈസ്, ലാലേട്ടനായി തേന്‍, ബാക്ടീരിയയ്ക്ക് പണി കിട്ടുമോ?

'ചട്ടീം കലോം പോലെ തട്ടീംമുട്ടീം'. ചിരിയും രുചിയും ഒന്നിച്ചുവരുന്ന ഒരു കോളം. ആശ രാജനാരായണന്‍ എഴുതുന്ന വ്യത്യസ്തമായ പാചകപംക്തിയില്‍ ഇന്ന് മയോണൈസും ബാക്ടീരിയയും
 

Opinion on food by Asha Rajanarayanan
Author
First Published Feb 4, 2023, 2:54 PM IST

അങ്ങനെയിരിക്കവെയാണ് വാര്‍ത്ത വന്നു തുടങ്ങിയത്. മയോണൈസ് കഴിച്ച പലരും ആശുപത്രിയിലാവുന്നു. ആകെ ബഹളമായി. ആളുകള്‍ മയോണൈസിനെ കാണുമ്പോള്‍ ഇത്തിരി പേടിക്കാന്‍ തുടങ്ങി. കാരണമെന്താണ് എന്നറിയാതെ നമ്മുടെ മയോണൈസ് കുഴങ്ങി. അങ്ങനെ മാടമ്പള്ളിയില്‍ ചെന്ന് മഷിയിട്ട്  നോക്കിയപ്പോഴാണ് മാടമ്പള്ളിയിലെ യഥാര്‍ത്ഥ ദുഷ്ടന്‍ ബാക്ടീരിയയാണ് എന്ന നഗ്നസത്യം മയോണൈസ് അറിഞ്ഞത്.

 

Opinion on food by Asha Rajanarayanan

 

മയോണൈസ് എന്ന വന്‍മരം വീണു. കാരണക്കാരനായ ബാക്ടീരിയയെ പരസ്യമായി ഒരുത്തന്‍ വെല്ലുവിളിച്ചു ആരാണത്...?

സ്പെയിനിലെ മഹോന്‍ ദ്വീപിലെ ഒരു പാവം നാട്ടില്‍ നിന്ന് ഇന്ത്യയില്‍ എത്തിയതാണ് മയോണൈസ്. നല്ല രാജകീയ വരവേല്‍പ്പാണ് മാലാഖയെ പോലെ വെളുത്തു തുടുത്ത മയോണൈസിന് കിട്ടിയത്. അവന്റെ ചന്തം കണ്ടാല്‍ തന്നെ മുഖം എടുക്കാന്‍ തോന്നില്ല. അതുകൊണ്ടുതന്നെ പ്രണയികളുടെ എണ്ണം ദിനംപ്രതി കൂടി വന്നു.

മയോണൈസിന്‍റെ ജനനം പച്ചമുട്ടയില്‍ നിന്നാണ് എന്നറിഞ്ഞ കോഴി പോലും ഒന്ന് നോര്‍മല്‍ ആകാന്‍ കുറച്ചു ദിവസം എടുത്തു. മയോണൈസിന്റെ കൂടെ വരുന്ന ചിക്കന്‍പോലും ആദ്യം കരുതിയത് ഇവന്‍ ഒരു സ്പൂണ്‍ തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ കിട്ടണമെങ്കില്‍ അങ്ങ് യൂറോപ്പില്‍ പോകണമെന്നാണ്. എന്നാല്‍, അതായിരുന്നില്ല സത്യം...

മുട്ടയും വെളുത്തുള്ളിയും പാലും എണ്ണയും ഉപ്പും വിനാഗിരിയും-അങ്ങനെയൊക്കെ ചേരുമ്പോള്‍ ആണ് മയോണൈസ് ഉണ്ടായി വരുന്നത്. പക്ഷേ ഒട്ടും വിശപ്പ് തോന്നിപ്പിക്കാത്ത, വലിയ സ്വാദ് ഉണ്ട് എന്ന് എടുത്തു പറയാനില്ലാത്ത വെളുത്ത ഈ സുന്ദരന്‍ ചെറിയ തരംഗം ഒന്നുമല്ല നമ്മുടെ നാട്ടില്‍ വരുത്തിയത്.

