ഉമ്മാ, അനാഥത്വത്തിന്‍റെ കനത്ത വേനലിൽ ഞാൻ നിറഞ്ഞ് വിയർക്കുന്നു...

By Thottappan seriesFirst Published Jun 9, 2019, 3:40 PM IST
Highlights

'തൊട്ടപ്പന്‍' ജഹാംഗീര്‍ എഴുതുന്നു

ആര്‍ക്കാണ് ജീവിതത്തിലൊരു തൊട്ടപ്പനില്ലാത്തത്? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരോ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. ഉള്ളിനുള്ളിലെ ആ ഒരാളെക്കുറിച്ചുള്ള കുറിപ്പുകളാണിവ. 

നിലമ്പൂരിലെ മഴക്കോളുകൾ കൊണ്ട് ഇരുണ്ട ഒരു  മഗരിബ്. നേരിയ മഴയത്ത്  ലുങ്കി മടക്കിക്കുത്തി മുറ്റത്തേക്കിറങ്ങി. പ്രതീക്ഷിച്ചെന്നവണ്ണം മഴ കോരിച്ചൊരിഞ്ഞു. കൂസാതെ നടന്നു. ഉമ്മയെ കാണണം... കൊച്ചിയിൽ നിന്ന് ആഗ്രഹിക്കാനാവാത്തത്. നേരിയ ഇരുട്ടിൽ പെരുമഴയത്ത് നടക്കുന്നതിലുള്ള അയൽപക്ക കാരണവന്മാരുടെ സ്നേഹശാസന പുഞ്ചിരികൊണ്ട് നേരിട്ട് വേഗത കൂട്ടി. പെരുമഴ... 

ആറു വർഷമായി കൂടെയുള്ളവൾ, ഒരു Nokia E63, മഴ നനഞ്ഞ് കുതിർന്ന്  പതുക്കെയൊന്നു വിറച്ച്  ടീ -ഷർട്ടിന്റെ പോക്കറ്റിൽ നിശ്ചലമാകുന്നതറിഞ്ഞു. ഉപ്പ ഗൾഫിലും, ഉമ്മയും ഞാനും, അനിയനും മാത്രമുള്ള വൈദ്യുതി പോലുമില്ലാത്ത ഒരു വീട്ടിലെ ഗൃഹനാഥനായ  ഒരു പത്തുവയസ്സുകാരന്റെ  നെറുകയിലേക്ക് പഴയ മഴത്തുള്ളികൾ ഇരമ്പിയാർത്തു. രണ്ടു പതിറ്റാണ്ട് പഴക്കമുള്ള ജലകണങ്ങൾ.  തൂക്കുപാലത്തിന് താഴെ പ്രണയിനിയുടെ കൊലുസ്സ് കൊണ്ടുപോയ ചാലിയാർ നിറഞ്ഞ്  കുത്തിമദിച്ചൊഴുകുന്നു. 

മസ്ജിദിന്റെ അരികിലെത്തിയപ്പോൾ ഇരുട്ട് കനത്തു; എന്‍റെ മനസ്സു പോലെ.  ആരോ ശക്തിയായി വലിച്ചിട്ടെന്നവണ്ണം ഖബറിടങ്ങള്‍ക്കിടയിലൂടെ ഉമ്മയെത്തേടിയോടി. മീസാൻ കല്ലിൽ കാലുകൾ മുട്ടി കിതച്ച് നിന്നു. അതിശക്തമായ ഒരു മിന്നലിന്റെ നിറഞ്ഞ വെളിച്ചത്തിൽ കണ്ടു, കളിക്കൂട്ടുകാരിയെ... ശാസനയും, വാത്സല്ല്യവും  കത്തുന്ന കണ്ണുകൾ, കെട്ടിവച്ച ചുരുണ്ട കറുത്ത  മുടി. കവിളിലെ മറുക്, കഴുത്തിലെ കാക്കാ പുള്ളി. എൻറെ മിഴികൾ മഴക്കൊപ്പം പെയ്തു. കൊച്ചിയും, നിലമ്പൂരും, കോടതിയും, പ്രണയവും, കവിതയും, ഉപ്പയും, കൂടെപ്പിറപ്പുകളുമെല്ലാം ഞാൻ മുറിഞ്ഞ വാക്കുകളിൽ പറഞ്ഞു. ഇടിമിന്നലിനൊപ്പം ഞാൻ പൊട്ടിത്തകർന്നു. എന്നെ പെറുക്കിയെടുത്ത് ഉമ്മ നെഞ്ചോട്‌ ചേർത്ത് വച്ചു. 