അങ്ങനെയുള്ള ശ്യാമ സുന്ദര കേരളത്തില്‍, പെട്ടെന്നൊരു ദിവസമാണ് ഒരു വാര്‍ത്ത വന്നത്, മയോണൈസ് ഇനിയില്ല. എന്തുകൊണ്ട് എന്ന് നിങ്ങള്‍ ചിന്തിച്ചോ? അതിനു പിന്നിലൊരു കഥയുണ്ട്.

തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസമായി മയോണൈസ് അങ്ങനെ വിരിഞ്ഞു നടക്കുന്ന കാലത്താണ് അത് സംഭവിച്ചത്. കഥയിലേക്ക് ഒരു വില്ലന്‍ ചുളുവില്‍ കടന്നുവരികയായിരുന്നു സുഹൃത്തുക്കളെ. അവന്റെ പേരാണ് ബാക്ടീരിയ.

(ബാക്ടീരിയയെക്കുറിച്ച് ഒരു രഹസ്യം ഇനി പറയാം. ഈ ബാക്ടീരിയ എന്ന ഒരുത്തന്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ ലോകത്ത് ഫ്രിഡ്ജ് ഒന്ന് ഒരു വസ്തു പോലും ഉണ്ടാവില്ലായിരുന്നു. ലവന്‍ മനുഷ്യര്‍ക്ക് അസുഖം വരുത്തിയാല്‍ എന്ത് ചെയ്യും, കഴിഞ്ഞില്ലേ!  മയോണൈസ് അല്ല ഇനി ഏത് ഫൈവ് സ്റ്റാര്‍ ഫുഡ് വന്നാലും അവരുടെ കാര്യം പോക്കാ.)

അങ്ങനെയിരിക്കെ ഒരു ദിവസം റോഡില്‍ക്കൂടെ വെറുതെ നടന്നു പോയപ്പോള്‍ മയോണൈസിനോട് ബാക്റ്റീരിയ കൂട്ടുപിടിക്കാന്‍ വന്നു. കണ്ടാല്‍ പാവത്താന്‍. സര്‍വോപരി നിഷ്‌കളങ്കന്‍. പാവം മയോണൈസ് വേഗം അവനോട് കൂട്ടായി. എന്നാല്‍, ഒരിക്കലും മയോണൈസ് അറിഞ്ഞിരുന്നില്ല, ചതിക്കാന്‍ വേണ്ടിയായിരുന്നു ആ പ്രേമമെന്ന്. ആ കൂട്ടുകെട്ട് അങ്ങനെ സിനിമാ സ്‌റ്റൈലില്‍ വളര്‍ന്നുവന്നു. കൂടെയുള്ള ബാക്ടീരിയയുടെ അപകടം മനസ്സിലാക്കാതെ മയോണൈസ് അവനെയും കൂട്ടി സാധാരണ മട്ടില്‍ മനുഷ്യരുടെ ഒപ്പം കൂടാന്‍ തുടങ്ങി. മയോണസിനെയും ചിക്കനെയും കണ്ടുകഴിഞ്ഞാല്‍  ഒന്നും നോക്കാതെ വിശപ്പ് വരുന്ന ആളുകള്‍ എല്ലാവരും ഓടിവന്നു കഴിച്ചു.

അങ്ങനെയിരിക്കവെയാണ് വാര്‍ത്ത വന്നു തുടങ്ങിയത്. മയോണൈസ് കഴിച്ച പലരും ആശുപത്രിയിലാവുന്നു. ആകെ ബഹളമായി. ആളുകള്‍ മയോണൈസിനെ കാണുമ്പോള്‍ ഇത്തിരി പേടിക്കാന്‍ തുടങ്ങി. കാരണമെന്താണ് എന്നറിയാതെ നമ്മുടെ മയോണൈസ് കുഴങ്ങി. അങ്ങനെ മാടമ്പള്ളിയില്‍ ചെന്ന് മഷിയിട്ട്  നോക്കിയപ്പോഴാണ് മാടമ്പള്ളിയിലെ യഥാര്‍ത്ഥ ദുഷ്ടന്‍ ബാക്ടീരിയയാണ് എന്ന നഗ്നസത്യം മയോണൈസ് അറിഞ്ഞത്.

എവിടെയോ കിടന്ന അവനെ കൂട്ടുപിടിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മുമ്പില്‍ മയോണൈസിന് സീരിയലിലെ നായികയെപ്പോലെ വിതുമ്പിക്കൊണ്ട് മാറിനില്‍ക്കാനേ സാധിച്ചുള്ളൂ.

കാര്യങ്ങള്‍ അങ്ങനെയായ സ്ഥിതിക്കാണ് സര്‍ക്കാറിന്‍റെ ഇടപെടല്‍.  ഇനി ഈ കോലത്തില്‍ മയോണൈസ് വേണ്ടെന്ന് സര്‍ക്കാര്‍ കണ്ണുരുട്ടി. മുട്ട ചേരാതിരുന്നാല്‍ ഡ്രാക്കുളയെപ്പോലെ കോമ്പല്ലും ഫിറ്റ് ചെയ്തു വരുന്ന ബാക്ടീയ ആ സ്‌പോട്ടില്‍ തന്നെ ചമ്മിപ്പോവുമെന്ന് അറിഞ്ഞതോടെ മുട്ടയില്ലാത്ത മയോണൈസ് ഉപയോഗിക്കാമെന്നും അറിയിപ്പുണ്ടായി.

ന്യൂസ് ചാനലുകള്‍ അതും ഏറ്റെടുത്തു. സന്തോഷത്തോടുകൂടി അവര്‍ പറഞ്ഞു, 'മോനെ മയോണൈസെ നീ എവിടെയും പോകണ്ട നീ ഇവിടെ ഇരുന്നോ. മുട്ട വേണ്ടാ എന്നേയുള്ളൂ പക്ഷേ നിനക്ക്  മുട്ടയില്ലാതെ ജീവിക്കാം...'

ഒരു പപ്പടത്തിന്‍റെ പേരില്‍ വഴക്കുണ്ടാക്കുന്ന മലയാളി ഒരു ബാക്ടീരിയ വന്നാല്‍ വെറുതെ വെച്ചേക്കുമോ എന്ന് വിചാരിച്ചെങ്കില്‍ തെറ്റി. മലയാളി പൊളിയല്ലേ അങ്ങനെ വിട്ടുകളയോ.  

ചിക്കന്‍റെ കൂടെ തന്നെ കണ്ടില്ലെങ്കില്‍ നാട്ടില്‍ കലാപം ഉണ്ടാവും എന്ന് വിചാരിച്ച മയോണൈസിന് ചെറുതായി ഒന്ന് തെറ്റി. എങ്കിലും, ചിക്കന്‍റെ കൂടെ വേറൊരു രൂപത്തില്‍ നീ വന്നോ എന്ന് പറഞ്ഞ മലയാളിയോട് അവന് വീണ്ടും സ്നേഹം തോന്നിപ്പോയി.

ആരു തടഞ്ഞാലും മൂക്കുമുട്ടെ ഭക്ഷണം കഴിക്കുമെന്ന് പ്രതിജ്ഞ എടുത്ത മനുഷ്യര്‍ക്ക്, അസുഖം വരുമെന്ന് കഴിഞ്ഞാല്‍ ആ ഫുഡിനെ നൈസ് ആയി തഴയാനും അറിയാം. അങ്ങനെ മയോണൈസിനെ ആളുകള്‍ പതുക്കെ അങ്ങ് തേക്കാന്‍ തുടങ്ങി. ഇത് മയോണൈസിന്‍റെ മനസ്സ് ചെറുതായിട്ടൊന്നുമല്ല വേദനിച്ചത്. ഈ കുരുത്തംകെട്ട ബാക്ടീരിയയെ കൊല്ലാന്‍ ആരുമില്ലേ ഈ ലോകത്തെന്ന് പുള്ളി അറിയാതെ ദൈവത്തിനോട് ഒന്ന് ചോദിച്ചു പോയി.