മഴ തോർന്നു... അനാഥത്വത്തിൻറെ  കനത്ത വേനലിൽ  ഞാൻ  നിറഞ്ഞ്   വിയർത്തു. കനത്ത ഇരുട്ടിൽ  ആത്മാക്കളുടെ ഖബറിടങ്ങളിൽ നിന്ന് ഉമ്മയില്ലാത്ത വീടിലേക്കുള്ള വഴിതിരഞ്ഞു. കരണ്ട് പോയിരിക്കുന്നു; ദരിദ്ര വീടുകളിലെ മുനിഞ്ഞ്‌ കത്തുന്ന ഓട്ടു വിളക്കുകൾ തീർക്കുന്ന മാപ്പുകൾ നോക്കി ഞാൻ വീടിന്റെ പടിക്കലെത്തി. ഒറ്റയാവലിന്റെ വേനലിൽ വിയർത്ത കടിഞ്ഞൂൽ പുത്രനെകാത്ത് ഉപ്പയുണ്ട് വാതിൽക്കൽ. കയ്യിലൊരു ടവ്വലുമായി.

"എവിടെപ്പോയി ഈ പെരും മഴയത്ത്, അന്നെ കാണാഞ്ഞ് ഞങ്ങളാകെ ബേജാറായി. അന്‍റെ ഫോണും സ്വിച്ച് ഓഫാണല്ലോ?" ഉപ്പ തന്ന ടവ്വൽ കൊണ്ട് മണിക്കൂറുകളായി നനഞ്ഞ മഴയുടെ ശേഷിപ്പുകൾ കളയണോ, ഉമ്മയുടെ വേർപാടിന്റെ പൊള്ളലിൽ വിയർത്ത വിയർപ്പു തുള്ളികൾ കളയണോ??! കുഞ്ഞാക്കാന്‍റെ കണ്ണിലെ ചുവപ്പാർന്ന  ശോണിമ കണ്ട് ജർമ്മനിയിൽ നിന്ന് അവധിക്ക് വന്ന അനിയനും, പെങ്ങളും വിഷാദരായി. അവരുടെ മൂർധാവിൽ വിരലോടിച്ച് ഞാൻ എൻറെ മുറിയില്‍. എന്‍റെ കട്ടിലിൽ... നനഞ്ഞ് കമിഴ്ന്നു പെയ്തു..!

"നന്നായി തല തോർത്ത്‌, അനക്ക് നാളെ  എറണാകുളത്ത്  കോടതീ പോണ്ടെ, പനി പിടിക്കണ്ട..." അടക്കിയ തേങ്ങലിന് മുകളിലൂടെ ഉപ്പാന്റെ നിറഞ്ഞ വാത്സല്ല്യശബ്ദം കാതിൽ വിറച്ചു..! കളിയിടങ്ങളിലെ കള്ളപ്പൊരുക്കുകൾക്ക് ഞാൻ  പതിനഞ്ചുകാരിയായ  ഉമ്മയോട്  പതിറ്റാണ്ടിനിപ്പുറം വീണ്ടും ശണ്ഠ കൂടി. പുറത്ത് മഴ കനത്തു. പുലർച്ചെ, കൊച്ചിയിലേക്കുള്ള ട്രെയിനിന്റെ ബർത്തിൽ ഞാൻ ഉമ്മയുടെ നെഞ്ചിൽ ചേർന്നുറങ്ങി! ഉമ്മയായിരുന്നു എന്‍റെ തൊട്ടപ്പന്‍.
 

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു

അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

ജിഷ കെ:  പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

വൈഗ ക്രിസ്റ്റി: തുരുമ്പിച്ച എന്റെ കണ്ണുകള്‍ക്കു പകരം  ഒരു ജോടി കണ്ണ് അവളെനിക്കു വച്ചു തന്നു  

രസ്‌ലിയ എം എസ്: മുറിവില്‍ തേന്‍ പുരട്ടുന്നൊരാള്‍ 

സജിത്ത് മുഹമ്മദ്: സ്നേഹം പകര്‍ച്ചവ്യാധിയാക്കിയ ഒരുവള്‍

അജീഷ് ചന്ദ്രന്‍: കാലമൊരുക്കി വച്ച തൊട്ടപ്പന്‍ മാജിക്ക്

ഫര്‍സാന അലി: അതിലും വലിയ സമ്മാനമൊന്നും  പിന്നീടെനിക്ക് ലഭിച്ചിട്ടില്ല

കവിത ജയരാജന്‍: ഇന്നും ഈ തൊട്ടപ്പന്റെ സാന്നിധ്യം എന്റെ ജീവിതത്തിലുണ്ട്...

click me!