ചിക്കനെയാണ് കൂടുതല്‍ ഇഷ്ടം. അതുകൊണ്ട് തന്നെ ചിക്കനെ വിട്ടുപിരിയുന്നത് കടുത്ത ഡിപ്രഷന്‍ തന്നെ മയോണൈസിന് വരുത്തി. ഉറക്കുഗുളികയും കഴിച്ച് കരഞ്ഞു കലങ്ങിയ കണ്ണുമായി മയോണൈസ് ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇരിക്കുമ്പോള്‍ ഒരാള്‍ വന്നു തോളില്‍ തട്ടി.

'അളിയാ, നിനക്ക് എന്നെ മനസ്സിലായോ? നിന്‍റെ കഥയൊക്കെ ഞാനറിഞ്ഞു. പണികിട്ടിയല്ലേ...'-അപരിചിതന്‍ മയോണൈസിനോട് ചോദിച്ചു.

'അതെ ഞാന്‍ ഇനി എങ്ങോട്ട് പോകും, ആ ബാക്ടീരിയപ്പട്ടി അടുത്ത് കൂടിയപ്പോള്‍ ഇങ്ങനെ പണികിട്ടുമെന്ന് ഞാന്‍ കരുതിയില്ല, ലവനാണ് ചതിയന്‍ ചന്തു. ഫ്രിഡ്ജില്‍ വെച്ചാല്‍ കുഴപ്പമില്ലാതെ ഇരിക്കുന്ന ഞാനാണ്. ഇപ്പോ സീരിയല്‍ കില്ലര്‍! ഇത്രകാലം എന്നെ വാതൊടാതെ വിഴുങ്ങിയ മനുഷ്യരോ, ബാക്ടീരിയയെ  കൊല്ലാന്‍ നോക്കാതെ എന്നെ മാത്രം മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ചേര്‍ത്തു. ഇതെന്ത് ന്യായം!'

അപ്പോള്‍ മറ്റേ ആള്‍ പറഞ്ഞു-'ബാക്ടീരിയ ആണോ നിന്‍റെ പ്രശ്നം! എങ്കില്‍ ഞാനേറ്റു. ഞാന്‍ പ്രേം നസീര്‍. അവന്‍ എന്‍റെ മുന്നില്‍ വെറും ടി ജി രവി...ഇതു സത്യം, സത്യം, സത്യം...'

മയോണൈസ് ഞെട്ടിപ്പോയി! പുള്ളിക്കാരന്‍ തള്ള് തുടര്‍ന്നു.

'എന്‍റെ പേര് നീ കേട്ട് കാണും. തേന്‍! ഈ ലോകത്തും പരലോകത്തും എന്‍റെ അത്ര മധുരമുള്ള മൃദുവായ ആരും തന്നെയില്ല....'
 
മയോണൈസിന് തേനിനെ അത്ഭുതത്തോടെ അല്ലാതെ നോക്കാന്‍ ആയില്ല. പക്ഷേ ആ പറയുന്നതിന്‍റെ ഗുട്ടന്‍സ് മനസ്സിലായില്ല. തേന്‍ തണുപ്പ് ഇഷ്ടപ്പെടാത്തത് കൊണ്ട് ഫ്രിഡ്ജില്‍ ഇരിക്കില്ല എന്നത് സമ്മതിച്ചു. പക്ഷേ, ബാക്ടീരിയ...? അതെങ്ങനെ?

മയോണൈസ് നിന്ന നില്‍പ്പില്‍ പത്തമ്പത് പ്രാവശ്യം ഞെട്ടി.

തേന്‍, ബോളിവുഡ് സിനിമകളിലെ അവസാന സീനുകളില്‍ ഫിലോസഫി വെച്ചുകാച്ചുന്ന ഷാരൂഖ് ഖാന്റെ ലൈനില്‍ കാര്യം പറഞ്ഞുകൊടുത്തു!

'ബാക്ടീരിയ അല്ല, അവന്‍റെപ്പന്‍ അന്തപ്പന്‍ വന്നാലും എന്നെ തൊടാന്‍ ആവില്ല. കാരണമുണ്ട്. ഈ ബാക്ടീരിയയുടെ കുതന്ത്രം എനിക്ക് നേരത്തെ അറിയാം. അതിനാല്‍, ഞാന്‍ പഞ്ചസാരയുടെ എന്ന് തോന്നിപ്പിക്കുന്ന ഒരു  പ്രത്യേകതരം മധുരമാണ് സൂക്ഷിക്കുന്നത്. ഗ്ലൂക്കോസും ഫ്രിക്‌ടോസും ചേരുമ്പോള്‍ ഒട്ടിപ്പിടിക്കുന്നത് കൊണ്ടാണ് ആളുകള്‍ക്ക് ഞാനൊരു മുരടന്‍ ആണെന്ന് തോന്നുന്നത്. ബാക്ടീരിയയില്‍ എന്നേക്കാള്‍ ഉയര്‍ന്ന ജലസാന്ദ്രതയുണ്ട്. ഇതിനര്‍ത്ഥം, എന്നോട് ഇടികൂടാന്‍ വന്നാല്‍ അതിനി ബാക്ടീരിയ, പൂപ്പല്‍, ഫംഗസ്, ഏത് ഊള ആയാലും അവമ്മാരുടെ ജലാശം, ഞാന്‍ വലിച്ചെടുക്കും. സൂക്ഷ്മാണുവിന് ജീവിക്കാനുള്ള ജലാംശം തേനില്‍ ഇല്ല, അങ്ങനെ ബാക്ടീരിയയുടെ അണ്ഡകടാഹം ഞാന്‍ തീര്‍ക്കും.'
 
മയണൈസ് ചുമ്മാ ഒന്നു ഗൂഗിള്‍ ചെയ്തു നോക്കി. തള്ളാണോ എന്നറിയണമല്ലോ.

റിസല്‍റ്റ് വന്നപ്പോള്‍ പുള്ളി നൈസായി വീണ്ടും ഞെട്ടി! സംഗതി സത്യമാണ്, തേന്‍ വല്യ പുള്ളിയാണ്. തേനില്‍ ബാക്ടീരിയ എന്നല്ല ഒന്നിനും നിലനില്‍ക്കാനാവില്ല.

 

ആഹാ അത്രയ്ക്കായോ എന്നായി പിന്നെ മയണൈസ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്‍റെ മുന്നിലൂടെ നെഞ്ചുംവിരിച്ച് നടന്ന് 'എന്നെയും സേതുമാധവനെയും തോല്‍പ്പിക്കാന്‍ ആരുണ്ടെടാ' എന്നു വെല്ലുവിളിക്കുന്ന കൊച്ചിന്‍ ഹനീഫയുടെ ബാധകേറി മയോണൈസിന്.

അതോടെ വന്നു, മയോണൈസിന്‍റെ പഞ്ച് ഡയലോഗ്! 'ചുണയുണ്ടെങ്കി ഇറങ്ങി വാടാ ബാക്ടീരിയപ്പട്ടീ... നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്. എന്നോട് കളിക്കാന്‍ വന്നാല്‍, നിന്റെ അടപ്പു ഞാനൂരും!'

പഞ്ച് ഡയലോഗിന് നോര്‍മലി ഒരു സമയമുണ്ട്. എന്നാല്‍, മലയാള സിനിമയെക്കുറിച്ച് വലിയ പിടിയില്ലാത്ത വരത്തന്‍ മയോണൈസ് അക്കാര്യമറിയാതെ ഫുള്‍ ടൈം പഞ്ച് ഡയലോഗിട്ട് റോഡിലൂടെ നടക്കുകയാണിപ്പോള്‍. ബാക്ടീരിയയെ വെല്ലുവിളിച്ച് ചുമ്മാ തോരാ പാരാ നടക്കുകയാണ് എന്ന് ചിലരൊക്കെ മയോണൈസിനെ കളിയാക്കി. ഒറ്റയ്ക്കിങ്ങനെ സംസാരിച്ചു കൊണ്ടു നടന്നാല്‍ വട്ടാണെന്ന് നാട്ടുകാര്‍ കരുതും എന്നൊക്കെ ചിക്കനെ പോലുള്ള അഭ്യുദയകാംക്ഷികള്‍ മുന്നറിയിപ്പ് നല്‍കി.

പക്ഷേ, ഗയ്‌സ്, ഇനിയും നിര്‍ത്തിയിട്ടില്ല മയോണൈസിന്‍റെ പഞ്ച് ഡയലോഗുകള്‍!

Follow Us:
Download App:
  • android
  • ios